ഷെഫ് പിള്ള കാർ വാങ്ങിയാൽ മലയാളിക്കെന്താ?

HIGHLIGHTS
  • ഷെഫ് പിള്ള ഇന്ന് കേരളത്തിലെ വിലപിടിപ്പുള്ള ബ്രാൻഡുകളിലൊന്നാണ്
chef-pillai-s-class-1.jpg.
SHARE

ഒരാളൊരു കാർ വാങ്ങുന്നത് നാടും നാട്ടാരും ആഘോഷമാക്കുന്നത് ഇതാദ്യമാണ്. അതും അയാളുടെ ആദ്യ കാർ.എടുത്ത് പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയോ സാമ്പത്തിക അടിത്തറയോ ഒന്നുമില്ലാതിരുന്ന, കൊല്ലത്തെ അഷ്ടമുടിക്കായലിന്റെ ഓരത്ത് ജനിച്ച് വളർന്ന സുരേഷ് പിള്ള എന്ന ഷെഫ് പിള്ള ഇന്ന് കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് വ്യക്തിഗത ബ്രാൻഡുകളെടുത്താൽ അതിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വെറുമൊരു ബ്രാൻഡാകുക മാത്രമല്ല, മറിച്ച് തന്റെ നേട്ടങ്ങളിൽ നവമാധ്യമ മലയാളികളെ ഒന്നടങ്കം ത്രസിപ്പിക്കുവാനും ഷെഫ് പിള്ളയ്ക്കാകുന്നു എന്നതാണ് ‘ഷെഫ് പിള്ള’ എന്ന ബ്രാൻഡ് എത്രത്തോളം ആഴത്തിൽ വേരുറപ്പിച്ചിട്ടുണ്ട് എന്ന് കാട്ടിത്തരുന്നത്. എങ്ങനെയാണ് ‘ഷെഫ് പിള്ള’ എന്ന ബ്രാൻഡിന് ഇത്രമേൽ സ്വാധീനം ചെലുത്താൻ കഴിയുന്നത്? വ്യക്തിഗത ബ്രാൻഡുകളെ പരിപോഷിപ്പിക്കുന്നതിനായി ബ്രാന്‍ഡിങ് വിദഗ്ധനായ കെവിൻ ലെയ്ൻ കെല്ലർ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

1. ബ്രാൻഡ് ഘടകങ്ങൾ 

പേര് ആകർഷകമാക്കുക എന്നതാണ് ആദ്യപടി. അതിനായി ഗസറ്റിൽ കൊടുത്ത് പേര് മാറ്റാനൊന്നും നിൽക്കണ്ട. വ്യത്യസ്തതക്ക് മുൻ‌തൂക്കം നൽകി പേരിൽ ചെറിയ മാറ്റങ്ങൾ വരുത്തുക. അതുമല്ലെങ്കിൽ വിളിപ്പേര് ബ്രാൻഡാക്കാൻ ശ്രമിക്കുക. ഇവിടെ ഷെഫ് സുരേഷ് പിള്ള എന്നോ ഷെഫ് സുരേഷ് എന്നതിനോ പ്രാധാന്യം നൽകാതെ പെട്ടെന്ന് ശ്രദ്ധയാകർഷിക്കത്തക്ക രീതിയിലുള്ള ‘ഷെഫ് പിള്ള’ എന്ന പേര് സ്വീകരിച്ചതാണ് ബ്രാൻഡ് വിജയത്തിന്റെ ആദ്യ നാഴികക്കല്ല്. കൂടാതെ, വ്യക്തികൾക്ക് ലോഗോയോ അടയാളങ്ങളോ ഒന്നും തന്നെ നൽകുന്നത് അധികം ശ്രദ്ധിക്കപ്പെടാത്തത് കൊണ്ട് തന്നെ വ്യക്തിയുടെ വേഷവിധാനമാണ് ബ്രാൻഡ് ഐഡന്റിറ്റി ആയി മാറുന്നത്. ഷെഫ് പിള്ളയെ ഷെഫുമാരുടെ വെള്ള വസ്ത്രത്തിലല്ലെങ്കിൽ പിന്നീട് കാണപ്പെടുന്നത് ക്യാഷ്വൽ (Casual) വേഷവിധാനങ്ങളിലാണ്. ഇത് നമ്മളെപ്പോലെ ‘നമ്മളിലൊരുവൻ’ എന്ന ഇമേജ് സാധാരണക്കാർക്കിടയിൽ  കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ‘ഷെഫ് പിള്ള’ എന്ന ബ്രാൻഡ് സാധാരണക്കാരന്റെ ബ്രാൻഡായി മാറുകയും ചെയ്തു. മറ്റൊന്ന് ഭാഷയാണ്. ഷെഫ് പിള്ളയുടേത് സാധാരണക്കാരന്റെ ശരീരഭാഷയും സംസാരഭാഷയുമാണ്. മലയാളികൾ പൊതുവേ കാശുണ്ടാക്കാൻ തത്പരരെങ്കിലും ‘ഹൈ പ്രൊഫൈൽ’ ഭാഷയോട് എന്നും വിമുഖതയാണ്. അതിന്റെ പരിണിതഫലങ്ങൾ പല സിനിമാതാരങ്ങളും അനുഭവിച്ചിട്ടുമുണ്ട്. 

2. നിരന്തരമായ ഇടപെടലുകൾ 

വ്യക്തിഗത ബ്രാൻഡുകൾ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് അസ്പഷ്ടമായത് കൊണ്ട് തന്നെ പ്രേക്ഷകരുമായി നിരന്തരമായ ഇടപെടലുകൾ നിർബ്ബന്ധമാണ്. ഇതിന് ഷെഫ് പിള്ളയെ സഹായിച്ചത് അദ്ദേഹത്തിന്റെ നവമാധ്യമങ്ങളിലൂടെയുള്ള നിരന്തരമായ നാടൻ വിഭവങ്ങളുടെ വീഡിയോകളാണ്. ഇതിന് പുറമേ അദ്ദേഹത്തിന്റെ സിഗ്നേച്ചർ ഡിഷ് ആയ ‘നിർവാണ’ യ്ക്ക് ലഭിച്ച സ്വീകാര്യതയും ഷെഫ് പിള്ളയെ ജനകീയനാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. പാചകം ഇഷ്ടപ്പെടുന്ന മലയാളികളിൽ നല്ലൊരു പങ്കും ഒരു തവണയെങ്കിലും പിള്ളയുടെ ‘നിർവാണ’ തങ്ങളുടെ അടുക്കളയിൽ പരീക്ഷിച്ചവരാണ്. 

chef-pillai

3. തന്ത്രപരമായ പങ്കാളിത്തങ്ങൾ

ഏതൊരു ബ്രാൻഡിനെ സംബന്ധിച്ചും വിശ്വാസ്യത (Credibility) നേടിയെടുക്കുകയെന്നത്‌ വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഇതിനായി വിശ്വാസ്യതയുള്ള വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഉള്ള പങ്കാളിത്തം ഉപകരിക്കും. ഷെഫ് പിള്ള അറിയപ്പെടുന്ന പാചക വിദഗ്ദനായിരുന്നുവെങ്കിലും റാവിസ് ഹോട്ടലിലേക്കുള്ള കടന്ന് വരവാണ് കേരളത്തിൽ ഇത്തരമൊരു ബ്രാൻഡിന് വിശ്വാസ്യത നേടിക്കൊടുക്കുന്നതിനുള്ള ആദ്യ കല്ലിട്ടത്. പിന്നീട് പാചക വീഡിയോകളിൽ നിറഞ്ഞ് നിന്നെങ്കിലും തന്റെ വലിപ്പം കാണിക്കുന്നതിനായി ഒരു വീഡിയോ പോലും അദ്ദേഹം ചെയ്തില്ല എന്നതാണ് എടുത്ത് പറയേണ്ട സംഗതി. മറിച്ച്, അദ്ദേഹത്തിന്റെ വ്‌ളോഗ്ഗുകളിലും അല്ലാതെയും പ്രത്യക്ഷപ്പെട്ട പല പ്രമുഖരും ഷെഫ് പിള്ളയെക്കുറിച്ച് വാ തോരാതെ സംസാരിച്ചു. അപ്പോഴും അദ്ദേഹം തന്റെ സ്വതസിദ്ധമായ ചിരിയിൽ എല്ലാം ഒതുക്കി വിനയാന്വിതനായി നിന്നു. ഇത്തരത്തിൽ, ചുറ്റുമുള്ളവർ നല്ലത് പറഞ്ഞാൽ മാത്രമാണ് വ്യക്തിഗത ബ്രാൻഡുകൾക്ക് വിശ്വാസ്യത നേടിയെടുക്കാനാകുക. 

