ടൈറ്റൻ വാച്ച് വിപണിയിലെ ബാഹുബലി ആയതെങ്ങനെ?

HIGHLIGHTS
  • 20 വർഷം മുമ്പ് 10000 നിക്ഷേപിച്ചവർക്ക് ഇപ്പോൾ 38 ലക്ഷം രൂപ
titan
SHARE

സ്വകാര്യ വ്യവസായികൾക്ക് അയിത്തം കൽപിച്ച ഒരു കറുത്ത ഭൂതകാലമുണ്ടായിരുന്നു ഇന്ത്യയുടെ ചരിത്രത്തിൽ. 1970 - 80 കാലഘട്ടത്തിൽ പുതു പുത്തൻ ആശയങ്ങളുമായി കടന്നു വന്ന സ്വകാര്യ വ്യവസായികൾക്കു മുമ്പിൽ ഇന്ത്യയുടെ വ്യവസായ വാതിലുകൾ കൊട്ടിയടക്കുമായിരുന്നു. പൊതു മേഖലയും പൊതുമേഖല സൃഷ്ടിക്കുന്ന വിടവുകളിൽ തഴച്ചു വളരുന്ന അസംഘടിത മേഖലയും ചേർന്ന് ഇന്ത്യയുടെ വ്യവസായ രംഗം കൈയടക്കി വച്ചിരുന്ന നാളുകൾ ആയിരുന്നു അത്.

നവീന ആശയങ്ങൾക്കു മുമ്പിൽ അധികാരികൾ മുഖം തിരിച്ചു നിന്നിരുന്ന കാലം. പഴഞ്ചൻ സാങ്കേതിക വിദ്യകൾ വിട്ട് നൂതന സങ്കേതങ്ങൾ സ്വീകരിക്കാൻ മടിച്ചു നിന്നിരുന്ന ഇതേ നാളുകളിലാണ് വിലക്കുകൾ മറികടന്ന്, നിയമകുരുക്കുകൾ അഴിച്ച് ഇന്ത്യൻ വിപണിയെ ഇളക്കിമറിക്കാനായി ടാറ്റാ ഗ്രൂപ്പിന്റെ അതിസൂഷ്മ നീക്കം ഉണ്ടായത്

ടാറ്റയുടെ തന്ത്രപരമായ നീക്കങ്ങളായിരുന്നു ഇന്ത്യൻ വാച്ച് വിപണിയുടെ തല വര മാറ്റി കുറിച്ച ടൈറ്റന്റെ ഉദയത്തിന് പിന്നിൽ .

ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കൺസ്യൂമർ ബ്രാന്‍ഡാണ് ടൈറ്റൻ. വാച്ച് വിപണിയിൽ തന്നെ വ്യത്യസ്തങ്ങളായ ബ്രാൻഡ് വിസ്മയങ്ങൾ തീർത്തതിനു ശേഷം ജുവലറിയിലേക്കും കണ്ണടയിലേക്കും കടന്ന് ആഡംബരത്തിന്റെ അൽഭുത ലോകം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഇവർ. 

കേവലം 7.11 രൂപയുണ്ടായിരുന്ന ഓഹരി വില ഇപ്പോൾ 2200 നു അടുത്ത് ... 20 വർഷം മുമ്പ് 10000 നിക്ഷേപിച്ചവർക്ക് ഇപ്പോൾ 38 ലക്ഷം രൂപ കിട്ടും. രാകേഷ് ജുൻജുൻവാലയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഷെയറുകളിൽ ഒന്നാണ് ടൈറ്റൻ.

ലോകത്തിലെ ഏറ്റവും വലിയ അഞ്ച് വാച്ച് കമ്പനികളിൽ ഒന്നായി വളർന്ന ഇന്ത്യയിലെ ടൈറ്റൻ വാച്ചിന്റെ അരങ്ങേറ്റത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചും അറിയാം.

titan1

വാച്ച് നിർമാണത്തിലേക്ക് തന്ത്രപൂർവം

വാച്ച് എന്നാൽ എച്ച് എം ടി അങ്ങനെയൊരു കാലമുണ്ടായിരുന്നു ഇന്ത്യയിൽ. അങ്ങനെയിരിക്കെ 1970 ൽ ടാറ്റാ ഗ്രൂപ്പ് ഒരു പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു നൂതന ഉൽപന്നമാകണം  എല്ലാവർക്കും ആവശ്യമുള്ളതായിരിക്കണം എന്നും ഡിമാന്റ് ഉണ്ടാകണം. അത്തരമൊരു ഉൽപന്നം കണ്ടെത്തണമെന്നാണ്  മാർക്കറ്റ് പഠിക്കാൻ നിയോഗിച്ച പ്രൊജക്റ്റ് ടീമിനു നൽകിയ ദൗത്യം. 

ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ വാച്ച് നിർമാണം എന്നൊരു ആശയത്തിലവർ എത്തി. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു. എല്ലാവർക്കും എല്ലാ കാലത്തും വാച്ച് ആവശ്യമുണ്ട്. വിദ്യാർത്ഥികളും ജോലിക്കാരും തുടങ്ങി ഏതു വിഭാഗത്തിനും സമയം അറിയണമെങ്കിൽ വാച്ച് അനിവാര്യമായിരുന്നു.

ഇന്ത്യയിലാണെങ്കിൽ സംഘടിത മേഖലയിൽ എച്ച്.എം.ടി (ഹിന്ദുസ്ഥാൻ മെഷിൻടൂൾസ് ) മാത്രമേ ഉണ്ടായിരുന്നുള്ളു. അസംഘടിത മേഖലയിൽ ഉള്ള വാച്ച് നിർമാതാക്കളാണ് വിപണി മുക്കാലും കൈയടക്കി വച്ചിരിക്കുന്നത്. പ്രീമിയം വിപണിയിൽ എച്ച്.എം.ടി ഒഴികെ വേറെ ആരും തന്നെ ഉണ്ടായിരുന്നുമില്ല. പൊതു മേഖലാ സ്ഥാപനമായതു കൊണ്ട് ഒത്തിരി പരിമിതികൾ എച്ച്.എം.ടിയ്ക്കുണ്ട്. 

വിദേശ വാച്ചുകളോട് ജനത്തിന് വളരെ പ്രിയമായിരുന്നു. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ അനുമതി ഉണ്ടായിരുന്നില്ല. തങ്ങൾക്കു പ്രിയപ്പെട്ട സ്വിസ്, ജപ്പാൻ വാച്ചുകൾ കിട്ടണമെങ്കിൽ കള്ളക്കടത്തു തന്നെയായിരുന്നു പലർക്കും ശരണം. ലോകമെമ്പാടുമുള്ള വാച്ച് ബ്രാന്റുകളെ പറ്റി ആളുകൾക്കറിയാം. വ്യത്യസ്തമായ വാച്ചുകളോട് ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. 

എച്ച്.എം.ടിയുടെ ഉൽപാദന ശേഷി ഒരു മില്യൻ വാച്ചുകൾ ആയിരുന്നു. അര മില്യൻ വാച്ചുകൾ അസംഘടിത മേഖലയിൽ നിന്ന് വർഷംതോറും വിപണിയിലെത്തുന്നുണ്ട്. എന്നിട്ടും വാച്ച് വിപണിയിലെ ഡിമാന്റ് നിറവേറ്റാൻ പറ്റുന്നില്ല. പ്രീമിയം വാച്ചുകൾക്ക് വൻ ഡിമാന്റുണ്ട്. പ്രീമിയം വാച്ചുകൾ എച്ച്.എം.ടിയിൽ ബുക്ക് ചെയ്ത് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.

അങ്ങനെ ഇന്ത്യയിലെ സമയ വിപണി ഒരു സ്വർണ്ണഖനിയാണെന്ന് ടാറ്റാ ഗ്രൂപ്പ് തിരിച്ചറിയുകയാണ്. അതോടെ പുതിയ സംരംഭം വാച്ച് നിർമാണം മതി എന്നു അവർ തീരുമാനിച്ചു.

