ADVERTISEMENT

തീയറ്ററിൽ മാത്രം കണ്ടിരുന്ന സിനിമ ഇപ്പോൾ മൊബൈലിലും ലാപ്ടോപ്പിലും ടിവിയിലും നമ്മൾ കാണുന്നു. സിനിമയുടെ സാങ്കേതിക വിദ്യയിൽ, കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ, വിഷയങ്ങൾ അവതരിപ്പിക്കുന്ന രീതികളിൽ എല്ലാം വൻ മാറ്റങ്ങൾ വന്നു കഴിഞ്ഞു. തീയേറ്ററിലൂടെ മാത്രം പുതിയ പടങ്ങൾ പ്രദർശിപ്പിക്കുകയെന്ന രീതി മാത്രം അടുത്തകാലം വരെ മാറ്റമില്ലാതെ തുടർന്നു. ഓടിടി റിലീസ് വന്നതോടുകൂടി അവിടെയും മാറ്റം വന്നു; തീയേറ്ററുകളുടെ വരുമാനം കുറയാൻ തുടങ്ങി.

തീയേറ്ററുകളുടെ വരുമാനം കൂട്ടുക; സിനിമ വ്യവസായത്തിന് ലഭിക്കുന്ന വരുമാനം വർദ്ധിപ്പിക്കുക; പ്രേക്ഷകരുടെ സിനിമ ആസ്വാദനത്തിന്റെ തോത്  ഉയർത്തുക -  അസാധ്യമെന്ന് തോന്നുന്ന ഈ ലക്ഷ്യങ്ങൾ സാധ്യമോ? 

തീയേറ്ററിലെ ടിക്കറ്റ് നിരക്ക് 

എല്ലാ ഭക്ഷണത്തിനും ഒരേ വിലയല്ല ഒരു റസ്റ്റോറൻറ് ഈടാക്കുന്നത്; എല്ലാ പുസ്തകങ്ങളും ഒരേ വിലയ്ക്കല്ല വിൽക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ ഒരേ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന മികച്ച സിനിമ കാണാൻ കൊടുക്കേണ്ട അതേ നിരക്ക് തന്നെ ഒരു ശരാശരി സിനിമക്കോ അതിലും കുറഞ്ഞ നിലവാരത്തിലുള്ള സിനിമക്കോ ഈടാക്കുന്നത് യുക്തിഹീനമല്ലേ?  ഉപഭോക്താവിന്  കൂടുതൽ സംതൃപ്തിയും മൂല്യവും നൽകുന്ന ഉൽപ്പന്നത്തിനായിരിക്കും കൂടുതൽ വില. ഇപ്പോഴത്തെ സിനിമ ടിക്കറ്റ് നിരക്ക് നിർണയത്തിൽ ഇല്ലാത്തതും അതുതന്നെ.  

നിശ്ചിത നിരക്കിനു പകരം മാറാവുന്ന നിരക്ക് അഥവാ ഫ്ലെക്സി പ്രൈസ് ആണെങ്കിലോ?  തീയറ്ററിലെ സൗകര്യങ്ങളും, സ്ഥിതിചെയ്യുന്ന സ്ഥലവും അനുസരിച്ച് ഒരു അടിസ്ഥാന നിരക്ക് (base price) നിശ്ചയിക്കാം. എന്നാൽ ആ തീയറ്ററിൽ ഒരു സിനിമ കാണുന്നതിന് പ്രേക്ഷകൻ നൽകേണ്ട തുക അടിസ്ഥാന നിരക്കാകാം, അല്ലെങ്കിൽ അതിൽ കൂടുതലുമാകാം. ഇതെത്രയെന്ന് നിർണയിക്കുന്നത് ഓരോ സിനിമക്കുമുള്ള പ്രേക്ഷകരുടെ എണ്ണമാണ്. ഉദാഹരണത്തിന് ബാഹുബലി,  ആർആർആർ പോലുള്ള പടങ്ങൾക്ക് പ്രേക്ഷകർ കൂടുതലാണ്. അതുകൊണ്ട് ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. ഉദാഹരണത്തിന് അടിസ്ഥാന നിരക്ക് 100 രൂപയുള്ളൊരു തിയേറ്ററിൽ ബാഹുബലി സിനിമക്ക് ഫ്ലെക്സി പ്രൈസ് 500 രൂപയാണെന്ന് കരുതുക. 

ഫ്ലെക്സി പ്രൈസ് സിനിമയെ സമ്പന്നരുടെ മാത്രം വിനോദോപാധിയാക്കുമോ? ഇത് തടയാനാണ് ടിക്കറ്റ് നിരക്കിലെ അടുത്ത മാറ്റം.  കാഴ്ചക്കാരുടെ വൻ തിരക്ക് റിലീസ് ചെയ്തു ഉടനെയുള്ള ആഴ്ചകളിലാണ്. പിന്നീടുള്ള ആഴ്ചകളിൽ തിരക്ക് കുറയുന്നതിനനുസരിച്ച്  ടിക്കറ്റ് നിരക്ക് 400, 300, 200 എന്നിങ്ങനെ കുറച്ചുകൊണ്ടുവന്ന്  അടിസ്ഥാന നിരക്കായ 100  വരെ കുറക്കാം. ഇപ്പോഴത്തെ ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിൽ ഇങ്ങനെയൊരു മാറ്റം വരുത്തുന്നത് എളുപ്പമാണ്.

