ഇ-കോമേഴ്‌സ് പ്രവണതകള്‍ മാറുന്നു ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്കനുസരിച്ച്

HIGHLIGHTS
  • ലളിതമായ റിട്ടേണ്‍, എക്‌സ്‌ചേഞ്ച് സൗകര്യങ്ങള്‍ ഇ-കോമേഴ്‌സിനെ കൂടുതല്‍ മികച്ചതാക്കി
E-commerce-or-Online-Shopping
SHARE

പുസ്തകങ്ങളും സിഡികളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രം വിൽപ്പനയിൽ മുന്നിട്ടു നിന്നിരുന്ന ഇന്ത്യയിലെ ആദ്യകാല ഇ-കോമേഴ്‌സ് രംഗം ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു കഴിഞ്ഞു. വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്നതിന്റെ സുരക്ഷിതത്തില്‍ 2020-ലാണ് ഓണ്‍ലൈന്‍ ഷോപിങിന്റെ കാര്യത്തില്‍ വന്‍ മാറ്റങ്ങള്‍ വന്നത്.  ഉപഭോക്താക്കളുടെ മാറുന്ന സ്വഭാവ രീതികളുമായി ബന്ധപ്പെട്ടാണ്  ഇ-കോമേഴ്‌സിന്റെ ഈ മാറ്റങ്ങളും സംഭവിക്കുന്നത്.  വന്‍ നഗരങ്ങളില്‍ മാത്രമായിരുന്ന ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപിങ് ഇന്ന് ചെറുപട്ടണങ്ങളിലേക്കും വിപുലമായി എത്തിക്കഴിഞ്ഞു.  

പ്രാദേശിക ഭാഷകള്‍ക്കു പ്രിയം

ഇന്ത്യയില്‍ പ്രാദേശിക ഭാഷകളില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ 2021-ല്‍ 50 കോടി കടന്നതോടെ ഈ രംഗം മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. ആപുകളില്‍ വോയ്‌സ് സേര്‍ച്ചുകളും പ്രാദേശിക ഭാഷകളുടെ ഉപയോഗവും എത്തിയതോടെ ഒരൊറ്റ ഓണ്‍ലൈന്‍ സംവിധാനത്തില്‍ തന്നെ തികച്ചും വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ എത്തുകയായിരുന്നു. വോയ്‌സ്, വീഡിയോ സേര്‍ച്ചുകള്‍ ഡിജിറ്റല്‍ വിപണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനും തുടങ്ങി. ആപുകളിലൂടെയുള്ള തെരച്ചിലുകള്‍ കൂടുതല്‍ എളുപ്പമായ മുതിര്‍ന്ന പൗരന്‍മാരായിരുന്നു അതില്‍ വലിയൊരു വിഭാഗം. 

കൂടുതല്‍ വൈവിധ്യം, കൂടുതല്‍ ഉപഭോക്തൃ സൗഹൃദം

വര്‍ക്ക് ഫ്രം ഹോമിന്റേയും ഓണ്‍ലൈന്‍ ക്ലാസുകളുടേയും കാലത്ത് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, വസ്ത്ര മേഖലകളില്‍ രാജ്യവ്യാപകമായി തന്നെ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ വാങ്ങലുകാരായി.  പ്രത്യേക ആവശ്യങ്ങള്‍, മരുന്നുകള്‍ എന്നിവയും കൂടുതലായി അന്വേഷിക്കാനാരംഭിച്ചു. വിവിധ സൗന്ദര്യവര്‍ധക വസ്തുക്കള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, എക്‌സര്‍സൈസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം വാങ്ങുന്നതിന്റെ പ്രവണതയും മാറി. പ്രായം, സ്ഥലം, ജോലി, വരുമാനം തുടങ്ങിയ ഘടകങ്ങളുടെയെല്ലാം കാര്യത്തില്‍ തികച്ചും വൈവിധ്യമാര്‍ന്നവരാണ് ഇവയെല്ലാം വാങ്ങുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാകുകയായിരുന്നു. ഒരു പ്രത്യേക ബ്രാന്‍ഡിന് അവരുടേതായ പ്രത്യേക ഉപഭോക്തൃ വിഭാഗം ഉണ്ടാകും. എന്നാല്‍ അതിനു പുറത്തുള്ളവരും ആ ഉല്‍പന്നത്തിലോ സേവനത്തിലോ താല്‍പര്യം ഉള്ളവരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് 2021-ല്‍, കാണാനായത്.

ആപുകളുടെ മാറുന്ന അല്‍ഗോരിതം 

ഇത്തരമൊരു പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത താല്‍പര്യങ്ങള്‍ മനസിലാക്കാന്‍ ആപുകള്‍ അല്‍ഗോരിതങ്ങള്‍ മാറ്റാനും അവരുടെ സേര്‍ച്ചുകള്‍ കൂടുതല്‍ ലളിതമാക്കും വിധത്തില്‍ നിരവധി ഫില്‍റ്ററുകള്‍ അവതരിപ്പിക്കാനും തുടങ്ങി. 

സുതാര്യതയ്ക്ക് പ്രാധാന്യമേറി

E-Commerce
പ്രതീകാത്മക ചിത്രം

ഇന്നത്തെ ഉപഭോക്താക്കള്‍ ഓരോ ഉല്‍പന്നത്തേയും സേവനത്തേയും കുറിച്ച് പഠിച്ച് മികച്ച അറിവുമായാണ് എന്തെങ്കിലും വാങ്ങാന്‍ എത്തുന്നത്. അതുകൊണ്ടു തന്നെ വിശ്വാസ്യതയും സുതാര്യതയും ഏറെ പ്രധാനപ്പെട്ടതാണ്.  ഇന്‍ഫ്‌ളുവെന്‍സര്‍ മാര്‍ക്കറ്റിങിന് 2021-ല്‍ പ്രാധാന്യമേറിയതും ഈ സാഹചര്യത്തിലാണ്. വിവിധ കമ്പനികള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സഹകരണവും ആരംഭിച്ചു. 

പണമടക്കല്‍ കൂടുതല്‍ ലളിതമായി

കഴിഞ്ഞ രണ്ടു വര്‍ഷമായി തല്‍സമയ പണമടക്കല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമായിട്ടുണ്ട്. ഡിജിറ്റല്‍ പണമടക്കല്‍ രംഗത്തെ സര്‍ക്കാര്‍ നീക്കങ്ങളും ഇതിനു വഴിയൊരുക്കി. ലളിതമായ റിട്ടേണ്‍, എക്‌സ്‌ചേഞ്ച് സൗകര്യങ്ങള്‍ ഒരുക്കിയതും ഇ-കോമേഴ്‌സ് സംവിധാനങ്ങളെ കൂടുതല്‍ മികച്ചതാക്കി. 

ഉപഭോക്താക്കളുടെ മനമറിഞ്ഞുള്ള മുന്നേറ്റം

ഇനിയുള്ള നാളുകളില്‍ കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ പഠിച്ചു മാത്രമേ മുന്നോട്ടു പോകാനാവു. ഓണ്‍ലൈന്‍ ഷോപിങില്‍ ഒരു മാനുഷിക സ്പര്‍ശം ലഭിക്കുന്നതിനാണ് ഇന്ന് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത്. വ്യക്തിഗത സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കിയേ ഇതു സാധ്യമാകു. ഉല്‍പന്നങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഫലപ്രദമായ തല്‍സമയ ഉപഭോക്തൃ ഫീഡ്ബാക്കും ആവശ്യമാണ്. ഈ പ്രവണതകള്‍ പിന്തുടരുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് ഈ രംഗത്തെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും പിന്തുണയേകാനാവും. രണ്ടായിരത്തില്‍  ഏകദേശം 400 കോടി ഡോളര്‍ മാത്രമായിരുന്ന ഇന്ത്യയിലെ ഇ-കോമേഴ്‌സ് രംഗം 2024-ല്‍ 9900 കോടി ഡോളറിലേക്ക് കുതിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്.  

ലേഖകൻ മീഷോയുടെ ബിസിനസ് സിഎക്‌സ്ഒ ആണ്

English Summary : Changing Trends in Online Shopping

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS