ADVERTISEMENT

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹകരണത്തോടെ നടക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്‍റെ മൂന്നാം ലക്കത്തില്‍ സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങളുടെ മത്സരം സംഘടിപ്പിക്കുന്നു. പൊതു സമൂഹത്തിന്‍റെ ജീവിതം സുഗമമാക്കാനുള്ള ഏഴ് ചലഞ്ചുകളാണ് ഡിസൈന്‍ വീക്ക് മുന്നോട്ടു വയ്ക്കുന്നത്.

ഡിസംബര്‍ 16, 17 തിയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഐലന്‍റില്‍ നടക്കുന്ന ഡിസൈന്‍ വീക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഇതിന്‍റെ ഭാഗമായി സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നൂതനാശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനായി സോഷ്യല്‍ ഡിസൈന്‍ ചലഞ്ചാണ് അവതരിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക്  https://bit.ly/SDC_kdw എന്ന വെബ്സൈറ്റിലൂടെ ചലഞ്ചില്‍ പങ്കെടുക്കാം. ഡിസംബര്‍ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

∙മാലിന്യസംസ്ക്കരണം എന്ന പൊതു പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയുള്ള സ്മാര്‍ട്ട് മാലിന്യ വീപ്പയാണ് ആദ്യ ചലഞ്ച്. ഉപയോഗിക്കാന്‍ എളുപ്പമുള്ളതും എളുപ്പത്തില്‍ മാലിന്യം കളയാനും വൃത്തിയാക്കാനും സാധിക്കുന്നതുമാകണം.

∙സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കാനുള്ളതാണ് രണ്ടാമത്തെ ചലഞ്ച്. പോഷകാഹാര തോത് പാലിച്ച്, ചെലവ് കുറച്ച് സരളമായി വിതരണം ചെയ്യാന്‍ പാകത്തില്‍ ഉച്ചഭക്ഷണമൊരുക്കുന്നതാണ് ഇതിലെ വെല്ലുവിളി.

∙പുതുതലമുറയ്ക്കനുയോജ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് മൂന്നാമത്തെ ചലഞ്ച്. മികച്ച രൂപകല്‍പ്പന, മഴയത്തും വെയിലത്തും സുരക്ഷ, സ്മാര്‍ട്ട് ഫീച്ചറുകള്‍ എന്നിവയാണ് പുതിയ ഡിസൈനിലൂടെ പ്രതീക്ഷിക്കുന്നത്.

∙ചെലവ് കുറഞ്ഞതും എന്നാല്‍ സൗകര്യങ്ങളോട് കൂടിയതുമായ തൊഴുത്ത് നിര്‍മ്മാണമാണ് അടുത്ത ചലഞ്ച്. ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തുന്ന സാധാരണക്കാരായ ക്ഷീരകര്‍ഷകരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. 

∙വായനശാലകളിലേക്ക് യുവാക്കളെ എത്തിക്കാനും അതു വഴി സക്രിയമായ പ്രവര്‍ത്തന കേന്ദ്രങ്ങളാക്കി അവയെ മാറ്റാനും സാധിക്കുന്ന വഴികളാണ് അഞ്ചാമത്തെ ചലഞ്ച്. ഇതിനായി വായനശാലകളുടെ ബാഹ്യവും ആന്തരികവുമായ രൂപകല്‍പ്പന, സ്മാര്‍ട്ട് ശീലങ്ങളിലേക്കുള്ള മാറ്റം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

startup-missin

∙തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള നൂതനാശയങ്ങളാണ് ആറാമത്തേത്.

∙പൊതു കെട്ടിടങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ തക്കവണ്ണമുള്ളതാക്കാനുള്ള ആശയങ്ങളാണ് ഏഴാമത്തെ ചലഞ്ചിലൂടെ ക്ഷണിക്കുന്നത്. നിലവില്‍ പല കെട്ടിടങ്ങളും അന്ധ-വികലാംഗ സൗഹൃദമല്ല. എല്ലാ പ്രായക്കാരെയും, ശാരീരിക വൈകല്യങ്ങളുള്ളവരെയും ഉള്‍പ്പെടുത്തുന്ന പുതിയ ഡിസൈനും നിലവിലെ കെട്ടിടങ്ങളെ മാറ്റാനുമുള്ള മാര്‍ഗങ്ങളാണ് ഈ ചലഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുനനത്.

ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്.  ആര്‍ക്കിടെക്റ്റുകള്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈന്‍ വീക്കിനുണ്ട്.

അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ദേശീയ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സ് (ഐഐഐഡി), ദി ഇന്‍ഡസ് എന്‍റര്‍പ്രണേഴ്സ് (ടിഐഇ) തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്. https://kochidesignweek.org എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

English Summary : Kochi Designe Week on December 16-17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com