'കലിഫോർണിയ ഗോൾഡ് റഷും' നാളത്തെ മികച്ച ബിസിനസിലെ സുവർണാവസരങ്ങളും

Idea
SHARE

1848 ൽ സാൻഫ്രാൻസിസ്കോയിൽ ഒരു തടിമില്ലിന്റെ നിർമാണത്തിനിടയിൽ എന്തോ തിളങ്ങുന്നത് ശ്രദ്ധയിൽപെട്ട ജോലിക്കാരൻ മില്ലിന്റെ ഉടമസ്ഥനായ ജോൺ സറ്ററിനെ വിവരമറിയിച്ചു. അത് സ്വർണമാണെന്നു മനസ്സിലാക്കിയ സറ്റർ വിവരം രഹസ്യമായി സൂക്ഷിക്കാനും അവിടെ കുഴിച്ചുനോക്കാനും നിർദേശം നൽകി. 340 ടൺ ഉള്ള വലിയൊരു സ്വർണഖനിയുടെ കണ്ടുപിടിത്തമായിരുന്നു അത്. പതിയെ പുറംലോകം വാർത്ത അറിഞ്ഞു. 

കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാർ വരെ

പിന്നെ ആ നാട് സാക്ഷ്യം വഹിച്ചത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിനാണ്. ‘കലിഫോർണിയ ഗോൾഡ് റഷ്’ എന്ന് അറിയപ്പെടുന്ന ഈ കുടിയേറ്റം 1849 മുതൽ 1856 വരെ 7 വർഷം നീണ്ടുനിന്നു. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാർ, എൻജിനീയർമാർ, വക്കീലൻമാർ ഉൾപ്പെടെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ അങ്ങോട്ടൊഴുകിയെത്തി. 

ആയിരത്തോളമായിരുന്ന സാൻഫ്രാൻസിസ്കോയിലെ ജനസംഖ്യ ഏഴു വർഷം കൊണ്ട് 3 ലക്ഷത്തിലേക്ക് എത്തി. ദിവസങ്ങളോളം മരുഭൂമിയിലൂടെ യാത്രചെയ്തും രണ്ട് മാസത്തെ കപ്പൽയാത്രയിലൂടെ തെക്കേ അമേരിക്ക ചുറ്റിയുമൊക്കെയായിരുന്നു കുടിയേറ്റം. അനേകർ മരിച്ചു വീണു. പലർക്കും പകർച്ചവ്യാധികൾ പിടിപെട്ടു. ഒട്ടേറെപ്പേരുടെ സ്വർണം തട്ടിയെടുക്കപ്പെട്ടു. സ്വർണവും കയറ്റിപ്പോയ കുതിരവണ്ടികൾ മലഞ്ചെരുവുകളിൽ മറിഞ്ഞ് ഒട്ടേറെപ്പേർ മരിച്ചു.

goldnew1

ഈ ഗോൾഡ് റഷിൽ സ്വർണം കുഴിച്ചെടുക്കാൻ പോയവരിൽ ചെറിയൊരു വിഭാഗം മാത്രമാണ് സമ്പന്നരായത്. എന്നാൽ, വേറെ ചിലർ സ്വർണം കുഴിച്ചെടുക്കാൻ പോയില്ല. എന്നിട്ടും അവർ അതിസമ്പന്നരായി. സംരംഭകരായിരുന്നു അവരെല്ലാം. അതിൽ പലരും വലിയ ബിസിനസ് സാമ്രാജ്യങ്ങൾ തന്നെ പടുത്തുയർത്തി. സ്വർണം കുഴിച്ചെടുക്കാൻ പോയവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തവർ, ആവശ്യമായ ആഹാരവും വസ്ത്രവും നൽകിയവർ, മറ്റു സാധനങ്ങളോ സേവനങ്ങളോ എത്തിച്ചു കൊടുത്തവർ തുടങ്ങി ആ നിര നീളുന്നു. 

അവരുടെ ഉൽപന്നനിരയിൽ പിക്കാസ് മുതൽ ആഹാരസാധനങ്ങൾ വരെയുണ്ടായിരുന്നു. സേവനങ്ങളിൽ താമസസൗകര്യവും കുതിരവണ്ടികൾ, സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവയും ഉണ്ടായിരുന്നു. 

ഒരു കുഗ്രാമത്തിൽ ഇവയുടെ എല്ലാം ആവശ്യകത വളരെ പെട്ടെന്ന് ഉയർന്നപ്പോൾ യഥാർഥ വിലയുടെ 20 ഉം 30 ഉം ഇരട്ടി വിലയ്ക്കാണ് സാധനങ്ങളും സേവനങ്ങളും നൽകിയത്. ഗോൾഡ് റഷിലൂടെ അതിസമ്പന്നരായ സംരംഭകരിൽ ചിലർ താഴെപ്പറയുന്നവരാണ്.

1. സാം ബ്രണ്ണൻ

സാൻഫ്രാൻസിസ്കോയിൽ ഒരു ചെറിയ കട നടത്തിയിരുന്നു. മറ്റുളളവർ സ്വർണം കുഴിച്ചെടുക്കാൻ ഓടിയപ്പോൾ വ്യത്യസ്തമായി ഒരു വലിയ അവസരം മുന്നിൽ കണ്ടു. കുഴിച്ചെടുക്കാൻ ആവശ്യമായ സാധനങ്ങൾ വലിയ തോതിൽ സംഭരിച്ചു വിറ്റു. 

2. ഫിലിപ്പ് ആർമർ 

സ്വർണഖനിയിലേക്ക് മാംസം വിതരണം ചെയ്തു കിട്ടിയ സുവർണാവസരം വിനിയോഗിച്ചു. അദ്ദേഹം ഒരു മീറ്റ് മാർക്കറ്റ് തുറന്നു. അതിലൂടെ കിട്ടിയ ലാഭം കൊണ്ട് ആർമർ & കോ എന്ന പേരിൽ ഒരു മീറ്റ് പ്രോസസിങ് കമ്പനി തന്നെ സ്ഥാപിച്ചു. 

3. ലെവി സ്ട്രാസ് 

അവിടത്തെ സാഹചര്യങ്ങളിൽ പണിക്കാർക്ക് കട്ടികൂടിയ വസ്ത്രങ്ങൾ ആവശ്യമാണെന്നു തിരിച്ചറിഞ്ഞ് അവ നിർമിച്ച് വിതരണം ചെയ്തത് ഇദ്ദേഹമാണ്. ലോകത്തിന്റെ ഫാഷൻ സങ്കൽപങ്ങളെത്തന്നെ മാറ്റിമറിച്ച ബ്ലൂ ജീൻസിന്റെ കണ്ടുപിടിത്തത്തിന് ഇത് വഴിവച്ചു. 

4. ഹെന്റി വെൽസും വില്യം ഫാർഗോയും

സ്വർണം സൂക്ഷിക്കാനും മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനുമുള്ള വിശ്വസ്തവും സുരക്ഷിതവുമായ ബാങ്കിങ് സർവീസ് ആരംഭിച്ചു. വെൽസ് ആൻഡ് ഫാർഗോ എന്ന ഈ സ്ഥാപനം പിന്നീട് വലിയൊരു ധനകാര്യസ്ഥാപനമായി വളർന്നു.  

ഇങ്ങനെ നേരിട്ട് ഗോൾഡ് റഷിൽ പങ്കെടുക്കാതെ ആവശ്യമുള്ള സാധനങ്ങൾ/സേവനങ്ങൾ വിതരണം ചെയ്യുന്ന തന്ത്രം (പിക് & ഷവൽ സ്ട്രാറ്റജി) എന്ന പേരിൽ അറിയപ്പെട്ടു. 

പിന്നീട് ലോകത്തു വിവിധതരം ഗോൾഡ് റഷുകൾ അഥവാ ബിസിനസ് അവസരങ്ങൾ ഉണ്ടായി. അവിടെയെല്ലാം പിക് & ഷവൽ സ്ട്രാറ്റജി സ്വീകരിച്ചവരാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 20–ാം നൂറ്റാണ്ടിന്റെ ആദ്യം വാഹനവിപ്ലവം ഉണ്ടായപ്പോൾ ഒട്ടേറെപ്പേർ കാർ നിർമ്മാണത്തിലേക്ക് കടന്നു. എന്നാൽ ഭൂരിപക്ഷവും പരാജയപ്പെട്ടു. ഇവിടെയും പിക് & ഷവൽ തന്ത്രം സ്വീകരിച്ചവരാണ് മികച്ച നേട്ടമുണ്ടാക്കിയത്. കാർ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നിർമിച്ചവരും അതു വിതരണം ചെയ്തവരും തുടങ്ങി ഇന്ധനം ലഭ്യമാക്കിയ ഓയിൽ കമ്പനികൾ വരെ ഇക്കൂട്ടത്തിൽപെടുന്നു. അറുപതുകളിലെ ഗോൾഡ് റഷ് കംപ്യൂട്ടർ ആയിരുന്നുവെങ്കിൽ തൊണ്ണൂറുകളിലത് വിവരസാങ്കേതിക വിദ്യയായിരുന്നു. 

എന്താണ് ഈ നൂറ്റാണ്ടിന്റെ ഗോൾഡ് റഷ്?

smiling-woman-happy-rain

എന്തായിരിക്കും നാളത്തെ ബിസിനസ് അവസരങ്ങൾ? വിപണിയെയും കാലഘട്ടത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചില സൂചനകൾ ലഭിക്കും. 

1. ഇലക്ട്രിക് വാഹനങ്ങൾ

പാരിസ് ഉടമ്പടിയുടെ ഭാഗമായി 2050 ൽ കാർബൺ ബഹിർഗമനം ഇല്ലാത്ത വാഹനം എന്ന ലക്ഷ്യത്തിലേക്കു ലോകരാജ്യങ്ങൾ നീങ്ങുകയാണ്. പ്രമുഖ വാഹനനിർമാതാക്കൾ ഇവയുടെ നിർമാണത്തിലേക്കു കടന്നുകഴിഞ്ഞു. ബസും ട്രക്കുകളും ഇലക്ട്രിക് ആക്കാനുള്ള ഗവേഷണങ്ങളും മുന്നേറുന്നു.

പിക് & ഷവൽ സ്ട്രാറ്റജി– ഇവിടെ വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ, ബാറ്ററിയുടെ നിർമാണം, റിപ്പയറിങ്, റീ സൈക്ലിങ് ഒട്ടേറെ നിരവധി സാധ്യതകളാണുള്ളത്. 

2. പുനരുപയോഗ ഊർജം (റിന്യൂവൽ എനർജി) 

സൗരോർജം, കാറ്റിൽനിന്ന് വൈദ്യുതി, ഭൗമതാപോർജം (ജിയോ തെർമൽ) തുടങ്ങി സാധ്യതകളുള്ള വലിയൊരു മേഖല. 2030 ലേക്ക് 450 ജിഗാവാട്സ് ഗ്രീൻ എനർജിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതായത്, വലിയൊരു അവസരമാണ് ഇവിടെ തുറക്കപ്പെടുന്നത്.

3. കൃത്രിമ ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്)

അനന്തസാധ്യതകൾ ഉള്ള മറ്റൊരു മേഖലയാണിത്. രോഗം തിരിച്ചറിയാൻ വരെ കൃത്രിമബുദ്ധിയുടെ ഉപയോഗം ഉണ്ടാകാം. ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളിലും ഇതിനുള്ള സാധ്യതകൾ വളരെ വലുതാണ്      

ലേഖകന്‍ ബിസിനസ് കോച്ചും സെയിൽസ് ട്രെയിനറുമാണ്. renju.businesscoach@gmail.com

English Summary : IdentifyTomorrow's Business Opportunity and Win It

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA