ഓണ്‍ലൈന്‍ സെല്ലറാണോ നിങ്ങള്‍? ഉൽപ്പന്ന ഫോട്ടോ എങ്ങനെയെടുക്കുമെന്ന് ആശങ്ക വേണ്ട

HIGHLIGHTS
  • ഓണ്‍ലൈന്‍ പ്രൊഡക്റ്റ് ഫോട്ടോഗ്രഫിയില്‍ 'ബ്ലൂഅവര്‍' ഇന്നവേഷന്‍
  • ഫോട്ടോഗ്രഫറെയോ എഡിറ്ററെയോ സമീപിക്കുകയോ വില കൂടിയ ഉപകരണങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടതില്ല
blue-hour
ജയദീപ് എസ്, ശീതള്‍ ജി കെ, ക്രിസ്റ്റി ഏബ്രഹാം ജോയ്‌
SHARE

സാമൂഹ്യമാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയുമെല്ലാം ജനകീയവല്‍ക്കരണം ഒട്ടനവധി ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ് സൃഷ്ടിച്ചത്. ആമസോണും ഫ്ളിപ്കാര്‍ട്ടും പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്സൈറ്റുകളിലൂടെയുമെല്ലാം ഉല്‍പ്പന്നം വില്‍ക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ നമ്മള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കുന്നത് എന്തായിരിക്കും? ഉല്‍പ്പന്നത്തിന്റെ ഫോട്ടോ തന്നെ. ആ ഫോട്ടോയ്ക്ക് നിങ്ങളെ ആകര്‍ഷിക്കാനായില്ലെങ്കില്‍ പിന്നെ അവിടെ ബിസിനസ് നടക്കാന്‍ പ്രയാസമായിരിക്കും. ഇവിടെ ഒരു ബിസിനസ് സാധ്യത കണ്ടെത്തിയിരിക്കുകയാണ് ജയദീപ് എസ് എന്ന സംരംഭകന്‍. കൂട്ടിന് ശീതള്‍ ജി കെയും ക്രിസ്റ്റി ഏബ്രഹാം ജോയ് എന്നിവരുമുണ്ടായിരുന്നു.

എന്താണ് ബ്ലൂഅവര്‍ ആപ്പ്?

നേരത്തെ പറഞ്ഞ പോലെ ഓണ്‍ലൈനില്‍ വില്‍ക്കുന്ന ഉല്‍പ്പന്നത്തിന്റെ ഫോട്ടോകൾ നന്നായാല്‍ മാത്രമേ കസ്റ്റമര്‍ക്ക് ആ പ്രൊഡക്റ്റിനോട് താല്‍പ്പര്യം തോന്നുകയുള്ളൂ. പക്ഷേ പ്രൊഡക്റ്റ് ഫോട്ടോസ് ഷൂട്ട് ചെയ്ത് ആകര്‍ഷകമായ രീതിയില്‍ പ്ലാറ്റ്ഫോമില്‍ ഡിസ്പ്ലേ ചെയ്യുകയെന്നത് വലിയ ചെലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയാണെന്ന് ജയദീപ് പറയുന്നു. 'ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് പ്ലാറ്റ്ഫോമുകളില്‍ വിൽക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് ഫോട്ടോഗ്രഫറിനുള്ള ചെലവ് താങ്ങാന്‍ പറ്റില്ല. ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് ബ്ലൂഅവര്‍ ബില്‍ഡ് ചെയ്തത്,'' ജയദീപ് സമ്പാദ്യത്തോട് പറയുന്നു.

ഓണ്‍ലൈന്‍ സെല്ലേഴ്സിന് അവരുടെ സ്മാര്‍ട്ട്ഫോണ്‍ മാത്രം ഉപയോഗിച്ച് പ്രഫഷണലിനെപ്പോലെ ഫോട്ടോസ് ജനറേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണ് ബ്ലൂഅവര്‍. അവര്‍ ഇതിനായി ഒരു ഫോട്ടോഗ്രഫറെ സമീപിക്കുകയോ എഡിറ്ററെ സമീപിക്കുകയോ വില കൂടിയ ഉപകരണങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടതില്ല-ജയദീപ് വ്യക്തമാക്കുന്നു.

എന്താണ് പ്രത്യേകത?

സാധാരണ ഫോട്ടോ ആപ്പുകള്‍ കൂടുതലും എഡിറ്റിങ്ങിനേ ഉപയോഗിക്കാന്‍ പറ്റൂ. ഫോട്ടോ മോശമായിട്ടാണ് എടുത്തതെങ്കില്‍ അത് എത്ര എഡിറ്റ് ചെയ്താലും നന്നായി വരില്ല. തങ്ങളുടെ ആപ്പ് ഉപയോഗിച്ചാല്‍ ഒരു ഫോട്ടോഗ്രഫറിനെപ്പോലെ ഫോട്ടോ എടുക്കാനും എഐ ഉപയോഗിച്ച് ഓട്ടോമാറ്റിക്കലി എഡിറ്റ് ചെയ്യാനും സാധിക്കുമെന്നാണ് ജയദീപ് അവകാശപ്പെടുന്നത്. എഐ ഉപയോഗിച്ച് ഫോട്ടോയുടെ (പ്രൊഡക്റ്റിന്റെ) ബാക്ക്ഗ്രൗണ്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാം, പ്രൊഡക്റ്റിന്റെ ഡിസ്‌ക്രിപ്ഷന്‍ നമ്മളൊന്നും ചെയ്യാതെ എഐ വഴി ജനറേറ്റ് ചെയ്യപ്പെടുന്നു എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ബ്ലൂഅവര്‍ ആപ്പിനുണ്ട്.

ഫണ്ടിങ്

ഞങ്ങള്‍ തന്നെ സമാഹരിച്ച കുറച്ച് പണം കൊണ്ടായിരുന്നു സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. പിന്നീട് എയ്ഞ്ചല്‍ ഇന്‍വസ്റ്റേഴ്സ് വഴി 75 ലക്ഷം രൂപയോളം തുകയാണ് ബ്ലൂഅവര്‍ ഇതുവരെ സമാഹരിച്ചത്-ജയദീപ് വെളിപ്പെടുത്തുന്നു.

അവസരം കണ്ടെത്തിയതിങ്ങനെ

നേരത്തെ പാര്‍ട്ട്ടൈം പ്രൊഡക്റ്റ് ഫോട്ടോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ജയദീപ്. അപ്പോള്‍ ഓണ്‍ലൈന്‍ സെല്ലേഴ്സിന്റെ ഇടയില്‍ കൂടുതല്‍ കണ്ടിരുന്ന പ്രശ്നം അവര്‍ക്കൊരു ഫോട്ടോഗ്രഫറിന്റെ ചെലവ് താങ്ങാൻ സാധിക്കുന്നില്ല എന്നതായിരുന്നുവെന്ന് ജയദീപ് പറയുന്നു. അവരുടെ ലാഭത്തിന്റെ നല്ലൊരു ശതമാനം ഫോട്ടോഗ്രഫറിനും വലിയ എക്യുപ്മെന്റുകള്‍ക്കുമാണ് ചെലവാക്കേണ്ടിയിരുന്നത്. അതൊരു ഓപ്പര്‍ച്ച്യൂണിറ്റി ആയിക്കണ്ടാണ് സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്ത് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. ബ്ലൂഅവര്‍ ആപ്പ് ഉപയോഗിക്കുന്ന സെല്ലര്‍മാര്‍ നിശ്ചിത തുക നല്‍കേണ്ടതുണ്ട്. അതാണ് ഇവരുടെ ബിസിനസ് മോഡല്‍.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ ഇപ്പോള്‍ ബ്ലൂഅവര്‍ ലഭ്യമാണ്. ഷോപ്പിഫൈയില്‍ സ്റ്റോര്‍ ബില്‍ഡ് ചെയ്തവര്‍ക്ക് പ്ലഗ് ഇന്‍ ആയി ആഡ് ചെയ്യാവുന്നതുമാണ്.

ഭാവി പദ്ധതി

വിവിധ പ്ലാറ്റ്ഫോമുകളില്‍ സെല്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മികവാര്‍ന്ന ഫോട്ടോകൾ ജനറേറ്റ് ചെയ്യാന്‍ സഹായിക്കുകയെന്നതാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജയദീപ് പറയുന്നു. 360 ഡിഗ്രി ഫോട്ടോസും വിഡിയോകളുമെല്ലാം ക്രിയേറ്റ് ചെയ്യാന്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം.

EEnglish Summary : Photography App for Online Sellers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS