ADVERTISEMENT

ഏഷ്യയിലെതന്നെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ സ്റ്റാർട്ടപ്പുകൾ ഉള്ള ഇടം കേരളമാണെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം കോവളത്തു നടന്ന ഹഡിൽ ഗ്ലോബൽ സംഗമത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നിട്ടും ചില കാര്യങ്ങളിൽ ഇവിടുത്തെ സ്റ്റാർട്ടപ്പുകൾ പിന്നോട്ടു പോകുകയാണ്. അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്താനും ഉൽപ്പന്ന സാധ്യതകളെ ബോധ്യപ്പെടുത്താനും സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ വളർച്ചയ്ക്ക് ആവശ്യമായ ഫണ്ടു സമാഹരിക്കാനും സാധിക്കുന്നില്ല. ഇതിനുള്ള പരിഹാരം കണ്ടെത്തുക എന്നതാണ് പുതിയ സ്റ്റാർട്ടപ്പുകൾക്കു മുന്നിലെ വെല്ലുവിളി.

ആദ്യകാലങ്ങളിൽ നിക്ഷേപകർ ഈസിയായി ഫണ്ടിങ് നടത്തിയതുപോലെയല്ല, സ്റ്റാര്‍ട്ടപ്പുകളെ നന്നായി വിലയിരുത്തിയതിനു ശേഷമാണിപ്പോൾ നിക്ഷേപം നടത്തുന്നതെന്നു സംഗമത്തിനെത്തിയ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും ചൂണ്ടിക്കാട്ടി. അതിനനുസരിച്ച് തയാറെടുത്തുള്ള നീക്കമല്ല ഇപ്പോഴും സ്റ്റാർട്ടപ്പുകളുടെ ഭാഗത്ത് നിന്നുള്ളത്. 

വിപണനത്തിനും വേണം മുൻഗണന

കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിലേറെയും തങ്ങളുടെ ഉൽപ്പന്നം വികസിപ്പിച്ചെടുക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അവർക്കത് ലാഭകരമായ ബിസിനസായി മാറ്റാനാകുന്നില്ല. ഉൽപ്പന്ന വികസനത്തിനു നൽകുന്ന അതേ പ്രാധാന്യത്തോടെ ഉൽപ്പന്നത്തിന്റെ കൃത്യമായ വിപണനത്തിനും കൂടുതൽ കസ്റ്റമേഴ്സിലേയ്ക്ക് എത്തിച്ചേരാനും മുൻഗണന നൽകുകയാണ് വേണ്ടത്.

വളർച്ചയ്ക്ക് വളരെ നിർണയകമായ ഈ കാര്യത്തിൽ പലരും വേണ്ടത്ര പരിഗണന നൽകാത്തതുകൊണ്ട് നിക്ഷേപകരുടെ മുന്നിൽ തങ്ങളുടെ ഉൽപ്പന്ന മൂല്യമെന്താണെന്നും എങ്ങനെയെല്ലാം വിപണനം ചെയ്യാനുദ്ദേശിക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നതിൽ പലരും പരാജയപ്പെടുന്നു. ഇത്തവണ  സംഗമത്തിനെത്തിയ നിരവധി നിക്ഷേപകര്‍ക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമാണുള്ളത്, മികച്ച ഉൽപ്പന്നമുള്ളവർ പോലും അതിന്റെ വിപണന സാധ്യത ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതു കൊണ്ട് മാത്രം സഹായിക്കാനാകാത്ത സ്ഥിതി വിശേഷമാണുള്ളതെന്ന് നിക്ഷേപകർ അഭിപ്രായപ്പെട്ടു. 

"കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭകർ തങ്ങളുടെ സവിശേഷമായ ഉൽപ്പന്നം വികസിപ്പിച്ചെടുത്തതിനു ശേഷം കൂടുതൽ പുതുമ വരുത്തുന്നതിനു മുന്നേ തന്നെ ദേശീയ, രാജ്യാന്തര തലത്തിൽ അവയെത്തിക്കുന്നതിനുള്ള നടപടികള്‍ക്കാണ് മുൻഗണന നൽകേണ്ടത്". സീനിയർ സ്റ്റാർട്ടപ്പ് സംരംഭകനും ഇപ്പോൾ സ്റ്റാർപ്പുകൾക്ക് മാർഗനിർദേശങ്ങൾ നൽകുന്ന മെന്ററുമായ ജോർജി പി ജേക്കബ് പറയുന്നു. ഇങ്ങനെ സ്വന്തമായൊരിടം നേടിയ ശേഷം ഇവർ ഉൽപ്പന്ന വികസനത്തിന്റെ അടുത്തഘട്ടത്തിലേക്കു പോകുന്നതായിരിക്കും കൂടുതൽ സുരക്ഷിതമെന്നും ജോര്‍ജി പറയുന്നു. ഇങ്ങനെ സ്റ്റാർട്ടപ്പ് സംരംഭകർക്ക് കൈത്താങ്ങാകുന്ന ഹെഡ്സ്റ്റാർട്ട് എന്ന സീനിയർ സംരംഭകരുടെ കൂട്ടായ്മയുടെ സഹായം തുടക്കക്കാർക്ക് തേടാനാകും.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്റ്റാർട്ടപ്പുകൾക്ക് അടുത്തതലത്തിലേക്കുള്ള വളർച്ച എളുപ്പമാകും