4. പലതുണ്ട് മാധ്യമങ്ങൾ 

chef-suresh-pillai

ഷെഫ് പിള്ള ജനകീയനാകുന്നത് നവമാധ്യമങ്ങളിലൂടെയാണെങ്കിലും അത് മാത്രമല്ല വഴി. ലക്ഷ്മി നായരും അന്തരിച്ച പാചക വിദഗ്ദൻ നൗഷാദുമൊന്നും ജനഹൃദയങ്ങളിലെത്തിയത് നവമാധ്യമങ്ങളിലൂടെ ആയിരുന്നില്ല. കഴിയുന്നത്രയും മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുകയെന്നതാണ് അഭികാമ്യം. നവമാധ്യമങ്ങൾക്ക് നിലവിൽ സ്വീകാര്യത കൂടുതലാണ് എന്നത് കൊണ്ട് തന്നെ അവിടങ്ങളിലെ ഇടപെടലുകൾക്ക് പ്രത്യേകം കരുതൽ നൽകേണ്ടതുണ്ട്. പല സെലിബ്രിറ്റികളും ‘ചൊറിയുന്നവർക്ക്’ അതിനുള്ള ‘മരുന്ന്’ അപ്പോൾ തന്നെ കൊടുക്കുന്നത് നമ്മൾ കാണുന്നതാണ്. എന്നാൽ ഷെഫ് പിള്ളയാകട്ടെ, അത്തരക്കാരോട് അനുനയത്തിന്റെ ഭാഷയിലാണ് സംസാരിക്കാറ്. ഇതും ‘ഷെഫ് പിള്ള’ എന്ന ബ്രാൻഡിന്റെ വളർച്ചയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

5. വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണ്  

‘ഷെഫ് പിള്ള’ ഇന്ന് കേരളത്തിൽ വലിയൊരു ബ്രാൻഡാണ്. രാജ്യം പദ്മശ്രീ നൽകിയാദരിച്ച ഷെഫ് സഞ്ജീവ് കപൂറിനെ അറിയാത്ത പല മലയാളികളും ഷെഫ് പിള്ളയുടെ ഫിഷ് നിർവാണ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഈ സ്വീകാര്യതയും വിശ്വാസവും നിലനിർത്തുക എന്നത് ഏറെ പ്രയത്നിക്കേണ്ട ഒന്നാണ്. വർഷങ്ങൾ കൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയുമെല്ലാം തകർന്ന് വീഴാൻ മണിക്കൂറുകൾ മതിയാകും. അതിനാൽ വളരെ കരുതലോടെ വാഗ്ദാനങ്ങൾ നിറവേറ്റി മുന്നോട്ട് പോയാൽ മാത്രമേ ബ്രാൻഡ് നിലനിൽക്കുകയുള്ളൂ. 

(കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്. ഇ-മെയിൽ: sajidnasar@cusat.ac.in)

English Summary : How to Develop a Personal Brand and Maintain It Like Chef Pillai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS