ADVERTISEMENT

ഒരു ജോലി േവണമെങ്കിൽ സ്വന്തമായി കമ്പനി തുടങ്ങണം എന്ന അവസ്ഥയുള്ളവരോ മടിയോ മറ്റു കാരണങ്ങളോ കൊണ്ട് ജോലിക്കു പോകാതെ സ്വയംതൊഴിൽ കണ്ടെത്തിയവരോ ഒട്ടേറെയുണ്ട്. ഇത്തരക്കാർ പരാജയപ്പെടുന്നുവെങ്കിൽ അതിന്റെ ഏറ്റവും വലിയ കാരണം സമയവും സമ്പത്തും നഷ്ടപ്പെടുത്തുന്നതാണ്. എന്തുകൊണ്ട് അതു സംഭവിക്കുന്നുവെന്നു നോക്കാം.

ആവശ്യമായ മൂലധനം ഉണ്ടോ?

ആവശ്യമായ മൂലധനം ഇല്ലാതെ തുടങ്ങുന്നതു കാരണം പിന്നീട് അത് കണ്ടെത്താൻ സംരംഭകന്റെ സമയത്തിൽ 90 ശതമാനവും ഉപയോഗിക്കേണ്ടി വരാം. മിക്കവാറും ഉയർന്ന പലിശയ്ക്കു കണ്ടെത്തുന്ന മൂലധനം വരുത്തുന്ന ബാധ്യത വഴി കയ്യിലുള്ള സമ്പാദ്യവും നഷ്ടപ്പെടുത്തുന്നു.

വ്യവസായം തുടങ്ങാൻ ആവശ്യമായ പണം എന്ന മൂലധനവും ൈകക്കാശ് എന്നു നമ്മൾ ധരിച്ചുവച്ചിരിക്കുന്ന മൂലധനവും രണ്ടും രണ്ടാണ്. മൂലധനം നമ്മൾ തുടങ്ങുന്ന ആദ്യ ദിവസം വരെ ചെലവിടുന്നതും കൈക്കാശ് അഥവാ വർക്കിങ് ക്യാപ്പിറ്റൽ തുടങ്ങുന്ന ദിവസം മുതൽ മൂന്നു മുതൽ ആറു മാസം വരെ ഒരു വരുമാനവും ഇല്ലാത്ത സാഹചര്യത്തിൽപോലും കമ്പനി നടത്തിക്കൊണ്ടു പോകാനുള്ള കരുതൽ സംഖ്യയും ആണ്.

ആറു മാസം വരെ വരുമാനമില്ല

ആദ്യ ആറു മാസം വരെ ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ മുന്നിൽ കാണുക. ഇത്രയും നാളത്തേക്ക് ആവശ്യമായ പണം കടമായിട്ട് എടുക്കുകയാണെങ്കിൽ കടക്കാർ അത്രയും നാളത്തേക്കു ശല്യപ്പെടുത്തുമോ? മനസ്സമാധാനമായി വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയുമോ? ഈ രണ്ടു ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരത്തോടെ കണ്ടെത്തുന്ന തുകയാണ് നിങ്ങളുടെ മൂലധനം. മറ്റൊരു പ്രധാന കാര്യം, ആറു മാസത്തേക്കു കരുതുക എന്നുള്ളത് തിയറി മാത്രമാണ്. പരമാവധി ഒരു മൂന്നു മാസം, അതിനപ്പുറം വരുമാനം നൽകാനാവാത്ത ഒരു പ്രസ്ഥാനത്തിൽനിന്നു തുടർന്ന് മികച്ച വരുമാനം സംശയാസ്പദമാണ്.

വ്യവസായം വിജയിക്കുമോയെന്ന് ആദ്യ ദിനം മുതൽതന്നെ സൂചനകൾ കിട്ടാം. ഒരു മാസം കഴിയുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും.

loat-sad

വൈകാതെ ഒഴിവാക്കുക

നന്നാവില്ലെന്നുറപ്പുള്ള ബിസിനസുകൾ അൽപം താമസിച്ചാലും ഒഴിവാക്കുന്നതാണ് വ്യവസായ ബുദ്ധി അഥവാ സ്മാർട്നെസ്. ഇന്ന് ലോകത്തെ ഏറ്റവും മികച്ച കമ്പനിയായ ഗൂഗിൾ പോലും ഇതാണു ചെയ്യുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഓർക്കൂട്ട് ഫെയ്സ്ബുക്കിനു മുന്നിൽ പിടിച്ചു നിൽക്കില്ല എന്നു കണ്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ നിർത്തലാക്കി. ടൊയോട്ട തങ്ങളുടെ ക്വാളിസ് എന്ന ജനകീയ മോഡൽ നിർത്തലാക്കിക്കൊണ്ടാണ് ഇന്നോവയ്ക്ക് ഒരു നല്ല മാർക്കറ്റ് സ്പെയ്സ് കൊടുത്തത്.

അവനവന്റെ യുക്തിക്കനുസരിച്ചുള്ള തീരുമാനങ്ങൾ ഉടനടി നടപ്പാക്കുക. ആരെന്തു പറഞ്ഞാലും അവരെക്കാൾ നിങ്ങളുടെ കാര്യവും സാഹചര്യവും അറിയാവുന്നതു നിങ്ങൾക്കു തന്നെയാണ്. ഏറ്റവും പ്രാധാന്യമുള്ള ഒരു സംഗതി, നമ്മൾ സംഘടിപ്പിക്കുന്ന മൂലധനം അനുസരിച്ചായിരിക്കും ഉൽപന്നം അല്ലെങ്കിൽ േസവനം തിരഞ്ഞെടുക്കേണ്ടത് എന്നുള്ളതാണ്. ഇനി നിങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള ഉൽപന്നം നിങ്ങളുടെ മൂലധന പരിധിക്കു മുകളിൽ വരുന്നതാണെങ്കിലും കുഴപ്പമില്ല.

പക്ഷേ, നിങ്ങൾ പ്രായോഗികമായി ആലോചിച്ച് ഉറപ്പിച്ചതായിരിക്കണം. മൂലധന ആവശ്യകത കൂടിയാൽ േസവന പരിധി (area of operation) കുറച്ചുകൊണ്ട് ഇതു ബാലൻസ് ചെയ്യാം.

എന്തു തുടങ്ങണം?

എന്തു തുടങ്ങിയാലും വിപണിയിൽ ആവശ്യമുള്ളതായിരിക്കണം. എല്ലാ സാധനങ്ങൾക്കും എന്തെങ്കിലും ആവശ്യം കാണും. അതിൽ തന്നെ ഏറ്റക്കുറച്ചിലുകളും ഉണ്ടാകാം. െചറിയരീതിയിൽ കച്ചവടം നടക്കുന്ന ഉൽപന്നങ്ങൾ കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ അവയ്ക്ക് നല്ല മാർജിൻ കിട്ടണം. ചില ഉൽപന്നങ്ങൾക്ക് വിപണി സാഹചര്യം എപ്പോഴും അനുകൂലമായിരിക്കില്ല. മറ്റുചിലതിന് ഏറ്റവും അനുകൂലമായിരിക്കുകയും ചെയ്യും.

നമ്മൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന സാനിറ്റൈസർ കഴിഞ്ഞ 10 വർഷമായി വിപണിയിൽ ഉണ്ടായിരുന്നു. വിവിധതരം ഉൽപന്നങ്ങൾ വിൽക്കാനായി വിപണിയിൽ കറങ്ങി നടന്നിരുന്ന സമയത്തു ഞാൻ വിചാരിച്ചത് ആ ഉൽപന്നം ഇറക്കിയത് എന്തൊരു മണ്ടത്തരമാണെന്നാണ്. കാരണം, ൈകകൾ കഴുകുന്നതിന് ജലം ഉപയോഗിച്ചാലേ തൃപ്തി ആകുകയുള്ളൂ എന്നായിരുന്നു എന്റെ ധാരണ. അന്ന് അതായിരുന്നു ൈമൻഡ് സെറ്റ്.

ഇന്നത്തെ സാഹചര്യത്തിൽ ഒരു കടയിൽ കയറുമ്പോൾ ഹാൻഡ്‌വാഷും സാനിറ്റൈസറും ഉണ്ടെങ്കിൽ നമ്മൾ സാനിറ്റൈസർ മാത്രമേ ഉപയോഗിക്കൂ.

ഉൽപന്നം തിരഞ്ഞെടുക്കുമ്പോൾ നമുക്കറിയാവുന്ന മേഖലയാണെങ്കിൽ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റു സാഹചര്യങ്ങളെ അപേക്ഷിച്ച് തുടർച്ചയായുള്ള പരാജയങ്ങളെ തുടർന്ന് പ്ലംബിങ്, ഇലക്ട്രിക്കൽ ഹാർഡ്‌വെയർ മേഖലയിൽ ഒരു ജോലിക്കാരനായി പ്രവർത്തിച്ച ഞാൻ ആ ഒരു പരിചയംകൊണ്ടാണ് വാട്ടർപമ്പ് എന്ന ഉൽപന്നത്തിലേക്കെത്തുന്നത്. എന്തായാലും, വലിയ കുഴപ്പമില്ലാത്ത ഒരു വർഷം പിന്നിടാൻ കഴിഞ്ഞു. ഈ മേഖലയിൽ ജോലി ചെയ്ത അറിവില്ലായിരുന്നെങ്കിൽ രണ്ടു മാസത്തിനപ്പുറത്തേക്കു പ്രസ്ഥാനം പോകില്ലായിരുന്നു എന്ന് എനിക്കുറപ്പാണ്.

അതുകൊണ്ട്, നിങ്ങൾ അറിവും പരിചയവും ഉള്ള മേഖലയിൽ താൽപര്യം തോന്നുന്ന ഒരു ഉൽപന്നം തിരഞ്ഞെടുത്തു മുന്നോട്ടു പോയാൽ വിജയത്തിൽ ഒരുപടി അനായാസേനെ കയറാനാകും 

loans

മൂലധനവായ്പ എങ്ങനെ തിരിച്ചടയ്ക്കാം?

മൂലധനം എങ്ങനെ തിരിച്ചടയ്ക്കാം എന്നത്, ബിസിനസ് ചെയ്ത് അതൊക്കെ അങ്ങ് അടഞ്ഞോളും എന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ അത് 100% നടക്കില്ല എന്നത് എന്റെ ജീവിതാനുഭവമാണ്. അതു മറികടക്കാനുള്ള നല്ലൊരു വഴി ചിട്ടികൾ ആണ്. വ്യവസായം തുടങ്ങി ഒരു മാസത്തിനുള്ളിൽത്തന്നെ സംഭവം നന്നായി പോകും എന്ന സൂചന കിട്ടിയാൽ ചിട്ടിയിൽ ചേരാം.

ചിട്ടിയിൽ ആത്മവിശ്വാസക്കുറുവുണ്ടെങ്കിൽ റിക്കറിങ് ഡിപ്പോസിറ്റ് ആകാം. എന്തായാലും ദിവസവും കലക്‌ഷൻ സൗകര്യം ഉള്ളതേ തുടങ്ങാവൂ. മാസം കൊണ്ടുപോയി അടയ്ക്കാൻ നിന്നാൽ കാര്യം നടക്കില്ല. 500 രൂപയെങ്കിലും നിത്യവും ചിട്ടിയിലേക്കോ ആർഡിയിലേക്കോ മാറ്റാനാകണം. അങ്ങനെയെങ്കിൽ 3 ലക്ഷം രൂപ വരെയുള്ള മൂലധന ബാധ്യത രണ്ടു വർഷംകൊണ്ടു തിരിച്ചടയ്ക്കാം.

ലേഖകൻ ധാരാ പമ്പ്സിന്റെ ഡയറക്ടറാണ്



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com