സി.വി മേക്കോവർ സ്പെഷ്യലിസ്റ്റ്; രേണു ഷേണായിയുടെ ജോലിയും വരുമാനവും ചെറുതല്ല!

HIGHLIGHTS
  • കാര്യങ്ങൾ കുത്തി നിറച്ചു നൽകിയാൽ മാനേജ്‌മെന്റിന് തൃപ്തിയോടെ ഒരു ഉദ്യോഗാർഥിയെ തെരെഞ്ഞെടുക്കാനാവില്ല
Shake-hands
SHARE

തൊഴിലന്വേഷികളുടെ എണ്ണം നമ്മുടെ നാട്ടിൽ നാൾക്കുനാൾ വർധിച്ചുവരികയാണ്. അഭ്യസ്തവിദ്യരായ ആളുകൾ ധാരാളമുണ്ടായിട്ടും അവർക്കെല്ലാം ആഗ്രഹിക്കുന്ന തലത്തിൽ ഒരു ജോലി കണ്ടെത്താൻ കഴിയുന്നില്ല. പലപ്പോഴും തൊഴിലവസരങ്ങൾ ഇല്ലാത്തതല്ല, മറിച്ച് അവസരങ്ങൾക്ക് ചേരുന്ന വിധത്തിൽ തങ്ങളുടെ കഴിവുകൾ മാനേജ്‌മെന്റിനെ ബോധിപ്പിക്കാൻ കഴിയാത്തതാണ് ഉദ്യോഗാർഥികളുടെ പ്രശ്നം. ഒറ്റ പേപ്പറിൽ തയ്യാറാക്കിയ ബയോഡാറ്റയിൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ കുത്തിനിറച്ചു നൽകിയാൽ ഒരു മാനേജ്‌മെന്റിനും തൃപ്തിയോടെ ഉദ്യോഗാർഥിയെ തെരെഞ്ഞെടുക്കാനാവില്ല. ഇവിടെയാണ് സി.വി മേക്കോവർ സ്പെഷ്യലിസ്റ്റ് ആയ രേണു ഷേണായിയുടെ വിജയം.

വ്യത്യസ്തമായ മേഖലയിൽ സ്വയം തൊഴിൽ എന്ന നിലയ്ക്ക് തന്റെ കരിയർ കെട്ടിപ്പടുത്തതിനൊപ്പം തൊഴിലന്വേഷികളായ യുവാക്കൾക്ക് അവർ ആഗ്രഹിക്കുന്ന തലത്തിൽ തൊഴിൽ നേടുന്നതിനായുള്ള മാർഗം ഒരുക്കി നൽകുകയാണ് രേണു. ''എല്ലാ ജോലിയുടെയും സ്വഭാവം ഒന്നല്ല, ജോലിയുടെ സ്വഭാവവും അപേക്ഷിക്കുന്ന വ്യക്തിയുടെ കഴിവുകളും ഒരേ രേഖയിൽ സംഗമിക്കുന്ന രീതിയിലാണ് സിവികൾ തയ്യാറാക്കേണ്ടത്. പല കോർപ്പറേറ്റ് ഇന്റർവ്യൂകളിൽ നിന്നും ഉദ്യോഗാർത്ഥികൾ പിന്തള്ളപ്പെടുന്നതിന്റെ കാരണങ്ങളിൽ ഒന്ന് അടക്കും ചിട്ടയും ഇല്ലാതെ ഇന്റർനെറ്റിൽ കാണുന്ന ഏതെങ്കിലും ഒരു കോമൺ ഫോർമാറ്റിൽ സിവി തയ്യാറാക്കി സമർപ്പിക്കുന്നതാണ്.

മാനേജമെന്റിനു മുന്നിൽ കിട്ടുന്ന സിവികളിൽ ഭൂരിഭാഗവും ഒരേ പാറ്റേണിൽ ഉള്ളതാകും. ഇത് തന്നെ വലിയൊരു മടുപ്പാണ്. ഉദ്യോഗാർത്ഥികൾ എപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാൻ ശ്രമിക്കണം. അതിനുള്ള ആദ്യത്തെ മാർഗമാണ് വ്യത്യസ്തമായ രീതിയിൽ എന്നാൽ തന്റെ എല്ലാ കഴിവുകളും കോർത്തിണക്കിയ സിവി നൽകുക എന്നത്. ഇക്കാര്യം ഞാൻ മനസിലാക്കിയപ്പോഴാണ് എന്റെ കരിയറും എന്നെ ആശ്രയിക്കുന്നവരുടെ കരിയറും മറ്റൊരുതലത്തിലേക്ക് മാറ്റുന്ന രീതിയിൽ ഒരു സിവി മേക്കോവർ സ്പെഷ്യലിസ്റ്റ് ആയി ഞാൻ മാറിയത്'' രേണു ഷേണായ് തന്റെ വ്യത്യസ്തമായ കരിയറിനെപ്പറ്റി പറയുന്നു. 

ഫ്രീലാൻസർ ആയി തുടക്കം, ഇന്ന് 40000 മാസവരുമാനം

ബി ടെക്കും എം ബി എയും കഴിഞ്ഞ് വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള രേണു ഫ്രീലാൻസ് ജോലികളാണ് പ്രധാനമായും തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇതിനൊപ്പം തന്നെ ഇൻഡസ്ട്രിയിൽ നടക്കുന്ന ഓരോ മാറ്റവും സശ്രദ്ധം വീക്ഷിച്ചിരുന്നു. ഒപ്പം സംരംഭകരംഗത്തും വ്യക്തമായ കാഴ്ചപ്പാട് രേണുവിന്‌ ഉണ്ടായിരുന്നു. 2011ൽ സോഷ്യൽ മീ‍ഡിയ മാർക്കറ്റിങ് രംഗത്ത് ഫ്രീലാൻസിങ് തുടങ്ങിയ രേണുവിന്റെ സൗഹൃദവലയും വളരെ വലുതായിരുന്നു. അങ്ങനെയിരിക്കെയാണ് അടുത്ത സുഹൃത്ത് നീതു ജോലിയുടെ ആവശ്യത്തിനായി ഒരു സിവി തയാറാക്കി നൽകാൻ രേണുവിനോട് ആവശ്യപ്പെടുന്നത്. ആ ശ്രമം വിജയം കണ്ടതോടെ, സിവി നിർമിക്കുന്നതിൽ രേണു ഹരം കണ്ടെത്തി. തുടർന്നും ചില അടുത്ത വ്യക്തികളുടെ സിവികൾക്ക് രേണു പുതിയ രൂപം നൽകി. മണിക്കൂറുകൾ എടുത്ത് തയാറാക്കുന്ന സിവികൾ കെട്ടിലും മട്ടിലും വ്യത്യസ്തമായി നിന്നു. ചെയ്ത ഓരോ സിവികളും ശ്രദ്ധിക്കപ്പെട്ടതോടെ, നിനക്ക് ഇതൊരു പ്രൊഫഷൻ ആക്കിക്കൂടെ എന്ന ആത്മാർഥ സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നാണ് രേണു സി വി മേക്കോവർ എന്ന കരിയറിനെക്കുറിച്ച് ചിന്തിക്കുന്നത്.

renub4u1

വെറുതെ വാരിവലിച്ചെഴുതിയാൽ പണി പാളും

''എന്നാൽ സിവി മേക്കോവർ സ്പെഷ്യലിസ്റ്റ് ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഓരോ വ്യക്തിയെയും അവരുടെ കരിയർ സ്വപ്നങ്ങളെയും ടാലന്റുകളെയും പറ്റി നന്നായി പഠിക്കണം. എന്നിട്ട് ഉചിതമായ പാറ്റേണും പ്രെസന്റേഷൻ രീതികളും കണ്ടെത്തണം. എന്നിട്ടു വേണം സിവി നിർമിക്കാൻ. വെറുതെ വാരിവലിച്ചെഴുതിയാൽ ജോലികിട്ടണമെന്നില്ല. അതിന് ഒരു പ്രഫഷണൽ ടച്ച് വേണം. ഞാൻ എന്നെ തന്നെ അതിനായി മോൾഡ് ചെയ്തെടുക്കുകയായിരുന്നു. പണ്ടൊക്കെ പഠിച്ച കോഴ്സും, മാർക്കും, കോളേജിന്റെ പേരും, അച്ഛന്റെ പേരും, മേൽവിലാസവും ജാതിയും, മതവും, ഒക്കെയായി സി വി എഴുതുമ്പോൾ, ജോലി വിവരങ്ങൾ വെറും രണ്ടോ മൂന്നോ വാചകങ്ങളിൽ ഒതുക്കിയിരുന്നു. ഇന്ന് അതൊന്നും വിജയിക്കില്ല. ഒരു സി വിയിൽ ഇന്റർവ്യൂവർ എന്തൊക്കെയാണ് നോക്കുന്നത് എന്നൊക്കെ മനസ്സിലാക്കി, മിതമായ വാക്കുകളിൽ എ റ്റി എസ് / എസ് ഇ ഒ കീവേർഡ്സ് ഒക്കെ ചേർത്താണ് സി വി തയ്യാറാക്കുന്നത് '' രേണു ഷേണായ് പറയുന്നു.

തൊഴിലന്വേഷികൾക്ക് അവരുടെ യോഗ്യതകൾ കണക്കിലെടുത്ത് ഏറ്റവും ആകർഷകമായും മിനിമലായും രേണു സി വി തയ്യാറാക്കി നൽകും. ഇത്തരത്തിൽ മാസം 40000 ന് മേലെയാണ് രേണു സമ്പാദിക്കുന്നത്.  വിദേശത്ത് സ്ഥിരതാമസമാക്കിയ രേണുവിന്‌ ഇന്ത്യക്ക് അകത്തും പുറത്തുമായി ഇന്ന് നൂറു കണക്കിന് ഉപഭോക്താക്കളുണ്ട്. രേണുസ് ക്രിയേഷൻസ് എന്ന പേരിലാണ് രേണു തന്റെ സ്ഥാപനം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് ആഗ്രഹം സത്യസന്ധമാണ് എങ്കിൽ ജോലിയും വരുമാനവും കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടതില്ല എന്ന് തെളിയിക്കുകയാണ് രേണുവിന്റെ വിജയം. ഭർത്താവ് സുജിത് ഷേണായും, മക്കൾ സംവൃതയും സമൃദ്ധും രേണുവിന്‌ കരിയറിലും പൂർണ പിന്തുണ നൽകുന്നു.

English Summary : How Renu Shenoy Became a C V Makeover Specialist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA