വിവിധ രാജ്യങ്ങളിലെ അമ്മമാർക്ക് സഹായമാകുന്നു ഈ വീട്ടമ്മയുടെ ചുവടുവയ്പ്പ്

HIGHLIGHTS
  • ഒരു ഓൺലൈൻ വിജയഗാഥ
b4u8-11-2022
SHARE

മറ്റു പല അമ്മമാരെയും പോലെ മക്കൾക്ക് ഇഷ്ടത്തോടെ പഠിക്കാവുന്നൊരു ട്യൂഷൻ സംവിധാനം അന്വേഷിച്ചു വലഞ്ഞൊരു വീട്ടമ്മയായിരുന്നു ഐഷയും. കാരണം, കോവിഡ് നൽകിയ ഓൺലൈൻ അവസരങ്ങൾ കുട്ടികൾ ആഘോഷിക്കുകയായിരുന്നു. ലോക്ഡൗണിൽ വിനോദത്തിന് ഏറെ സമയം കിട്ടിയപ്പോൾ പഠനം രണ്ടാമതായി. കോവിഡ് കുറഞ്ഞിട്ടും അതങ്ങനെ തുടർന്നു.  

സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും അവർക്കിടയിൽ ഇത്തരമൊരു ആശങ്കയും കൂട്ടായ ആവശ്യവും നിലനിൽക്കുന്നതായി തോന്നി. ഒരു ടീച്ചർ മക്കളുടെ കൂടെ ഇരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നത്രെ. പൊതുവേ രക്ഷിതാക്കൾ ഒരു ബദൽ സംവിധാനം ആഗ്രഹിക്കുന്നതായി അറിഞ്ഞതോടെ ഐഷയുടെ ഉള്ളിലും ഒരു സംരംഭക ഉണർന്നു. കുട്ടികളെ മനസ്സിലാക്കി അവരുടെ കൂടെ ഇരുന്നു പഠിപ്പിക്കുന്ന ഒരു ടീച്ചർ എന്ന ആവശ്യം നിറവേറ്റാനുള്ള ശ്രമമായി പിന്നീട്. 

ഇന്ന്, ഏതു സമയത്തും ഏതു വിഷയത്തിലും ഏതു രാജ്യത്താണെങ്കിലും കുട്ടികൾക്കു ട്യൂഷൻ ലഭിക്കും വിധമുള്ള ഏകാംഗ ട്യൂഷൻ ടീച്ചർമാരുടെ ഒരു ശൃംഖലയെ നയിക്കുകയാണ് ഐഷ സമീർ എന്ന വീട്ടമ്മ. ഒരു കുട്ടിക്ക് ഒരു ടീച്ചർ പ്രത്യേകമായി സമയം ചെലവഴിക്കുന്നു. ബോർഡും ചോക്കും പെൻസിലും പുസ്തകങ്ങളുമായി ടീച്ചറുടെ സാന്നിധ്യം കുട്ടിയുടെ അടുത്ത്, അവരുടെ മൊബൈലിലോ ലാപ്ടോപ്പിലോ ഉണ്ടാകും. 

മക്കൾ വഴികാട്ടി

പഠിപ്പിച്ചാൽ പോരാ, കുട്ടികളുടെ മനസ്സ് അറിയണം. അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒപ്പം നിൽക്കണം. അധ്യാപനം അതിനൊത്തവണ്ണം വേണം. തന്റെ നാലു മക്കളിൽനിന്നാണ്, അവരുടെ ഇഷ്ടാനിഷ്ടങ്ങളിലും സങ്കടങ്ങളിലും നിന്നാണ് ഐഷ സമീർ എന്ന തലശ്ശേരിക്കാരി ഇത് മനസ്സിലാക്കിയത്. അതു കൊണ്ടുതന്നെ ഈ സംരംഭം രാജ്യാതിർത്തികൾക്ക് അപ്പുറത്തും ഏറ്റവും എളുപ്പത്തിൽ സ്വീകരിക്കപ്പെട്ടു.

ഭർത്താവിനൊപ്പം ദുബായിലായിരുന്നു ഐഷ. ഭർത്താവ് സമീർ ട്രേഡിങ് രംഗത്ത് സദാ ജോലിത്തിരക്കുകളിൽ മുഴുകി ഇരിക്കേണ്ട സാഹചര്യമുള്ള വ്യക്തിയാണ്. കുട്ടികൾ നാലുപേരും ദുബായിലെ മെച്ചപ്പെട്ട വിദ്യാലയത്തിലായിരുന്നു.  പക്ഷേ, കോവിഡ് എല്ലാറ്റിന്റെയും താളം തെറ്റിച്ചു. ഭർത്താവ് ജോലിയിൽ തുടരവെ ഐഷയ്ക്കു മക്കളുമായി നാട്ടിലേക്കു വിമാനം കയറേണ്ടി വന്നു. 

തലശ്ശേരി ബ്രണ്ണൻ കോളജിലും കോയമ്പത്തൂരിലുമായാണ് ഐഷ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. എംഎസ് സി ബയോടെക്നോളജി കഴിഞ്ഞ് ഒരു വർഷത്തോളം അധ്യാപികയായിരുന്നു. ഇതു മാത്രമായിരുന്നു ടീച്ചിങ് പരിചയം. നാട്ടിൽ എത്തിയപ്പോൾ കുട്ടികളുടെ പഠനപ്രശ്നങ്ങൾ അലട്ടലായി മാറി. വിദ്യാലയങ്ങളിലെ അന്തരീക്ഷം വരെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ക്ലാസുകൾ ഓൺലൈൻ കൂടിയായതോടെ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. പഠനത്തിൽ മക്കളുടെ ശ്രദ്ധ പിന്നാക്കം പോകുന്നതു കണ്ടെത്തിയതോടെ കൂട്ടുകാരായ വീട്ടമ്മമാരുമായി പ്രശ്നം ചർച്ച ചെയ്തു. അവരെല്ലാം ഏതെങ്കിലും തരത്തിൽ നേരിടുന്ന പ്രശ്നം തന്നെയായിരുന്നു ഇത്. 

അധ്യാപകരെ കണ്ടെത്തൽ

തുടർന്ന് ഓൺലൈനായി പഠിപ്പിക്കാൻ തയാറുള്ള അധ്യാപകരെ കണ്ടെത്താനായി പരിശ്രമം. കോവിഡ്കാല അടച്ചിടലിൽ അകപ്പെട്ടുപോയ സർക്കാർ ഇതര വിദ്യാലയങ്ങളിൽ പ്രവൃത്തി പരിചയമുള്ള അധ്യാപകരും ഒത്തിരിയുണ്ടായിരുന്നു. അവർ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ സന്നദ്ധരായി. അങ്ങനെ ഒരു മാസത്തോളം കുട്ടികളുടെ ട്യൂഷൻ സൂമിലും ഗൂഗിൾ മീറ്റിലുമായി മുന്നേറി. മക്കൾക്കു നേരിട്ടു തന്നെ ടീച്ചർമാരുടെ സഹായം തേടാവുന്ന നിലവന്നു. അവരുടെ നഷ്ടപ്പെട്ടുപോയ പഠന താൽപര്യം തിരിച്ചെത്തുന്നത് ഐഷ പെട്ടെന്നു മനസ്സിലാക്കി. ഇതേ പ്രശ്നം നേരിട്ട സുഹൃത്തുക്കളെ വിളിച്ച് പുരോഗതി അറിയിച്ചു. എങ്കിൽ എന്തു കൊണ്ട് അവരുടെ മക്കളെയും ഇതിൽ പങ്കെടുപ്പിച്ചു കൂടാ എന്ന ആലോചന ഉണ്ടായി. 

b4u-8-11-2022

വിപുലപ്പെടുത്താവുന്ന സാധ്യതകൾ ഉള്ള ഒരു മേഖലയാണെന്ന തോന്നൽ ബലപ്പെട്ടതോടെ സോഷ്യൽ മീഡിയ വഴിയും മറ്റും ‘അധ്യാപകരെ ആവശ്യമുണ്ട്’ എന്നു കാണിച്ച് ഉദ്യോഗാർഥികളെ ക്ഷണിച്ചു. ചങ്ങാതിയുടെ ശേഷികൾ നേരിട്ടു മനസിലാക്കിയിട്ടുള്ള ഐഷയുടെ കൂട്ടുകാരായിരുന്നു എല്ലാറ്റിനും മുൻകയ്യെടുത്തത്. 

ആദ്യ പരസ്യപ്പെടുത്തലിൽ തന്നെ ആയിരത്തിലധികം സിവികൾ മെയിൽ ഇൻബോക്സിൽ തിക്കിത്തിരക്കി. അത് ആത്മവിശ്വാസം വർധിപ്പിച്ചു.  നല്ല അധ്യാപകരെ തന്നെ ലഭിക്കുന്നതിന് കോവിഡ് കാലം സഹായകരമായി. സിവികൾ പഠിച്ച് തിരഞ്ഞെടുപ്പു നടത്തി. അധ്യാപകരെ ഓരോരുത്തരെയായി വിളിച്ചു സംസാരിച്ച് ആശയം പങ്കുവച്ചു. അങ്ങനെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ ഐഷ എന്ന വീട്ടമ്മ മികച്ചൊരു സംരംഭകയായി മാറി.

പ്രത്യേകം സംരംഭകത്വ പരിശീലനം ഒന്നും നേടിയ വ്യക്തിയല്ല. സ്വയം പഠിച്ചുകൊണ്ടു തന്നെയാണ് ടീച്ചിങ് രംഗത്തെ സാന്നിധ്യമായി വളർന്നത്. കുടുംബത്തിലെ മിക്കവരും അധ്യാപകരാണ് എന്നതു മാത്രമായിരുന്നു ഈ രംഗത്തെ ബന്ധം. ഇപ്പോൾ വ്യത്യസ്ത വിഷയങ്ങളിലായി 170 ഓളം അധ്യാപകരുള്ള ഹോം ട്യൂഷൻ ശൃംഖലയാണ് ഐഷയുടെ ഉടമസ്ഥതയിലുള്ള ‘വൺ ഓൺ വൺ ഓൺലൈൻ’. 

ലോകത്തിലെ ഏതു രാജ്യത്തും വ്യത്യസ്ത ഭാഷകളിൽ ട്യൂഷൻ നൽകാനുള്ള സംവിധാനമുണ്ട്. പതിനാലു രാജ്യങ്ങളിൽനിന്നായി കുട്ടികൾ ഈ പഠന സൗകര്യം നിലവിൽ പ്രയോജനപ്പെടുത്തുന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണു ക്ലാസ് നൽകുന്നത്. മാസത്തിൽ എട്ടു മുതൽ നാൽപതു മണിക്കൂർ വരെ ക്ലാസ് പ്രയോജനപ്പെടുത്തുന്ന വിദ്യാർഥികളുമുണ്ട്. 

പോയ വർഷം 40 ലക്ഷം ടേണോവർ

തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്തു വീനസ് കോർണറിലെ ഫ്ലാറ്റിലാണു ഓഫിസ് സജ്ജീകരിച്ചത്. രണ്ടു പേരാണ് ഈ സംരംഭത്തിൽ ഓഫീസ് കാര്യങ്ങൾ നോക്കാൻ ഒപ്പമുള്ളത്. കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇ പദ്ധതിക്കു കീഴിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്.

പോയവർഷം 40 ലക്ഷം രൂപ ടേണോവർ നേടാൻ ഈ സംരംഭത്തിനു കഴിഞ്ഞു. വിപണിയിൽ നല്ല മത്സരമുണ്ടെങ്കിലും അതു പോസിറ്റീവായി കണ്ട് മുന്നോട്ടു പോകുകയാണ് ഐഷ 

English Summary : Know the Success story of One on One Online 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS