ശ്രവണ, സംസാര പരിമിതിയുള്ളവരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തുന്നു രമ്യയുടെ 'ഡാഡ്'

HIGHLIGHTS
  • സമൂഹത്തിന്റെ മുൻവിധികളും കാഴ്ച്ചപ്പാടുകളും മാറ്റി മറിച്ചു വിജയം കൈവരിച്ച സംരംഭക
dad
രമ്യ രാജ്
SHARE

നിങ്ങൾക്ക് എല്ലാം മാറ്റി മറിയ്ക്കാൻ സാധിക്കില്ല. എന്നാൽ  നിങ്ങൾക്ക് കഴിയാത്തത് ഒന്നുമില്ല എന്ന് ലോകം തന്നെ സാക്ഷ്യപ്പെടുത്തുന്ന ഒരു ദിവസം വരും. സമൂഹത്തിന്റെ മുൻവിധികളെയും  കാഴ്ച്ചപ്പാടുകളെയും മാറ്റി മറിച്ചു കൊണ്ട് വിജയം കൈവരിച്ച ഒരു വനിതയുടെ  സ്റ്റാർട്ടപ്പ്‌ സംരംഭമായ ഡാഡിന്റെ കഥ അതിനു തെളിവാണ്.

കേൾവി പരിമിതി നേരിടുന്ന രമ്യ രാജ് എന്ന വനിത കേൾവി പരിമിതിയുള്ളവർക്കായി തയ്യാറാക്കിയ ആദ്യത്തെ സ്റ്റാർട്ടപ്പ്‌ സംരംഭം ആണ് ഡാഡ്.

ബധിരരും മൂകരുമായവര്‍ക്ക് മുഖ്യധാരയിലേക്കെത്താനുള്ള പരിശീലന പരിപാടികളാണ് ഡിജിറ്റല്‍ ആര്‍ട്സ് അക്കാദമി ഫോര്‍ ദി ഡഫ് എന്ന ഡാഡിലൂടെ ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.ഡാഡ് സംഘത്തിലുള്ളവരെല്ലാം ശ്രവണ–സംസാര പരിമിതിയുള്ളവരാണ് എന്നുള്ളതാണ് പ്രത്യേകത. 

എന്താണ് ഡാഡ്?

 തിരുവനന്തപുരം ടെക്നോപാർക്കിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻക്യുബേഷന്‍ പ്രോഗ്രാമിൽ ആണ് ഡാഡ് എന്ന സ്റ്റാർട്ടപ്പ്‌  പ്രവർത്തിക്കുന്നത്. 

കേൾവി പരിമിതരായ വിദ്യാർഥികൾക്ക് വേണ്ടി ഇൻഫോർമേഷൻ ടെക്നോളജി അധിഷ്ഠിതമായ ഓഫ് ലൈൻ – ഓൺലൈൻ കോഴ്സുകളാണ് ഡാഡിലൂടെ നൽകി വരുന്നത്. ഇന്ത്യൻ സൈൻ  ലാംഗ്വേജ് അതായത് ഐ എസ് എൽ ലൂടെയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. പൂർണ്ണമായും കേൾവി സംസാര പരിമിതരായ വിദ്യാർഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഡാഡിന്റെ എല്ലാ പ്രവർത്തനങ്ങളും. ബധിരരും മൂകരുമായ വ്യക്തികള്‍ക്ക്  പഠിക്കാനുള്ള സഹായപരിപാടികള്‍, സര്‍ഗ്ഗാത്മകത വളര്‍ത്താനുള്ള പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ചെയ്യുന്നത്.

