3ഡി യൂണിവേഴ്‌സിലേക്ക് ലോകം മുഴുവനും നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന സങ്കേതമാണ് മെറ്റവേഴ്‌സ്. യാഥാര്‍ത്ഥ്യവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന, അല്ലെങ്കില്‍ താദാത്മ്യം പ്രാപിക്കുന്ന ഇന്റര്‍നെറ്റിന്റെ പതിപ്പെന്ന് വേണമെങ്കില്‍ മെറ്റവേഴ്‌സിനെ പറയാം. ഒരു കംപ്യൂട്ടറില്‍ ഡിജിറ്റല്‍ ഉള്ളടക്കം കാണുന്നതിന് പകരം, വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങളിലൂടെ ത്രിമാന ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ നമുക്ക് വ്യാപരിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള മേഖലകളില്‍ വമ്പന്‍ സാധ്യതകളാണ് മെറ്റവേഴ്‌സ് തുറന്നിടുന്നത്. ഇത് യഥാസമയത്ത് തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുകയാണ് ഡെന്‍സില്‍ ആന്റണിയെന്ന സംരംഭകന്‍.
21 വര്‍ഷം ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റെന്ന നിലയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഡെന്‍സില്‍ ആന്റണി ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) സങ്കേതങ്ങളുടെ സാധ്യതകള്‍ തേടി സംരംഭകരംഗത്തേക്കിറങ്ങുന്നത്. ടെലിവിഷനിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണദ്ദേഹം. വിഷ്വല്‍ മീഡിയയിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ വിഷ്വലൈസേഷന്റെ അപാരസാധ്യതകള്‍ വളരെ കൃത്യമായി എആര്‍, വിആര്‍ മേഖലയില്‍ ഉപയോഗപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ എക്സ്ആര്‍ ഹൊറൈസണ്‍ സംരംഭകലോകത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത്.
എന്താണ് സംരംഭം?
'എആറും വിആറും ഉപയോഗിച്ച് എജുക്കേഷണല്‍ കണ്ടന്റ് ചെയ്യുന്ന കമ്പനിയെന്ന നിലയില്‍ ഒരു പ്രൊഡക്റ്റ് വികസിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ഞങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ പ്രോഡക്റ്റും സര്‍വീസുമെന്ന നിലയില്‍ രണ്ട് സ്ട്രീമുകളുണ്ട് സംരംഭത്തിന്. മെറ്റവേഴ്സിലേക്കും ചുവടുവെച്ചു,' ഡെന്‍സില്‍ പറയുന്നു. ബ്രോഡ്കാസ്റ്റ് ടൂള്‍സ് ഉപയോഗിച്ച് ലൈവ് വിആര്‍ ഇവന്റുകളും ലൈവ് ക്ലാസ് മുറികളും ബ്രോഡ്കാസ്റ്റർമാർക്കുള്ള സര്‍വീസുമെല്ലാം എക്സ്ആര്‍ ഹൊറൈസണ്‍ നല്‍കുന്നു. 2021ല്‍ തുടങ്ങുമ്പോള്‍ നാല് പേരുടെ കമ്പനിയായിരുന്നു. ഇപ്പോള്‍ 21 പേരുടെ ടീമായി എക്സ് ആര്‍ മാറി.
കണ്ടെത്തിയ അവസരം
21 വര്‍ഷത്തെ ബ്രോഡ്കാസ്റ്റ് കരിയറില്‍ 16 വര്‍ഷം മനോരമ ന്യൂസിലായിരുന്നു ഡെന്‍സില്‍ ജോലി ചെയ്തത്. 'മനോരമയില്‍ ആയിരിക്കെയാണ് ബ്രോഡ്കാസ്റ്റിലെ വിആറിനെയും എആറിനെയും പരിചയപ്പെടുന്നത്. അവിടെനിന്നാണ് ഈ ഇന്‍ഡസ്ട്രിയെക്കുറിച്ച് ഒരു ധാരണയുണ്ടാകുന്നത്. അതിന് ശേഷം ബ്രോഡ്കാസ്റ്റിന് പുറത്ത് വിആര്‍, എആറിനുള്ള സാധ്യതകളെക്കുറിച്ച് വിശദമായി പഠിച്ചു. ബ്രോഡ്കാസ്റ്റിനപ്പുറത്തേക്കും അതിന് വലിയ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞു. എജുക്കേഷണല്‍ കമ്യൂണിക്കേഷനിലടക്കം കമ്യൂണിക്കേഷന്റെ പല മേഖലകളില്‍ സമീപകാലത്ത് വിപ്ലവകരമായ വലിയ മാറ്റങ്ങളുണ്ടാക്കും എന്ന ബോധ്യത്തില്‍ നിന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാമെന്ന് വിചാരിക്കുന്നത്. വരാന്‍ പോകുന്ന സാധ്യതകളെ അതിന്റെ കാഴ്ച മികവോടെ തന്നെ തയാറാക്കാമെന്നുള്ള വൈദഗ്ധ്യവും ടീമും ഡെവലപ്പ് ചെയ്യാമെന്ന ആഗ്രഹവും വിശ്വാസവും തോന്നിത്തുടങ്ങിയിടത്ത് നിന്നാണ് സ്റ്റാര്‍ട്ടപ്പ് രൂപപ്പെടുന്നത്. അക്കാലത്ത് ഫാരിസും അംനോണും കൂടെനിന്നു,' ഡെന്‍സില്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് വ്യത്യസ്തം
മെറ്റവേഴ്സ് പോലുള്ള പ്ലാറ്റ്പോമുകളുടെ പ്രസക്തിയും പ്രാധാന്യവും കേരളം പോലുള്ള സമൂഹത്തില്‍ തുറന്നുവരുന്നതേയുള്ളൂവെന്നാണ് ഡെന്‍സിലും ടീമും കരുതുന്നത്. അതിന് വഴിതെളിക്കുന്ന കമ്പനികളിലൊന്നാകുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഇവര്‍ കാണുന്നത്. 'നിലവില്‍ എആര്‍, വിആര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാല്‍ അതില്‍ ഞങ്ങള്‍ കാണുന്ന പ്രശ്നം വിഷ്വലൈസേഷന്‍ സാധ്യത സീരിയസായി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ്. വിഷ്വലൈസേഷന്‍ വൈദഗ്ധ്യം ഞങ്ങള്‍ ബ്രോഡ്കാസ്റ്റിങ് ഇന്‍ഡസ്ട്രിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ ആര്‍ജിച്ചിട്ടുണ്ട്.
വിഷ്വലൈസേഷന്‍ ഉണ്ടാകുമ്പോള്‍ കമ്യൂണിക്കേഷന് അതിന്റെ ധര്‍മം വളരെ കൃത്യമായി നിറവേറ്റാന്‍ സാധിക്കും. അതാണ് ഞങ്ങളുടെ വ്യത്യസ്തത,' ഡെന്‍സില്‍ വിശദമാക്കുന്നു. മെറ്റവേഴ്സില്‍ മൂന്ന് പ്രൊജക്റ്റുകള്‍ ഇതിനോടകം ഇവര്‍ ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് വേണ്ടി അതിന്റെ ട്രെയ്ലര്‍ ലോഞ്ച് ചെയ്യാന്‍ മെറ്റവേഴ്സില്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചായിരുന്നു തുടക്കം. കേരളത്തിലെ ആദ്യത്തെ മെറ്റവേഴ്സ് പ്രൊജക്റ്റുകളിലൊന്നായിരുന്നു അത്. കേരളത്തില്‍ നിന്നും വികസിച്ച വിദേശത്തെ ഒരു പ്രമുഖ ഫിന്‍ടെക് കമ്പനിക്ക് വേണ്ടി അവരുടെ കോണ്‍ഫറന്‍സിങ് സൊലൂഷന്‍ മെറ്റവേഴ്സില്‍ തയാക്കാനും ഡെന്‍സിലിനും സംഘത്തിനുമായി. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അവരുടെ ചില ക്ലാസ് റൂം സെഷനുകള്‍ മെറ്റവേഴ്സില്‍ ലോഞ്ച് ചെയ്യുന്നതിനാവശ്യമായ പ്ലാറ്റ്ഫോമും ഒരുക്കിക്കൊടുത്തു.
ഫണ്ടിങ് വന്ന വഴി
'15 ലക്ഷം രൂപകൊണ്ടാണ് ഞങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. അടുത്ത ബന്ധുവും സുഹൃത്തുമായ വിനോദ് ഗോപിനാഥന്‍ 20 ലക്ഷം രൂപ കമ്പനിയില്‍ ഇന്‍വെസ്റ്റ് ചെയ്തു. ഈ പണമാണ് മുന്നോട്ട് നടക്കാന്‍ ഊര്‍ജമായത്. 35 ലക്ഷം രൂപകൊണ്ടാണ് കമ്പനി തുടങ്ങിവെക്കുന്നത്,' ഡെന്‍സില്‍ വെളിപ്പെടുത്തുന്നു. തുടങ്ങുമ്പോള്‍ തന്നെ ചില പ്രോജക്റ്റുകള്‍ സര്‍വീസ് മേഖലയില്‍ നിന്നും കിട്ടിയിരുന്നു. അതില്‍ നിന്നും കിട്ടിയ പണം കമ്പനിയില്‍ ഇന്‍വെസ്റ്റ് ചെയ്തതിനാല്‍ കാര്യങ്ങള്‍ സുഗമമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായവും ലഭിച്ചു സംരംഭത്തിന്. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സംരംഭമാണ്.
ഭാവി പദ്ധതികള്‍
പ്രൊഡക്റ്റിന്റെ കാര്യത്തില്‍ പ്രൊഡക്റ്റൈസേഷന്‍ സ്റ്റേജിലാണ് കമ്പനി. സര്‍വീസ് വിഭാഗം വലിയ വളര്‍ച്ച രേഖപ്പെടുത്തി സുസ്ഥിരമായ വരുമാനം നല്‍കുന്ന തലത്തിലെത്തി നില്‍ക്കുന്നു. സര്‍വീസ് സ്ട്രീം ശക്തിപ്പെടുത്തണം. മെറ്റവേഴ്സ് ശക്തിപ്പെടുത്തണം.'കേരളത്തിനു പുറത്തും ഇന്ത്യക്ക് പുറത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. 2023 കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരിക്കും. നിക്ഷേപ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മെറ്റവേഴ്സില്‍ 2-3 പ്രൊഡക്റ്റുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മെറ്റവേഴ്സ് കമ്പനികളിലൊന്നായി മാറുകയാണ് ലക്ഷ്യം. ബ്ലോക്ക്ചെയിന്‍, എന്‍എഫ്ടി, എഐ മേഖലകളിലേക്ക് കൂടി ചെയ്യണമെന്ന് പദ്ധതിയുണ്ട്. ഏറ്റവും ആധുനികമായ, നൂതന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്ന കേരളത്തില്‍ നിന്നുള്ള കമ്പനിയായി മാറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ,' ഡെന്‍സില്‍ പറയുന്നു.
English Summary : Know More About XR Horizon, The Augumented Reality Startup from Kerala