ഇന്ത്യയിലെ തൊഴിലില്ലായ്മ കുത്തനെ കൂടുന്നു, വേതനം കൂടുന്നുമില്ല
Mail This Article
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 8.30 ശതമാനമായി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററി ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ കണക്കുകൾ കാണിക്കുന്നു. ഇത് 16 മാസത്തെ ഉയർന്ന നിരക്കാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനമാണ് ഉയർന്നിരിക്കുന്നത്. 2023 മാർച്ചിലെ കണക്കുകൾ അനുസരിച്ച് ഇത് 7.8 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും, തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന ഒരു പ്രധാന പ്രശ്‍നം.
2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ പ്രകാരം 15 മുതൽ 29 വരെ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 25.5% ആയിരുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച്, ഓരോ വർഷവും ഇന്ത്യയില്‍ തൊഴിൽ ചെയ്യാൻ തയാറായി പുറത്തിറങ്ങുന്ന 13 ദശലക്ഷം ആളുകളിൽ, നാല് മാനേജ്‌മെന്റ് പ്രൊഫഷണലുകളിൽ ഒരാൾക്കും, അഞ്ച് എഞ്ചിനീയർമാരിൽ ഒരാൾക്കും, ബിരുദധാരികളിൽ പത്തിൽ ഒരാൾക്കും മാത്രമേ ജോലി ലഭിക്കുന്നുള്ളൂ എന്ന കണക്കുകളും നമുക്ക് മുന്നിൽ ഉണ്ട്.
വിദ്യാഭ്യാസ സമ്പ്രദായം മാറണം
സ്‌കൂളുകളും കോളേജുകളും വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ ആവശ്യമായ തരത്തിലുള്ള കഴിവുകൾ പരിശീലിപ്പിക്കാത്തതാണ് ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവരുടെ ഇടയിൽ പോലും ഇത്രയും തൊഴിലില്ലയ്മ കൂടാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിക്ക് അനുയോജ്യമായ വിധത്തിൽ പരിശീലിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഇനിയും തൊഴിലില്ലായ്മ കൂടുമെന്നും വിദഗ്ധർ മുന്നറിയിപ്പ് തരുന്നു. വ്യവസായങ്ങൾക്കും, സേവന മേഖലക്കും ആവശ്യമുള്ള ജോലിക്കാരെ വാർത്തെടുക്കുന്ന തരത്തിൽ വിദ്യാഭ്യാസ സമ്പ്രദായം മാറ്റുക എന്നത് മാത്രമമാണ് ഇതിനൊരു പ്രതിവിധി. മുൻകാലങ്ങളെ അപേക്ഷിച്ച് കോളേജ് ഡിഗികൾക്ക് ചെലവേറുന്നുണ്ടെങ്കിലും അതിനനുസരിച്ച് ജോലികൾ ലഭിക്കാത്തത് യുവാക്കളെയും യുവതികളെയും വലയ്ക്കുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം
117 ബില്യൺ ഡോളറിന്റെ വിദ്യാഭ്യാസ ബിസിനസ് ഇന്ത്യയിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. പുതിയ കോളേജുകൾ ഓരോ വർഷവും കൂടുതൽ വരുന്നുണ്ട്. എങ്കിലും, ബിരുദം കഴിഞ്ഞ ഇറങ്ങുന്ന യുവതി യുവാക്കൾക്ക് ഒന്നിലും നൈപുണ്യം ഇല്ലാതെ തൊഴിൽ രംഗത്തേക്ക് എത്തിപ്പെടുന്നത് കാര്യങ്ങൾ വഷളാക്കുന്നുണ്ട്.
2020-ൽ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം (NEP) ഇന്ത്യൻ യുവജനതയുടെ നൈപുണ്യമില്ല എന്ന വലിയ പ്രശ്നത്തിന് ഊന്നൽ കൊടുക്കുന്നുണ്ട്. അതുകൊണ്ട് പുതിയ വിദ്യാഭ്യാസ നയം 6-ാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത നൈപുണ്യത്തിൽ പരിശീലനം നൽകാൻ ശുപാർശ ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ജോലിക്ക് തയ്യാറുള്ള കഴിവുകൾ പരിശീലിപ്പിക്കുകയും ഇന്റേൺഷിപ്പുകൾ നടത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഇത് വിഭാവനം ചെയ്യുന്നത്.
വേതനം ഉയരുന്നില്ല
"സാമ്പത്തിക നയത്തെക്കുറിച്ചുള്ള പൊതു ചർച്ചകളിൽ പോലും, യഥാർത്ഥ വേതനത്തിന് വളരെ കുറച്ച് ശ്രദ്ധ മാത്രമേ നൽകുന്നുള്ളൂ" എന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജീൻ ഡ്രീസ് പറയുന്നു. തൊഴിലില്ലായ്മയോടൊപ്പം, ചെയ്യുന്ന തൊഴിലുകൾക്ക് മാന്യമായ വേതനം ലഭിക്കാത്തതാണ് ഇന്ത്യയിലെ പ്രധാന പ്രശ്‍നം എന്ന് അദ്ദേഹം പറയുന്നു. ജനസംഖ്യയിലെ അസാധാരണ വർദ്ധനവ് മൂലം തൊഴിലില്ലായ്മയോടൊപ്പം, ചെയ്യുന്ന തൊഴിലുകൾക്ക് വേതനം ലഭിക്കാത്ത പ്രശ്‍നം മുൻകാലങ്ങളിൽ കൂടുതലായി കാർഷിക രംഗത്തായിരുന്നെങ്കിൽ ഇന്ന് വൈറ്റ് കോളർ ജോലികൾക്കും ഇതൊരു പ്രധാന പ്രശ്നമാണ്. സ്ത്രീകളുടെ കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്കാണ് ഇന്ത്യയുടെ മറ്റൊരു പ്രശ്‍നം. പഠിച്ചാലും ജോലി ലഭിക്കാത്ത ഒരു അവസ്ഥയിൽ ബ്ലൂ കോളർ ജോലി ചെയ്യാനും യുവതലമുറ തയ്യാറാകുന്നില്ല.
English Summary : Unemployment is a Serious Problem in India