ADVERTISEMENT

മഴവില്ലിന് അഴകുണ്ടാകുന്നത് ആ ഏഴുനിറങ്ങളും കൂടിച്ചേരുമ്പോഴാണ്. അല്ലാതെ ഒന്നോ രണ്ടോ നിറങ്ങൾ മാത്രമായിരുന്നെങ്കിൽ ഇത്ര ഭംഗിയുണ്ടാകുമായിരുന്നോ? അതുപോലെയാണ് ജീവിതവും. ഒന്നോ രണ്ടോ തലത്തിൽ, താളത്തിലതങ്ങനെ മുന്നോട്ടു പോയാൽ അത്ര ഭംഗിയുണ്ടാകില്ല. ഇടയ്ക്കു ചില മാറ്റങ്ങളൊക്കെ വേണം, ഓളങ്ങളും പ്രതിസന്ധികളും ഉണ്ടാകണം, അവയെ അതിജീവിക്കണം. മഴവില്ലുപോലെ ജീവിതത്തിന് അർഥവും നിറവുമൊക്കെ ഉണ്ടാകുന്നത് അപ്പോഴാണ്. 

പ്ലാനിങ്, വളർച്ചയുടെ ഭാഗം

ചാലക്കുടിയിലെ ‘ജോബിൻ & ജിസ്മി ഐടി സർവീസസ് എൽഎൽപി’ എന്ന സോഫ്റ്റ് വെയർ സ്ഥാപനത്തിന്റെ അമരക്കാരൻ ജോബിൻ ജോസ് പിന്നിട്ട വഴികളും ഏതാണ്ടിതൊക്കെ തന്നെയായിരുന്നു. കോളജിൽ പഠിച്ചത് സുവോളജി. പിന്നീട് പത്രപ്രവർത്തനത്തിൽ പരിശീലനം നേടി പ്രമുഖ പത്രത്തിൽ എഡിറ്ററുടെ വേഷത്തിൽ. തുടർന്ന് കണ്ടന്റ് റൈറ്ററായും ഡോക്യുമെന്റ് അനലിസ്റ്റായും ജോലി ചെയ്തു. ഒടുക്കമാണ് ഭാര്യയും സോഫ്റ്റ് വെയർ എൻജിനീയറുമായ ജിസ്മിക്കൊപ്പം സ്വന്തമായൊരു സംരംഭം ആരംഭിക്കുന്നത്. ‘‘പരിമിതികളെയും പ്രതിസന്ധികളെയും മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്നിടത്താണ് നമ്മുടെ വിജയം. തൊഴിൽപരമായ ചുവടുമാറ്റങ്ങളെയും ഞാനങ്ങനെയാണു കാണുന്നത്. ജീവിതത്തിലായാലും ബിസിനസിലായാലും ചിട്ടയായ പ്ലാനിങ് വളർച്ചയുടെ ഭാഗമാണ്. മൂന്നു വർഷം കഴിയുമ്പോൾ എന്തായിരിക്കണമെന്നത് ഇപ്പോഴേ കണക്കുകൂട്ടി മുന്നോട്ടു പോകാൻ ഞങ്ങൾക്കു കഴിയുന്നു.’’ജോബിൻ & ജിസ്മി ഐടി സർവീസസിന്റെ സ്ഥാപകനും സിഇഒയുമായ ജോബിൻ ജോസ് പറയുന്നു. 

പണയം വച്ചും ശമ്പളം സമയത്ത് 

സ്ഥാപനത്തിന്റെ സഹസ്ഥാപകയും ചീഫ് ടെക്നോളജി ഓഫിസറുമാണ് ജോബിന്റെ ഭാര്യ ജിസ്മി.‘‘ആദ്യത്തെ ഒന്നു രണ്ടു വർഷക്കാലം ശരിക്കും ബുദ്ധിമുട്ടി. എന്തുവന്നാലും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു.ഇതിനായി എല്ലാ മാസാവസാനവും എന്റെ സ്വർണം മുഴുവൻ കൊണ്ടുപോയി പണയം വയ്ക്കും. കുറെക്കാലത്തോളം അതു തുടർന്നു. അന്നുണ്ടായിരുന്ന ജീവനക്കാരിൽ പലരും ഇപ്പോഴും ഒപ്പമുണ്ട്.’’ വിജയത്തിലേക്കുള്ള പാത അത്ര എളുപ്പമല്ലായിരുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് ജിസ്മി പറയുന്നു. 

അക്ഷരാർഥത്തിൽ പഠിച്ചും പിടിച്ചും വാങ്ങിയ വിജയമാണ് ഈ ദമ്പതികളുടേത്. 2012ൽ വീട്ടിലെ ഒറ്റമുറിയിൽ രണ്ട് കംപ്യൂട്ടറുകളുമായി തുടക്കം. വൈകാതെ ചാലക്കുടി വെള്ളാംചിറയിൽ ഒരു മുറി വാടകയ്ക്കെടുത്തപ്പോൾ ജീവനക്കാരുടെ എണ്ണം അഞ്ചായി. വിദേശ ജോബ് സൈറ്റുകളിലും മറ്റും സേർച്ച് ചെയ്ത് വിവിധ കമ്പനികളെ കണ്ടെത്തി അവരുമായി ബന്ധപ്പെട്ടായിരുന്നു ബിസിനസുകൾ നേടിയത്. 

‘‘അക്കാലത്തൊക്കെ 18 മണിക്കൂർ വരെ ഓഫിസിൽ തന്നെയായിരുന്നു. മൂന്നാലു വർഷക്കാലം വിദേശ കമ്പനികൾക്കായി അവരുടെ സമയത്ത് രാത്രി മുഴുവനും ഉറക്കമിളച്ചിരുന്നിട്ടുണ്ട്.’’ജോബിൻ പറയുന്നു.

2016ൽ പുതിയ ഓഫിസായി. ജീവനക്കാരുടെ എണ്ണം മുപ്പത്തഞ്ചിലേക്കെത്തി. തൊട്ടടുത്ത വർഷം തന്നെ സ്വന്തം ഓഫിസ് കെട്ടിടമെന്ന സ്വപ്നം കണ്ടുതുടങ്ങിയെങ്കിലും 2019 ൽ ആണ് അതു സഫലമായത്. മൂന്നു നിലകളിലായി 10,000 ചതുരശ്രയടിയിൽ 150 ജീവനക്കാരുമായി ജോബിൻ & ജിസ്മി ഐടി സർവീസസ് മുന്നോട്ട്. ഇന്ന് ഒറക്കിൾ നെറ്റ് സ്യൂട്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ വൻകിട കമ്പനികളിലൊന്നായി ജോബിൻ & ജിസ്മി മാറിക്കഴിഞ്ഞു. 

ശതകോടികൾ ടേണോവർ ഉള്ള കമ്പനികളുടെ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് നെറ്റ്സ്യൂട്ടിനെ പരുവപ്പെടുത്തി കൊടുക്കുകയാണിവർ. ഇതോടൊപ്പം വൻകിട ഇ കൊമേഴ്സ് വെബ്സൈറ്റുകൾ തയാറാക്കുകയും മെയിന്റനൻസ് ചെയ്യുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പലതിന്റെയും ടെക്നോളജി പാർട്നർ കൂടിയാണ് സ്ഥാപനം. മുപ്പതിലധികം രാജ്യങ്ങളിൽനിന്നായി 200ലേറെ ഇടപാടുകാരുണ്ട്. 

1200 പേർക്കു തൊഴിൽ

കോവിഡ് പ്രതിസന്ധി വിട്ടൊഴിയുന്നതോടെ പുതിയ പദ്ധതികളും പ്രതീക്ഷകളുമായി മുന്നേറാൻ തയാറെടുക്കുകയാണ് ജോബിനും ജിസ്മിയും.

‘‘ബെംഗളൂരുവും മധുരയിലുമായി പുതിയ യൂണിറ്റുകൾ വരികയാണ്. ഇതിൽ ബെംഗളൂരൂ ആദ്യഘട്ടം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. മധുരയിൽ രണ്ടു ഘട്ടങ്ങളിലായി ഒരു ലക്ഷം ചതുരശ്രയടിയിൽ 1,200 പേർക്കു തൊഴിൽ നൽകാനുതകുന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയുള്ള സോഫ്റ്റ് വെയർ ഡവലപ്മെന്റ്സും മുന്നിൽ കാണുന്നു.’’ 

ചീഫ് ടെക്നിക്കൽ ഓഫിസർ എന്ന നിലയിൽ ടെക്നോളജി സാങ്കേതികകാര്യങ്ങൾ ഏകോപിപ്പിക്കുന്ന ജിസ്മിയുടെ വാക്കുകളിൽ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. 

ജോബിൻ & ജിസ്മി ഐടി സർവീസസിലെ ജീവനക്കാരിൽ 65 ശതമാനവും സ്ത്രീകളാണ്. ഐടി മേഖലയിൽ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം വീട്ടമ്മമാരായി ഒതുങ്ങിക്കൂടുന്ന ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമേകുന്ന വിജയം കൂടിയാണ് ഈ ദമ്പതികളുടേതെന്നു പറയാം 

English Summary : Success Story of An IT Company in Rural Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com