ADVERTISEMENT

കേരളത്തിൽ നിർമിക്കുന്ന ഉല്പന്നങ്ങൾക്ക് ഗുണമേന്മ സാക്ഷ്യപ്പെടുത്തി കേരള ബ്രാന്‍ഡ് നൽകി ദേശീയ രാജ്യാന്തര വിപണികളിൽ എത്തിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഉല്പന്ന വില്പനയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോം അടുത്ത സാമ്പത്തിക വർഷം സജ്ജമാകും. കേരളത്തിന്റെ സംരംഭകവർഷം പദ്ധതി ദേശീയ അംഗീകാരം നേടിയ പശ്ചാത്തലത്തിൽ വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെയെങ്കിലും നൂറു കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കാനും അടുത്ത ഘട്ടം ലക്ഷ്യമിടുന്നു. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് ഒന്നര ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നാണ്  പ്രതീക്ഷയെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ്

2022 - 23 ൽ ഇതുവരെ 1,22,560 സംരംഭക യൂണിറ്റുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകവർഷം ആരംഭിച്ച് 245 ദിവസം കൊണ്ടാണ് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചത്. അവസാന കണക്കുപ്രകാരം 7495.52 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,64, 319 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. നാല്പതിനായിരത്തോളം വനിതാ സംരംഭക യൂണിറ്റുകൾ ആരംഭിച്ചു. ഇതിലൂടെ 1492 കോടി രൂപയുടെ നിക്ഷേപവും 78,311 പേർക്ക് തൊഴിലും ലഭിച്ചു. ഇത്തരം നേട്ടങ്ങൾ പരിഗണിച്ചാണ് വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിക്ക് രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയ അംഗീകാരം ലഭിച്ചത്.

കൂടുതൽ സംരംഭങ്ങൾ തൃശൂരിൽ

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിലാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. 12710 എണ്ണം. രണ്ടാം സ്ഥാനം എറണാകുളം ജില്ലയ്ക്കാണ്. 11826 യൂണിറ്റുകൾ. മലപ്പുറം, കൊല്ലം , കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യാപാര മേഖലയിലാണ് കൂടുതൽ സംരംഭങ്ങളും തുടങ്ങിയിട്ടുള്ളത്. 41141 സംരംഭങ്ങളിലൂടെ 2371 കോടിയുടെ നിക്ഷേപവും 76022 തൊഴിലവസരങ്ങളും ഈ മേഖലയിൽ ഉണ്ടായി.

സംരംഭകരുടെ മഹാ സംഗമം നാളെ

ദേശീയ അംഗീകാരം ലഭിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നാളെ കൊച്ചിയിൽ സംരംഭകരുടെ മഹാസംഗമം നടക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പതിനായിരത്തിലേറെ ചെറുകിട സംരംഭകർ സംഗമത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com