വയസ് 19, സമ്പത്ത് 1,000 കോടി; അറിയാം കൈവല്യയുടെ വല്യ കളികള്‍

HIGHLIGHTS
  • വെറും 10 മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തും!
zepto1
Photo : Twitter
SHARE

ടീനേജില്‍ തന്നെ 1,000 കോടി രൂപയുടെ സമ്പത്തെല്ലാം നേടുന്നവരുടെ കഥകള്‍ വിദേശങ്ങളില്‍ നിന്നും നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. ഇന്ത്യക്കാരെന്താ മോശക്കാരാണോ? അല്ലെന്ന് വിളിച്ചുപറയും കൈവല്യ വോറയെന്ന യുവസംരംഭകന്റെ ഗംഭീര വിജയകഥ. വയസ് 19 മാത്രമേയുള്ളൂ കൈവല്യക്ക്, എന്നാല്‍ വല്യ കളികളാണ് അവന്റേത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നനാണ് വോറ, അതും സ്വയം വളര്‍ന്ന് കരസ്ഥമാക്കിയത്. അടുത്തിടെ പുറത്തുവന്ന ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് 1,000 കോടി രൂപയാണ് കൈവല്യ വോറയുടെ സമ്പത്ത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-ഗ്രോസറി സ്റ്റാര്‍ട്ടപ്പായ സെപ്‌റ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് കൈവല്യ വോറ. 

ക്വിക്ക് കൊമേഴ്‌സ് എന്ന ബിസിനസ് അവസരം

ഇ-കൊമേഴ്‌സ് എന്ന ബിസിനസ് രീതി തുറന്നിട്ട അവസരങ്ങളും അത് മുതലെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും വന്‍വിജയം കൊയ്യുന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. ഇനി അതിനുമപ്പുറം ക്വിക്ക് കൊമേഴ്‌സിന്റെ കാലമാണ്. അതിവേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍. ഈ അവസരം മുന്‍കൂട്ടിക്കണ്ടാണ് സ്റ്റാന്‍ഫോഡ് സര്‍വകലാശാല ഡ്രോപ്പ്ഔട്ടുകളായ കൈവല്യ വോറയും സുഹൃത്ത് ആദിത് പാലിച്ചയും സെപ്‌റ്റോയ്ക്ക് തുടക്കമിട്ടത്. അതും കോവിഡ് കാലത്ത്. എന്താണ് സെപ്‌റ്റോയുടെ പ്രത്യേകതയെന്നല്ലേ...വെറും 10 മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തും. കൈവല്യക്ക് പത്തൊമ്പതും ആദിത്തിന് ഇരുപതുമാണ് പ്രായമെന്നത് ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടുന്നു. 

പാല്‍, ഫ്രഷ് വെജിറ്റബിള്‍സ്, പഴങ്ങള്‍, ഹെല്‍ത്ത്, ഹൈജീന്‍ ഉല്‍പ്പന്നങ്ങളള്‍ തുടങ്ങി 3,000ത്തിലധികം പ്രൊഡക്റ്റുകള്‍ 10 മിനിറ്റിനകം വീട്ടുപടിക്കലെത്തുമെന്നതാണ് സെപ്‌റ്റോയുടെ സവിശേഷത. കൈവല്യയുടെ ഈ സംരംഭത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം  ഒരു ബില്യണ്‍ ഡോളറിന് തൊട്ടടുത്ത്. അധികം വൈകാതെ തന്നെ യൂണികോണ്‍ എന്ന നാഴികക്കല്ല് പിന്നിടും സെപ്‌റ്റോ. അതിവേഗം ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. 

zepto

മൂല്യമിനിയും കൂടും

വലിയ വികസനപദ്ധതികളാണ് സെപ്‌റ്റോ ഉന്നം വെക്കുന്നത്. 2023 ഒക്‌റ്റോബര്‍ മാസത്തോടെ 1 ബില്യണ്‍ ഡോളര്‍ വില്‍പ്പന കൈവരിക്കുകയെന്നതാണ് അതില്‍ പ്രധാനം. 2021 ഏപ്രിലില്‍ മുംബൈ കേന്ദ്രീകരിച്ചാണ് കൈവല്യയുടെയും ആദിത്തിന്റെയും സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ പത്തിലധികം നഗരങ്ങളില്‍ സെപ്‌റ്റോയ്ക്ക് സാന്നിധ്യമുണ്ട്. മുംബൈ, പൂണെ, ബംഗളൂരു, ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടയിടങ്ങളിലാണ് ഇവര്‍ക്ക് വിതരണ സംവിധാനങ്ങളുള്ളത്. വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വികസിപ്പിക്കാനാണ് പദ്ധതി. 

കൂട്ടിനെത്തി നിരവധി മാലാഖമാര്‍

ഉപഭോക്തൃ ബിസിനസിലെ ഏതെങ്കിലും പ്രശ്‌നത്തിനുള്ള പരിഹാരമാകണം തങ്ങളുടെ സ്റ്റാര്‍ട്ടപ്പെന്ന് സ്റ്റാന്‍ഫോഡില്‍ പഠിക്കുമ്പോള്‍ തന്നെ കൈവല്യയും ആദിത്തും തീരുമാനിച്ചിരുന്നു. പഠിത്തം മതിയാക്കി മുംബൈയിലെത്തിയപ്പോള്‍ ക്വിക്ക് കൊമേഴ്‌സായിരുന്നു ഇരുവരുടെയും മനസില്‍. തുടക്കത്തില്‍ ഡെലിവറി സമയവും റൂട്ടുമെല്ലാം മനസിലാക്കുന്നതിന് ഇരുവരും നേരിട്ട് രംഗത്തെത്തിയിരുന്നു. തങ്ങളുടെ ആശയം എയ്ഞ്ചല്‍ നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ സാധിച്ചു എന്നതാണ് ഇരുവരുടേയും വിജയം. നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, വൈ കോമ്പിനേറ്റര്‍ കണ്ടിന്യൂറ്റി ഫണ്ട്, ഗ്ലേഡ് ബ്രൂക്ക് കാപിറ്റല്‍, ലാച്ചി ഗ്രൂം, നീരജ് അറോറ, മാനിക് ഗുപ്ത, ബ്രെയര്‍ കാപിറ്റല്‍, ഗ്ലോബല്‍ ഫൗണ്ടേഴ്‌സ് കാപിറ്റല്‍, കോണ്‍ട്രറി കാപിറ്റല്‍ തുടങ്ങിയവരാണ് സെപ്‌റ്റോയിലെ പ്രധാന നിക്ഷേപകര്‍. 2021 ജൂണ്‍ മാസത്തിലെത്തിയ നെക്‌സസ് വെഞ്ച്വേഴ്‌സാണ് ആദ്യ നിക്ഷേപകര്‍. ഈ വര്‍ഷം മേയ് മാസത്തില്‍ 1590 കോടി രൂപയാണ് സെപ്‌റ്റോ സമാഹരിച്ചത്. 

ആമസോണ്‍ ജാഗ്രതൈ!

ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഉള്‍പ്പടെയുള്ള സംരംഭങ്ങള്‍ക്ക് സെപ്‌റ്റോ തലവേദന ആയേക്കുമെന്നാണ് പല വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതിവേഗത്തില്‍ ഗ്രോസറി വിതരണം ചെയ്യുന്നതിനോടൊപ്പം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സെപ്‌റ്റോയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് സമാന മേഖലയില്‍ മറ്റ് സംരംഭങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}