ADVERTISEMENT

പഴയ പ്ലാസ്റ്റിക്  പ്രയോജനപ്പെടുത്തി മികച്ചൊരു സംരംഭം നടത്തുന്നു പ്രവാസിയായിരുന്ന എം പി രാധാകൃഷ്ണൻ. ആലുവയിലെ ആനന്ദ് പോളിമേഴ്സിന്റെ സാരഥിയായ ഇദ്ദേഹം ഉപയോഗശൂന്യമായ വിവിധതരം പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും സംസ്കരിച്ച് മികച്ച മ്യൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതെങ്ങനെയന്നല്ലേ

ആറു വർഷക്കാലം വിദേശത്തായിരുന്നു രാധാകൃഷ്ണൻ. സൗദിയിലും കുവൈത്തിലും പണിയെടുത്തു. ഫയർ, റിഫൈനറി മേഖലകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പുനരുപയോഗിക്കാമെന്നു പഠിക്കുന്നത് അവിടെവച്ചാണ്. അവിടെ നിന്നു പഴയ പ്ലാസ്റ്റിക് ഷീറ്റുകൾ നാട്ടിലേക്ക് കൊണ്ടുവരുന്നതും പ്രോസസ് ചെയ്ത് ഗ്രാനൂളുകൾ ആക്കുന്നതും അതുപയോഗിച്ച് പലതരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്നതുമെല്ലാം നേരിട്ടു കാണുവാനും അവസരമുണ്ടായി. 

ഇത് മികച്ച ലാഭം തരുന്നൊരു ബിസിസാണെന്നു കൂടി മനസ്സിലാക്കിയപ്പോൾ തിരിച്ചു നാട്ടിലെത്തി ഇതുതന്നെ പ്രവർത്തനമേഖലയാക്കാം എന്നു നിശ്ചയിക്കുകയായിരുന്നു. വിദേശത്തുനിന്നു പഴയ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുവന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇപ്പോഴും കേരളത്തിലുണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു. പഴയ പ്ലാസ്റ്റിക് ഷീറ്റുകൾ ശേഖരിച്ച് ഇനം തിരിച്ചു ക്ലീൻ ചെയ്ത്, ഗ്രേഡ് ചെയ്ത്, പ്ലാസ്റ്റിക് ഗ്രാനൂളുകൾ നിർമിക്കുകയാണ് ഇദ്ദേഹത്തിന്റെ ബിസിനസ്. എല്ലാത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഇങ്ങനെ ഉരുക്കി ഗ്രാനൂളുകൾ ആക്കും. എന്നാൽ, കൂടുതൽ അഴുക്കുള്ളവ ഉപയോഗിക്കുന്നില്ല. 

പ്ലാസ്റ്റിക് പ്രാദേശികമായി

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഷീറ്റുകൾ വാങ്ങി സംഭരിക്കുന്നത് പ്രാദേശികതലത്തിലാണ്. നിലവിൽ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നില്ല. പ്രാദേശികമായിത്തന്നെ ഇവ സുലഭമാണ്.എറണാകുളം ജില്ലയിലെ കളമശ്ശേരി, എടയാർ മേഖലകളിലെ കമ്പനികളിൽ ധാരാളം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗശൂന്യമായി ഉണ്ടാകാറുണ്ട്. അവിടെ ഉൽപന്നങ്ങൾ പൊതിഞ്ഞു വരുന്നവയാണ് ഇവയെല്ലാം. ഒട്ടേറെ കമ്പനികളിൽനിന്ന് ഇങ്ങനെ തുടർച്ചയായി പ്ലാസ്റ്റിക് ഷീറ്റുകൾ ലഭിക്കുന്നു.ഇതു സ്ഥിരമായി സപ്ലൈ ചെയ്യുന്ന ഏജന്റുമാർ ഉണ്ട്. ആക്രിക്കടകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് മിക്ക ഏജന്റുമാരും.കുടുംബശ്രീകൾ വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഇവിടെ സംസ്കരിക്കുന്നു. ഉപയോഗശൂന്യമായതാണെങ്കിലും മികച്ചയിനം പ്ലാസ്റ്റിക് ഷീറ്റുകൾ മാത്രമേ വാങ്ങുന്നുള്ളൂ. കഴുകിയെടുക്കുന്നതിനു േവണ്ട സൗകര്യമില്ലാത്തതിനാൽ വൃത്തിയാക്കേണ്ടവ ഒഴിവാക്കുകയാണു പതിവ്.