പ്രതിസന്ധികൾ മറികടന്ന് ടൈറ്റന്റെ ജനനം

സ്വകാര്യ കമ്പനികളോട് അക്കാലത്ത് ആളുകൾക്ക് താൽപര്യമില്ലായിരുന്നു. ഗവൺമെന്റ് സ്ഥാപനങ്ങളിലായിരുന്നു വിശ്വാസം.  ഈ സാഹചര്യത്തിൽ ഒരു വൻകിട സ്വകാര്യ കുത്തക കമ്പനിയ്ക്കു എങ്ങനെയാണ് ലൈസൻസ് കിട്ടുക. അപ്പോഴാണ് തമിഴ്നാട് വ്യവസായ വികസന കോർപറേഷനിൽ ഒരു അവസരം ഉണ്ടെന്ന് ടാറ്റാ ഗ്രൂപ്പ് അറിയുന്നത്. ഫ്രഞ്ച് വാച്ച് നിർമാണ കമ്പനിയ്ക്ക് ഒരു ഇന്ത്യൻ പങ്കാളിയെ തേടുകയായിരുന്നു അവർ. പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്ത്യാ ഗവൺമെന്റ് പ്രൊപ്പോസൽ തള്ളി. തമിഴ്നാട് സർക്കാർ കേന്ദ്രത്തിന്റെ മുമ്പിൽ മുട്ടുമടക്കാൻ തയ്യാറായിരുന്നില്ല. ക്യൂ സ്റ്റാർ ഇൻവെസ്റ്റ്മെന്റ്സ് എന്ന പേരിൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി റജിസ്റ്റർ ചെയ്തു. ക്യൂ സ്റ്റാറുമായി ചേർന്ന് വാച്ച് കമ്പനി തുടങ്ങാൻ ടാറ്റയ്ക്ക് വഴി ഒരുങ്ങി. തമിഴ്നാട് സർക്കാർ അതിനു വേണ്ട ക്ലിയറൻസ് നൽകി.

titan2

തമിഴ്നാടിനോടുള്ള ആദര സൂചകമായി Tamil Nadu വിൽ നിന്നും TATA Industries ൽ നിന്നും അക്ഷരങ്ങൾ എടുത്തു കൊണ്ട് TITAN എന്ന പേരിൽ  1984 - ൽ കമ്പനി റജിസ്റ്റർ ചെയ്തു. തമിഴ് നാട്ടിലെ ഹൊസൂരിലാണ് ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിച്ചത്.  അവിടെ നിന്നും ഒരു മണിക്കൂർ യാത്രാ ദൂരമേ ബാംഗ്ലൂരിലെ എച്ച്.എം ടി യിലേക്ക് ഉണ്ടായിരുന്നുള്ളു. എച്ച്.എം.ടി.യിൽ നിന്നും വിദഗ്ധ തൊഴിലാളികളെ പൊക്കുവാൻ വേണ്ടിയായിരുന്നു ഈ തന്ത്രം . 

ക്വാർട്സ് വാച്ചുകൾ വഴിത്തിരിവായി

അക്കാലത്ത് രണ്ടുതരം വാച്ചുകളാണ് വിപണിയിലുണ്ടായിരുന്നത്. ക്വാർട്സ് വാച്ചുകളും മെക്കാനിക്കൽ വാച്ചുകളും. ഫ്രാൻസ്, സ്വിറ്റ്സർലണ്ട് തുടങ്ങി ലോകോത്തര ബ്രാന്റുകൾ ഇറക്കി വിജയം കൊയ്യുന്ന രാജ്യങ്ങളിൽ പോയി വാച്ച് വിപണിയിലെ നൂതന സാങ്കേതിക വിദ്യകൾ ഇവർ മനസിലാക്കി. വാച്ച് വിപണിയുടെ ഭാവി ക്വാർട്ട്സ് വാച്ചുകളിലാണെന്ന് തിരിച്ചറിഞ്ഞു. മെക്കാനിക്കൽ വാച്ചുകളെക്കാൾ 30 - 35% സ്പെയർ പാർട്ട്സുകൾ കുറവു മതി  എന്നതിനാൽ നിർമാണ ചെലവും കുറവാണ് ക്വാർട്സ് വാച്ചുകൾക്ക്. ബാറ്ററിയിലാണ് ഇവ പ്രവർത്തിക്കുക. മെക്കാനിക്കൽ വാച്ചുകൾക്ക് അറ്റകുറ്റപ്പണി കുടുതലാണ്. സമയത്തിന്റെ കൃത്യതയിലും ക്വാർട്സ് വാച്ചുകളാണ് മുന്നിൽ. മെക്കാനിക്കൽ വാച്ചുകൾ കൾ പ്രതിദിനം 6 - 12 സെക്കന്റുകൾ പിന്നോട്ട് പോകുമ്പോൾ ക്വാർട്സ് വാച്ചുകൾ പ്രതിവർഷം 5 - 10 സെക്കന്റേ പിന്നോട്ട് പോകാറുള്ളു.

ടൈറ്റന്റെ നീക്കത്തെ ഏതു വിധേനയും തകർക്കുക എന്ന ലക്ഷം വച്ച് കേന്ദ്ര സർക്കാർ  ഒരു അസാധാരണനിയമം ഇറക്കി. രാജ്യത്ത് നിർമ്മിക്കുന്ന വാച്ചുകളുടെ 80%വും മെക്കാനിക്കൽ വാച്ചുകളാകണം. പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടി.യെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ അസാധാരണ നിയമം. ഇതു കണ്ട് പതറുന്നവരായിരുന്നില്ല ടൈറ്റൻ ടീം. ഫാക്ടറിയിലെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ക്വാർട്സ് വാച്ച് നിർമിക്കാൻ പാകത്തിൽ തയ്യാറാക്കി. 

വിതരണക്കാരും കൊടുത്തു എട്ടിന്റെ പണി

അന്നത്തെ ഡിസ്ട്രിബ്യൂട്ടർമാർ മുഴുവനും എച്ച്.എം.ടി വാച്ചുകൾ വിട്ട് ഒരു കളിയും ഇല്ല എന്നു തീരുമാനിച്ചു. അവിടെയും  ടൈറ്റൻ മുട്ടുമടക്കിയില്ല. ഡിസ്ട്രിബ്യൂട്ടർമാരെ ഒഴിവാക്കിക്കൊണ്ടുള്ള വിൽപന തന്ത്രം അവർ ആവിഷ്കരിച്ചു. നേരിട്ട് അവർ റീട്ടെയിൽ ബിസിനസ്സിലേക്കവർ കടന്നു. സ്വന്തം റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് തുടക്കമിട്ടു. 

gold-tanishq

അപൂർവതകളുമായി മാർക്കറ്റിങ്

എക്കാലവും സെലിബ്രിറ്റികളെ മോഡലാക്കി പരസ്യം ചെയ്യുന്ന പ്രവണത ഉണ്ട്. എന്നാൽ ടൈറ്റന്റെ പരീക്ഷണം വേറെ വഴിക്കായിരുന്നു. പരസ്യരംഗത്തെ കുലപതികളായ ഒഗിൾവി ആൻറ് മാതറിനെ പരസ്യത്തിന്റെ ചുക്കാൻ ഏൽപിച്ചു. സെലിബ്രിറ്റികളെയും മോഡലുകളെയും ഒഴിവാക്കിക്കൊണ്ട് ടൈറ്റൻ വാച്ചുകളുടെ വ്യത്യസ്ത മോഡലുകളുമായി മുൻനിര പത്രങ്ങളിൽ അരപേജ് പരസ്യം വന്നു. അത് ക്ലിക്കായി. വാച്ചുകളുടെ പുതിയ ഡിസൈനുകൾ കണ്ട് ഇഷ്ടപെട്ട് ഈ പരസ്യവും പിടിച്ച്  ടൈറ്റൻ ഷോപ്പുകളിൽ ആളുകൾ എത്താൻ തുടങ്ങി.

സാമ്പത്തിക അച്ചടക്കം വിജയകുതിപ്പ് നൽകി

ചിട്ടയായ സാമ്പത്തിക മാനേജ്മെന്റ് ആദ്യ വർഷം തന്നെ കമ്പനിയെ ലാഭത്തിലെത്തിച്ചു. 1987-88 ൽ ഉൽപാദനം തുടങ്ങി ആദ്യ വർഷം തന്നെ 19 കോടി രൂപ ലാഭം നേടി. 3.44 ലക്ഷം വാച്ചുകളായിരുന്നു ആ വർഷത്തെ വിൽപന. 1989 ആകുമ്പോഴേക്കും രാജ്യത്തെ 55 % വാച്ച് വിപണിയും ടൈറ്റന്റെ പിടിയിലായി. ഇന്നുവരെ ഈ വിജയം തുടരുന്നു. പിന്നീട് തനിഷ്ക്, സൊനാറ്റ, ഫാസ്റ്റ് റാക്ക്, ഐ പ്ലസ് അങ്ങനെ വിപണി കീഴടക്കിയ നിരവധി ബ്രാന്റുകൾ ടൈറ്റൻ സമ്മാനിച്ചു.

English Summary : Know the Success Story on Titan in Watch Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS