ADVERTISEMENT

വീട്ടിലിരുന്ന് വെറുതെ കളയുന്ന സമയം പ്രയോജനപ്പെടുത്തിയാലെന്താ എന്ന ചിന്തയാണ് കൊല്ലംകാരി ഹബീബ ബീവിയെ നാലാളറിയുന്ന സംരംഭകയാക്കിയത്. വീട്ടിലെ തേങ്ങ ഉണക്കി മില്ലിൽ കൊടുത്തു ആട്ടിയ വെളിച്ചെണ്ണ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകുമ്പോൾ സ്ഥിര വരുമാനം ലഭിക്കുന്ന  ഒരു സംരംഭത്തിന്റെ തുടക്കമാണതെന്ന് ഹബീബ ബീവി സ്വപ്നത്തിൽ പോലും കരുതിയതുമില്ല. എന്നാൽ വിപണിയിലെ മായം കലർന്ന വെളിച്ചെണ്ണ ഉപേക്ഷിച്ചു പലരും ഹബീബ വിൽക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ കേട്ടറിഞ്ഞു  എത്തിത്തുടങ്ങിയപ്പോൾ ഒരു സംരംഭം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 'ചക്കിലാട്ടിയ നമ്മുടെ  വെളിച്ചെണ്ണ'  എന്ന  ചെറുകിട സംരംഭം ഇന്ന് ഏറെ ആവശ്യക്കാരുള്ള പ്രാദേശിക ബ്രാൻഡ് ആയി വളർന്നു കഴിഞ്ഞു. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് സർക്കാർ മൃഗാശുപത്രിക്ക് സമീപം ഹബീബ ബീവിയുടെ വീടിനോട് ചേർന്നുള്ള  കടമുറിയിൽ പ്രവർത്തിക്കുന്ന നെടുമുരിപ്പിൽ ഓയിൽ മിൽസിലാണ് ചക്കിലാട്ടിയ നമ്മുടെ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നത്. വെളിച്ചെണ്ണ ഉത്പാദനത്തിന്റെ മുഴുവൻ മേൽനോട്ടവും വഹിക്കുന്നത് ഹബീബയാണ്. സഹായത്തിനായി മക്കളും കൂടെയുണ്ട്. വീട്ടിലിരുന്ന് വെറുതേ സമയം പാഴാക്കുന്ന വീട്ടമ്മമാർക്ക് പ്രചോദനമാണ് ഈ സംരംഭക.

ഉല്‍പ്പാദനവും വിതരണവും

5 മാസമായി ഈ സംരംഭം പ്രവർത്തനം തുടങ്ങിയിട്ട്. ഏകദേശം 2,000 ലിറ്റർ വെളിച്ചെണ്ണ ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ട്. തുടക്ക സമയത്ത്  300മുതൽ 400 ലിറ്റർ വരെ വെളിച്ചെണ്ണ ഉല്‍പ്പാദനമേ ഉണ്ടായിരുന്നുള്ളു. പിറവത്തെ അഗ്രോ പാർക്കിന്റെ ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നവീകരിച്ച ഇലക്ട്രിക് കൊപ്ര ഡ്രയറിന്റെ സഹായത്തോടെ കൊപ്ര ഉണക്കി വെളിച്ചെണ്ണ  ആട്ടി എടുക്കുന്നു. അഗ്രോ പാർക്കിൽ നിന്ന് തന്നെ ലഭിച്ച ചക്കാണ് വെളിച്ചെണ്ണ ആട്ടിയെടുക്കാൻ ഉപയോഗിക്കുന്നത്. പരമ്പരാഗത ചക്കിനെ യന്ത്രവൽകൃതമാക്കി നവീകരിച്ചെടുത്ത ഈ ചക്ക്  സ്ത്രീകൾക്ക് അനായാസം പ്രവർത്തിപ്പിക്കാൻ സാധിക്കും. ആട്ടിയെടുക്കുന്ന  വെളിച്ചെണ്ണ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വില്പന നടത്തുന്നു. പത്തനാപുരം, പിറവന്തൂർ പ്രദേശങ്ങളിലാണ്  ഇപ്പോൾ പ്രധാനമായും വിതരണം ചെയുന്നത്. നേരിട്ടുള്ള വില്പനക്ക് പുറമെ ഏകദേശം 30 ഓളം കടകൾ വഴിയും വില്പന നടത്തുന്നു.

coconunew2
coconutnew1

നാളികേര സംഭരണം

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നിന്നുമാണ് നാളികേരം ഇപ്പോൾ സംഭരിക്കുന്നത്. തേങ്ങ തൊണ്ടോടെയും അല്ലാതെയും സംഭരിക്കുന്നു. വീടുകളിൽ നിന്നും സംഭരിക്കാറുണ്ട്.സാധാരണ വിപണിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ചിലവ് കൂടിയാലും നല്ല തേങ്ങയേ തിരഞ്ഞെടുക്കൂ.

പിന്തുണ

വ്യവസായ വകുപ്പിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. പിഎംഇജിപി പദ്ധതിയിൽ 35% സബ്‌സിഡിയിൽ  വായ്പ ലഭിച്ചു. മൊത്തം 8.5 ലക്ഷം രൂപയാണ് സംരംഭം തുടങ്ങാൻ ചിലവായത്

തേങ്ങ സംഭരണത്തിനും ഗുണമേന്മയുള്ള നാളികേരം തിരഞ്ഞെടുക്കുന്നതിനും അഗ്രോ പാർക്ക്‌ പിന്തുണ നൽകി. വെളിച്ചെണ്ണ നിർമ്മാണത്തിനുള്ള ലൈസൻസ് നേടിയെടുക്കാനും സഹായം ലഭിച്ചു.

.അടുത്ത ഘട്ടം 

ചക്കിലാട്ടിയ നമ്മുടെ വെളിച്ചെണ്ണ കൂടുതൽ ആളുകളിൽ എത്തിക്കണം എന്നാണ് ലക്ഷ്യം. ആദ്യമൊക്കെ മറ്റ് വെളിച്ചെണ്ണ ബ്രാൻഡുകളുടെ വിലയുമായി താരതമ്യം ചെയ്തു ആളുകൾ വാങ്ങാൻ മടിക്കുന്ന സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ധാരാളം ആളുകൾ അവശ്യക്കാരായി മാറി കഴിഞ്ഞു. 

coconutnew

സംരംഭം തുടങ്ങി 5 മാസം കൊണ്ട് തന്നെ വളർച്ചയുടെ പാതയിൽ ആണ്.  ആദ്യ ഘട്ടത്തിൽ കൊല്ലം ജില്ലയിൽ മുഴുവൻ തങ്ങളുടെ ഉൽപ്പന്നം എത്തിക്കണം. പിന്നീട് വളർച്ചയനുസരിച്ചു കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലേക്കും, ഓൺലൈൻ ഡെലിവറിയായും പ്രോഡക്റ്റ് എത്തിക്കണം എന്നാണ് ആഗ്രഹം.

മറ്റ് ഉൽപ്പന്നങ്ങൾ

വെന്ത വെളിച്ചെണ്ണ, വിളക്കെണ്ണ, എന്നിവയും ഇവിടെ ഉൽപാദിപ്പിക്കുന്നു. കൂടാതെ എള്ളെണ്ണയുടെ ഉത്പാദനം ചെറിയ തോതിൽ ആരംഭിച്ചിട്ടുണ്ട്. 

വെളിച്ചെണ്ണ  ഉത്പാദനത്തിന് ശേഷം വരുന്ന തേങ്ങ പിണ്ണാക്ക് ക്ഷീര കർഷകർക്ക് നൽകുന്നു. ചിരട്ട പാലക്കാട്‌ കൊണ്ട് പോയി വിൽക്കും. ഇതിൽ നിന്ന് ലഭിക്കുന്ന തുക തൊഴിലാളികളുടെ ശമ്പളം, വൈദ്യുതി ചാർജ് എന്നിവക്ക് ഉപയോഗിക്കുന്നു.

പാചകത്തിന് മുതൽ  സൗന്ദര്യസംരക്ഷണത്തിന് വരെ മലയാളികൾക്ക്  ഒഴിച്ച് കൂടാൻ പറ്റാത്ത വെളിച്ചെണ്ണ നമ്മുടെ അടുക്കളകളിൽ എന്നും ആവശ്യമുള്ള ഒന്നാണ്. ഒപ്പം നാട്ടറിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത ഉൽപന്നങ്ങൾക്ക് എന്നും മികച്ച വിപണിയുമുണ്ട്. ചക്കിലാട്ടിയ നമ്മുടെ വെളിച്ചെണ്ണയുടെ വിജയ രഹസ്യവും അതാണ്.

English Summary : Success Story of a House Wife who become a Woman Entrepreneur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com