ADVERTISEMENT

‘എന്നാൽ ബെറ്റ് വയ്ക്കാം’, എന്നു ചെറുപ്പം മുതൽ പറഞ്ഞും കേട്ടും ഉള്ളത് ഓർക്കുന്നുണ്ടാവും. ആ ബെറ്റും വമ്പൻ സ്ഥാപനങ്ങൾ നടത്തുന്ന ബെറ്റും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ജയിച്ചാലും തോറ്റാലും കോടികൾ ലാഭമുണ്ടാക്കുന്നത് ഈ സ്ഥാപനങ്ങള്‍. ഹെഡ്‌സിനും ടെയിൽസിനും തുല്യസാധ്യതയുള്ള  ഒരു  കോയിൻ ടോസ്. ഹെഡ്‌സും ടെയിൽസും യഥാക്രമം പ്രവചിക്കുന്ന രണ്ടു പേരിൽ നിന്ന് ബെറ്റിങ് സ്ഥാപനം അഥവാ ബുക്ക് മേക്കർ (ബുക്ക്മേക്കർ) 100 രൂപ വീതം വാങ്ങുന്നതു സങ്കൽപിക്കുക. വിജയിക്കു വാതുവെച്ച 100 രൂപയ്ക്ക് പുറമേ സമ്മാനമായ 100 രൂപയും ചേർത്ത് 200 രൂപ കൊടുത്താൽ ബുക്ക് മേക്കർക്ക് ലാഭമില്ല. എന്നാൽ വിജയിക്ക്  സമ്മാനമായി കൊടുക്കുന്നത് 90 രൂപയാണെങ്കിലോ? രണ്ടു പേരിൽ നിന്നായി വാങ്ങുന്നത് 200 രൂപ (100*2), അതിലൊരു വിജയിക്ക് കൊടുക്കുന്നത് 190 രൂപ (100 + 90). 10 രൂപ കമ്പനിക്കു ലാഭം. അഥവാ ഫലം എന്തായാലും ബുക്ക് മേക്കർ ലാഭത്തിലാണ്

ലാഭം ബുക്ക് മേക്കർക്ക്

football-betting4

ഏതുതരം ചൂതാട്ടത്തിലും ബുക്ക് മേക്കർ ലാഭമുണ്ടാക്കുന്നത് ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കുമ്പോഴാണ്. സമ്മാനത്തുക, നടത്തിപ്പിനുള്ള ചെലവ് എന്നിവയെക്കാൾ കൂടുതൽ വിറ്റുവരവ് ലഭിക്കുമ്പോഴാണ് ലോട്ടറി ലാഭകരമാകുന്നത്. ഭാഗ്യാന്വേഷികൾ ഒരുപാടുള്ള കേരളം പോലൊരു സ്ഥലത്ത് ലാഭകരമായി ലോട്ടറി നടത്തൽ ഒരു വെല്ലുവിളിയല്ല. എന്നാൽ അതുപോലെയല്ല സ്പോർട്സ് ബെറ്റിങ്. ഇവിടെ ഹെഡ്‌സിനു 10 പേരും ടെയിൽസിന് 5 പേരുമാണ് വാതു വെക്കുന്നതെങ്കിലോ? ബുക്ക് മേക്കറുടെ വരവ് 1500 രൂപ (15 പേർ * 100 രൂപ വീതം). ടെയിൽസ് വന്നാൽ സമ്മാനമായി കൊടുക്കേണ്ടത് 950 രൂപ (190 രൂപ * 5 പേർ), ലാഭം 550 രൂപ (1500 - 950). ഹെഡ്‌സ് വന്നാലോ? സമ്മാനമായി കൊടുക്കേണ്ടത് 1900 രൂപ (190 രൂപ * 10 പേർ). നഷ്ടം 400 രൂപ (1500  - 1900) കോയിൻ ടോസിൽ ഹെഡ്‌സിനും ടെയിൽസിനുമുള്ള തുല്യസാധ്യത സ്പോർട്സ് ബെറ്റിങ്ങിൽ ഉണ്ടാകില്ല. കൂടിയതോ കുറഞ്ഞതോ ആയ മുൻതൂക്കം ഏതെങ്കിലുമൊരു ടീമിന് എപ്പോഴുമുണ്ടാകും. അതുകൊണ്ടുതന്നെ കൂടിയ തുക വാതുവെക്കുന്നതു വിജയ സാധ്യത കൂടിയ ടീമിനു വേണ്ടിയായിരിക്കും. എങ്കിൽ ബുക്ക് മേക്കർ എങ്ങനെ ലാഭം നേടും? 

വിജയ സാധ്യത കൂടിയ ടീമിന് വാതുവെച്ചവർക്ക് കുറഞ്ഞ നിരക്കിലും വിജയ സാധ്യത കുറഞ്ഞ ടീമിന് വാതുവെച്ചവർക്ക് കൂടിയ നിരക്കിലും സമ്മാനം കൊടുത്താലോ? ഇക്കഴിഞ്ഞ അർജൻറീന സൗദി മത്സരത്തിനു മുമ്പ് അർജൻറീനക്ക് 80% വിജയസാധ്യതയും സൗദിക്ക് 20% വിജയസാധ്യതയും ആയിരുന്നുവെന്ന് കരുതുക. വാതുവെപ്പുകാർ ഇതേ രീതിയിൽ ചിന്തിച്ചാൽ ബെറ്റ് തുകയുടെ 80% അർജൻറീനക്ക് ആയിരിക്കും,  20% സൗദിക്കും. ഇവിടെ ബുക്ക് മേക്കർ ഒരു മാറ്റം വരുത്തുന്നു - അർജൻറീനക്കുള്ള ഓരോ 100 രൂപ ബെറ്റിനും സമ്മാനമായി ലഭിക്കുക 20 രൂപ (മൊത്തം 120 രൂപ), സൗദിക്ക് വേണ്ടിയുള്ള ഓരോ 100 രൂപയ്ക്കും സമ്മാനം 375 രൂപ (മൊത്തം 475 രൂപ). മൊത്തം 100 ബെറ്റുകൾ വന്നു -  80 അർജൻറീനക്ക്, 20 സൗദിക്ക്. ബുക്ക് മേക്കറുടെ വരുമാനം 10,000 രൂപ (100 ബെറ്റുകൾ * 100 രൂപ). അർജൻറീന ജയിച്ചാൽ കൊടുക്കേണ്ടത് 120 രൂപ * 80 പേർ = 9600  രൂപ.  സൗദി ജയിച്ചാൽ കൊടുക്കേണ്ടത് 475 രൂപ * 20 പേർ = 9500 രൂപ. അഥവാ ആരു ജയിച്ചാലും ബുക്ക് മേക്കർ ലാഭത്തിൽ! 

football-betting3

സമ്മാനത്തുകയിൽ നിരന്തരം മാറ്റങ്ങൾ

എന്നാൽ വാതുവെച്ചത് 75/25 എന്ന കണക്കിൽ ആയിരുന്നെങ്കിലോ?  സൗദിയുടെ ജയത്തോടെ 11875 രൂപ (475 രൂപ * 25 പേർ)  കൊടുക്കേണ്ടി വരുമായിരുന്നു; 1875 രൂപ നഷ്ടത്തിൽ! ഇതാണ് ഏതൊരു ബുക്ക് മേക്കറും നേരിടുന്ന വെല്ലുവിളി. മത്സരഫലം എന്തായാലും ലാഭം കിട്ടുന്ന രീതിയിലേക്ക് ബെറ്റുകളെ കൊണ്ടുവരിക - സമ്മാനത്തുകയിൽ നിരന്തരം മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ബുക്ക് മേക്കർ ഈ ലക്ഷ്യത്തിലേക്കെത്തുന്നത്. അതായത് പല സമയങ്ങളിൽ ഒരേ ടീമിന് ബെറ്റ് വെക്കുന്നവർക്ക് ലഭിക്കാവുന്ന സമ്മാനം വ്യത്യസ്തമായിരിക്കാം - ഒരേ വിമാനയാത്രയ്ക്ക് ഒരേ ക്ലാസിൽ വ്യത്യസ്ത നിരക്കുകൾ നൽകുന്ന യാത്രക്കാരെപ്പോലെ

ഏതെങ്കിലുമൊരു മത്സരത്തിലെ വിജയിയെ പ്രവചിക്കാനുള്ള ബെറ്റുകളെക്കാൾ ബുക്ക് മേക്കർക്കു പ്രിയം ഒരു ടൂർണമെന്റിലെ വിജയിയെ പ്രവചിക്കാനുള്ള ബെറ്റുകളായിരിക്കും. ഉദാഹരണത്തിന് ഫിഫ ലോക റാങ്കിങ്ങിലെ ആദ്യ ഏഴുപേരിൽ ഇറ്റലി ഒഴികെയുള്ള ആറ് ടീമുകൾ ഈ ലോകകപ്പിന് യോഗ്യത നേടിയവരാണ്. ടൂർണമെൻറ് തുടങ്ങുന്നതിനുമുമ്പ് ഈ ആറുപേർക്കും വേണ്ടി ബെറ്റ് വെച്ചവരുണ്ടാകും. ഇവരിലൊരാൾ കപ്പ് നേടുമ്പോൾ ബാക്കി അഞ്ചു ടീമുകൾക്ക് വേണ്ടി വാതുവെച്ച പണം  ബുക്ക് മേക്കറുടെതാവും!  ഇനി ഈ ആറ് ടീമുകൾക്കും പകരം ഏഴാമതൊരു ടീമാണ് വിജയിക്കുന്നതെങ്കിൽ ആ ആറാമന്റെ പേരിൽ വെച്ച തുകയും ബുക്ക് മേക്കറുടെതാവും! 

വാതുവെപ്പ് എന്തിനും ഏതിനും

football-betting

ആരു ജയിക്കുമെന്നതിൽ മാത്രമല്ല വാതുവെപ്പ്. ഓരോ മത്സരത്തിലെയും ഗോൾ വ്യത്യാസം, മൊത്തം ഗോളുകളുടെ എണ്ണം എന്നിവയിലും ചില ബുക്ക് മേക്കർമാർ വാതുവെക്കാൻ അവസരം നൽകുന്നു. ഉദാഹരണത്തിന് ഗോൾ വ്യത്യാസം നാലിന് മുകളിൽ ആയിരിക്കും എന്നും നാലിൽ കുറവായിരിക്കും എന്നും  വാതുവയ്ക്കാം.  അതുപോലെ മൊത്തം ഗോളുകളുടെ എണ്ണം നാലിന് മുകളിൽ ആയിരിക്കുമെന്നും നാലിൽ കുറവായിരിക്കുമെന്നും വാതുവയ്ക്കാം. തുല്യശക്തികൾ മത്സരിക്കുമ്പോൾ ഇവരിലാര് ജയിക്കുമെന്ന ചോദ്യത്തിനാണ് പ്രസക്തി. ഏതെങ്കിലുമൊരു ടീമിന് ഉയർന്ന ജയസാധ്യതയുള്ളപ്പോൾ ആരു ജയിക്കുമെന്ന ചോദ്യത്തിന് പ്രസക്തി കുറവാണ്. അത്തരം മത്സരങ്ങളിൽ ഗോൾ വ്യത്യാസവും ഗോളുകളുടെ എണ്ണവും അടിസ്ഥാനമാക്കിയ ബെറ്റുകൾ ആയിരിക്കും ബുക്ക് മേക്കർക്കും വാതുവെപ്പുകാർക്കും പ്രിയപ്പെട്ടത്! 

വാതുവെപ്പും ഒത്തുകളിയും തമ്മിലെന്താണ് ബന്ധം? 

ഇറ്റലിയും ഇന്തൊനീഷ്യയും തമ്മിലുള്ളൊരു ഫുട്ബോൾ മത്സരം സങ്കൽപ്പിക്കുക. ഇറ്റലിയുടെ ഫിഫ റാങ്ക് 6, ഇന്തൊനീഷ്യയുടേത് 152. ഇറ്റലിയുടെ ജയസാധ്യത 90% എന്ന് കരുതുക.  ഇറ്റലി വിജയിച്ചാൽ 100 രൂപക്ക് 50എന്ന തോതിലും ഇന്തൊനീഷ്യ ജയിച്ചാൽ 100 രൂപക്ക് 70 എന്ന തോതിലും  ഒരു ബുക്ക് മേക്കർ സമ്മാനം വാഗ്ദാനം ചെയ്യുന്നു. ഇറ്റലിക്ക് 900,  ഇന്തൊനീഷ്യക്ക് 100 എന്നിങ്ങനെ ബെറ്റുകൾ വരുന്നു. ബുക്ക് മേക്കറുടെ വരുമാനം ഒരുലക്ഷം രൂപ (100  രൂപ * 1000  പേർ). ഇറ്റലി ജയിച്ചാൽ കൊടുക്കേണ്ടത് 1,35,000 രൂപ (150 രൂപ * 900 പേർ). ഇന്തോനേഷ്യ ജയിച്ചാൽ കൊടുക്കേണ്ടത് 17,000 രൂപ (170 രൂപ * 100 പേർ). ഇറ്റലി ജയിച്ചാൽ 35,000 രൂപ നഷ്ടം; ഇന്തോനേഷ്യ ജയിച്ചാൽ 83,000 രൂപ ലാഭം. അതായത് മത്സരഫലം അനുസരിച്ചായിരിക്കും ബുക്ക് മേക്കറുടെ ലാഭ/നഷ്ടങ്ങൾ

football-betting2

കോഴ വാങ്ങി ബുക്ക് മേക്കർ നിർദ്ദേശിക്കുന്ന രീതിയിൽ കളിക്കുന്നതാണ് ഒത്തുകളി. ഇന്തൊനീഷ്യയ്ക്കു കോഴ കൊടുത്താൽ അവർ ഇറ്റലിയുടെ ഫുട്ബോൾ മികവിലേക്കെത്തില്ല. എന്നാൽ ഇറ്റലിക്ക് കോഴ കൊടുത്താൽ അവരെ ഇന്തൊനീഷ്യയെക്കാൾ താഴ്ന്ന നിലവാരത്തിലേക്കെത്തിക്കാം - അഥവാ ഇന്തോനേഷ്യ ജയിക്കണമെങ്കിൽ ഇറ്റലി തോറ്റു കൊടുക്കണം. ബുക്ക് മേക്കർ ഇറ്റാലിയൻ ടീമിന് 42000 രൂപ (ഇറ്റലി തോൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ പകുതി) കോഴ വാഗ്ദാനം ചെയ്യുന്നു; കോഴ വാങ്ങിയ ഇറ്റലി തോറ്റു കൊടുക്കുന്നു (ഇതു വെറും സാങ്കൽപികമാണ്) - 41000 രൂപ ബുക്ക് മേക്കറുടെ ലാഭം (83000– 42000 = 41000)! 

ലഹരി ഫുട്ബോളിൽ

ക്രിക്കറ്റിനേക്കാൾ എളുപ്പമാണ് ഫുട്ബോളിലോ ഹോക്കിയിലോ ഒത്തുകളിക്കുന്നത് - ഗോൾകീപ്പർ മാത്രം വിചാരിച്ചാൽ കൂടുതൽ ഗോളുകൾ വഴങ്ങാം;  സ്വന്തം ടീമിനെ തോൽപ്പിക്കാം! അഥവാ ടീമിനെ മൊത്തമായി സ്വാധീനിക്കേണ്ട! 

ഇത്രയും വായിച്ച് ബെറ്റിങ് സൈറ്റുകളിലേക്ക് കുതിക്കാൻ വരട്ടെ - കുതിരപ്പന്തയത്തിൽ ഒഴികെയുള്ള സ്പോർട്സ് ബെറ്റിങ് ഇന്ത്യയിൽ നിയമവിധേയമാണോ എന്നത് തർക്കവിഷയമാണ്. വിദേശ ബെറ്റിങ് സൈറ്റുകളിലേയ്ക്കു വിദേശനാണ്യം അയക്കുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യൻ രൂപയിൽ പണം അയക്കുന്നത് എളുപ്പമല്ല; തട്ടിപ്പാകാനുള്ള സാധ്യതകൾ വളരെ കൂടുതലുമാണ്. അതിനാൽ ലഹരി ഫുട്ബോളിൽ മാത്രമാകട്ടെ!

English Summary : Know How to Make Money through Football Betting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com