ADVERTISEMENT

വിദേശ നിക്ഷേപവും ആഭ്യന്തര ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനും, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായാണ് ഒന്നാം നരേന്ദ്രമോദി സർക്കാർ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭം 2014 സെപ്റ്റംബറിൽ തുടങ്ങിയത്. 2015 ആയപ്പോഴേക്കും അമേരിക്കയെയും, ചൈനയെയും പോലും പിന്തള്ളി നേരിട്ടുള്ള വിദേശ നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ പേരെടുത്തു. പല സംസ്ഥാനങ്ങളും, ഈ സംരംഭത്തിൽ ഭാഗഭാക്കായി. ഇന്ത്യയെ ഒരു ആഗോള ഉല്പാദന കേന്ദ്രമായി മാറ്റുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി സഹായിക്കും എന്ന് എല്ലാവരും കരുതി. എട്ട് വർഷം മാത്രമായ ഒരു പദ്ധതിയെ വിലയിരുത്താൻ സമയമാകുന്നതെയുള്ളൂവെങ്കിലും, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ 'മെയ്ക്ക് ഇൻ ഇന്ത്യ' ഉദ്ദേശിച്ച ലക്ഷ്യങ്ങളിൽ നിന്നും വളരെ അകലെയാണ്.

ലക്ഷ്യങ്ങൾ 

രാജ്യത്തെ ചെറുകിടക്കാർ ഉൾപ്പെടുന്ന ഉൽ‌പാദന മേഖലയുടെ വളർച്ചാ നിരക്ക് പ്രതിവർഷം 12-14% ആയി ഉയർത്തുക, 100 ദശലക്ഷം അധിക തൊഴിലവസരങ്ങൾ ഉൽപ്പാദന മേഖലയിൽ സൃഷ്ടിക്കുക, ജിഡിപിയിൽ ഉൽപ്പാദന മേഖലയുടെ സംഭാവന  2022-ൽ (2025-ലേക്ക് പുതുക്കി) 25% ആയി ഉയർത്തുമെന്ന് ഉറപ്പാക്കുക എന്നീ എത്തിപ്പിടിക്കാൻ പറ്റാത്ത ലക്ഷ്യങ്ങൾ ആദ്യമേ തന്നെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് ഉണ്ടായിരുന്നു. 

ഇവ നേടാനായി നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, ആധുനികവും കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വിദേശ മൂലധനത്തിനായി പുതിയ മേഖലകൾ തുറക്കുക  തുടങ്ങിയ നയങ്ങളും പ്രഖ്യാപിച്ചിരുന്നു. അതുപോലെ ഓട്ടോമൊബൈൽസ്, കെമിക്കൽസ്, സാങ്കേതിക വിദ്യ, ഫാർമസ്യൂട്ടിക്കൽസ്, കൺസ്ട്രക്ഷൻ, ഡിഫൻസ് മാനുഫാക്ചറിംഗ് തുടങ്ങി 25 മേഖലകളിൽ തൊഴിലവസരങ്ങളും നൈപുണ്യ വർദ്ധനവും സൃഷ്ടിക്കുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇവയിൽ എടുത്തു പറയാനുള്ള വിധത്തിൽ ഒരു മേഖലയിലും നേട്ടമുണ്ടാക്കാൻ ഇന്ത്യക്കായില്ല. 

ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത ഓഫീസുകളോ അനുബന്ധ സ്ഥാപനങ്ങളോ ഉള്ള 2,783 വിദേശ കമ്പനികൾ 2014 മുതൽ 2021 നവംബർ വരെ രാജ്യത്ത് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ വർഷം അവസാനം പാർലമെന്റിനെ അറിയിച്ചിരുന്നു . 

എന്തുകൊണ്ടാണ് ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിട്ടത്?

A picture shows the Ford logo at the company's Halewood plant in Liverpool, north west England, on October 18, 2021. - US auto giant Ford on October 18 unveiled plans to convert a UK factory into its first electric vehicle component assembly site in Europe. Ford will invest £230 million ($316 million, 273 million euros) in its Halewood plant on Merseyside in northwest England, the carmaker said. (Photo by Paul ELLIS / AFP)
A picture shows the Ford logo at the company's Halewood plant in Liverpool, north west England, on October 18, 2021. - US auto giant Ford on October 18 unveiled plans to convert a UK factory into its first electric vehicle component assembly site in Europe. Ford will invest £230 million ($316 million, 273 million euros) in its Halewood plant on Merseyside in northwest England, the carmaker said. (Photo by Paul ELLIS / AFP)

രാഷ്ട്രീയവും, സാമ്പത്തികവുമായ പല കാരണങ്ങൾ കൊണ്ടാണ് കമ്പനികൾ ഇന്ത്യ വിട്ടത്. ചില കമ്പനികൾ നഷ്ടം കുറക്കാനായാണ് ഇന്ത്യ വിട്ടതെങ്കിൽ മറ്റു ചില കമ്പനികൾക്ക് ഇന്ത്യയിലെ പല ചുങ്കങ്ങളും പ്രശ്നമായിരുന്നു. ഇന്ത്യയിലേക്ക് വന്നപ്പോൾ പല വിദേശ കമ്പനികൾക്കും അവരുടെ എന്ത് ഉൽപ്പന്നവും ഇന്ത്യക്കാർ വാങ്ങും എന്നൊരു മനോഭാവമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ തിരഞ്ഞെടുക്കുവാൻ കൂടുതൽ സൗകര്യങ്ങളായതോടെ, ഇന്ത്യക്കാരും സാധനങ്ങൾ വാങ്ങുമ്പോൾ  പല കാര്യങ്ങളും  ശ്രദ്ധിക്കാൻ തുടങ്ങി. ഉദാഹരണത്തിന് വിദേശ  ഓട്ടോമൊബൈൽ കമ്പനികൾ വാഹനങ്ങളുടെ ഉയർന്ന ഗുണമേന്മക്കു പ്രാധാന്യം കൊടുത്ത് നിർമിച്ചപ്പോൾ ഇന്ത്യക്കാർക്ക് പ്രിയം കൂടുതൽ മൈലേജ് കിട്ടുന്ന വാഹനങ്ങളോടായിരുന്നു. പല വിദേശ കമ്പനികൾക്കു വിചാരിച്ചപോലെ ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനും കഴിഞ്ഞില്ല. ഉദാഹരണത്തിന് ഫോർഡിനു ഇന്ത്യയിൽ 2 ശതമാനം മാത്രമേ വിപണി വിഹിതം ഉണ്ടായിരുന്നുള്ളൂ.വിദേശ വാഹനങ്ങൾക്ക് 'റീ സെയിൽ വാല്യൂ' ലഭിക്കാത്തതും, സേവന കേന്ദ്രങ്ങൾ ആവശ്യത്തിന് ഇല്ലാത്തതും മറ്റു കാരണങ്ങളായിരുന്നു. വാഹനങ്ങളുടെ വിലയായിരുന്നു വിദേശ കമ്പനികൾ നേരിട്ട മറ്റൊരു പ്രശ്‍നം. മാരുതി പോലുള്ള വില കുറഞ്ഞ വാഹനങ്ങളാണ് ഇന്ത്യയിലെ സാധാരണക്കാർക്ക് ഇഷ്ടമെന്ന കാര്യം വിദേശ കമ്പനികൾ വൈകിയാണ് മനസ്സിലാക്കിയത്.  

ഇതൊക്കെ കൂടാതെ  ഇന്ത്യയിലെ ഭരണപരവും നിയന്ത്രണപരവുമായ പ്രശ്നങ്ങൾ, ചെലവേറിയ വായ്പകൾ, മടുപ്പിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടിക്രമം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന ലോജിസ്റ്റിക് ചെലവ്, വലിയ അസംഘടിത ഉൽപ്പാദന മേഖല തുടങ്ങിയവയെല്ലാം വിദേശ കമ്പനികളെ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ പ്രേരിപ്പിച്ചു. ഇന്ത്യയിൽ നിന്ന് പോയ പല കമ്പനികളും വിയറ്റ്‌നാം, തായ്‌ലൻഡ്, തായ്‌വാൻ എന്നിവിടങ്ങളിൽ പുതിയ താവളങ്ങൾ കണ്ടെത്തി. 

ബോയ്സർ- താരാപുരിൽ നിശ്ചലമായ മലയാളിയുടെ ഫാക്ടറി
ബോയ്സർ- താരാപുരിൽ നിശ്ചലമായ മലയാളിയുടെ ഫാക്ടറി

നയപരമായ പല മാറ്റങ്ങളും, പ്രോത്സാഹന നടപടികളും ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും, അതൊന്നും തന്നെ വിദേശ കമ്പനികളെ ഇന്ത്യയിൽ തുടരാൻ പ്രേരിപ്പിച്ചില്ല എന്നുള്ളത് തികച്ചും നിരാശാജനകമായ കാര്യമാണ്. രാഷ്ട്രീയ  താല്പര്യങ്ങൾ മാറ്റിവച്ചുകൊണ്ടു ഇന്ത്യക്കു  ഗുണകരമായ വിദേശ നിക്ഷേപ സൗഹൃദ നയങ്ങൾ കൂടുതലായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ബഹുരാഷ്ട്ര കമ്പനികളുടെ  കൊഴിഞ്ഞു പോകൽ വിരൽ ചൂണ്ടുന്നത്. കോവിഡിന് ശേഷം ചൈനയിൽ നിന്നും പുറത്തേക്കു പോയ പല വൻകിട കമ്പനികളും  ഇന്ത്യയിൽ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങൾ ഈ നിക്ഷേപം ആകർഷിച്ചതും ഇന്ത്യക്കു നാണക്കേടായി. കൊട്ടിഘോഷിച്ചുകൊണ്ടുവന്ന 'മെയ്ക്ക് ഇൻ ഇന്ത്യ' യിലെ നിലവിലെ വിദേശ കമ്പനികളെങ്കിലും കെട്ടും മുറുക്കി രാജ്യം വിടുന്നതിനു മുൻപ് ഇന്ത്യ ഇനിയെങ്കിലും  ഉണരേണ്ടിയിരിക്കുന്നു.

Englisgh Summary : Is India's Make in India A Failure?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com