കേരളത്തിൽ നിന്നും പത്ത് ലക്ഷം പേർ ബാഹുബലി സിനിമ കണ്ടെന്നു കരുതുക. ഇപ്പോഴത്തെ രീതിയിൽ ശരാശരി ടിക്കറ്റ് നിരക്ക് 200 രൂപയാണെങ്കിൽ മൊത്തം വരുമാനം 20 കോടി രൂപ.  ഫ്ലെക്സി പ്രൈസ് ആണെങ്കിലോ? പട്ടിക കാണുക

Ticket-table

അഥവാ വരുമാനം 15 ശതമാനം വർദ്ധിച്ച് 23 കോടിയിൽ എത്തുന്നു. മാത്രമല്ല 40 ശതമാനം പ്രേക്ഷകർ ടിക്കറ്റിന് വേണ്ടി മുടക്കുന്നത് ഇപ്പോഴത്തെ ശരാശരി നിരക്കായ 200 രൂപയുടെ പകുതിമാത്രം! 60 ശതമാനം പ്രേക്ഷകർ ഇപ്പോഴത്തെ ശരാശരി നിരക്കിലോ അതിലും കുറഞ്ഞ നിരക്കിലോ ആണ് സിനിമ കാണുന്നത്  

ഈ കണക്കുകൾ മൊത്തം പ്രേക്ഷകരുടെ എണ്ണം 10 ലക്ഷം തന്നെയായിരിക്കുമെന്ന അനുമാനത്തിലാണ്.   എന്നാൽ 100 രൂപ നിരക്കിൽ 4 ലക്ഷത്തിന് പകരം 6 ലക്ഷം പേർ സിനിമ കണ്ടാലോ? വരുമാനം 2 കോടി രൂപ കൂടി വർദ്ധിക്കുന്നു - മൊത്തം വരുമാനം 25 കോടി, വരുമാന വർധന 15 ൽ നിന്നും 25% ആകുന്നു.  അഥവാ മൊത്തം പ്രേക്ഷകരായ 12 ലക്ഷം പേരിൽ പകുതിപേർക്കും നൂറുരൂപയ്ക്ക് സിനിമ കാണാൻ കഴിയുന്നു! 25% അധിക വരുമാനം നേടുമ്പോഴാണ് ഇതെന്നു കൂടി ഓർക്കണം

മൂന്നു നേട്ടങ്ങളാണ് ഈ മാറ്റത്തിനുള്ളത്

∙സിനിമ വ്യവസായത്തിലെ വരുമാനം വർദ്ധിക്കുന്നു; പ്രത്യേകിച്ചും പ്രതിസന്ധി നേരിടുന്ന തീയേറ്ററുകളുടെ 

∙ഉയർന്ന വരുമാനക്കാരിൽ നിന്ന് കൂടിയ നിരക്ക് ഈടാക്കുമ്പോൾ കുറഞ്ഞ വരുമാനക്കാരിൽ നിന്ന് കുറഞ്ഞ നിരക്കേ ഈടാക്കുന്നുള്ളൂ 

∙സിനിമ നിർമ്മാണം വലിയ ബജറ്റിലേക്ക് മാറ്റാം - കൂടിയ ബജറ്റിൽ ഇപ്പോഴത്തേതിലും മികച്ച ചിത്രങ്ങൾ നിർമ്മിക്കാം.

ഇപ്പോൾ ഒരു സിനിമയ്ക്ക് കൂടുതൽ വരുമാനം ലഭിക്കണമെങ്കിൽ കൂടുതൽ പേർ കാണണം.  എന്നാൽ ഫ്ലെക്സി പ്രൈസ് ആകുമ്പോൾ സിനിമയുടെ മികവിനനുസരിച്ച് വരുമാനം കൂടുന്നു -  പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധന ഇല്ലാതെതന്നെ

പുതിയ സിനിമകൾക്ക് മാത്രമാണോ തീയേറ്റർ? 

