ADVERTISEMENT

തോൽവിയുടെ മുമ്പിൽ മുട്ടു മടക്കില്ലെന്ന ദൃഢനിശ്ചയവുമായി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത സംരംഭക വേഷവുമണിഞ്ഞ് കോടികളുടെ വരുമാനമുള്ള പ്രസ്ഥാനത്തിന്റെ നെടുംതൂണായി മാറിയ രാഹുൽ എം. കുമാറിന്റെ ജീവിതം തോറ്റു പിന്മാറിയവർക്കൊരു പാഠപുസ്തകമാക്കാം. 

ഒരിക്കൽ എല്ലാം കൈവിട്ടിടത്തു നിന്നും കമ്പ്യൂട്ടറിനോടുള്ള അഭിനിവേശം രാഹുലിനെ കൊണ്ടെത്തിച്ചത് ലുമിനാർ ടെക്നോ ലാബ് എന്ന ഐ.ടി. ഫിനിഷിങ് സ്കൂളിന്റെ സ്ഥാപക പദവിയിലേക്ക്. 2018 ഡിസംബറിൽ 5 വിദ്യാർത്ഥികളുമായി കാക്കനാട് ഇൻഫോപാർക്കിനടുത്ത് തുടക്കമിട്ട ലുമിനാർ ടെക്നോ ലാബിൽ ഇന്ന് 13 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപെടെ 1500 ലധികം പേർ പഠിക്കുന്നുണ്ട്. ഇവിടെ നിന്നും പഠിച്ചിറങ്ങിയ ആയിരത്തിലധികം പേർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള 350 ലേറെ ഐ.ടി കമ്പനികളിൽ ഇതിനകം ഉയർന്ന ശമ്പളത്തോടെ ജോലിയും ലഭിച്ചിട്ടുണ്ട്. 

ലുമിനാർ ടെക്നോ ലാബിന്റെ രണ്ടാമത്തെ സ്കൂൾ കോഴിക്കോട് ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ പ്രവർത്തനമാരംഭിച്ചു. മൂന്നാമത്തെ സ്കൂൾ കൊച്ചിയിൽ തന്നെ ഉടൻ പ്രവർത്തനമാരംഭിക്കും. ഒക്ടോബർ വരെയുള്ള അഡ്മിഷൻ ക്ലോസ് ചെയ്തിരിക്കയാണിപ്പോൾ. അടുത്ത ഒരു വർഷത്തിനുള്ളിൽ 15000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് പ്ലാൻ. പ്രതിമാസം 5 കോടി രൂപ വരുമാനം ലക്ഷ്യമിട്ടു കൊണ്ടാണ് ഭാവി പരിപാടികൾ രാഹുൽ ആസൂത്രണം ചെയ്യുന്നത്.

തുടക്കം വട്ടപൂജ്യത്തിൽ നിന്ന്

കമ്പ്യൂട്ടറിനെ സ്നേഹിച്ച മകൻ ഇഷ്ട മേഖലയിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിച്ച പിതാവ് മോഹൻ കുമാറിന്റെ ആകസ്മിക മരണമാണ് രാഹുലിന്റെ ജീവിതത്തിലെ വഴിഞ്ഞിരിവിന്റെ തുടക്കം. പിതാവിന്റെ മരണത്തോടെ ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. കുടുംബം നോക്കാനായി ഒരു ജോലി അനിവാര്യമായി. കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിൽ ഡിപ്ലോമയും 17 വർഷത്തെ എക്സ്പീരിയൻസുമൊന്നും കേരളത്തിലെ തൊഴിൽ ദാതാക്കൾക്ക് പോരാതെ വന്നു. പ്രതീക്ഷിച്ച ഓരോ വാതിലും തന്റെ മുമ്പിൽ കൊട്ടിയടഞ്ഞപ്പോൾ പ്രത്യാശ കൈവിടാതെ അന്വേഷണം തുടർന്നു. സാമ്പത്തിക ബുദ്ധിമുട്ട് അതിന്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് കൊച്ചിയിലെ ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 35000 രൂപ ശമ്പള വാഗ്ദാനവുമായി  ഒരു ജോലി ലഭിക്കുന്നത്. ശമ്പളം കിട്ടാതായപ്പോൾ അത് വിട്ടു. അവിടെ നിന്നും മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കയറ്റം. നല്ല നിലയിലേക്ക് അതിനെ വളർത്തിക്കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മാനേജ്മെന്റിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അവിടുന്നും ഇറങ്ങേണ്ടിവന്നു.