ഡാഡിന്റെ തുടക്കം

പത്തനംതിട്ട  കോഴഞ്ചേരി സ്വദേശിയായ രമ്യ രാജ് വിവാഹത്തിനു ശേഷം  ഒരു എടി സ്‌ഥാപനത്തിൽ പ്രൊജക്റ്റ്‌  മാനേജരായി ജോലി ചെയ്യുകയായിരുന്നു. എന്തെങ്കിലും സ്റ്റാർട്ടപ്പ്‌ തുടങ്ങാം എന്ന ആശയം അല്ല ഡാഡിന് പിന്നിൽ. മറിച്ചു സമാന വെല്ലുവിളികൾ  നേരിടുന്നവർക്ക് സാധാരണ ജീവിതം  പ്രാപ്തമാക്കാൻ ഉള്ള  ഒരു പ്ലാറ്റഫോം ആയിരുന്നു രമ്യ രാജിന്റെ ആശയത്തിന് പിന്നിൽ. കാരണം സമാന പ്രശ്നം അനുഭവിക്കുന്ന ആൾ എന്ന നിലയ്ക്ക് അതേ പ്രശ്നം അനുഭവിക്കുന്നവരെ മനസിലാക്കാൻ സാധിക്കും എന്നുള്ളത് തന്നെ ആയിരുന്നു രമ്യ യുടെ ആദ്യത്തെ ചിന്ത.

dad1
അനീഷ് കുമാർ(customer support), ആര്യ ലക്ഷ്മി വി എസ് (Head of instructor), ഭവ്യശങ്കർ(finance Director), അർച്ചന കൃഷ്ണൻ(Graphic Design), രമ്യ രാജ് (CEO) എന്നിവർ

സ്കൂൾ പഠന കാലം വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ കടന്നു പോയപ്പോൾ  ബിരുദം പഠന കാലവും അതിനു ശേഷം ജോലിയിൽ പ്രവേശിച്ചപ്പോഴും തനിക്ക് കേൾവി പരിമിതി കാരണം ബുദ്ധിമുട്ടുകൾ നേരേണ്ടി വന്നു. പഠന കാലത്ത് മുഴുവൻ സഹായിച്ചത് അമ്മ ആയിരുന്നു. ഇങ്ങനെ കേൾവി പരിമിതരായ കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ രമ്യ രാജ് മനസിലാക്കിയിരുന്നു.ഐടി സ്ഥാപനത്തിൽ പ്രൊജക്റ്റ്‌ മാനേജർ ആയി ജോലി ചെയ്യവേയാണ് കമ്പ്യൂട്ടർ അടിസ്ഥാനമാക്കി തന്റെ ആശയത്തെ ഒരു സംരംഭമാക്കി മാറ്റാൻ രമ്യ തീരുമാനിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ഭർത്താവ് സജിത്ത് സുരേന്ദ്രനാഥിന്റെ പൂർണ്ണ പിന്തുണയോട് കൂടിയാണ് ഈ സംരംഭത്തിന് രമ്യ രാജ് തുടക്കം കുറിക്കുന്നത്.അദ്ദേഹവും കേൾവി പരിമിതനാണ്. രമ്യ രാജിന്റെ സഹോദരൻ  രാഹുലും കേൾവി പരിമിതൻ ആണ്.

സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണ

2018 ഒക്ടോബറിലാണ് രമ്യയും ഡാഡ് ന്റെ ഫിനാൻസ് ഡയറക്ടറുമായ ഭവ്യ ശങ്കറും ചേര്‍ന്ന് ഡാഡിന് രൂപം നല്‍കുന്നത്.കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ സമീപിച്ചപ്പോള്‍ ഈ ആശയത്തിന് പൂര്‍ണസഹകരണമാണ് ലഭിച്ചത്. കോഴിക്കോട് നിന്നാരംഭിച്ച ഈ സംരംഭം പിന്നീട് തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലേക്ക് മാറ്റുകയായിരുന്നു.കേൾവി പരിമിതർക്ക് സോഫ്റ്റ്‌ വെയറിൽ പ്രാഗാല്ഭ്യം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡാഡിൽ ചേർന്ന ഭവ്യ ശങ്കർ, ഗ്രാഫിക് ഡിസൈൻ ആയ അർച്ചന എം കൃഷ്ണൻ,വീഡിയോ സൈൺ ലാംഗ്വേജ് പ്രഫഷണൽ ആയ ശിഖ സുധാകരൻ, കസ്റ്റമർ സപ്പോർട്ട് ആയ അനീഷ് കുമാർ,  അധ്യാപക മേധാവി  ആയ ആര്യ ലക്ഷ്മി വി എസ് എന്നിവർ ആണ് ഡാഡ് ടീമിലെ മറ്റ് അംഗങ്ങൾ.

ഡാഡിലെ  കോഴ്‌സുകൾ

ഡാഡ് തൊഴിൽ അധിഷ്ഠിത കമ്പ്യൂട്ടർ  വിഷയങ്ങളിൽ ഓൺലൈൻ  സർട്ടിഫിക്കറ്റ് കോഴ്സ് ആണ് നൽകി വരുന്നത്.ആറാം ക്ലാസ്  വരെ ഉള്ള കുട്ടികൾക്ക് ട്യൂഷൻ നൽകി വരുന്നുണ്ട്. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ഇലസ്ട്രേറ്റർ, അഡോബ് എക്സിടി, ജാവ, എച് ടി എം എല്, സിപ്ലസ് പ്ലസ് തുടങ്ങിയ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങുകൾ,  എസ് എസ് ഇ, പി എസ് സി തുടങ്ങിയവയ്ക്കുള്ള കോച്ചിങ്, ഇംഗ്ലീഷിലും മലയാളത്തിലും ആശയവിനിമയ വൈദഗ്ധ്യ  വികസനം  എന്നിവയാണ് www.daad.io ലൂടെ  വാഗ്ദാനം ചെയ്യുന്നത്. വീഡിയോയും ട്യൂട്ടോറിയാലും സൈൻ ലാംഗ്വേജ് ൽ ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ നൽകി  പഠിപ്പിക്കുന്നു. ബേസിക് കോഴ്സുകൾ സൗജന്യമായും, അഡ്വാൻസ് കോഴ്‌സുകൾക്ക് ചെറിയ ഫീസും ഈടാക്കിയാണ് പരിശീലനം നൽകുന്നത്.

ഡാഡ് പുതിയ ലക്ഷ്യത്തിലേക്ക്

ബധിരര്‍ക്കായുള്ള എജ്യു-ടെക് സംരംഭത്തിന്‍റെ സാധ്യത വളരെ വലുതാണെന്ന് ഇതിനകം ഇവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സംസാര ഭാഷകൾ സൈൻ ലാംഗ്വേജിലേക്ക് സ്വയമേവ വിവർത്തനം ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ai) അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ അപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള പദ്ധതികൾ  പുരോഗമിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകൾ രാജ്യത്തെ 18 ദശലക്ഷം കേൾവി പരിമിതരിലേക്ക് എത്തിക്കുകയാണ് ഡാഡിന്റെ ലക്ഷ്യം. 

കേൾവി പരിമിതി ഒരു വൈകല്യം ആയി കാണുന്നില്ല. ആംഗ്യ ഭാഷയിലൂടെ ഞങ്ങൾക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും  മുൻവിധികളും മാറണം. കോർപ്പറേറ്റുകൾക്കും ISL നെ സ്വീകാര്യമാക്കി മാറ്റാൻ കഴിയും എങ്കിൽ കേൾവി - സംസാര വെല്ലുവിളികൾ നേരിടുന്നവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.വളരെ ചെറുപ്പത്തിൽ നേടുന്ന അറിവുകൾ കുട്ടികൾക്ക് തൊഴിൽപരമായും സാമൂഹികമായും ഉള്ള മികച്ച അവസരങ്ങൾ  ലഭ്യമാക്കുന്നു.  അവർക്ക് ആക്സസ് ചെയ്യാൻ പറ്റുന്ന മികച്ച പ്ലാറ്റ്ഫോമുകൾ  മാത്രം മതി. അതാണ് ഡാഡിന്റെ  ലക്ഷ്യം എന്നും തങ്ങൾ ആ നിലയിൽ വിജയിച്ചു എന്നും രമ്യരാജ് പറയുന്നു.

 English Summary : Dad, A Specialized Startup for Hearing Impaired

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS