നഗരവാസികളുടെ അടുക്കളകളില്‍ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ ബ്രാന്‍ഡാണ് 4ഇ നാച്ചുറ. നാല് എന്‍ജിനിയര്‍ സുഹൃത്തുക്കളുടെ ബിസിനസ് ആശയങ്ങള്‍ അടുക്കളയില്‍ പരീക്ഷിച്ചു വിജയിച്ചതാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ വിപണി വിജയത്തിനു രുചിക്കൂട്ടായത്. മാറിവരുന്ന ഭക്ഷണ സംസ്കാരം തിരിച്ചറിഞ്ഞ് ആധുനിക ഭക്ഷ്യ രീതികളിലേയ്ക്ക് ആളുകളുട താല്‍പര്യം വഴിതിരിച്ചു വിടുക കൂടിയാണ് 4ഇ ചെയ്യുന്നത്. കുട്ടികള്‍ക്കു പോലും ഇഷ്ടപ്പെടുന്ന രുചിയിലുള്ള മില്ലറ്റ് ഉല്‍പന്നങ്ങളാണ് 4ഇ ബ്രാന്‍ഡില്‍ വിപണിയിലുള്ളത്. എഫ്എബിസി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലുള്ള 4ഇ ബ്രാന്‍ഡിനു പുറമേ റെഡി ടു കുക്ക് ഉല്‍പന്നങ്ങളുമായി ബെറ്റര്‍ ചോയ്സ് എന്ന കമ്പനിയുമുണ്ട്. ഇഡലി, ദോശ മാവ് ഉല്‍പന്നങ്ങളാണ് ബെറ്റര്‍ ചോയ്സിന്റെ പേരില്‍ വിപണിയിലുള്ളത്.
വന്‍കിട കുത്തകകള്‍ക്കൊപ്പം
ആരോഗ്യകരമായ ഭക്ഷണം എന്ന നിലയില്‍ മില്ലറ്റ് രാജ്യാന്തര തലത്തില്‍ തന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്ന കാലത്ത് വന്‍കിട കുത്തക കമ്പനികള്‍ക്കൊപ്പം ഉയര്‍ന്നു വരാനായി എന്നതാണ് 4ഇയുടെ നേട്ടം. മില്ലറ്റ് ഫ്ലേക്കുകള്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായി നിര്‍മിച്ചാണ് വിപണിയിലിറക്കുന്നത്. ചോക്കലേറ്റ്, സ്ട്രോബറി രുചികളിലുള്ള മില്ലറ്റ് ഫ്ലേക്സുകളില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ഥ സ്ട്രോബറിയും ബീറ്റ്റൂട്ട് പൗഡറുമാണ് എന്നതാണ് പ്രത്യേകത. 100 ശതമാനം റാഗിയിലുള്ള ഫ്ലേക്സ് ഷുഗര്‍ രോഗികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനു പുറമേ മള്‍ട്ടി മില്ലറ്റ് ദോശമാവും വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
എറണാകുളം സ്വദേശികളാണ് ഈ സുഹൃത്തുക്കൾ. മനു ചന്ദ്രനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ജോസ് ആന്‍റണി, ജിതിന്‍ രാജ്, ശ്രീജ മനയില്‍ എന്നിവര്‍ പ്രതിദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഡോ. എം പി സുകുമാരന്‍ കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും മെന്‍ററുമായി പ്രവര്‍ത്തിക്കുന്നു. ഇതിനകം ദേശീയ തലത്തില്‍ മില്ലറ്റുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാരുകള്‍ സംഘടിപ്പിച്ച എക്സിബിഷനുകളിലെ സജീവ സാന്നിധ്യമാണ് 4ഇ നാച്ചുറ.
English Summary : A Startup Success with Healthy Millet Products