കൈത്താങ്ങായത് സുഹൃത്തുക്കളും നാട്ടുകാരും

ആലുവ ദേശത്തെ തലക്കൊള്ളി എന്ന ഗ്രാമത്തിലെ എല്ലാവരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നത്. രാഹുലിന്റെ പ്രതിസന്ധിയിൽ തങ്ങൾക്കെങ്ങനെയാണ് സഹായിക്കാൻ കഴിയുക എന്ന് ഓരോരുത്തരും ആത്മാർത്ഥമായി തന്നെ ചിന്തിച്ചു കൊണ്ടിരുന്നു. ഇതിനിടെ ഉറ്റ സുഹൃത്തുക്കളായ സൂരജും രതീഷും ചോദിച്ചു നിനക്കെന്തു കൊണ്ട് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി കൂടാ ? അടിസ്ഥാന സൗകര്യം ഒരുക്കാൻ ഞങ്ങളും സഹായിക്കാം എന്നവർ പറഞ്ഞത് ഒരു സ്പാർക്ക് ഉണ്ടാക്കി. ഒപ്പം എം.എസ്.സി. ഐ.ടി ബിരുദധാരിയായ ഭാര്യ ടീനയുടെ പിന്തുണ കൂടിയായതോടെ രണ്ടും കൽപിച്ച് ഇറങ്ങി.

ലൂമിനാർ ടെക്നോ ലാബ് പിറവിയെടുക്കുന്നു.

കുട്ടുകാർ വണ്ടി പണയം വച്ചും സ്വർണം പണയം വച്ചും സ്ഥലം വിറ്റും കുറച്ചു പണം സമാഹരിച്ചു. കാക്കനാട് ഇൻഫോപാർക്കിനടുത്ത് നല്ല ഒരു കെട്ടിടം കണ്ടെത്തി. സ്ഥലമുടമ വാടകയും അഡ്വാൻസും കുറച്ചു കൊടുത്തു. പിന്നെ ക്രെഡിറ്റ് കാർഡ് ലോണും ചെറിയ വായ്പകളും എടുത്ത് ഏകദേശം ആറു ലക്ഷം രൂപ മുടക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. 2018 ഡിസംബറിൽ 5 വിദ്യാർത്ഥികളോടെ പാർട്ട്ണർഷിപ്പ് ആയി തുടങ്ങിയ സ്ഥാപനത്തിന് നാല് വർഷം പിന്നിടുമ്പോൾ നാല് കോടി വരുമാനത്തിനടുത്ത് എത്തി നിൽക്കുന്നു. 

Lumina-3

രാജ്യാന്തര അംഗീകാരമുള്ള ഐ.ടി ഫിനിഷിങ് സ്ക്കൂൾ

എഞ്ചിനിയറിങ്, ബി.സി.എ, എം.സി.എ തുടങ്ങി ഐ.ടി. മേഖലയിൽ നിന്ന് വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് വേണ്ടത്ര വൈദഗ്ദ്യമില്ലാത്തതു കൊണ്ട് ഇന്റർവ്യൂവിൽ പരാജയപ്പെടുന്നു. ഓരോ കമ്പനികളുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. അനുദിനം അവരുടെ ആവശ്യങ്ങൾ മാറിക്കൊണ്ടിരിക്കും. ഐ.ടി കമ്പനികൾ പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് വൈദഗ്ധ്യ വിടവ് നികത്തിക്കൊണ്ട് ഒരു വിദ്യാർത്ഥി എത്തുമ്പോൾ മാത്രമാണ് ഐ.ടി. ഫിനിഷിങിലെത്തുക. ഇവരെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകളാണ്.

കമ്പനികളുടെ ഡിമാന്റനുസരിച്ച് കോഴ്സ് മൊഡ്യൂളുകൾ ഉണ്ടാക്കി അതു പ്രകാരമാണ് മൂന്നു മാസം മുതൽ ആറു മാസം വരെയുള്ള ഹ്രസ്വകാല പരിശീലന കോഴ്സുകൾക്ക് ഇവർ രൂപം കൊടുത്തിരിക്കുന്നത്. 25000 രൂപ മുതൽ 56000 രൂപ വരെയാണ് കോഴ്സ് ഫീസ്. ജെൻ 4.0 സോഫ്റ്റ് വെയർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന് നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആന്റ് ട്രെയിനിങിന്റെ ഗവൺമെന്റ് അഫിലിയേഷനുണ്ട്. ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ള സർട്ടിഫിക്കേഷൻ ആണിത്. ISO 9001 - 2015 സർട്ടിഫൈഡ് സ്ഥാപനം കൂടിയാണ് ലുമിനാർ ടെക്നോ ലാബ്.