30 രൂപ മുതൽ 100 രൂപ വരെ കിലോഗ്രാമിനു നൽകിയാണ് പ്ലാസ്റ്റിക് ഷീറ്റുകൾ സമാഹരിക്കുക. ചില സ്ഥലങ്ങളിൽനിന്നാകട്ടെ സൗജന്യമായി തന്നെ ഇവ കൊണ്ടുവരാനാകും. എന്നാൽ, ലേബർ ചാർജ്, വണ്ടിവാടക തുടങ്ങിയവയെല്ലാം പരിഗണിക്കുമ്പോൾ ഏകദേശം 30 രൂപയ്ക്കടുത്ത് അതിനും ചെലവു വരുന്നു. 

b4u-sept

നിർമാണം ലളിതം

ലളിതമായ പ്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് ഗ്രാനൂളുകൾ (Re-Processed-RP) നിർമിക്കുന്നത്.

∙ അഴുക്ക് ഇല്ലാത്ത പ്ലാസ്റ്റിക് ഷീറ്റുകൾ തരംതിരിച്ച് മുറിച്ച് ചാക്കുകളിൽ ആക്കുന്നു (അപൂർവമായി കാണുന്ന അഴുക്കുകൾ കഴുകിക്കളഞ്ഞശേഷമാണ് ഇവ ഉപയോഗിക്കുക).

∙ അത് നേരെ Agomelator എന്ന മെഷീനിൽ ഇടുന്നു. മിനിറ്റുകൾക്കകം പ്ലാസ്റ്റിക് ചിപ്സുകൾ ആയി കിട്ടും. അതു ചാക്കിൽ നിറയ്ക്കുന്നു.

∙ ഈ ചിപ്സുകൾ വീണ്ടും മറ്റൊരു മെഷീനിൽ നിക്ഷേപിക്കുന്നു (Extruder എന്നാണ് േപര്). ചിപ്സ് ഉരുക്കി ഗ്രാനൂളുകൾ ആക്കുന്നത് ഈ മെഷീന്റെ സഹായത്താലാണ്. (കൂളിങ്, ടാങ്ക്, കട്ടർ എന്നിവ ഉപയോഗിച്ചാണ് ഗ്രാനൂളുകൾ രൂപപ്പെടുത്തുക. അവ എക്സ്ട്രൂഡറുമായി ഘടിപ്പിച്ചിരിക്കുന്നു).

∙ ഗ്രാനൂളുകൾ 50 കിഗ്രാം, 20 കിഗ്രാം എന്നിങ്ങനെ ചാക്കുകളിലാക്കി പ്ലാസ്റ്റിക് ഉൽപന്ന നിർമാതാക്കൾക്ക് വിൽക്കുന്നു. 

വൈവിധ്യമാർന്ന ഉപയോഗങ്ങൾ

ഈ ഗ്രാനൂളുകൾക്ക് വൈവിധ്യമാർന്ന ഉപയോഗങ്ങൾ ഉണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മോൾഡഡ് ഉൽപന്നങ്ങൾ മിക്കവാറും  നിർമിക്കുന്നത് ഇതുപയോഗിച്ചാണ്. ബക്കറ്റ്, ചരുവം, കപ്പ്, ബോക്സുകൾ, കസേരകൾ, സ്റ്റൂളുകൾ, പ്ലാസ്റ്റിക് പാളികൾ തുടങ്ങി അനവധി ഉൽപന്നങ്ങൾ ഇതുപയോഗിച്ചു നിർമിക്കുന്നുണ്ട്. വയറിങ് പൈപ്പുകൾ നിർമിക്കുന്നതിനും വ്യാപകമായി ഇത്തരം ഗ്രാനൂളുകൾ ഉപയോഗിക്കുന്നു. ഏതു തരം മോൾഡഡ് ഉൽപന്നങ്ങളും ഇവ ഉപയോഗിച്ചു നിർമിക്കാം. എപ്പോഴും മികച്ചൊരു വിപണി ഇതിനു ലഭിക്കുന്നുണ്ട് എന്നതാണ് അനുകൂല ഘടകം. എത്ര ഉണ്ടാക്കിയാലും എടുക്കാൻ ആളുകളുമുണ്ട്. 

മണിക്കൂറിൽ 70–80 കിഗ്രാം ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്. 60 രൂപ മുതൽ 120 രൂപ വരെ കിലോഗ്രാമിനു വിലയും ലഭിക്കുന്നു. ഗ്രേഡ് അനുസരിച്ചാണ് വില വ്യത്യാസപ്പെടുന്നത്. നിലവിൽ ഓർഡറുകൾക്കനുസരിച്ച് നൽകാൻ ഉൽപന്നമില്ല എന്നതാണ് യാഥാർഥ്യം. ക്രെഡിറ്റ് കച്ചവടവും കാര്യമായി ബാധിക്കാറില്ല എന്നും രാധാകൃഷ്ണൻ പറയുന്നു.

18 ലക്ഷം രൂപയുടെ മെഷിനറികൾ‌

പലപ്പോഴായി വാങ്ങിയ 18 ലക്ഷം രൂപയുടെ മെഷിനറികൾ ഉണ്ട്. മിനി സൊസൈറ്റിയുടെ ഇൻഡസ്ട്രിയൽ ഷെഡിലാണ് പ്രവർത്തനം. ഏകദേശം 2,000 ചതുരശ്രയടി ഇതിനായി ഉപയോഗിക്കുന്നു. Extruder, Aglomelator, Cutter, Cooling Tank എന്നിവയാണ് പ്രധാന മെഷിനറികൾ. ശരാശരി 30% വരെ അറ്റാദായം ലഭിക്കുന്ന മികച്ചൊരു ബിസിനസാണിതെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. 

വിൽപനയിലും സാമ്പത്തികകാര്യങ്ങളിലും ശ്രദ്ധിക്കുന്നത് ഭാര്യ ശാരികയാണ്. മക്കൾ ആനന്ദും അരവിന്ദും സ്കൂൾ വിദ്യാർഥികളാണ്. 50 എച്ച്പി വൈദ്യുതി ഉപയോഗിക്കുന്നു. 15 തൊഴിലാളികളും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഭാവിയിൽ പ്ലാസ്റ്റിക് മോൾഡ് ഉൽപന്നങ്ങളുടെ  നിർമാണത്തിലേക്കു കടക്കാൻ ഉദ്ദേശ്യമുണ്ട്. എന്നാൽ, പ്ലാസ്റ്റിക് നിരോധനത്തിന്റെ വശങ്ങൾ പഠിച്ചശേഷം മാത്രമേ ഇതുമായി മുന്നോട്ടുള്ളൂവെന്നു രാധാകൃഷ്ണൻ പറയുന്നു. 

പുതുസംരംഭകർക്ക്

പ്ലാസ്റ്റിക് മാലിന്യം ഒരു ശല്യമായിട്ടാണു നാം കാണുന്നത്. എന്നാൽ, ഇതിൽനിന്നു മികച്ച ബിസിനസ് അവസരങ്ങൾ ഉണ്ടാക്കിയെടുക്കാം. താൽപര്യമുള്ളവർക്ക് പഴയ പ്ലാസ്റ്റിക് സമാഹരിച്ച് ചിപ്സ് മാത്രം നിർമിക്കുന്ന യൂണിറ്റ് തുടങ്ങാം. ഇതിന് 6 ലക്ഷം രൂപയുടെ മെഷിനറി മതിയാകും. വലിയ ഡിമാൻഡ് ഉണ്ട്. മികച്ച ലാഭവും കിട്ടും. ഇത് ഗ്രാനൂൾസ് ആക്കുമ്പോഴാണ് എക്സ്ട്രൂഡർ സ്ഥാപിക്കേണ്ടി വരിക. ഇതിൽ 5 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഉണ്ടാക്കിയെടുക്കാനായാൽ പോലും ഒന്നരലക്ഷം രൂപയെങ്കിലും ലാഭം പ്രതീക്ഷിക്കാം. 

ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ്

English Summary : How to Make a Profitable Business from Waste Plastics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com