ADVERTISEMENT

ആവശ്യതകൾ നിറവേറ്റാൻ തക്ക വിധത്തിൽ ആഭ്യന്തര പ്രകൃതിദത്ത റബ്ബർ (എൻആർ) ലഭ്യത ഉറപ്പാക്കാൻ റബ്ബർ ബോർഡ് ദേശീയ റബ്ബർ മിഷൻ രൂപരേഖയ്ക്ക് അന്തിമരൂപം നൽകുന്നു. പ്രകൃതിദത്ത റബറിന്റെ  ആഭ്യന്തര ഉൽപ്പാദന - ഉപഭോഗ വിടവ് റബ്ബർ ബോർഡിനും റബ്ബർ ഉപഭോഗ വ്യവസായങ്ങൾക്കും ആശങ്കാജനകമായ വിഷയമായി തുടരുന്ന സാഹചര്യത്തിലാണ് റബർ ബോർഡിന്റെ നീക്കം. നിലവിൽ ആഭ്യന്തര ആവശ്യത്തിന്റെ 35 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

ഇറക്കുമതി കുറയ്ക്കും

രാജ്യത്ത് ആഭ്യന്തര വ്യവസായങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് പ്രകൃതിദത്ത റബറിന്റെ ഉത്‌പാദനം വർധിപ്പിച്ച് ഇറക്കുമതി പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന്  ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (എ ടി എം എ) മാനേജിംഗ് കമ്മിറ്റി യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ കെ എൻ രാഘവൻ പറഞ്ഞു. പാരമ്പര്യേതര മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 5 ലക്ഷം ഹെക്ടർ സ്ഥലത്ത് പുതിയ റബ്ബർ തോട്ടമാണ് ദേശീയ റബ്ബർ മിഷൻ ലക്ഷ്യമിടുന്നതെന്ന് ഡോ. രാഘവൻ പറഞ്ഞു.

ഗുണപരമായി മികച്ചതും മത്സരാധിഷ്ഠിതവുമായ വിലയുള്ള റബ്ബർ ഉൽപ്പാദിപ്പിക്കുന്നതിന് ടയർ വ്യവസായം ഇപ്പോൾ തന്നെ രാജ്യത്ത്  എൻ.ആർ  പ്ലാന്റേഷണ് മുൻകൈ എടുത്തു വരുന്നതായി ദേശീയ റബ്ബർ മിഷന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്തു എടിഎംഎ ചെയർമാൻ സതീഷ് ശർമ്മ പറഞ്ഞു. നോർത്ത് ഈസ്റ്റിലെ റബ്ബർ തോട്ടങ്ങൾ വികസിപ്പിക്കുന്നതിനുള്ള  പദ്ധതിയിൽ സംഘടനയിലെ  തിരഞ്ഞെടുത്ത അംഗങ്ങൾ നിലവിൽ റബ്ബർ ബോർഡുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. നോർത്ത് ഈസ്റ്റ് മിഷൻ ഓഫ് ടയർ ഇൻഡസ്ട്രി ഫോർ റബ്ബർ ഓഗ്മെന്റേഷൻ (എൻ ഇ എം ഐ ടി ആർ എ ) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ, പശ്ചിമ ബംഗാളിൽ 2 ലക്ഷം ഹെക്ടർ റബർ തോട്ടം വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. പദ്ധതിക്ക് കീഴിലുള്ള റബർ തൈ നടീൽ കഴിഞ്ഞ വർഷം  ജൂണിൽ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കേരളവും തമിഴ്‌നാടുമാണ് രാജ്യത്തെ പ്രകൃതിദത്ത റബർ  പ്ലാന്റേഷന്റെ പരമ്പരാഗത പ്രദേശങ്ങൾ. പാരമ്പര്യേതര പ്രദേശങ്ങളിൽ പ്രാഥമികമായി ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കർണാടക, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഉൾപ്പെടുന്നു.

ദേശീയ റബർ ദൗത്യം 2025-26 ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 95000 ഹെക്ടറിൽ റബർ നടീലിനായി കണ്ടെത്തിയിട്ടുണ്ട്.

English Summary: National Rubber Mission Taking Steps to Promote Natural Rubber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com