വിജയത്തിന് മുതൽ കൂട്ടായത് പ്ലേസ്മെന്റ് സെൽ

Lumina-2

ഭാര്യ ടീനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലാണ് വാസ്തവത്തിൽ കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് രാഹുൽ പറയുന്നു. എം.എസ്.സി. ഐ.ടി. ബിരുദാനന്തര ബിരുദമുള്ള ടീനയാണ് എച്ച്.ആർ ഹെഡ്. ഐ.ടി കമ്പനികളുടെ ആവശ്യം മനസിലാക്കി അതിനു പറ്റിയവരെ പരിശീലിപ്പിച്ചു വിടുന്നതിൽ ടീന പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു കൂട്ടി ജോയിൻ ചെയ്യുന്നതു മുതൽ പ്ലേസ്മെന്റ് അസിസ്റ്റൻസും കൊടുത്തു തുടങ്ങുന്നു. കമ്പനിയുടെ ആവശ്യം മനസിലാക്കി റെസ്യൂമെ തയ്യാറാക്കുന്നതു മുതൽ അഭിമുഖത്തിൽ ശോഭിക്കുവാനുള്ള പരിശീലനവും നൽകുന്നു. 

കണ്ണും കാതും തുറന്നു വച്ച് ഐ.ടിയിൽ

ഐ.ടി മേഖലയിലെ ഓരോ സ്പന്ദനങ്ങൾക്കും കാതോർത്തു കൊണ്ടാണ് കോഴ്സുകൾക്ക് രൂപകൽപന നൽകുന്നത്. നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സയൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ്, പൈത്തൺ, എ എസ് പി നെറ്റ്, ഓട്ടോമേഷൻ ടെസ്റ്റിങ്, ജാവ തുടങ്ങിയ മേഖലകൾക്ക് വൻ ഡിമാന്റ് ഉണ്ട്. അതുപ്രകാരമുള്ള കോഴ്സുകൾ രൂപകൽപന ചെയ്ത് കൊണ്ടാണ് മുന്നേറ്റം തുടരുന്നത്. 

ഗുണമേന്മയിൽ ഊന്നിയ വിജയ തന്ത്രം

പറഞ്ഞ വാക്കുകൾ പാലിച്ച് മുന്നോട്ടു പോയതു കൊണ്ടാണ് പിടിച്ചു നിൽക്കാനായത്. ഇന്ന് ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവർ പറഞ്ഞറിഞ്ഞാണ് 50% അഡ്മിഷനും നടക്കുന്നത്. മികച്ച ഫാക്കൽറ്റിയാണ് മറ്റൊരു മുതൽ കൂട്ട്. തന്നെ ചേർത്തുപിടിച്ച ഗ്രാമത്തിൽ നിന്നുമുള്ള 10 പേർ ഉൾപെടെ 47 പേർക്ക് ലുമിനാർ ജോലി നൽകുന്നുണ്ട്. 15000 മുതൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നുണ്ട് ഇവർ. ഉറ്റ സുഹൃത്തുക്കളാണ് മാനേജ്മെന്റിൽ. ഉത്തരവാദിത്വങ്ങൾ ഓരോരുത്തർക്കും വികേന്ദ്രീകരിച്ചതു പ്രവർത്തനം സുഗമമാക്കി.

കഷ്ടപ്പാടുകൾ നയിച്ചത് മികച്ച മണി മാനേജ്മെന്റിലേക്ക്

മികവുറ്റ മണി മാനേജ്മെന്റ് തന്ത്രങ്ങളാണ് സാമ്പത്തിക വിജയത്തിലേക്കെത്തിച്ചത്. ഒരു കാലത്ത് കടം ചോദിച്ചാൽ പോലും തരാൻ മടിച്ചവരുണ്ട്. ഇന്ന് ബിസിനസ്സിൽ നിക്ഷേപിക്കാൻ അവസരം ചോദിച്ച് ധാരാളം പേർ വരുന്ന അവസ്ഥയായി. നിക്ഷേപകരോട് തൽക്കാലം അകലം പാലിക്കുകയാണ്. സാവധാനമുള്ള വളർച്ചയാണ് ആഗ്രഹിക്കുന്നത്. സിബിൽ സ്ക്കോർ എപ്പോഴും മികച്ചതാക്കി നിർത്താൻ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് എത്ര ലോൺ തരാനും ബാങ്കുകൾ തയ്യാറാണ്. റിക്രൂട്ട്മെന്റിനെ കുറിച്ച് ചിന്തിക്കുമ്പോൾ കമ്പനികൾ ആദ്യം ഓർക്കേണ്ട പേര് ലൂമിനാറിന്റതായിരിക്കണമെന്നതാണ് ലക്ഷ്യം. 

English Summary : Success Story of an IT Finishing School

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com