റേസിങ് പ്രേമം ഈ സുഹൃത്തുക്കളെ എത്തിച്ചത് മോട്ടോർസൈക്കിൾ അക്സസറീസ് ഉൽപ്പാദന രംഗത്തേക്ക്

Mail This Article
കോളജ് കാലത്തെ മോട്ടോർസൈക്കിൾ റേസിങ്, സാഹസിക റൈഡിങ് അഭിനിവേശത്തിൽ തുടങ്ങി ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ അക്സസറീസ് വിൽപ്പനക്കാരും 40ലേറെ രാജ്യങ്ങളിൽ വിതരണക്കാരുമായി മാറിയ അഞ്ച് യുവ സംരംഭകർ ഉൽപ്പാദന രംഗത്തേക്കും ചുവട് വയ്ക്കുന്നു. പ്രൊഫഷനൽ റേസിങ്, സ്റ്റണ്ട് ഷോ, സാഹസിക റൈഡിങ്, ടൂറിങ്, പരിശീലനം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മോട്ടോർസൈക്കിൾ റേസിങ് അനുഭവ സമ്പത്തുള്ള മുർഷിദ് ബഷീർ, വിനു വി.എസ്, അനു വി.എസ്, ഷിഹാസ്, മഹേഷ് വി.എം എന്നീ ആദ്യ തലമുറ സംരംഭകർ ചേർന്ന് തൃശൂർ ആസ്ഥാനമായി 2014ലാണ് ബാൻഡിഡോസ് ഗ്രൂപ്പിനു തുടക്കമിട്ടത്. ബാൻഡിഡോസ് പിറ്റ്സ്റ്റോപ്പ് എന്ന പേരിൽ മോട്ടോർസൈക്കിൾ ഗിയറുകളുടേയും അക്സസറികളുടെ റീട്ടെയ്ൽ സ്റ്റോറാണ് തുടക്കം. വൈകാതെ ഓൺലൈൻ സ്റ്റോറും തുടങ്ങി. ഇന്ത്യയിലുടനീളം നിരവധി ഉപഭോക്താക്കളെ നേടിയ കമ്പനി അക്സസറികളുടെ മൊത്തവിതരണത്തിലേക്കും പ്രവേശിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മിഡ് റേഞ്ച്, പ്രീമിയം മോട്ടോർസൈക്കിൾ അക്‌സസറികളുടെ ഇന്ത്യയിലെ മുൻനിര വിൽപ്പന കേന്ദ്രമായി ബാൻഡിഡോസ് മാറി. ഇപ്പോൾ ഗുണമേന്മയുള്ള ഏറ്റവും പുതിയ അക്സസറികളുടെ ഉൽപ്പാദനത്തിനാണ് ഇവർ തുടക്കമിട്ടിരിക്കുന്നത്. മെറ്റൽവേഴ്സ് എന്ന പേരിലുള്ള ഇവരുടെ പുതിയ മാനുഫാക്ചറിങ് യൂണിറ്റ് കോയമ്പത്തൂരിലാണ് പ്രവർത്തനം ആരംഭിച്ചത്.
വിദേശ വിപണികളിലേയ്ക്കും
യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത അഞ്ചു പേരിൽ നിന്ന് തുടങ്ങിയ സംരംഭം ഇന്ന് 300 ജീവനക്കാരോടെ ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ അക്സസറീസ് വിൽപ്പന കമ്പനികളിലൊന്നാണ്. 2025ഓടെ ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിനു പുറമെ വിദേശ വിപണിയിലും ചുവടുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബാൻഡിഡോസ് ഗ്രൂപ്പ് സ്ഥാപക ഡയറക്ടറും ചീഫ് മാർക്കറ്റിങ് ഓഫീസറുമായ മുർഷിദ് ബഷീർ പറഞ്ഞു.
റൈഡർമാർക്ക് സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തനത് ഡിസൈനുകളും കസ്റ്റമൈസ് ചെയ്ത അക്‌സസറികളുമാണ് മെറ്റൽവേഴ്സ് നിർമിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ രാജ്യാന്തര വിപണയിലേക്കുള്ള കയറ്റുമതിയും ലക്ഷ്യമിടുന്നു. റൈഡർമാരുടെ സുരക്ഷയ്‌ക്കൊപ്പം മോട്ടോർസൈക്കിളുകളുടെ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രീമിയം ഗുണനിലവാരമുള്ള അക്‌സസറികൾ നിർമിക്കുന്നതിലാണ് മെറ്റൽവേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "മോട്ടോർസൈക്കിൾ റേസിങ് രംഗത്തെ അനുഭവപരിചയവും പ്രീമിയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളോടുള്ള അഭിനിവേശവുമാണ് മറ്റുള്ളവരിൽ നിന്ന് തങ്ങളെ വ്യത്യസ്തരാക്കുന്നത്,” ബാൻഡിഡോസ് ഗ്രൂപ്പ് സിഇഒ ശരത് സുശീൽ പറഞ്ഞു.

“നൂതന സംവിധാനങ്ങളുള്ള റിസർച് ആന്റ് ഡെലവപ്മെന്റ് വിഭാഗമാണ് മെറ്റൽവേഴ്സിന്റെ സവിശേഷത. റൈഡർമാരുടെ മുൻഗണനകൾക്കനുസരിച്ച് ബൈക്കുകൾ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനും ഇത് സഹായിക്കുന്നു,” ബാൻഡിഡോസ് ഗ്രൂപ്പ് സിഒഒ അരുൺ വാസുദേവൻ പറഞ്ഞു.
വിപണിയിലെത്തുന്ന ഏറ്റവും പുതിയ മോഡലിനു പോലുമിണങ്ങുന്ന ഡിസൈനുകൾ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം മെറ്റൽവേഴ്സിനെ വേറിട്ടു നിർത്തുന്നു.
English Summary : Succery Story of 5 Riders Started Metalverse