പുതിയ സിനിമകൾ മാത്രമാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. എന്നാൽ സന്ദേശം, തേന്മാവിൻ കൊമ്പത്ത്, തൂവാനത്തുമ്പികൾ തുടങ്ങിയ പഴയകാല ഹിറ്റ് പടങ്ങൾ തീയേറ്ററിലെ വലിയ സ്ക്രീനിൽ കാണാൻ ഇന്നും പ്രേക്ഷകരുണ്ടാവില്ലേ? പുതിയ സിനിമകളുടെ റിലീസിങ് കുറയുമ്പോൾ  ഇത്തരം ഹിറ്റ് പടങ്ങൾ വീണ്ടും കാണിച്ചു കൂടെ? പാലാരിവട്ടം പാലം വാർത്തകളിൽ നിറഞ്ഞുനിന്ന സമയത്താണ് കെ ജി ജോർജിൻറെ പഞ്ചവടി പാലവും കൂടുതൽ ശ്രദ്ധയാകർഷിച്ചത്.  ഈ പടം ഇപ്പോൾ പ്രദർശിപ്പിച്ചാൽ തിയേറ്റർ നിറയില്ലേ? ഓസ്കാർ നാമനിർദേശം ലഭിച്ച ആദ്യത്തെ മലയാള ചലച്ചിത്രം 1997ൽ പുറത്തിറങ്ങിയ രാജീവ് അഞ്ചലിൻറെ ഗുരു ആണ്. അതിൽ പ്രതിപാദിക്കുന്ന വിഷയം അന്നത്തേക്കാൾ പ്രസക്തം ഇപ്പോഴത്തെ ഇന്ത്യയിലെ സാമൂഹിക സാഹചര്യത്തിലാണ്. ഇത്തരം സിനിമകൾക്കും ഒരുപാട് പ്രേക്ഷകരെ ലഭിച്ചേക്കാം

ഡോക്യുമെന്ററികളും പ്രശസ്ത സംവിധായകരുടെ റിട്രോസ്പെക്ടീവ്കളും ഫിലിം ഫെസ്റ്റിവലുകളിൽ മാത്രം മതിയോ?  എന്തുകൊണ്ടിവ  തീയറ്ററുകളിൽ  പ്രദർശിപ്പിച്ചുകൂടാ?  ദിവസങ്ങൾക്കുമുമ്പാണ് പ്രതാപ് പോത്തൻ അന്തരിച്ചത്. അദ്ദേഹം അവിസ്മരണീയമാക്കിയ തകര, അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ് തുടങ്ങിയ പടങ്ങൾ ഒന്നുകൂടി തീയേറ്ററിൽ കാണാൻ കഴിഞ്ഞെങ്കിലോ  

ഓടിടി റിലീസും നിർമാതാക്കളുടെ വരുമാനവും 

തിയേറ്ററിൽ  പ്രദർശിപ്പിക്കുന്ന സിനിമകളുടെ വരുമാനത്തിന്റെ ഒരു പങ്ക് വിതരണക്കാരനും തീയേറ്റർ  ഉടമയ്ക്കും കൊടുക്കണം. എന്നാൽ ഓടിടി റിലീസ് ആകുമ്പോൾ സ്ട്രീമിങ് പ്ലാറ്റ്ഫോമിനു മാത്രം വീതം നൽകിയാൽ മതി. ഒരു തീയേറ്ററിന് വൻ വിലയുള്ള സ്ഥലവും കെട്ടിടവും വേണമെങ്കിൽ  അതിന്റെ പലമടങ്ങ് പ്രേക്ഷകരെ സിനിമ കാണിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമിന് കുറഞ്ഞ ചെലവ് മാത്രം വരുന്ന ഡിജിറ്റൽ സ്ഥലവും ഉപകരണങ്ങളും മാത്രം മതി.  ഇതിനനുസരിച്ച് കുറഞ്ഞ വീതമേ നിർമ്മാതാവ് നൽകേണ്ടതുള്ളൂ. ഓടിടി റിലീസിന് നിർമ്മാതാവിനെ പ്രേരിപ്പിക്കുന്നതും ഇതുതന്നെ  

എന്നാൽ ഫ്ലെക്സി പ്രൈസിൽ മുകളിൽ സൂചിപ്പിച്ച പോലെ മൊത്തവരുമാനം കൂടുന്നതുകൊണ്ട് ഹിറ്റ് സിനിമകളുടെ തിയേറ്റർ റിലീസ് ആയിരിക്കും ഓടിടിയേക്കാൾ ലാഭകരം - വിതരണക്കാരനും തീയേറ്റർ ഉടമയ്ക്കും വീതം കൊടുത്താൽ പോലും. മാത്രമല്ല ഇരുണ്ട ഹാളിൽ, വലിയ സ്ക്രീനിൽ, ലോകോത്തര നിലവാരത്തിലുള്ള ദൃശ്യ, ശ്രാവ്യ സിനിമ ആസ്വാദനം പ്രേക്ഷകർക്കും ലഭിക്കുന്നു 

കുതിച്ചുപായുന്ന ലോകത്തിൽ സ്വയം നവീകരിക്കുന്നവർക്കു  മാത്രമേ നിലനിൽപ്പുള്ളൂ. സിനിമയുടെ ഉള്ളടക്കത്തിൽ ഈ നവീകരണം നടന്നപ്പോൾ ഇവ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കാലഹരണപ്പെട്ട രീതികൾ ആചാരം പോലെ പിന്തുടരുന്നു! ഈ വിരോധാഭാസം അവസാനിക്കേണ്ട സമയമായി

English Summary : Need a Comprehensive Change in Cinema Releasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com