ADVERTISEMENT

വ്യക്തിഗത ബ്രാന്‍ഡിങ്ങിന് സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററുമെല്ലാമാണ് സാധാരണയായി ന്യൂജെന്‍ സംരംഭകര്‍ ഉപയോഗപ്പെടുത്താറുള്ളത്. എന്നാല്‍ ബിസിനസിലും കരിയറിലും വലിയ നേട്ടം നല്‍കണമെങ്കില്‍ തങ്ങള്‍ സജീവമാകേണ്ട മാധ്യമം പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ ആണെന്ന് ഇപ്പോള്‍ സംരംഭകര്‍ തിരിച്ചറിയുന്നു. അതേസമയം ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് തയാറാക്കാന്‍ ബുദ്ധിമുട്ടുള്ള സംരംഭകനോ പ്രൊഫഷണലോ ആണോ നിങ്ങള്‍? അല്ലെങ്കില്‍ അതിനുള്ള സമയം നിങ്ങള്‍ക്കില്ലേ? എങ്കിലിതാ നിങ്ങള്‍ക്കായി അതേറ്റെടുക്കാന്‍ ഗോസ്റ്റ്‌റൈറ്റേഴ്‌സ് റെഡിയാണ്. ലിങ്ക്ഡ്ഇന്‍ അധിഷ്ഠിത കണ്ടന്റ് റൈറ്റിങ് സേവനം മികച്ച വരുമാനം തരുന്ന തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ്. 

മികച്ച അവസരം

ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ മിക്ക സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമെല്ലാം കണ്ടന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളെവച്ചാണ് സജീവമാകുന്നത്. എന്നാല്‍ അതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ് ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോം. കൂടുതല്‍ ബിസിനസ് അധിഷ്ഠിത പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ്ങാണ് മൈക്രോസോഫ്റ്റിന് കീഴിലുള്ള ഈ പ്ലാറ്റ്‌ഫോമില്‍ നടക്കുന്നത്. അതിനാല്‍ തന്നെ സിഇഒമാരുടെയും സിഎക്‌സ്ഒമാരുടെയും സിടിഒമാരുടെയുമെല്ലാം പോസ്റ്റുകള്‍ മറ്റ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാകേണ്ടതുണ്ട്. ഗോസ്റ്റ്‌റൈറ്റര്‍മാരുടെ സഹായത്തോടെ ലിങ്ക്ഡ്ഇന്നില്‍ വ്യക്തിഗത ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാന്‍ സി-ലെവല്‍ എക്‌സിക്യൂട്ടിവുകളെ സഹായിക്കുന്ന കമ്പനികളുടെ എണ്ണം ഇപ്പോള്‍ രാജ്യത്ത് അതിവേഗത്തിലാണ് കൂടി വരുന്നത്. 

എന്താണ് ഗുണം?

മികച്ച, എന്‍ഗേജിങ് ആയ പോസ്റ്റുകളിലൂടെ സ്ഥാപനത്തിലെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്കും പുതിയ തൊഴില്‍ തേടുന്നവര്‍ക്കുമെല്ലാം റിസള്‍ട്ട് ഉണ്ടാകുന്നു എന്നതാണ് ശ്രദ്ധേയം. കഴിവുള്ള ജീവനക്കാരെ ആകര്‍ഷിക്കാനും ബി2ബി (ബിസിനസ് റ്റു ബിസിനസ്) സെയ്ല്‍സിന് സഹായിക്കാനും നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് തങ്ങളുടെ ആശയം അവതരിപ്പിച്ച് ഫണ്ടിങ് നേടിയെടുക്കുന്നതിനും ഉപഭോക്താക്കളുടെ വാങ്ങല്‍ പ്രക്രിയയില്‍ സ്വാധീനം ചെലുത്തുന്നതിനുമെല്ലാം ലിങ്ക്ഡ് ഇന്‍ പോസ്റ്റുകള്‍ സഹായിക്കുമെന്ന് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ പറയുന്നു. 

Representative Image. Photo Credit : Dhirendrasingh K Bais / Shutterstock.com
Representative Image. Photo Credit : Dhirendrasingh K Bais / Shutterstock.com

വന്‍നേട്ടം കൊയ്യാം

ലിങ്ക്ഡ്ഇന്‍ പോസ്റ്റുകള്‍ ഇംഗ്ലീഷില്‍ എഴുതാനറിയുന്ന ഫ്രീലാന്‍സര്‍മാര്‍ക്ക് വലിയ രീതിയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന മേഖലയാണിത്. പല വന്‍കിട സ്റ്റാര്‍ട്ടപ്പ് നേതാക്കളുടെയും വൈറല്‍ ആകുന്ന ലിങ്ക്ഡ് ഇന്‍ പോസ്റ്റുകള്‍ക്ക് പുറകില്‍ ഗോസ്റ്റ്‌റൈറ്റര്‍മാരാണ്. എഴുതാനുള്ള മടി മാത്രമല്ല അതിന് കാരണം, സി-ലെവല്‍ എക്‌സിക്യൂട്ടിവുകളുടെ ദൈനംദിന ജീവിതത്തില്‍ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് തയാറാക്കുന്നതിന് മെനക്കെടാന്‍ സമയമില്ല എന്നതാണ്. വന്‍കിട ശമ്പളം വാങ്ങുന്ന ഇത്തരക്കാര്‍ക്ക് പോസ്റ്റ് ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നതാണ് ഏറ്റവും ഉചിതം, ലാഭകരവും. 

വിവിധ ക്ലൈന്റുകള്‍ക്കായി ഗോസ്റ്റ്‌റൈറ്റിങ് ചെയ്ത് പ്രതിമാസം ആറ് ലക്ഷം രൂപ വരെ ഉണ്ടാക്കുന്ന കമ്യൂണിക്കേഷന്‍ പ്രൊഫഷണലുകളുണ്ട്. പ്രതിമാസം 45,000 രൂപയ്ക്ക് ഓരോ ആഴ്ച്ചയിലും മൂന്ന് ലിങ്ക്ഡ് ഇന്‍ പോസ്റ്റുകള്‍ എഴുതി നല്‍കുന്ന തരത്തിലാണ് ഇന്ത്യയിലെ ബിസിനസെന്ന് മുകളില്‍ പരാമര്‍ശിച്ച, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജീവനക്കാരന്‍ പറയുന്നു. ക്ലൈന്റുകളില്‍ ഇന്ത്യക്ക് പുറത്തുള്ളവരുണ്ടെങ്കില്‍ ഡോളര്‍നിരക്ക് അനുസരിച്ചാകും വരുമാനം ലഭിക്കുക. 

ഇംഗ്ലീഷ് ഭാഷയില്‍ എഴുതാന്‍ കഴിവുള്ള നിരവധി പേരാണ് വന്‍കിട കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ഗോസ്റ്റ്‌റൈറ്റിങ്ങിലേക്ക് തിരിയുന്നതെന്ന് അടുത്തിടെ വോക്‌സ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതിമാസം 9000 ഡോളര്‍ വരെ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യക്കാര്‍ ഈ മേഖലയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ 'എഴുതാനാകുമെങ്കിൽ' ഗോസ്റ്റ്‌റൈറ്റിങ്ങില്‍ ഒരു കൈ നോക്കിക്കോളൂ.

English Summary : Ghost Writer has immense Opportunity in Linkedin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com