മൂലധനം വട്ടപൂജ്യം, തുണയായത് ബാങ്ക്: ഈ യുവസംരംഭകയുടെ സ്വപ്നം സഫലമായത് ഇങ്ങനെ

HIGHLIGHTS
  • കൈയിൽ ആകെയുള്ളത് മനസിലുള്ള ആശയം പകർത്തിയ പദ്ധതിയുടെ രൂപരേഖ മാത്രമാണ്
plan1
SHARE

ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം പോലും അതനുസരിച്ച് മാറും ആഗ്രഹം സഫലമാകും എന്നത് സ്വാനുഭവത്തിലൂടെ പങ്കു വയ്ക്കുകയാണ് സ്വന്തം സംരംഭമെന്ന സ്വപ്നവും വട്ടപൂജ്യം മൂലധനവുമായി ബിസിനസ് ലോകത്തേക്ക് ചുവടുവെച്ച് കടന്നുവന്ന 21 കാരിയായ അനുപമ. 

ആഗോള സാധ്യതയുള്ള ബിസിനസ് ആശയം ഒരു വർഷം മുമ്പേ മനസിൽ രൂപപ്പെട്ടിരുന്നു. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്കരണ വ്യവസായം വരുംകാലത്തെ ബില്യനെയർ ബിസിനസുകളിൽ ഒന്നാണെന്ന് അറിഞ്ഞു കൊണ്ടാണ് അവൾ ബിസിനസ് ആശയത്തിന് രൂപകൽപന നൽകിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നവസംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതിന് ഒട്ടേറെ സ്ക്കീമുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മൂലധനത്തിന്റെ അഭാവം കൊണ്ടും ലൈസൻസുകൾ കിട്ടുന്നതിനുള്ള നൂലാമാലകൾ കാരണവും പലരും പിന്തിരിയുന്ന സാഹചര്യത്തിലായിരുന്നു പ്രതീക്ഷ മാത്രം കൈമുതലായി അനുപമ ഇറങ്ങിയത്. 

പ്രൊജക്റ്റ് എത്ര ഗംഭീരമായാലും ബാങ്കുകളുടെ പിന്തിരിപ്പൻ മനോഭാവം സംരംഭകരെ പിന്നോട്ടടിപ്പിക്കുന്നു എന്നത് ഒരു ക്ലിഷേയായി വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ വ്യവസായ വികസന ഓഫീസർ ഷെഫിന്റെ കട്ട സപ്പോർട്ട് കിട്ടുന്നത്. എന്തുവന്നാലും നമ്മൾ ഈ ബിസിനസ് തുടങ്ങിയിരിക്കും, നല്ല പ്രൊജക്റ്റുകൾക്ക് വായ്പ തരാൻ തയ്യാറുള്ള ബാങ്കുകളും ഇവിടെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞതോടെ പ്രതീക്ഷ കൂടി . 

എസ്ബിഐ എസ് എം ഇ ശാഖ, അപ്രതീക്ഷിതം ഈ പ്രോൽസാഹനം

happy life
Photo credit : Makostock / Shutterstock.com

ഷെഫിൻ നിർദേശിച്ചതുപ്രകാരം തിരുവനന്തപുരത്തെ വഞ്ചിയൂരുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ് എം ഇ ശാഖയുടെ ചീഫ് മാനേജർ സന്ദീപ്.എ യെ കാണാൻ തീരുമാനിച്ചു. ആശയം കേട്ട് ബാങ്ക് വായ്പ തന്നാൽ ബാക്കി റജിസ്ട്രേഷൻ, ലൈസൻസുകൾ ഉൾപെടെ മുഴുവൻ നടപടിക്രമങ്ങളും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും ചെയ്തു തരാം എന്ന് വ്യവസായ വികസന ഓഫീസർ ഉറപ്പ് പറഞ്ഞു. ആദ്യമായിട്ടാണ് ഒരു ബാങ്കിലേക്ക് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിന് ലോൺ ചോദിച്ചു കൊണ്ട് കടന്നുചെല്ലുന്നത്. എന്തു പറയും എവിടെ തുടങ്ങണം എന്നൊന്നും അറിയില്ല. കൈയിൽ ആകെയുള്ളത് തന്റെ മനസിലുള്ള ആശയം പകർത്തിയ പദ്ധതിയുടെ രൂപരേഖ മാത്രമാണ്. 

ബാങ്കിന്റെ ലോൺ സെക്ഷനില്‍ വിളിച്ച് മാനേജരുടെ അപ്പോയ്ന്റ്മെന്റ് എടുത്തു. ചീഫ് മാനേജരുൾപെടെ മൂന്നുപേരടങ്ങുന്ന സംഘത്തിന്റെ മുമ്പിൽ അഭിമുഖത്തിനിരിക്കുമ്പോൾ ആകെ പരവേശമുണ്ടായിരുന്നു. ഒരു കണക്കിന് ആത്മവിശ്വാസം വീണ്ടെടുത്തു. രണ്ടും കൽപിച്ച് തന്റെ മനസ്സിലുള്ള ആശയം അവതരിപ്പിച്ചു. തിരിച്ചും മറിച്ചും കുറെ ചോദ്യങ്ങൾ മൂവരും മാറി മാറി ചോദിച്ചു. നമ്മൾ എത്രമാത്രം സീരിയസ് ആണ്? സത്യസന്ധമാണോ ഉദ്ദേശ്യം? അൽപ സമയം മതി അവർക്ക് മനസിലാക്കുവാൻ. 

എന്തായാലും ആശയത്തോട് അവർ വിയോജിപ്പ് പ്രകടിപ്പിച്ചില്ല. വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടുമായി വരാൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഇന്റേൺ ബി.ടെക് ബിരുദധാരിയായ ആദം അഹമദ് ഈസ രണ്ടു ദിവസം കൊണ്ട് പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി തന്നു. മറ്റൊരു ഇന്റേൺ റെമീസ് ഘട്ടം ഘട്ടമായുള്ള പ്രക്രിയകളും പറഞ്ഞു തന്നു. പ്രൊജക്റ്റ് റിപ്പോർട്ടുമായി വീണ്ടും ബാങ്കിലേക്ക്. റിപ്പോർട്ട് അരിച്ചു പെറുക്കി സന്ദീപ് പരിശോധിച്ചു. ചിലയിടത്തെല്ലാം കണക്കുകൾ ശരിയാകുന്നില്ല. വേറെയാരാണെങ്കിലും തിരിച്ചയയ്ക്കും. പക്ഷേ അദ്ദേഹം ക്ഷമയോടെ പ്രൊജക്റ്റിൽ വേണ്ട തിരുത്തലുകൾ പറഞ്ഞു തന്നു. എന്നിട്ടും ശരിയാകാതായപ്പോൾ അദ്ദേഹം തന്നെ വേണ്ടത്ര തിരുത്തലുകൾ നടത്തി. അതിനു ശേഷം ബാങ്ക് പ്രൊജക്ട് റിപ്പോർട്ടിനു അനുമതി നൽകി. പത്തു ലക്ഷത്തിലും താഴെയുള്ള പ്രോജക്റ്റ് ആയതിനാൽ ലോൺ നൽകുന്നത് തിരുവനന്തപുരത്ത് തൈക്കാട് എസ്.എം. ഇ ശാഖയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം മുഴുവൻ ഡോക്കുമെന്റുകളും തയ്യാറാക്കിയതിനു ശേഷം ലോൺ അപേക്ഷ തൈക്കാട് എസ്.എം ഇ ശാഖയിൽ സമർപ്പിച്ചു. 

നടപടികൾ അതിവേഗം

തൊട്ടടുത്ത ദിവസം തന്നെ തൈക്കാട് ശാഖയിലെ ഡപ്യൂട്ടി മാനേജർ സ്ഥലപരിശോധനയ്ക്കായി എത്തി. ലോൺ പ്രക്രിയയിലെ ഒരു സുപ്രധാന കടമ്പയാണ് ഇത്. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ പിഴവെന്തെങ്കിലും തോന്നിയാൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടു വന്നേക്കാം. പക്ഷേ പ്രശ്നങ്ങളൊന്നുമില്ലാെത കടമ്പകളെല്ലാം കടന്നു. അന്നു തന്നെ ലോൺ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.

വഴിത്തിരിവിനു കുറുക്കുവഴിയില്ല

മനസിലുള്ള മികച്ച ആശയം അവതരിപ്പിക്കാനുള്ള കഴിവ് പോലിരിക്കും മുന്നോട്ടുള്ള പോക്ക്. ബാങ്കിന്റെ സമ്മതം കിട്ടണമെങ്കിൽ പ്രൊജക്ട് തികച്ചും സത്യസന്ധവും ജനുവിനും ആണെന്ന് അവർക്ക് മനസിലാകണം. പ്രൊജക്ടിൽ കൃത്രിമം കാണിച്ച് പണം വക മാറ്റാനുള്ള പ്ലാനുമായിട്ടാണോ വന്നിരിക്കുന്നത് എന്ന് ആദ്യ അഭിമുഖത്തിൽ തന്നെ അവർക്ക് അറിയാൻ പറ്റും. അവർ ദിവസവും നിരവധി അപേക്ഷകരെയാണല്ലോ കണ്ടു കൊണ്ടിരിക്കുന്നത്. ബാങ്കിനു സമർപ്പിക്കുന്ന ക്വട്ടേഷനുകളിൽ കൃത്രിമം കാണിക്കാതിരിക്കുക. അഭിമുഖ സമയത്ത് അപേക്ഷകന്റെ താൽപര്യം ശരിക്കും പരിശോധിക്കും. ലക്ഷ്യം ശുദ്ധമാണെങ്കിൽ മാനേജർമാർ തന്നെ നമ്മെ സഹായിക്കും. ഓരോ ഘട്ടത്തിലും മാർഗ നിർദേശങ്ങളുമായി അവർ കൂടെയുണ്ടാകും. 

ഇതാണ് കേരള മോഡൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്

smiling-woman-happy-rain

ലോൺ ലഭ്യമാകുമെന്ന് ഉറപ്പായതോടെ മാർജിൻ മണി കണ്ടെത്തി. ലൈസൻസുകളും റജിസ്ട്രേഷനുകളും യാഥാർത്ഥ്യമാക്കാൻ ജില്ലാ വ്യവസായ കേന്ദത്തിലെ ഇന്റേണുകൾ രാപകലില്ലാതെ ശ്രമിച്ചു. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ എല്ലാം നടന്നു. ഷോപ്പ് ലൈസൻസ് കിട്ടാൻ തടസ്സങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും ഹെൽത്ത് ഇൻസ്പെക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും മണിക്കൂറുകൾക്കുള്ളിൽ അതെല്ലാം ശരിയാക്കി തന്നു. ശ്രദ്ധിക്കുക - ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം. 

ജിയോ ഫുഡ്സ് അങ്ങനെ യാഥാർത്ഥ്യമായി

ഒരു വർഷത്തോളം മനസ്സിലിട്ട് താലോലിച്ച സ്വപ്നം ദിവസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമായത് ഇങ്ങനെയെല്ലാമായിരുന്നു. ഇനി ലോൺ കൃത്യമായി തിരിച്ചടച്ചു കൊണ്ട് സിബിൽ സ്കോർ താഴാതെ ശ്രദ്ധിക്കണം. ഏതൊരു ബിസിനസ്സിനും ഉണ്ടാകും ബാലാരിഷ്ടതകൾ. അതെല്ലാം തരണം ചെയ്ത്  മുന്നോട്ടു പോകുമ്പോൾ വിജയവും പിന്നാലെ വരും.

English Summary : Know How These Young Woman Entrepreneur Started Her Dream Unit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}