ADVERTISEMENT

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പിറവിയെടുത്ത ഒരു ശ്രദ്ധേയ മലയാളി സംരംഭത്തിന്റെ കഥയാണിത്. ബിനു അഗസ്റ്റിന്‍, ബിജു അഗസ്റ്റിന്‍, ഡോ. ജോബി അഗസ്റ്റിന്‍ എന്നി മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു മെഡിക്കല്‍ ഡിവൈസസ് സംരംഭം ഇന്ത്യയുടെ തന്നെ അഭിമാനമായി മാറുന്ന കഥയാണ് ഹെക്ക മെഡിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റേത്.

എന്താണ് ഉല്‍പ്പന്നം

ഹെക്കഫ്‌ളോ എന്ന പേരില്‍ അറിയപ്പെടുന്ന ഹൈ ഫ്‌ളോ നേസല്‍ ഓക്‌സിജന്‍ തെറാപ്പി ഡിവൈസാണ് (എച്ച്എഫ്എന്‍സി) ഹെക്ക മെഡിക്കല്‍സിന്റെ പ്രധാന ഉല്‍പ്പന്നം. ശ്വസനസംബന്ധ പ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമായ മെഷീന്‍ രാജ്യത്ത് ആദ്യമായി നിര്‍മിക്കുന്നത് ഈ കേരള കമ്പനിയാണ്.

തുടക്കം

കമ്പനി തുടങ്ങാന്‍ കാരണം കോവിഡ് സമയമാണെന്ന് ഹെക്ക മെഡിക്കല്‍സ് മാനേജിങ് ഡയറക്റ്റര്‍ ബിനു അഗസ്റ്റിന്‍ പറയുന്നു. 'ഇലക്ട്രോണിക് എംബഡഡ് ഹാര്‍ഡ് വെയര്‍ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട രണ്ട് കമ്പനികളുടെ സഹസ്ഥാപകനായിരുന്നു നേരത്തെ ഞാന്‍. ഇന്ത്യയിലുള്ള പല വെന്റിലേറ്റര്‍ മാനുഫാക്ച്ചറേഴ്‌സിനും ഘടകങ്ങള്‍ കൊടുത്തിരുന്നു. എന്തുകൊണ്ട് കോവിഡ് രോഗികളെ സഹായിക്കുന്ന രീതിയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു. അതിന്റെ ഭാഗമായി കുറേ ആശുപത്രികളില്‍ പഠനത്തിനായി പോയി, ഡോക്റ്റര്‍മാര്‍ ഉള്‍പ്പടെയുള്ള വിദഗ്ധരെ കണ്ടു. വെന്റിലേറ്ററല്ല, കോവിഡിലെ ആദ്യ ലൈന്‍ ഓഫ് ഡിഫന്‍സ് എന്ന് പറയുന്നത് എച്ച്എഫ്എന്‍സി ഡിവൈസാണ്. അത് ഇന്ത്യയില്‍ ആരും ഉണ്ടാക്കുന്നില്ല. നിങ്ങള്‍ക്ക് അത്തരമൊരു മെയ്ക്ക് ഇന്‍ ഇന്ത്യ ഉൽപ്പന്നമുണ്ടാക്കാൻ പറ്റുമോയെന്നായിരുന്നു പലരുടേയും ചോദ്യം. അതായിരുന്നു സ്പാര്‍ക്ക്. അങ്ങനെ ഞാനും എന്റെ രണ്ട് സഹോദരങ്ങളും കൂടി തുടങ്ങിയതാണ് ഹെക്ക മെഡിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,' ബിനു പറയുന്നു.  

എന്താണിത്ര പ്രത്യേകത

2021 മാര്‍ച്ച് മാസത്തിലാണ് ഡിവൈസിന്റെ പ്രോട്ടോടൈപ്പ് ബിനുവും ടീമും ഡോക്റ്റര്‍മാര്‍ക്ക് നല്‍കുന്നത്. അവരുടെ നിർദേശമനുസരിച്ച് പിന്നീട് ഉല്‍പ്പന്നത്തില്‍ നവീകരണം വരുത്തി. അതുവരെ ഇറക്കുമതി ചെയ്ത മെഷിനുകളായിരുന്നു രാജ്യത്ത് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് ഒത്തിരി കുറവുകളുണ്ടായിരുന്നു. ചെലവേറിയതാണ്. 15 മിനിറ്റെടുക്കും സെറ്റപ്പ് ചെയ്യാന്‍, ഓക്‌സിജന്‍ പാഴാകുന്നു, രോഗിയുടെ ചികില്‍സാ വിവരങ്ങള്‍ മെഷിനില്‍ കിട്ടില്ല, ബ്ലഡിലെ ഓക്‌സിജന്‍ ലെവലിനെ കുറിച്ച് സൂചനയില്ല...ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുന്ന മെഷീന്‍ ആയാണ് ഹെക്ക വികസിപ്പിച്ചത്. '2021 ജൂണ്‍ 29ാം തീയതി ഞങ്ങളുടെ ആദ്യ പ്രോട്ടൊടൈപ്പ് മെഷീന്‍ പേഷ്യന്റ് ട്രയലിന് എറണാകുളത്തെ ലിസി ഹോസ്പിറ്റലില്‍ വെച്ചു. അത് വിജയമായിരുന്നു. വളരെയേറെ കോവിഡ് രോഗികള്‍ക്കും കോവിഡ്മുക്ത രോഗികള്‍ക്കുമെല്ലാം ഇത് ഗുണം ചെയ്തു. ഒരു വര്‍ഷത്തോളം ക്ലിനിക്കല്‍ ട്രയല്‍ നടത്തി ഞങ്ങള്‍,'' ബിനു പറയുന്നു.

ഇന്നവേഷന്‍

ലോകത്തിലെ ആദ്യ ഐഒടി അധിഷ്ഠിത എച്ച്എഫ്എന്‍സി ഡിവൈസാണ് ഹെക്കാഫ്‌ളോയെന്ന് ബിനു. ഡിവൈസിന് ബ്ലൂടൂത്തും വൈഫൈ കണക്റ്റിവിറ്റിയുമുണ്ട്. രോഗിക്ക് എത്ര ഓക്‌സിജന്‍ കൊടുക്കണമെന്ന് ഇറക്കുമതി ചെയ്യുന്ന മെഷീനുകളില്‍ പറയുന്നില്ല. 'ഞങ്ങളുടെ മെഷീനില്‍ ഒരു ഇന്റലിജന്റ് അല്‍ഗോരിതമുണ്ട്. ഇത് വെച്ച് മെഷീന്‍ കാല്‍ക്കുലേറ്റ് ചെയ്യും, എത്ര ഓക്‌സിജന്‍ പുറമെനിന്ന് വേണമെന്ന്. രണ്ട് മിനിറ്റ് കൊണ്ട് സെറ്റപ്പ് ചെയ്യാം. പേഷ്യന്റിനെ വെന്റിലേറ്ററിലേക്ക് മാറ്റണോ വേണ്ടെയോ എന്ന് പറയാനും ഞങ്ങളുടെ മെഷീന് സാധിക്കും,' ഹെക്കഫ്‌ളോയുടെ പ്രത്യേകതകളെക്കുറിച്ച് ബിനു പറയുന്നു.  

ഫണ്ടിങ് ഇങ്ങനെ

കമ്പനിയുടെ ആരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് മുടക്കിയത്, ഏകദേശം 1.8 കോടി രൂപ. അതോടൊപ്പം കെഎസ്‌ഐഡിസിയുടെ 25 ലക്ഷം രൂപയുടെ സീഡ് ഫണ്ട് ലഭിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സീഡ് ഫണ്ട്, ഇന്നവേഷന്‍ ആന്‍ഡ് പ്രൊഡക്‌റ്റൈസേഷന്‍ ഗ്രാന്റ് എന്നിവയും ലഭിച്ചു. ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ (ബിഐആര്‍എസി) 50 ലക്ഷം രൂപയുടെ ഗ്രാന്റ് നേടാനും ഹെക്ക മെഡിക്കല്‍സിന് സാധിച്ചു. എസ്ബിഐ 2 കോടി രൂപയുടെ വര്‍ക്കിങ് കാപ്പിറ്റല്‍ ഫെസിലിറ്റിയും അനുവദിച്ചിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ കളമശേരിയില്‍ ഇന്‍കുബേറ്റ് ചെയ്ത സംരംഭത്തിന്റെ പ്രൊഡക്ഷന്‍ യൂണിറ്റ് കോട്ടയം മോനിപ്പള്ളിയിലാണ്.

ഭാവി പദ്ധതികള്‍

17 പേരുടെ ടീമായാണ് കമ്പനിയുടെ പ്രവര്‍ത്തനം.  കഴിഞ്ഞ 5 മാസത്തിനകം 30 മെഷീനുകള്‍ വില്‍ക്കാന്‍ ഇവര്‍ക്ക് സാധിച്ചു. 40 മെഷീനുകളോളം വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയതലത്തിലെ വിൽപ്പനയാണ് ഇനി ലക്ഷ്യം. രാജ്യത്തുടനീളം ഡീലര്‍, ഡിസ്ട്രിബ്യൂഷന്‍ ശൃംഖല വികസിപ്പിക്കാനുള്ള ശ്രമത്തിലുമാണ് കമ്പനി. നിലവില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സപ്പോര്‍ട്ട് നല്‍കുന്ന മെഷീന് ഭാവിയില്‍ ഹോംകെയര്‍ വെന്റിലേഷന്‍ എന്ന നിലയിലും ആവശ്യകത വരുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഏഷ്യൻ, ഗള്‍ഫ്, ആഫ്രിക്കന്‍ വിപണികളിലേക്കും ഉല്‍പ്പന്നം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. കേരളത്തില്‍ തുടങ്ങിയ, കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, രാജ്യാന്തര സാന്നിധ്യമുള്ള ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ ഡിവൈസസ് കമ്പനിയായി മാറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിനു പറയുന്നു.

English Summary : Know more about Hekka Medical Device

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT