ADVERTISEMENT

കോവിഡിനു മുൻപൊരു ദിവസം കാറൊന്നു കഴുകാൻ പോയതാണ് സഹപാഠികളായ കിരണും അധീശും. മൂന്നോ നാലോ സർവീസ് സെന്ററുകളിൽ ചെന്നെങ്കിലും തിരക്കായതിനാൽ തിരികെ പോരേണ്ടി വന്നു. എന്നാൽ, അതിനു മുൻപും പിന്നീടും അതുവഴി സ‍ഞ്ചരിച്ചപ്പോൾ സർവീസ് സെന്ററുകളിൽ പലതും വണ്ടിയില്ലാതെ കിടക്കുന്നതും ഇവർ കണ്ടിട്ടുണ്ട്. ആ കാഴ്ചകളിൽ നിന്നാണ് കിരണിനൊരു ഐഡിയ കത്തിയത്. ‘കാർവാഷ് ബുക്ക് ചെയ്യാൻ നമുക്കൊരു ഓൺലൈൻ പ്ലാറ്റ്ഫോമായാലോ?’ 

കേട്ടപാതി കേൾക്കാത്ത പാതി, അധീശും അനിയൻ അധുനും തലകുലുക്കി. കാരണം അവർക്കറിയാം, കിരണിന്റെ തലയിൽ ഐഡിയയുടെ മിന്നലടി ഒരുപാടുണ്ടെന്ന്. 

തുടക്കം കോവിഡ്കാലത്ത്

കോവിഡ്കാലത്താണ് ‘വൈപ്പ് 24’നു തുടക്കമിടുന്നത്. അധീശിന്റെ സ്വന്തം കമ്പനി ആപ്പ് ഡവലപ്പിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പുട്ടിനു പീര പോലെ കിരണിന്റെ ഐഡിയയ്ക്കു വേണ്ട അലങ്കാരപ്പണികൾ അധുന്റെ വകയായും വന്നു. 

‘‘കംപ്ലീറ്റ് ക്ലീനിങ് സൊലൂഷൻസ്, അതു വാഹനമായാലും വസ്ത്രമായാലും വീടായാലും. അത്തരമൊരു ആശയത്തിലൂന്നിയാണ് വൈപ്പ് 24(wipe24) മൊബൈൽ ആപ്പ് തയാറാക്കിയത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും സംവിധാനങ്ങളും പ്രയോജനപ്പെടുത്തുക വഴി കൃത്യതയോടെയും മിതമായ നിരക്കിലും സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാമെന്ന വിശ്വാസമുണ്ടായിരുന്നു. അതു വിജയം കണ്ടു.’’ 

ആലുവ അമ്പാട്ടുകാവിൽ മെട്രോ സ്റ്റേഷനോടു ചേർന്ന് പണിതീർന്നു വരുന്ന വൈപ്പ് 24ന്റെ കോർപറേറ്റ് ഓഫിസിലിരുന്നു കൊണ്ട് അധീശും കിരണും കമ്പനിയുടെ കഥ പറയുകയാണ്. 24 മണിക്കൂറും കർമനിരതമായി, വിരൽത്തുമ്പിൽ സേവനം നൽകുന്നൊരു ക്ലീനിങ് കമ്പനിയാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.

മൂവർ സംഘം മുന്നോട്ട്

അധീശ് തലേക്കരയ്ക്ക് സിഇഒയുടെ ചുമതലയാണ്. കിരൺ പരമേശ്വരൻ മാർക്കറ്റിങ് (സിഎംഒ) നോക്കുന്നു. അധുൻ തലേക്കരയാണ് ചീഫ് ടെക്നിക്കൽ ഓഫിസർ. 2011ൽ പ്രവർത്തനം ആരംഭിച്ച ക്ലൗഡ് സോഫ്ട് െവയർ കമ്പനിയായ മൈക്രോക്ലൗഡ്സിനു നേതൃത്വം നൽകുന്ന അധീശ് കോളജ്കാലം മുതലേ ഒട്ടേറെ സ്റ്റാർട്ടപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. 

കാസ്റ്റിങ് കോൾ മീഡിയ, ഓഫർ ബൺ എന്നീ സ്റ്റാർട്ടപ്പുകൾക്കു പിന്നിലെ ചാലകശക്തിയാണ് കിരൺ. ഐഐടി ജോധ്പുരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സിക്യൂട്ടീവ് എംടെക് അവസാന വർഷ വിദ്യാർഥിയാണ് അധുൻ. വൈപ്പ് 24ന്റെ പ്രവർത്തനക്ഷമത വര്‍ധിപ്പിക്കുന്ന മൾട്ടിപ്പിൾ അൽഗോരിതം തയാറാക്കിയത് ഇദ്ദേഹമാണ്. 

രണ്ടുതരം കാർ വാഷ് കമ്പനി നൽകുന്നുണ്ട്. സർവീസ് സെന്റർ വാഷും സ്പോട് വാഷും. അതുപോലെ കാർ ഡീറ്റെയിലിങ്ങും ഡീകാർബണൈസേഷനും പോലുള്ള സൗകര്യങ്ങളും ലഭ്യമാണ്. വിവിധ ജില്ലകളിലായി അൻപതോളം സർവീസ് സെന്ററുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൃത്യമായ കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളെയാണ് മൊബൈൽ ആപ്പിലൂടെ അവതരിപ്പിക്കുന്നത്. 

‘‘ദിവസവും സമയവും മുൻകൂർ ബുക്ക് ചെയ്യാം. കാത്തിരിപ്പൊഴിവാക്കി കാര്യം നടത്താം. സർവീസ് ചാര്‍ജിൽ ചെറിയൊരു ഭാഗം കമ്മിഷനായി കമ്പനിക്കു കിട്ടുന്നു. കേരളത്തിലെവിടെയുമുള്ള സർവീസ് സെന്ററുകൾക്ക് പദ്ധതിയുടെ ഭാഗമാകാം. വാഹന ഉടമകൾക്കും സർവീസ് സെന്ററുകൾക്കും ഒരുപോലെ സഹായകരമായ ആപ്പായതിനാൽ ഭാവിയിൽ വൻതോതിൽ ബിസിനസ് വർധിപ്പിക്കാൻ കഴിയും. അതനുസരിച്ച് പ്രവർത്തനലാഭവും വർധിക്കും.’’ അധീശ് പറയുന്നു. 

wipe-b4u-june

ഫ്രാഞ്ചൈസി  നൽകും

ഇതിനൊപ്പം രൂപപ്പെടുത്തിയിട്ടുള്ള സ്പോട് വാഷ് വിപുലമായ ഫ്രാഞ്ചൈസി സൗകര്യം പ്രദാനം ചെയ്യുന്നു. ടൂവീലറിലോ ഫോർ വീലറിലോ ഒരുക്കാവുന്ന സർവീസ് സംവിധാനമാണിത്. ഒരു ലക്ഷം രൂപ മുതൽമുടക്കാൻ തയാറുള്ള ആർക്കും വൈപ്പ് 24 നോട് ചേർന്നു സ്വയംതൊഴിൽ സംരംഭകരാകാൻ കഴിയും. 

‘ഹോംകെയർ’ എന്നൊരു ഐക്കണും ഈ ആപ്പിലുണ്ട്. വീട് വൃത്തിയാക്കൽ തലവേദനയാകുന്ന ഇക്കാലത്ത് അതിനൊരു പരിഹാരമാണിത്. ചില സാങ്കേതിക സൗകര്യങ്ങൾ കൂടി പൂർത്തിയാകുന്ന മുറയ്ക്കേ ഇതു പ്രവർത്തനക്ഷമമാകൂ. 

വസ്ത്രങ്ങൾ വീട്ടിലെത്തി ശേഖരിച്ചു കൊണ്ടുപോയി കഴുകി ഇസ്തിരിയിട്ടു നൽകുന്ന ലോൺട്രി വാഷാണ് ആപ്പിന്റെ ഹൈലൈറ്റ്. വലിയൊരു വളർച്ചസാധ്യത ഈ രംഗത്തുണ്ടെന്ന് ഇവർ പറയുന്നു. കൊച്ചി പോലെയുള്ള നഗരങ്ങളിലെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള തയാറാറെടുപ്പിലാണ് മൂവർസംഘം. ഇതിനായി സ്വിഗി– സൊമാറ്റോ മാതൃകയിൽ റൈഡേഴ്സിനെ എർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ലോൺട്രി സർവീസിൽ പിക് ആൻഡ് ഡെലിവറി ഏർപ്പെടുത്തുമ്പോൾ ഏറ്റവും ചെലവു വരുന്നത് വാഹനത്തിന്റെ ഇന്ധനകാര്യത്തിലാണ്. അതു പരമാവധി കുറയ്ക്കാൻ ഒരു ഓർഡർ വന്നാൽ ഏറ്റവും അടുത്തുള്ളതും ഫ്രീ ആയിട്ടുള്ളതുമായ റൈഡറിലേക്ക് അതെത്തുന്ന വിധമാണ് ക്രമീകരണം.

ലോൺട്രി സർവീസുകളിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന യന്ത്രശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവർ. 50 കിലോഗ്രാം ശേഷിയുള്ള ഒരു സ്ഥാപനത്തിൽ 10 കിലോഗ്രാമേ ശരാശരി ഒരു ദിവസം വരുന്നുള്ളൂവെങ്കിൽ ശേഷിക്കുന്ന 40 കിലോഗ്രാം വൈപ്പ് 24 വഴി നൽകുന്നു. പ്രവർത്തനച്ചെലവിൽ കാര്യമായ വ്യതിയാനമില്ലാതെ തന്നെ ഉയർന്ന വരുമാനം നേടാൻ ഇതു ലോൺട്രി സർവീസ് ഉടമകളെ സഹായിക്കും. ലഭിക്കുന്ന വരുമാനത്തിൽ ഒരു പങ്ക് കമ്പനിക്കും ലഭിക്കുന്നു. ഇതാണ് ബിസിനസ് മോഡൽ. ഇതോടൊപ്പം പഴയതോ പുതിയതോ ആയ വസ്ത്രങ്ങൾ അർഹരായവർക്ക് ഡൊണേറ്റ് ചെയ്യാനും വൈപ്പ് 24 വഴി കഴിയും. 

‘‘സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന കമ്മിഷനാണ് കമ്പനിയുടെ വരുമാനം. അതിനൊപ്പം ഒട്ടേറെ സംരംഭങ്ങളെ തകർച്ചയിൽനിന്നു കരകയറ്റാനും വരുമാനം വർധിപ്പിക്കുന്നതിൽ സഹായിക്കാനും കഴിയുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകും.’’ അധീശ് പറയുന്നു.

വീട്ടിലും നാട്ടിലും വൃത്തിയും വെടിപ്പിനുമൊപ്പം ഒട്ടേറെ ജീവിതങ്ങളെ പ്രകാശപൂരിതമാക്കാനുള്ള ശ്രമം കൂടി ഏറ്റെടുത്തിരിക്കുകയാണ് ഇവർ.  ഒപ്പം പ്രവർത്തിക്കുവാനും മുതൽമുടക്കുവാനും തയാറുള്ളവർക്ക് അതിനും വൈപ്പ് 24 അവസരം നൽകുന്നുണ്ട് 

English Summary : Wipe 24 will Give a Helping Hand to Improve Your Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com