ADVERTISEMENT

പ്രത്യക്ഷത്തിൽ അത്ര വലിയ ആനുകൂല്യങ്ങൾ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസുകൾക്കായി പ്രഖ്യാപിക്കാതെയാണ് ധനമന്ത്രിയുടെ വരും വർഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് ഏഴു കോടി 90 ലക്ഷത്തിൽ അധികം എംഎസ്എംഇ യൂണിറ്റുകളാണുള്ളത്. ആകെയുള്ള സംരംഭങ്ങളിൽ 90 ശതമാനവും എംഎസ്എംഇ സെക്ടറിലാണ് എന്നതും പരിഗണിക്കണം. ഈ സെക്ടറിലെ ഉൽപാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയിലേയ്ക്കാണു പോകുന്നത്. രാജ്യത്തിന്റെ ജിഡിപിയിൽ 33 ശതമാനം എംഎസ്എംഇയുടെ സംഭാവനയാണ്. കൂടാതെ 120 മില്യൺ തൊഴിൽ നിർമിക്കുന്നതും ഈ മേഖലയാണ് എന്നതും പരിഗണിക്കുമ്പോൾ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ മേഖലയ്ക്കു മതിയായ പരിഗണന നൽകിയിട്ടില്ല എന്ന ചിന്തയിലേയ്ക്കു നയിക്കുന്നുണ്ട്. 

 

മുൻകൊല്ലങ്ങളെ അപേക്ഷിച്ച് അത്ര വിശദമായിരുന്നില്ല ഈ വർഷത്തെ ബജറ്റ് എന്നതാവാം ഈ ചിന്തയ്ക്കു കാരണം. അതേ സമയം എംഎസ്എംഇയ്ക്കു വളരെ ഗുണങ്ങളുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടു താനും. ഉദാഹരണം അടിസ്ഥാന സൗകര്യ വികസനം. 2014ൽ ഉള്ള തുകയെക്കാൾ 30 ശതമാനം അധികം വകയിരുത്തിയിട്ടുണ്ട് ഈ ബജറ്റിൽ. അടിസ്ഥാന സൗകര്യം വികസിപ്പിക്കുമ്പോൾ സ്വാഭാവികമായും എംഎസ്എംഇകളും വൻകിട വ്യവസായവും വരാനുള്ള സാധ്യത തുറന്നു കിട്ടുന്നു. പൊതുവേ വ്യവസായ അസോസിയേഷനുകളും സംരംഭകരും ആവശ്യപ്പെടുന്നത് സർക്കാർ ഇടപെടലുകൾ കുറച്ച്, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചു നൽകുക എന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതു നല്ല കാര്യമാണ്. ധാരാളം പുതിയ വ്യവസായങ്ങൾ വരാനിത് ഇടയാക്കും. അതുകൊണ്ടു തന്നെ 10 ലക്ഷം കോടി അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് അനവദിച്ചിരിക്കുന്നത് ഗുണകരമാണ്. 

 

∙ യുവാക്കൾ മേഖലയിലേയ്ക്കു വരണം

 

ഉൽപാദന, വ്യവസായ മേഖലയിലേയ്ക്കു പുതിയ യുവാക്കൾ വരണം. നാഷണൽ അപ്രന്റിസ്ഷിപ് പ്രോഗ്രാം പ്രമോഷൻ സ്കീം പ്രകാരം ഏതാണ്ട് 47 ലക്ഷം യുവാക്കൾക്ക് മൂന്നു വർഷം കൊണ്ടു പരിശീലനം നൽകാനുള്ള പരിപാടിയാണ് ബജറ്റിൽ പറയുന്നത്. സ്റ്റൈപ്പന്റേോടെയാണ് പ്രോഗ്രാം നടപ്പാക്കുക. 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ ട്രേഡിങ് സെന്ററുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ചു വരുന്ന സംരംഭകർക്കു മറ്റു ജോലിയോടൊപ്പം തന്നെ സ്വന്തമായി വ്യവസായ, സേവന സംരംഭം ആരംഭിക്കാനുള്ള സ്കിൽ അവിടെ നിന്നു ലഭിക്കും. ഒരു അടിത്തറ അവർക്കു നൽകുന്നതു നല്ല കാര്യമായാണ് കണക്കാക്കുന്നത്.

 

∙ ക്രെഡിറ്റ് ഗാറണ്ടി സ്കീം

 

രണ്ടു കോടി വരെ കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വ്യവസായങ്ങൾക്കായി ബാങ്കുകൾക്കു വായ്പ നൽകാവുന്ന പദ്ധതിയാണ് ഇത്. ഇതിനെ പരിഷ്കരിച്ചതാണ് ഈ ബജറ്റിലെ പ്രത്യേകത. 900 കോടി പുതിയ അലോക്കേഷനായി മാറ്റി വച്ചിരിക്കുന്നുണ്ട്. ജാമ്യമില്ലാതെ വായ്പ കൊടുക്കാനുള്ള പദ്ധതിയാണ് ഇത്. പുതിയ പ്രോഗ്രാം അടുത്ത സാമ്പത്തിക വർഷം മുതലാണ് ആരംഭിക്കുക. തൊഴിലാളികളുടെ കാര്യശേഷി ഉപയോഗപ്പെടുത്താനും ബിസിനസ് സാധ്യയതകൾ വികസിപ്പിക്കാനും 100, 5ജി ഡവലപ്മെന്റ് സെന്റേഴ്സ് ആരംഭിക്കുന്നുണ്ട്. ഇതു വളരെ അഭിവൃദ്ധിയുണ്ടാകാൻ സാധ്യത തുറന്നു നൽകുന്നു. 

 

ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാനുമായി ആർആൻഡി ഗ്രാൻഡുകൾ നൽകുന്നതിനു ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കോവിഡ് സമയത്ത് 20–21കാലയളവിൽ ഇന്ത്യയിലെ എംഎസ്എംഇ സെക്ടറുകൾ തകർന്നു പോയിരുന്നു.  ഈ സമയം യൂണിറ്റുകൾ പല ടെണ്ടറുകളിലും പങ്കെടുത്തിരുന്നെന്നു മാത്രമല്ല, പെർഫോമൻസ് സെക്യൂരിറ്റിയും നൽകിയിട്ടുണ്ട്. പലർക്കും പദ്ധതി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ലേലങ്ങളിൽ പങ്കെടുത്തു തുക കൊടുത്തവരും പെർഫോമൻസ് സെക്യൂരിറ്റി കൊടുത്തവരുടെയും തുക സ്ഥാപനങ്ങളിൽ കിടക്കുകയാണ്. ഇതിൽ 90 ശതമാനം റീഫണ്ട് ചെയ്യാൻ ബജറ്റിൽ പറയുന്നുണ്ട്. ഇതും മേഖലയ്ക്കു ഗുണകരമായാണ് വിലയിരുത്തുന്നത്.

 

English Summary: Budget unveils revamped credit lifeline for MSMEs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com