ADVERTISEMENT

ഈ ഓണമെങ്കിലും അടിച്ചു പൊളിച്ച് ആഘോഷിക്കാനിരിക്കുകയാണ് എല്ലാവരും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുപകരണങ്ങളും മൊബൈലും ടീവിയും ഹോം തീയേറ്ററും വാഹനങ്ങളും അങ്ങനെ പലതും ഓണഷോപ്പിങിന് വാങ്ങാനുള്ള ലിസ്റ്റിലുണ്ട്. കുറച്ചു നാളായി പിന്നെയാകാം എന്ന് പറഞ്ഞു മാറ്റി വെച്ചിരുന്ന ആവശ്യങ്ങളാണ് ഇവയിൽ പലതും. ഇതെല്ലാം സാധിക്കണമെങ്കിൽ പേഴ്സണൽ ലോണിനെ കൂട്ടുപിടിച്ചേ മതിയാകൂ എന്ന അവസ്ഥയാണ്.  

ലോണെടുത്ത് ഓണമുണ്ണുമ്പോൾ

ബാങ്കുകളിൽ നിന്നും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ നിന്നുമൊക്കെ പേഴ്സണൽ ലോണുകൾ എടുത്താണ് പലരും ഇതിന് പണം കണ്ടെത്തുക. പഴയ പോലെയല്ല ഇത്തരം ലോണുകൾ കിട്ടുന്നതെളുപ്പമാണിപ്പോൾ. ബാങ്കുകൾ  മുൻ‌കൂർ അപ്രൂവ് ചെയ്ത ലോണുകൾ ഇടപാടുകാർക്കു മൊബൈൽ വഴി എത്തിക്കുകയാണ്.  ഒറ്റ ക്ലിക്ക് കൊണ്ട് തുക ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ ലളിതമായിരിക്കുന്നു. ധാരാളം ഫിൻ ടെക്കുകൾ ബാങ്കുകളുമായി സഹകരിച്ചു പേഴ്സണൽ ലോൺ പ്ലാറ്റുഫോമുകൾ നടത്തുന്നുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുന്നതും പണം ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിക്കൊടുക്കുന്നതും തവണ പിരിക്കുന്നതുമെല്ലാം ഫിൻ ടെക്കുകളാണ്. എടിഎം വഴിയും എടിഎം കാർഡ് വഴി ഷോപ്പിങ് നടത്തുന്ന സ്വൈപ്പിങ് മെഷീൻ വഴിയും ഇപ്പോൾ വായ്പകൾ ലഭിക്കും.  ഓൺലൈൻ വഴി ഷോപ്പിങ് നടത്തുമ്പോൾ ഉടൻ പണം നൽകാതെ തവണ വ്യവസ്ഥയിലും ലഭിക്കും.  ഇതെല്ലാം ഞൊടിയിടയിൽ നടക്കുന്ന രീതിയിൽ സാങ്കേതികവിദ്യയും ലോൺ പ്രോസസിങ് രീതികളും മാറിക്കഴിഞ്ഞു.  വേഗവും സൗകര്യവും കൊണ്ട് ഇവ നമ്മെ ആശ്ചര്യപ്പെടുത്തുന്നു.  

shutterstock_1076345714 [Converted]

വേഗം വിനയാകരുത്

ഈ വേഗത്തിലും സൗകര്യത്തിലും പലപ്പോഴും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇടപാടുകാർ ശ്രദ്ധിക്കാതെ പോകുന്നുണ്ട്. വായ്പയുടെ കാലാവധി, പലിശ ശതമാനം, തവണ തുക, തവണ മുടക്കം വരുത്തിയാൽ പിഴപ്പലിശയുണ്ടോ, ഉണ്ടെങ്കിൽ എത്ര, തിരിച്ചടവെങ്ങനെ, തവണ തുകയേക്കാൾ കൂടുതൽ അടക്കാൻ കഴിയുമോ, അങ്ങനെ അടക്കാൻ കഴിയുമെങ്കിൽ അതിന്റെ നിബന്ധനകൾ എന്തെല്ലാം, കാലാവധിക്ക് മുമ്പ് മുഴുവൻ തുകയും അടച്ചു അവസാനിപ്പിക്കുവാൻ കഴിയുമോ, കഴിയുമെങ്കിൽ അതിന്റെ നിബന്ധനകൾ എങ്ങനെയാണ്, എന്നിങ്ങനെ നിരവധി കാര്യങ്ങൾ മനസ്സിലാക്കാതെ ഡിജിറ്റൽ – ഓൺലൈൻ ലോണുകളെടുത്താൽ ചിലപ്പോൾ പിന്നീട് അസൗകര്യമായി മാറും.   

കേന്ദ്രബാങ്ക് കാവൽക്കാരനാവുമ്പോൾ

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടതോടെ ചില ലോൺ പ്ലാറ്റുഫോമുകൾ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും  നിർത്തലാക്കി.  എന്നാൽ ഈ രംഗത്ത് കൂടുതലായി നിയന്ത്രണങ്ങള്‍ കൊണ്ട് വരന്നതിന് റിസർവ് ബാങ്ക്  രണ്ടു ദിവസ മുമ്പ് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിൽ ചിലതു ഉടനെ നടപ്പിലാക്കണമെന്ന് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കും (Regulated Entities - REs ), ഈ സ്ഥാപനങ്ങൾക്ക് ലോൺ സംബന്ധിച്ചു സർവീസ് കൊടുക്കുന്ന ഇടനിലക്കാർക്കും (Loan Service Providers - LSPs), ഡിജിറ്റൽ ലോണുകൾ കൊടുക്കുന്ന ആപുകൾക്കും  (Digital Lending Apps - DLPs) നിർദ്ദേശം നൽകിയിരിക്കുകയാണ്.                                                     

ലോൺ കൊടുക്കുന്നതും തിരിച്ചടക്കുന്നതും ബാങ്കിന്റെ ബുക്കിലൂടെ

loan-2-

ഇതനുസരിച്ചു ഡിജിറ്റൽ ലോണുകൾ കൊടുക്കുന്നത് അതതു ബാങ്കിന്റെ ബുക്ക് വഴി വേണം.  ഈ തുക ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് കൊടുക്കണം. തിരിച്ചടവ് ഇടപാടുകാരന്റെ ബാങ്കിലെ ലോൺ അക്കൗണ്ടിലേക്കു നേരിട്ടായിരിക്കണം.  സർവീസ് പ്രൊവൈഡറുടെയോ മറ്റോ അക്കൗണ്ടിലേക്കു അടച്ചു പിന്നീട് ബാങ്കിലേക്ക് മാറ്റിയാൽ പോരാ. വായ്പയൊരുക്കുന്ന ഇടനിലക്കാർക്കു ഫീസോ മറ്റോ ഉണ്ടെങ്കിൽ അത് ബാങ്ക് നേരിട്ട് അവർക്കു നൽകണം. അല്ലാതെ, സർവീസ് പ്രൊവൈഡർ ഇത്തരം ചാർജുകൾ ഇടപാടുകാരുടെ പക്കൽ നിന്നും നേരിട്ട് ഈടാക്കാൻ പാടില്ല.  ലോണിന് ഈടാക്കുന്ന പലിശ എത്രയെന്നു വാർഷികാടിസ്ഥാനത്തിൽ (Annual Percentage Rate - APR) ലോൺ നൽകുന്ന സമയത്തു തന്നെ ഇടപാടുകാരനോട് പറയണം.  ലോൺ എടുക്കുമ്പോൾ ഇത് സംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ (Key Factor Statement - KFS ) ഇടപാടുകാരന് രേഖാമൂലം നൽകണം.  