 

ഗോ ടു മാർക്കറ്റ്

നിങ്ങള്‍ വികസിപ്പിച്ചെടുത്ത അടിപൊളി ഉൽപ്പന്നം വീണ്ടും തേച്ചു മിനുക്കി കൊണ്ടിരിക്കാതെ  വേഗം ഇടപാടുകാരിലേക്കെത്തിക്കാനുള്ള വഴി നോക്കാം. ഇപ്പോൾ 50 ഇടപാടുകാരുണ്ടെങ്കിൽ എത്രയും വേഗം അത് പതിനായിരമാക്കുക. അതിനുള്ള ഏറ്റവും മികച്ച തന്ത്രമൊരുക്കാം. പറ്റാത്ത തന്ത്രങ്ങൾ എത്രയും പെട്ടെന്ന് ഉപേക്ഷിക്കുക. 

നിക്ഷേപകരെ അറിയുക

ആരും വെറുതെ ഫണ്ട് ചെയ്യില്ല.അവർ പദ്ധതി കൃത്യമായി പഠിച്ച് ലാഭസാധ്യത ഉറപ്പാക്കി മാത്രമേ നിക്ഷേപിക്കൂ. അതു കൊണ്ട് ചില ചോദ്യങ്ങൾ സ്വയം ചോദിക്കുക 

എനിക്കെന്തിനാണ് മൂലധനം?

എത്ര ഫണ്ട് വേണം?

അത് കിട്ടിയാൽ എനിക്ക് 50 ഇടപാടുകാരിൽ നിന്ന് 10000 പേരിലേക്കെത്താനാകുമോ? 

ഏത് തരം ഇടപാടുകാരാണ് വേണ്ടത്? 

ഇതിനനുസരിച്ച് കുറഞ്ഞ തുകയേ ആദ്യ ഘട്ടത്തിൽ ആവശ്യമുള്ളു എങ്കിൽ സുഹൃത്തുക്കളും ബന്ധുക്കളുമുള്ള സര്‍ക്കിളിൽ നിന്ന് സമാഹരിക്കാം. 2 കോടി വരെയുള്ള നിക്ഷേപമാണ് ആവശ്യമെങ്കിൽ എഞ്ചൽ നിക്ഷേപകരുണ്ടാകും. അതിനുമുകളിലുള്ള നിക്ഷേപമാണാവശ്യമെങ്കിൽ വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകളുടെ അടുത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്താനാകണം. അവർക്ക് നിക്ഷേപത്തിൽ നിന്ന് ലാഭം കിട്ടണം. അതിനനുസരിച്ച് ഇൻവെസ്റ്റമെന്റ് തിസീസ് തയാറാക്കി അതിനനുയോജ്യമാകുമോ എന്നുറപ്പാക്കിയേ അവർ നിക്ഷേപിക്കേണ്ടവരെ തിരഞ്ഞെടുക്കൂ.

വേണം ആത്മവിശ്വാസം

നിക്ഷേപകരോട് അമിത വിനയവും ബഹുമാനവും ആവശ്യമില്ല. സ്വന്തം ഉൽപ്പന്ന മികവ് കാട്ടിക്കൊടുക്കുന്നതിലാകണം ശ്രദ്ധ. നിക്ഷേപകർ സൂപ്പർ പവറല്ല. നമ്മുടെ പദ്ധതിയിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ വന്നവരാണവർ. ഫണ്ടിങ് നേടുന്നതിനൊപ്പം അവരെ നമുക്ക് പലകാര്യങ്ങളിലും ഉപയോഗപ്പെടുത്താനാകും. ചിലർക്ക് നല്ല കണക്ഷൻസുണ്ടാകും, അല്ലെങ്കിൽ വിദഗ്ധരെ തേടിപ്പിടിക്കാൻ സഹായിച്ചെന്നിരിക്കും, ഫണ്ടിങിനൊപ്പം ഇങ്ങനെ അവരുടെ നേട്ടങ്ങളുമുപയോഗപ്പെടുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com