ADVERTISEMENT

ബിസിനസിൽ ആശയങ്ങൾക്ക് ഒരു കുറവുമില്ല. ചില ആശയങ്ങൾ മികച്ചതായിരിക്കും, പക്ഷേ, അവ നിലവിലെ സാഹചര്യത്തിനു യോജിക്കുന്നതാകില്ല. ചിലത് നൂതനമെന്നു തോന്നും, പക്ഷേ, കാര്യത്തോടടുക്കുമ്പോൾ മണ്ടത്തരമായിരിക്കും. ബിസിനസ് ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്ന പലരും അതിനെ കാര്യമായി വിശകലനം ചെയ്യാതെ പണം മുടക്കും. അൽപം കഴിയുമ്പോൾ അവ നിഷ്പ്രഭമാകും. നിങ്ങളുടെ ബിസിനസ് ആശയം വിജയിക്കുമോ എന്നു മനസ്സിലാക്കി മാത്രം മുന്നിട്ടിറങ്ങുക. മുന്നിലുള്ള 5 ചോദ്യങ്ങൾക്ക് യുക്തമായ ഉത്തരം ലഭിക്കുമെങ്കിൽ അതിനർഥം ആശയം മികച്ചതാണെന്നു തന്നെയാണ്. 

1. എന്തു കൊണ്ട്? 

സംരംഭത്തിന്റെ ഉദ്ദേശ്യലക്ഷ്യമാണ് കാര്യം. പണം സമ്പാദിക്കാനുള്ള മാർഗം എന്നാണ് ഉത്തരമെങ്കിൽ ആ ആശയം ഉപേക്ഷിക്കുക. ഉദാഹരണത്തിന്, മെഡിക്കൽ ഷോപ്പ് ഇല്ലാത്ത ഗ്രാമത്തിൽ മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നതിന്റെ ലക്ഷ്യം ജനങ്ങൾക്കു മരുന്നുകൾ എത്തിക്കുക എന്നതാകണം. അതിലൂടെ വേണം ലാഭം നേടാൻ. മറിച്ച്, ലാഭം നേടാനായി മരുന്നു വിപണനം ചെയ്യണം എന്നതാകരുത്. 

2. എന്തു പ്രശ്നമാണു പരിഹരിക്കുന്നത്?

ഉപഭോക്താക്കൾ നേരിടുന്ന എന്തെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിയുന്നതാകണം സംരംഭം. എങ്കിലേ അവരെ നിങ്ങളിലേക്ക് എത്തിക്കാൻ കഴിയൂ. മെഡിക്കൽ സ്റ്റോറിന്റെ ഉദാഹരണം തന്നെയെടുത്താൽ ജനങ്ങൾക്കു മരുന്നു വാങ്ങാൻ സമീപത്തു സൗകര്യമില്ല എന്നതാണു പ്രശ്നം. ആ പ്രശ്നം പരിഹരിക്കുകയെന്നതാണ് ഉത്തരം. 

3. ആരുടെ പ്രശ്നങ്ങൾ?

confused-young-man

ആരാണ് ഉപഭോക്താവ് എന്നതിൽ വ്യക്തതയുണ്ടോ? ഉപഭോക്താവ് ആരെന്ന് അറിഞ്ഞാലേ അവരെ ലക്ഷ്യം വച്ച് മാർക്കറ്റിങ് തന്ത്രങ്ങൾ മെനയാനാകൂ. നഗരമധ്യത്തിൽ കഫേ തുടങ്ങുമ്പോൾ ലക്ഷ്യം വയ്ക്കുന്നവരുടെ പ്രായം, ലിംഗഭേദം തുടങ്ങിയവയിൽ വ്യക്തമായ ഉത്തരമുണ്ടാകണം. 

4. നിലവിൽ നേരിടുന്നത് എങ്ങനെ?

അടുത്തതായി, നിങ്ങളുടെ സംരംഭം പരിഹരിക്കാനുദ്ദേശിക്കുന്ന പ്രശ്നത്തെ ഇപ്പോൾ അവർ എങ്ങനെയാണ് നേരിടുന്നതെന്നു മനസ്സിലാക്കണം. പ്രതിയോഗികളെ മനസ്സിലാക്കേണ്ട ഘട്ടമാണിത്. അവർക്കു പരിഹരിക്കാനാകുന്നതിലും ആഴത്തിൽ നിങ്ങൾക്ക് അതു കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം മുന്നോട്ടു പോകുക. മെഡിക്കൽ സ്റ്റോറിന്റെ ഉദാഹരണത്തിൽ ആദ്യ സംരംഭം വരുമ്പോൾ തന്നെ മരുന്നുകൾ ലഭിക്കുന്നില്ല എന്ന പ്രശ്‍നം തീർന്നു. പിന്നെ പ്രശ്നം ന്യായമായ വിലയ്ക്കു ലഭിക്കുന്നില്ല എന്നതാകാം. അത് പരിഹരിക്കാൻ ശ്രമിക്കുക. മൂന്നാമത്തെ സംരംഭമാണു നിങ്ങളുടേതെങ്കിൽ ആദ്യ രണ്ടു പേരും പരിഹരിക്കാത്ത ‘ഹോം ഡെലിവറി’ തന്ത്രം പരീക്ഷിക്കാം. 

5. ലാഭമുണ്ടാകുമോ?

ഈ നാലു ചോദ്യങ്ങൾക്കും ശരിയായ ഉത്തരമുണ്ടെങ്കിൽ ഉപഭോക്താക്കളെത്തും. പക്ഷേ മുടക്കിയ തുകയുമായി നോക്കുമ്പോൾ ലഭിക്കുന്ന ലാഭം പര്യാപ്തമാണോ എന്നു കൂടി ഉറപ്പാക്കണം. പലരും അവസാന ചോദ്യത്തിന് ആദ്യമേ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതാണ് പ്രശ്‍നം. ഓരോ സംരംഭകനും ഉപഭോക്താവിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കിയാണ് വിപണിയിലേക്കു കടക്കുന്നതെങ്കിൽ അവിടെ പരാജയം ഉണ്ടാകില്ല 

കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്. Ph 9645060757

English Summary : Ask These Questions to Know about the Success of Your Business Idea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com