പരാതി കേൾക്കാൻ നോഡൽ ഓഫീസർ

ഇത്തരം ഡിജിറ്റൽ ലോണുകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനും പരിഹരിക്കാനും വേണ്ടി നോഡൽ ഓഫീസർമാരെ നിയമിക്കണം.  നോഡൽ ഓഫീസർമാരുടെ വിവരങ്ങളും പരാതി കൊടുക്കുന്നതെങ്ങനെയെന്ന വിവരങ്ങളും ലോൺ കൊടുക്കുന്ന സ്ഥാപനവും സർവീസ് പ്രൊവൈഡർമാരും ഡിജിറ്റൽ ലോൺ ആപ്പുകളും അവരവരുടെ വെബ് സൈറ്റിൽ കൊടുക്കണം.  ഈ വിവരം ലോൺ എടുക്കുമ്പോൾ കൊടുക്കുന്ന KFS ൽ കാണിക്കണം. ഈ കാര്യങ്ങളിലെല്ലാം ഇടപാടുകാർക്കുള്ള പരാതികൾ തീർക്കാനുള്ള പൂർണ ഉത്തരവാദിത്തം ലോൺ കൊടുക്കുന്ന സ്ഥാപങ്ങൾക്കു തന്നെയാണ്. 

ലോണിന്റെ രേഖകൾ ഇടപാടുകാരന് നൽകണം

ലോൺ എടുക്കുമ്പോൾ ഇടപാടുകാരൻ ഡിജിറ്റൽ സംവിധാനം വഴി സമ്മതിച്ച കരാറും നിബന്ധനകളും ഇടപാടുകാരന് ഇ മെയിൽ വഴിയോ റജിസ്റ്റേർഡ് പോസ്റ്റിലോ അയച്ചു കൊടുക്കണം.  ഇടപാടുകാരന്റെ സമ്മതമില്ലാതെ ലോൺ തുക കൂട്ടുവാൻ പാടില്ല.  തങ്ങളുമായി പ്രവർത്തിക്കുന്ന ലോൺ സർവീസ് പ്രൊവൈഡർമാരുടെയും ഡിജിറ്റൽ ലോൺ ആപ്പുകളുടെയും  വിവരങ്ങൾ ബാങ്കുകളും മറ്റു സ്ഥാപനങ്ങളും തങ്ങളുടെ വെബ് സൈറ്റിൽ കാണിക്കണം.  ഇടപാടുകാരനെ കുറിച്ചുള്ള വിവരങ്ങൾ, പ്രത്യേകിച്ച് ജോലി, വരുമാനം എന്നിവ ശേഖരിച്ചു അതനുസരിച്ചു മാത്രം ലോണിനുള്ള അർഹത നിശ്ചയിക്കേണ്ട ഉത്തരവാദിത്തം ബാങ്കുകൾക്കുണ്ട്.  മാത്രമല്ല ഇത്തരം വിവരങ്ങൾ സൂക്ഷിച്ചു വെക്കുകയും വേണം.  

ലോണെടുത്തു - ഇനി വേണ്ടെന്നു വെക്കാമോ?

loan-3-

ലോൺ എടുത്തു കഴിഞ്ഞു ഇടപാടുകാരന് തക്കതായ കാരണം കൊണ്ട് ലോൺ വേണ്ടെന്നു വെക്കാനും ലോൺ തുകയും സാധാരണ പലിശയും മാത്രം അടച്ചും പിഴ പലിശയൊന്നും കൂടാതെയും ലോൺ അവസാനിപ്പിക്കുവാനുള്ള ഒരു നിശ്ചിത സമയ പരിധി (cooling off period) ബാങ്കുകളുടെ ഡയറക്ടർ ബോർഡുകൾ തീരുമാനിക്കണം. ഇത്തരം വിവരങ്ങൾ ലോൺ എടുക്കുന്ന സമയത്തു തന്നെ ഇടപാടുകാർക്കു നൽകുകയും  വേണം.  

