മുടക്കു മുതലിന്റെ പത്തു ശതമാനം തുക കൈയിലുണ്ടായാൽ മതി, സംരംഭം തുടങ്ങാം

HIGHLIGHTS
  • ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പയും സബ്സിഡിയും സ്വന്തമാക്കാം
Industry vector
SHARE

കുറഞ്ഞ മുതൽ മുടക്കിൽ നാട്ടിലൊരു വ്യവസായ സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ടാ? എങ്കിൽ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സഹായം നിങ്ങൾക്കു ലഭിക്കും. 

'എന്റെ ഗ്രാമം' വായ്പാ പദ്ധതി

ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പയും സബ്സിഡിയും സ്വന്തമാക്കാമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. പൊതു വിഭാഗങ്ങൾക്ക് മുടക്കുമുതലിന്റെ 10 ശതമാനം കൈയിലുണ്ടായാൽ മതി. അതേസമയം സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗക്കാർ, പിന്നോക്ക വിഭാഗങ്ങൾ, തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ തുടങ്ങിയ പരിഗണനാ വിഭാഗക്കാർക്ക് 5 ശതമാനം മതി. ഇത് പണമായി നിക്ഷേപിക്കാം, അല്ലെങ്കിൽ സംരംഭത്തിന്റെ പ്രവർത്തനങ്ങളിലേക്ക് വിനിയോഗിക്കാം. കെട്ടിടം, യന്ത്രങ്ങൾ, പ്രവർത്തന മൂലധനം എന്നിവ ഉൾപ്പെടെ പദ്ധതിച്ചെലവ് പരമാവധി 10 ലക്ഷം രൂപയായിരിക്കണം 

ആർക്കെല്ലാം ?

വ്യക്തികൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ചാരിറ്റബിൾ സംഘടനകൾ എന്നിവർക്ക് വായ്പാ പദ്ധതിയിലൂടെ സംരംഭം ആരംഭിക്കാം. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വായ്പ ഉറപ്പു വരുത്തിയിരിക്കണം. പൊതു വിഭാഗത്തിൽപ്പെടുന്നവർക്ക് പദ്ധതി ചെലവിന്റെ 90 ശതമാനം വായ്പ നേടാം. പരിഗണനാ വിഭാഗങ്ങൾക്ക് 95 ശതമാനം വരെ വായ്പയാകാം. പൊതു മേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുക്കാം.

സബ്സിഡി എത്ര കിട്ടും?

സംരംഭം ആരംഭിച്ചു കഴിഞ്ഞാൽ സബ്സിഡി (മാർജിൻമണി ) ലഭിക്കും. പട്ടികജാതി പട്ടികവർഗക്കാർക്കും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും 40 ശതമാനം സബ്സിഡി ലഭിക്കും. സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും 30 ശതമാനവും പൊതു വിഭാഗത്തിന് 25 ശതമാനവും സബ്സിഡി അനുവദിക്കും. കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്നതും വിപണി സാധ്യതയുള്ളതുമായ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഖാദി ഗ്രാമ വ്യവസായ ബോർഡ് നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭങ്ങൾ ആരംഭിക്കാൻ അനുവാദമില്ല.

എങ്ങനെ അപേക്ഷിക്കണം?

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ജില്ലാ ഓഫീസുകളിലാണ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫാറം പ്രസ്തുത ഓഫീസുകളിൽ നിന്നു ലഭിക്കും. www.kkvib.org എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ഗ്രാമ വ്യവസായ ഓഫീസുകളിൽ നിന്നു ലഭിക്കും.

English Summary : Kerala Khadi Village Industries Provide Financial Support to Entrepreneurs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS