ADVERTISEMENT

നമ്മുടെ കൊച്ചുകേരളത്തിൽ, ചാലക്കുടിയിലെ ഒരു ഐടി സ്ഥാപനം പത്താം വാർഷികത്തിൽ അതിലെ മികച്ച ആറ് ജീവനക്കാർക്ക് കിയാ സെലറ്റോസ് കാറുകൾ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ജീവനക്കാർക്ക് കാർ സമ്മാനിക്കുന്ന പതിവ് കേരളത്തിലും എന്ന തലക്കെട്ടോടെയാണ് പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

അപ്രതീക്ഷിത സമ്മാനം

ഭാര്യയും ഭർത്താവും മാത്രം ജീവനക്കാരായി 10 വർഷം മുൻപ് ആരംഭിച്ച ജോബിൻ ആൻഡ് ജിസ്മി ഐടി സർവീസസിൽ ഇന്ന് 200 പേർ തൊഴിലെടുക്കുന്നു. ഇവരും ഇവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ വലിയൊരു ജനാവലി പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത സമ്മാനം നൽകൽ. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് തങ്ങളെപ്പോലെ തന്നെ യത്നിച്ചവരാണ് ഈ ആറുപേരെന്നും വിവരണാതീതമായ പങ്ക് വഹിച്ചതിലുള്ള സമ്മാനമാണ് ഈ കാറുകളെന്നും ജോബിനും ജിസ്മിയും പറയുന്നു. 

കൂത്തുപറമ്പ് നിർമലഗിരി കോളജിൽ നിന്നു സുവോളജി പഠിച്ചിറങ്ങിയ ജോബിനും ഐടി എൻജിനീയറായ ഭാര്യ ജിസ്മിയും ചേർന്ന് 10 വർഷം കൊണ്ട് കോടികൾ സമ്മാനം നൽകാൻ കെൽപ്പുള്ള ഒരു ഐടി സ്ഥാപനം പടുത്തുയർത്താനായെങ്കിൽ അതു ഈ രംഗത്തെ അനന്തസാധ്യതകളെയും ഒപ്പം അർപ്പണബോധത്തെയുമാണ് ഉയർത്തിക്കാട്ടുന്നത്. 

സുഗമമായിരുന്നില്ല വിജയം

ഒട്ടും സുഗമമായിരുന്നില്ല വിജയത്തിലേക്കുള്ള വഴി. പരിമിതികളെയും പ്രതിസന്ധികളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് ചിട്ടയായ ആസൂത്രണത്താലും കഠിനാധ്വാനത്താലുമാണ് ഈ ദമ്പതികൾ വിജയത്തിലേക്ക് ചുവടുവച്ചത്. 

വീട്ടിലെ ഒറ്റമുറിയിൽ രണ്ട് കംപ്യൂട്ടറുകളുമായി തുടക്കം. ആദ്യത്തെ ഒന്നു രണ്ടു വർഷക്കാലം ജിസ്മിയുടെ സ്വർണാഭരണങ്ങൾ മാസാവസാനം പണയം വച്ചായിരുന്നു ജീവനക്കാർക്ക് ശമ്പളം കൊടുത്തിരുന്നത്. വൈകാതെ ഒരു മുറി വാടകയ്ക്കെടുത്തപ്പോൾ ജീവനക്കാരുടെ എണ്ണം അഞ്ചായി. അക്കാലത്തൊക്കെ 18 മണിക്കൂർ വരെ ഓഫിസിൽ തന്നെയായിരുന്നുവെന്നു ജോബിൻ പറയുന്നു.  

jismi1

2016ൽ പുതിയ ഓഫിസായി. ജീവനക്കാരുടെ എണ്ണം മുപ്പത്തഞ്ചിലേക്കെത്തി. തൊട്ടടുത്ത വർഷം തന്നെ സ്വന്തം ഓഫിസ് കെട്ടിടമെന്ന സ്വപ്നം കണ്ടുതുടങ്ങിയെങ്കിലും 2019 ൽ ആണ് അതു സഫലമായത്. മൂന്നു നിലകളിലായി 10,000 ചതുരശ്രയടിയിൽ ജോബിൻ & ജിസ്മി ഐടി സർവീസസ് മുന്നോട്ട്. 300 പേർക്കു കൂടി തൊഴിൽ നൽകാവുന്ന രീതിയിൽ ഇതിനോടു ചേർന്നു പുതിയൊരു ബിൽഡിങ്ങിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

കേരളം കടന്ന് വളർച്ച

ഇന്ന് ഒറക്കിൾ നെറ്റ് സ്യൂട്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ വൻകിട കമ്പനികളിലൊന്നായി ജോബിൻ & ജിസ്മി മാറിക്കഴിഞ്ഞു. ശതകോടികൾ ടേണോവർ ഉള്ള കമ്പനികളുടെ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് നെറ്റ്സ്യൂട്ടിനെ പരുവപ്പെടുത്തി കൊടുക്കുകയാണിവർ. ഇതോടൊപ്പം വൻകിട ഇകൊമേഴ്സ് വെബ്സൈറ്റുകൾ തയാറാക്കുകയും മെയിന്റനൻസ് ചെയ്യുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പലതിന്റെയും ടെക്നോളജി പാർട്നർ കൂടിയാണ് സ്ഥാപനം. മുപ്പത്തിമൂന്നു രാജ്യങ്ങളിൽനിന്നായി 300ഓളം ഇടപാടുകാരുണ്ട്. 

ബെംഗളൂരുവും മധുരയിലുമായി പുതിയ യൂണിറ്റുകൾ വരികയാണ്. ഇതിൽ ബെംഗളൂരൂ ആദ്യഘട്ടം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. മധുരയിൽ രണ്ടു ഘട്ടങ്ങളിലായി ഒരു ലക്ഷം ചതുരശ്രയടിയിൽ 1,200 പേർക്കു തൊഴിൽ നൽകാവുന്ന രീതിയിലാണ് പദ്ധതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയുള്ള സോഫ്റ്റ് വെയർ ഡവലപ്മെന്റും കമ്പനിയുടെ മുന്നോട്ടുള്ള പദ്ധതികളിൽപ്പെടുന്നു.

English Summary : Why these IT Company Gifted Six Cars to Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com