ഇടപാടുകാരുടെ സ്വകാര്യത പരമമാണ് 

ഇടപാടുകാരെ കുറിച്ചുള്ള തികച്ചും അവശ്യമായ വിവരങ്ങൾ ഒഴിച്ച് മറ്റൊന്നും സൂക്ഷിക്കുവാൻ പാടില്ല.  ഇടപാടുകാരുടെ സ്വകാര്യത സംരക്ഷിക്കണം.  ലോൺ തിരിച്ചടവിനു സർവീസ് പ്രൊവൈഡർമാരെ ഏല്‍പ്പിക്കുന്ന സാഹചര്യത്തിൽ ലോൺ റിക്കവറി സംബന്ധിച്ചുള്ള നിയമങ്ങളും നിബന്ധനകളും അവർ പാലിക്കേണ്ടതാണ്.  വായ്പ കിട്ടാനാവശ്യമായ വിവരങ്ങൾ മാത്രമേ ഇടപാടുകാരന്റെ പക്കൽ നിന്നും വാങ്ങാവൂ. വിവരങ്ങൾ എന്താവശ്യത്തിനു എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഇടപാടുകാരനെ അറിയിക്കണം. മൊബൈൽ ഫോണിൽ നിന്നും വിവരങ്ങൾ എടുക്കുന്നുവെങ്കിൽ അത് ഏതൊക്കെ, എന്താവശ്യത്തിനു എന്ന് പറയണം.  ഇത്തരം വിവരങ്ങൾ ലോൺ നൽകുന്ന സമയം മാത്രം ആവശ്യമായതിനാൽ അതിനുള്ള അനുവാദം ഒരു പ്രാവശ്യത്തേക്കു മാത്രമേ എടുക്കാവൂ. ശേഖരിക്കുന്ന വിവരങ്ങൾ മറ്റാവശ്യങ്ങൾക്ക്  ഉപയോഗിക്കാനും മറ്റൊരാൾക്കു കൈമാറാനും പാടില്ല.  ഈ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ആപ്ലിക്കേഷനുകളും പ്ലാറ്റുഫോമുകളും ഉയർന്ന സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിക്കുകയും സൈബർ സെക്യൂരിറ്റി ഉറപ്പാക്കാൻ ആവശ്യമായ സംരക്ഷണ വലയങ്ങൾ ഉള്ളതുമായിരിക്കണം. ഇതെല്ലാം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്ത്യയിൽ തന്നെയുള്ള കംപ്യൂട്ടറുകളിൽ മാത്രമേ സൂക്ഷിക്കാവൂ.  ഡിജിറ്റൽ ലോണുകളുടെ വിവരങ്ങൾ മറ്റു ലോണുകൾ എന്ന പോലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് ലഭ്യമാക്കണം.

loan

ഇടപാടുകാർ ഉണർന്നിരിക്കണം

ഓൺലൈൻ ഡിജിറ്റൽ ശീലങ്ങളിലേക്കു നാം കൂടുതൽ അടുക്കുമ്പോഴും അതിന്റെ സൗകര്യവും സൗന്ദര്യവും അനുഭവിക്കുമ്പോഴും രാജ്യത്തിന്റെ സമ്പദ്ഘടനയുടെയും ജീവിത മൂല്യങ്ങളുടെയും അന്തഃസത്ത കാത്തുസൂക്ഷിക്കണം.  അതോടൊപ്പം ഡിജിറ്റൽ ലോണുകൾ എടുക്കുമ്പോഴും ഉപഭോക്താവ് എന്ന നിലയിൽ ഇടപാടുകാർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു അറിയുകയും ധനകാര്യസ്ഥാപനങ്ങൾ അതെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.  

ലേഖകൻ ഫെഡറൽ ബാങ്കിന്റെ (റിട്ട) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്

English Summary : Know These Things Before Taking Digital Loans for Onam Celebration

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com