ADVERTISEMENT

കുടുംബ ബിസിനസ് ആണെങ്കിലും കുടുംബസ്വത്താണെങ്കിലുമെല്ലാം വീതം വെക്കുമ്പോള്‍ അത്ര സമത്വമൊന്നും നമ്മുടെ നാട്ടില്‍ ഉണ്ടാകാറില്ല. കുടുംബ ബിസിനസുകള്‍ വിഭജിക്കപ്പെടുമ്പോള്‍ നേതൃസ്ഥാനത്തേക്ക് പെണ്‍മക്കളെത്തുന്നത് ഇപ്പോഴും ജനകീയമായിട്ടില്ല. ഈ സാഹചര്യത്തില്‍ മുകേഷ് അംബാനിയെന്ന അതിസമ്പന്നന്‍ കൈയടി അര്‍ഹിക്കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രധാന ശക്തിസ്രോതസുകളിലൊന്നായ റിലയന്‍സ് റീട്ടെയ്‌ലിന്റെ അധിപയായി മകള്‍ ഇഷയെ വാഴിച്ചതിന്. അത് ശരിവെക്കുന്ന പ്രകടനമാണ് സംരംഭകയെന്ന നിലയിൽ ഇഷ കാഴ്ചവയ്ക്കുന്നതും. 

മനശാസ്ത്രവും ബിസിനസ് ശാസ്ത്രവും

30കാരിയായ ഇഷ അംബാനി വിഖ്യാതമായ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത് അതും സൈക്കോളജിയില്‍. മുന്നിലുള്ളത് ബിസിനസ് ആയതിനാലാകണം ബിരുദാനന്തരബിരുദത്തില്‍ പിന്നീട് എംബിഎക്ക് വഴിമാറി. സ്റ്റാന്‍ഫോഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നായിരുന്നു ബിസിനസ് മാനേജ്‌മെന്റിലെ മാസ്‌റ്റേഴ്‌സ്. പ്രശസ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്കുള്ള ഇഷയുടെ വരവ്. പഠിക്കുന്ന കാലത്ത് ഒരു പ്രൊജക്റ്റ് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ ഇന്റര്‍നെറ്റ് സ്പീഡിനെ കുറിച്ച് തന്നോട് പരാതിപ്പെട്ടതാണ് ടെലികോം രംഗത്തെ മാറ്റിമറിച്ച റിലയന്‍സ് ജിയോയെക്കുറിച്ചുള്ള ചിന്ത തന്നില്‍ ശക്തമാക്കിയതെന്ന് മുകേഷ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും കുടുംബ ബിസിനസ് വിഭജിച്ചു നല്‍കിയപ്പോള്‍ ഇഷയ്ക്ക് ലഭിച്ചത് റീട്ടെയ്‌ലായിരുന്നു. സഹോദരന്‍ ആകാഷ് അംബാനിയാണ് ജിയോ നോക്കി നടത്തുന്നത്. 

അജിയോയുടെ സ്ഥാപക

വരാന്‍ പോകുന്നത് ഇ-കൊമേഴ്‌സിന്റെ കാലമാണെന്ന് തിരിച്ചറിയാന്‍ ഇഷയ്ക്ക് സാധിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഫാഷന്‍ ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ അജിയോ അവതരിപ്പിച്ചത് ഇഷയായിരുന്നു, 2016-17 വര്‍ഷങ്ങളില്‍. ഫാഷന്‍ മേഖലയോട് പ്രത്യേക മമത ഉള്ളതിനാലാകണം അജിയോ കൂടി ഉള്‍പ്പെടുന്ന റിലയന്‍സ് റീട്ടെയ്ല്‍ മൊത്തത്തില്‍ മുകേഷ് ഇഷയെ ഏല്‍പ്പിക്കാന്‍ കാരണം. 2022 ഓഗസ്റ്റില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിലാണ് റിലയന്‍സിന്റെ റീട്ടെയ്ല്‍ മേഖലയുടെ അധിപ ഇനി ഇഷയാണെന്ന് മുകേഷ് പ്രഖ്യാപിച്ചത്. 

Isha-02

കുറച്ച് വര്‍ഷങ്ങളായി റിലയന്‍സ് റീട്ടെയ്ല്‍ നടത്തുന്ന പ്രധാനപ്പെട്ട ഡീലുകളെല്ലാം തന്നെ ഇഷയുടെ പദ്ധതി അനുസരിച്ചായിരുന്നു. നിരവധി രാജ്യാന്തര ബ്രാന്‍ഡുകളെ ഇതിന്റെ ഭാഗമായി അവര്‍ ഇന്ത്യയിലെത്തിച്ചു. അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ ഗ്യാപ്, കോഫി ശൃംഖല പ്രെറ്റ് എ മാനേജര്‍, ടോയ് റീട്ടെയ്‌ലറായ ഹാംലെയ്‌സ് തുടങ്ങിയവയുമായുള്ള കരാറുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഹാംലെയ്‌സിനെ റിലയന്‍സ് ഏറ്റെടുക്കുകയായിരുന്നു. ഒട്ടനവധി ഫാഷന്‍ ബ്രാന്‍ഡുകളുമായുള്ള സഹകരണത്തിന് ഇഷ മുന്‍കൈയെടുക്കുന്നുണ്ട്. ഇതിന്പുറമെ അടുത്തിടെ റിലയന്‍സിന്റെ ആദ്യ ഇന്‍ഹൗസ് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ സ്റ്റോറിനും ഇഷ തുടക്കമിട്ടു. അസോര്‍ട്ടെ എന്ന ബ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല ആഗോള വമ്പന്മാരായ മാംഗോയെയും സറയെയുമെല്ലാമാണ് ഉന്നം വെക്കുന്നത്. 

ആമസോണിനെ തറപറ്റിക്കുമോ

ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുമായി 200 ദശലക്ഷം റജിസ്‌റ്റേര്‍ഡ് ഉപഭോക്താക്കള്‍ റിലയന്‍സ് റീട്ടെയ്‌ലിനുണ്ടെന്നാണ് ഇഷ ഒരു യോഗത്തിനിടെ പറഞ്ഞത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ 2.5 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ആറ് ലക്ഷം ഓര്‍ഡറുകള്‍ ഡെലിവര്‍ ചെയ്യാനും ഇഷയുടെ സംരംഭത്തിനാകുന്നുണ്ട്. റിലയന്‍സ് റീട്ടെയ്‌ലിന്റെ മൊത്തം വരുമാനത്തില്‍ 65 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് സ്വന്തം ബ്രാന്‍ഡുകളാണെന്നതും ഇഷയുടെ ബിസിനസ് സ്ട്രാറ്റജിയുടെ സ്വീകാര്യത കൂട്ടുന്നു. 

പ്രമുഖ ഇ-കൊമേഴ്‌സ് ശൃംഖലകളായ ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഗ്രോസറി ശൃംഖലയായ ബിഗ് ബാസ്‌ക്കറ്റിനെയുമെല്ലാം അപ്രസക്തമാക്കി സമഗ്ര ഇ-കൊമേഴ്‌സ് അനുഭവം നല്‍കാനാണ് റിലയന്‍സ് റീട്ടെയ്‌ലിലൂടെ ഇഷ ഉദ്ദേശിക്കുന്നത്. ഇതിനായി അതിവേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളു(എഫ്എംസിജി)ടെ രംഗത്തേക്കും റിലയന്‍സ് കടക്കുകയാണെന്ന് ഓഗസ്റ്റ് മാസത്തിലേ ഇഷ പ്രഖ്യാപിച്ചിരുന്നു.

ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങള്‍ ഉന്നത ഗുണനിലവാരത്തോടെ താങ്ങാവുന്ന വിലയില്‍ എത്തിച്ചു നല്‍കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ഇഷ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ അത് എതിര്‍പക്ഷത്തുനില്‍ക്കുന്ന ബ്രാന്‍ഡുകളുടെയെല്ലാം നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഓഫ്‌ലൈനും ഓണ്‍ലൈനുമായി വ്യാപിച്ചുകിടക്കുന്ന റീട്ടെയ്ല്‍ ശൃംഖല റിലയന്‍സിനെ ആമസോണിനേക്കാളും ഫ്‌ളിപ്കാര്‍ട്ടിനേക്കാളുമെല്ലാം ബഹുദൂരം മുന്നിലെത്തിക്കുമെന്നാണ് ഇഷയുടെ പ്രതീക്ഷ. 15000ത്തിലധികം സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയ്‌ലിന് നിലവിലുള്ളത്. 

ലോകം ശ്രദ്ധിച്ച മാംഗല്യം

ബാല്യകാല സുഹൃത്തായ ആനന്ദ് പിരമളിനെയാണ് ഇഷ വിവാഹം കഴിച്ചത്, 2018 ഡിസംബറില്‍. അംബാനിയുടെ അതിഗംഭീര വസതിയായ ആന്റിലയില്‍ വെച്ചായിരുന്നു പിരമള്‍ ഗ്രൂപ്പിന്റെ അജയ്, സ്വാതി പിരമള്‍ ദമ്പതിമാരുടെ മകന്‍ ആനന്ദ് ഇഷയെ ജീവിത പങ്കാളിയാക്കിയത്. പോപ്പ് താരം ബിയോണ്‍സിന്റെ പ്രകടനം ആഘോഷമേകിയ വിവാഹത്തില്‍ ഹിലരി ക്ലിന്റന്‍ ഉള്‍പ്പടെ ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു. അത്യാഡംബര വിവാഹമെന്ന രീതിയില്‍ പൂച്ചെണ്ടും കല്ലേറും ഒരുപോലെ ഏറ്റുവാങ്ങിയ ഒന്നായിരുന്നു അത്.

English Summary : Will Isha Ambani Overtake Amazon and Flipkart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com