ഹഡില്‍ ഗ്ലോബല്‍ സ്റ്റാർട്ടപ്പ് സംഗമത്തിൽ നൂറിലധികം നിക്ഷേപകരെത്തും

HIGHLIGHTS
  • സംഗമം കോവളത്ത് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
huddle-global1
SHARE

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ കേരളത്തിലേക്കെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ കേരളത്തിലെത്തുന്നത്. ഡിസംബര്‍ 15, 16 തീയതികളില്‍ കോവളത്ത് റാവിസ് ഹോട്ടലില്‍ നടക്കുന്ന സംഗമം 15ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജി ടെക് ചെയര്‍മാന്‍ വി കെ. മാത്യൂസ്, റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി ഡോ. കെ എം. എബ്രഹാം  എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങളേയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയേയും കുറിച്ചുള്ള കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

സ്റ്റാർട്ടപ്പ് അനുകൂല അന്തരീക്ഷം

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഹഡില്‍ ഗ്ലോബലില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക അറിയിച്ചു. ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി സാമൂഹിക പ്രസക്തിയുള്ള കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നയരൂപീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റൗണ്ട് ടേബിള്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച 3 ന് നടക്കുന്ന പരിപാടിയിലൂടെ സംസ്ഥാനത്ത് ഒരു സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് പോളിസി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് പുതിയ ടെക്നോളജി അധിഷ്ഠിത സംരംഭങ്ങളിലേക്കും സ്റ്റാര്‍ട്ടപ്പുകളിലേക്കും എത്തിച്ചേരുക അപ്രാപ്യമെന്നു കരുതുന്ന അവസ്ഥ നിലവിലുണ്ടെന്നും ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അനൂപ് അംബിക പറഞ്ഞു. ഗ്രാമീണമേഖലയില്‍ നിന്ന് പുതിയ കണ്ടുപിടുത്തങ്ങളുമായെത്തുന്ന സാധാരണക്കാരെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി മുന്നോട്ടു കൊണ്ടുവരാനും അവരുടെ ഉല്പന്നങ്ങള്‍ക്ക് ഒരു ആഗോളവിപണി ഉണ്ടെന്ന് പരിചയപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഇത് മികച്ച സാമൂഹ്യ സംരംഭക അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമാകും. ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സംരംഭകരുടെ വിപണനമൂല്യമുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനം ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകുമെന്നും  അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നിക്ഷേപകരെത്തും. യുവ സംരംഭകര്‍ക്ക് ആശയങ്ങളുടെ രൂപകല്പന മുതല്‍ ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങി സംരംഭം വിജയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍  മെന്‍റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉല്പന്നങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.  

kerala-startup-mission

സാമൂഹ്യ സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍

നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്‍റെ പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യൂനൂസ് സോഷ്യല്‍ ഫണ്ട് ബെംഗളൂരു, ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. കേരളത്തിലെ കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്വയം സഹായ സംഘങ്ങള്‍, സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ്-എന്‍ജിഒ പ്രതിനിധികള്‍, റിസര്‍ച്ച് സ്ഥാപന മേധാവികള്‍, യൂണിവേഴ്സിറ്റി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേരളത്തിന്‍റെ തനതായ ഉല്പന്നങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനുള്ള സാധ്യതകള്‍, നിലവിലെ സാമൂഹ്യ സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അത് പരിഹരിക്കാനാവശ്യമായ നടപടികള്‍ എന്നിവ  ചര്‍ച്ചയുടെ ഭാഗമാവും.

സമ്മേളനത്തിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചും സംഘടിപ്പിക്കും. ഇതില്‍ വിജയിയാകുന്ന ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

ആരൊക്കെ പങ്കെടുക്കും

നിക്ഷേപകരായ രാജേഷ് സാഹ്നി, നിയാസ ലൈയ്ക്, അനൂപ് ജയിന്‍, അവിരാല്‍ ഭട്നാഗര്‍, പദ്മജ, വിഷേഷ് രാജാറാം, ആശിഷ് തനേജ, കുര്‍ത്തി റൈയാനി, അരവിന്‍ ജി നംദേവ്, രാം കര്‍ത്ത, എഡ്വിന്‍ ജോണ്‍, പി. കെ. ഗോപാലകൃഷ്ണന്‍, അനില്‍ ജോഷി, ദീപിക ജെയ്ന്‍, നീര ഇനാംദാര്‍, തേജ് കപൂര്‍ തുടങ്ങിയവര്‍ ദ്വിദിന സമ്മേളനത്തില്‍ പ്രഭാഷകരായെത്തും.സംരംഭകര്‍, നിക്ഷേപകര്‍, മെന്‍റര്‍മാര്‍, ഉപഭോക്താക്കള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ച് ഒരു വേദിയിലെത്തിക്കാന്‍ സമ്മേളനം സഹായകമാകും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും.  നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ അഞ്ച് വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തിന്‍റെ ഭാഗമായുണ്ടാകും. സ്റ്റാര്‍ട്ടപ്പുകളുടെ പുതിയ ഉല്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളുടെ മുന്നില്‍ അവതരിപ്പിക്കണം, എങ്ങനെ വിപണനം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

അനുഭവങ്ങളറിയാം

ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നിക്ഷേപകരെത്തും. യുവ സംരംഭകര്‍ക്ക് ആശയങ്ങളുടെ രൂപകല്പന മുതല്‍ ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങി സംരംഭം വിജയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍  മെന്‍റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.  

ടെക് ടോക്കുകള്‍, സ്റ്റാര്‍ട്ടപ്പ് ഡെമോ, ഫയര്‍സൈഡ് ചാറ്റ്, നിക്ഷേപകരുമായുള്ള സ്പീഡ് ഡേറ്റിങ്, ഇന്‍ഡസ്ട്രി ചലഞ്ച്, സ്റ്റാര്‍ട്ടപ്പ് പിച്ചിങ്, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍   എന്നിവ സമ്മേളനത്തിന്‍റെ സവിശേഷതയാണ്. 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിച്ചിങ് മത്സരം സമ്മേളനത്തിന്‍റെ ആദ്യദിനം നടക്കും.

കേരള വ്യവസായ മന്ത്രി പി. രാജീവ്, തമിഴ്നാട് സര്‍ക്കാര്‍ വിവര സാങ്കേതികവിദ്യാവകുപ്പ് മന്ത്രി ടി. മനോ തങ്കരാജ്, കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, കെഎസ് യുഎം സിഇഒ  അനൂപ് അംബിക,  ഇന്ത്യയിലെ സ്വിസ്നെക്സിന്‍റെ സിഇഒയും സ്വിറ്റ്സര്‍ലന്‍ഡ് കോണ്‍സല്‍ ജനറലുമായ ജോനാസ് ബ്രണ്‍ഷ്വിഗ്, ഓസ്ട്രിയന്‍ എംബസിയിലെ വാണിജ്യ കൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ  ഹാന്‍സ്-ജോര്‍ഗ് ഹോര്‍ട്നാഗല്‍ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

കെഎസ് യുഎം ബിസിനസ് ഡെവലപ്മെന്‍റ് ഹെഡ് അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, കെഎസ് യുഎം പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്‍റ് മാനേജര്‍ അഷിത വിഎ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary : Huddle Global - Kerala Startup Meet 2022 will Start on December 15 th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS