ആഗോള വിപണിയിൽ മാന്ദ്യഭയത്തിന് അയവ് വരുന്നുവോ?

Mail This Article
രാജ്യാന്തര വിപണിയുടെ ഒഴുക്കിനെതിരായി കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നേടി വന്ന ഇന്ത്യൻ വിപണിയുടെ ആഴ്ച നേട്ടങ്ങൾ വെള്ളിയാഴ്ചത്തെ എച്ച്ഡിഎഫ്സി ഓഹരികളുടെ തകർച്ചയിൽ നഷ്ടമായി. വ്യാഴാഴ്ച 18267 പോയിന്റിലേക്ക് മുന്നേറിയ നിഫ്റ്റി വെള്ളിയാഴ്ച 1%ൽ അധികം നഷ്ടമായി 18069 പോയിന്റിലേക്ക് വീണു. വെള്ളിയാഴ്ച 18050 പോയിന്റിൽ പിന്തുണ ഉറപ്പിച്ച നിഫ്റ്റി 18000 പോയിന്റിലും തുടർന്ന് 17880 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു.18200 പോയിന്റിന് മുകളിൽ തുടരാനായാൽ 18400 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ..
ഇന്ത്യ വിക്സ് 10%ൽ കൂടുതൽ വർദ്ധിച്ച കഴിഞ്ഞ ആഴ്ചയിൽ ഓട്ടോ, ഇൻഫ്രാ, എഫ്എംസിജി, എനർജി എന്നീ സെക്ടറുകൾക്കൊപ്പം നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും മുന്നേറ്റം കുറിച്ചു. നാസ്ഡാകിന്റെ വീഴ്‌ച്ചക്കൊപ്പം ഐടി സെക്ടർ വീണതും വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്ക് തിരിച്ചു വരവ് നിഷേധിച്ചെങ്കിലും ആപ്പിളിന്റെ മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി വെള്ളിയാഴ്ച മികച്ച മുന്നേറ്റം നേടിയത് നാളെ ഏഷ്യൻ വിപണികൾക്കും പ്രതീക്ഷയാണ്.
ഫെഡ് നിരക്കുയർത്തൽ അവസാനിച്ചോ ?
ഫെഡ് നിരക്ക് വർദ്ധന അവസാനഘട്ടത്തിലാണെന്ന സൂചനയും, ഏപ്രിലിലെ അമേരിക്കൻ തൊഴിൽ ലഭ്യത കണക്കുകൾ മാന്ദ്യ ഭയത്തിന് അയവ് വരുത്തിയതും, ആപ്പിളിന്റെ പ്രതീക്ഷക്കപ്പുറം പോയ ആദ്യ പാദ ഫലവും ചേർന്ന് വെള്ളിയാഴ്ച അമേരിക്കൻ വിപണിക്ക് അഭൂത പൂർവമായ തിരിച്ചു വരവ് നൽകി. വെള്ളിയാഴ്ച 2.25% മുന്നേറിക്കൊണ്ട് നാസ്ഡാക് ആഴ്ചയിലെ നഷ്ടം നികത്തിയപ്പോൾ എസ്&പിയും, ഡൗ ജോൺസും വെള്ളിയാഴ്ച 1.85%വും, 1.65%വും വീതം മുന്നേറി.
വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ഫെഡ് റിസേർവ് കഴിഞ്ഞ ആഴ്ചയിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ കൂടി ഉയർത്തി 5.25ലേക്ക് എത്തിച്ചത് ഒരു വർഷമായി തുടരുന്ന ഫെഡ് നിരക്ക് വർദ്ധനക്ക് തിരശീലയിട്ടു കഴിഞ്ഞു എന്ന് വിപണി വിശ്വസിച്ചു തുടങ്ങി. എങ്കിലും ജൂൺ പകുതിയിൽ നടക്കുന്ന അടുത്ത ഫെഡ് റിസേർവ് യോഗം ഇനി വരുന്ന അമേരിക്കയുടെ സാമ്പത്തിക വിവര കണക്കുകൾ പരിഗണിച്ച ശേഷമായിരിക്കും ഫെഡ് നിരക്ക് തീരുമാനം കൈക്കൊള്ളുക എന്ന് സൂചിപ്പിച്ചതിന് തൊട്ട് പിന്നാലെ വന്ന ഏപ്രിലിലെ വളരെ മികച്ച തൊഴിൽ ലഭ്യത കണക്കുകളും, തൊഴിലില്ലായ്മ നിരക്ക് മെച്ചപ്പെട്ടതും സാമ്പത്തിക മാന്ദ്യ ഭയമകറ്റിയെങ്കിലും ഫെഡിന് നിരക്ക് വർദ്ധനക്ക് അനുകൂലമാണ്. അടുത്ത ആഴ്ചയിലെ പണപ്പെരുപ്പ കണക്കുകളും അതിനാൽ തന്നെ അമേരിക്കൻ വിപണിക്ക് നിർണായകമാണ്.

യുഎസ് ക്രെഡിറ്റ് ഡിഫോൾട്ട് ആശങ്കകൾ
കടമെടുപ്പ് പരിധികൾ പിന്നിട്ട ബൈഡൻ ഭരണകൂടത്തിന് മുന്നോട്ട് പോകണമെങ്കിൽ ഇനിയും കടമെടുപ്പ് പരിധി വർധിപ്പിക്കേണ്ടിയിരിക്കുന്നു എന്നതും പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻസ് അതനുവദിക്കുകയില്ല എന്ന തീരുമാനത്തിൽ നിൽക്കുന്നതും അമേരിക്കയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കടമെടുപ്പ് പരിധി 31.4 ട്രില്ല്യൻ ഡോളറിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ജോ ബൈഡൻ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ ഫലം കണ്ടില്ലെങ്കിൽ ക്രെഡിറ്റ് ഡിഫോൾട്ട് ആശങ്കകൾ വിപണിയെ വീണ്ടും പിടികൂടിയേക്കാം.
വിപണിയിൽ അടുത്ത ആഴ്ച
ബുധനാഴ്ച അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ (സിപിഐ) പുറത്ത് വരാനിരിക്കുന്നത് ലോക വിപണിക്ക് തന്നെ പ്രധാനമാണ്. അമേരിക്കൻ ജോബ് ഡേറ്റയും, പിപിഐ കണക്കുകളും വ്യാഴാഴ്ച അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം.

ബുധനാഴ്ച വരാനിരിക്കുന്ന ജർമനിയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകളും, വ്യാഴാഴ്ച വരാനിരിക്കുന്ന ബ്രിട്ടീഷ് ജിഡിപി കണക്കുകളും, വ്യാവസായികോല്പാദന കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. വ്യാഴാഴ്ച തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് പ്രഖ്യാപനങ്ങളും പുറത്ത് വരിക. ഫ്രഞ്ച്, സ്പാനിഷ് സിപിഐ കണക്കുകൾ വെള്ളിയാഴ്ചയാണ് പുറത്ത് വരുന്നത്.
വ്യാഴാഴ്ച വരുന്ന ചൈനയുടെ പണപ്പെരുപ്പക്കണക്കുകൾ പുറത്തു വരുന്നത്. ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷമാണ് പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും
എച്ച്ഡിഎഫ്സികളുടെ തകർച്ച
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിൽ ( എംഎസ്സിഐ) എച്ച്ഡിഎഫ്സി ഇരട്ടകളുടെ വെയിറ്റേജ് വിപണി പ്രതീക്ഷിച്ചതിലും കൂടുതൽ കുറച്ചത് ഇരു ഓഹരികൾക്കും വെള്ളിയാഴ്ച്ച 6% വരെ തകർച്ച നൽകി. എച്ച്ഡിഎഫ്സി ബാങ്കും, എച്ച്ഡിഎഫ്സി ലിമിറ്റഡും സംയോജിച്ച് വരുന്ന പുതിയ എച്ച്ഡിഎഫ്സി ബാങ്കിന് എംഎസ്സ്സിഐയിൽ വെയിറ്റേജ് ഫാക്ടർ 1 ആയിരിക്കുമെന്ന വിപണി പ്രതീക്ഷക്കെതിരായി 0.5% മാത്രമാണ് വെയിറ്റേജ് നൽകിയിരിക്കുന്നത്. ഇത് എച്ഡിഎഫ്സി ബാങ്കിൽ നിന്നും കൂടുതൽ പണമൊഴുക്കിനും കാരണമാകുമെന്ന ഭയത്തിലാണ് ഓഹരികൾ വീണത്. എച്ച്ഡിഎഫ്സി ബാങ്ക് 1626 രൂപയിലാണ് വെള്ളിയാഴ്ച്ച ക്ളോസ് ചെയ്തത്.
വ്യാഴാഴ്ച മികച്ച നാലാം പാദ റിസൾട്ട് പുറത്ത് വിട്ട എച്ച്ഡിഎഫ്സി ലിമിറ്റഡ് 44 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചു.

അദാനി ടോട്ടൽ ഗ്യാസിന്റെയും, അദാനി ട്രാൻസ്മിഷന്റെയും ‘’ഫ്രീ ഫ്‌ളോട്ട്’’ പരിധി 25%ൽ നിന്നും 14%ലക്കും, 10%ലേക്കും മെയ് മാസ അവലോകനത്തിൽ കുറക്കുന്നത് ഓഹരികളിലെയും വിദേശ നിക്ഷേപ പങ്കാളിത്തത്തെയും ബാധിച്ചേക്കാം. അദാനി ഗ്രീനിനും, അദാനി എന്റർപ്രൈസസിനും പിന്നാലെ അദാനി പവറും നാലാം പാദത്തിൽ വരുമാനവും, ലാഭവും മെച്ചപ്പെടുത്തിയത് അദാനി ഓഹരികൾക്ക് അനുകൂലമാണ്.
ഹീറോയും, ടിവിഎസ് മോട്ടോഴ്സും മൂന്നാം പാദത്തിൽ നിന്നും വരുമാനവും, അറ്റാദായവും മെച്ചപ്പെടുത്തിയത് വെള്ളിയാഴ്ച ഓഹരികൾക്ക് മുന്നേറ്റം നൽകിയത് ഓട്ടോ സെക്ടറിനും അനുകൂലമായി.
മൂന്നാം പാദത്തിൽ നഷ്ടം കുറിച്ച റ്റാറ്റാ സ്റ്റീൽ മുൻ വർഷത്തിൽ നിന്നും മോശമാണെങ്കിലും നാലാം പാദത്തിൽ വിപണി പ്രതീക്ഷയിലും കൂടുതൽ ലാഭം നേടി.
മികച്ച റിസൾട്ട് പുറത്ത് വിട്ടതിനെ തുടർന്ന് മുന്നേറ്റം നേടിയ ഇന്ത്യൻ ഹോട്ടൽ എയർ ഇന്ത്യയുമായുള്ള സഹകരണത്തിൽ കൂടുതൽ ബിസിനെസ്സ് സ്വന്തമാക്കാനുള്ള സാധ്യതയിൽ കൂടുതൽ മുന്നേറ്റം നേടിയേക്കാം. ഓഹരി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം.

ഒലക്ട്രാ ഗ്രീൻടെക്ക് മികച്ച നാലാം പാദഫലം പ്രഖ്യാപിച്ചു. 376 കോടി രൂപയുടെ ഇലക്ട്രിക് ബസുകൾ വില്പന നടത്തിയ ഒലക്ട്രാ 28 കോടി രൂപയുടെ അറ്റാദായവും നേടി. 15 കോടി രൂപയായിരുന്നു കമ്പനിയുടെ മൂന്നാം പാദത്തിലെ അറ്റാദായം.
ഫെഡറൽ ബാങ്ക്, ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ഡിസിബി ബാങ്ക് എന്നീ മിഡ് ക്യാപ് ബാങ്കുകൾ വെള്ളിയാഴ്ച മൂന്നാം പാദത്തിൽ നിന്നും മികച്ച നാലാം പാദ റിസൾട്ടുകൾ സ്വന്തമാക്കി.
പേടിഎം വരുമാനം മുൻ വർഷത്തിൽ നിന്നും ഇരട്ടിയോളം വർദ്ധിപ്പിച്ചതിനൊപ്പം നഷ്ടം 200 കോടിയിലേക്ക് കുറച്ചതും അനുകൂലമാണ്.
നാഷണൽ ഇലക്ട്രിസിറ്റി പോളിസി

ഇന്ത്യയുടെ പുതിയ ഇലക്ട്രിസിറ്റി നയത്തിന്റെ അവസാന ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യയിലിനി കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത പ്ലാന്റുകൾ പുതുതായി നിർമ്മിച്ചേക്കില്ല എന്ന റിപ്പോർട്ട് റിന്യൂവൽ എനർജി സെക്ടറിന് അനുകൂലമാണ്. ഇതോടെ ചൈന മാത്രമാകും കൽക്കരി ഉപയോഗിച്ചുള്ള പുതിയ വൈദ്യുത താപ നിലയങ്ങൾ നിർമിക്കുന്ന ഏക രാജ്യം. ഇന്ത്യയിൽ നിർമാണം പുരോഗമിക്കുന്ന മൊത്തം 28.2 ജിഗാ വാട്ട് ശേഷിയുടെ വിവിധ കൽക്കരി താപ നിലയ പദ്ധതികളെ പുതിയ വൈദ്യുതി നയം ബാധിക്കില്ല.
കഴിഞ്ഞ ആഴ്ചയിലെ മികച്ച റിസൾട്ടുകൾ
ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽ, അൾട്രാ ടെക്ക്, അംബുജ സിമന്റ്, ഹാവെൽസ്, ബ്ലൂ സ്റ്റാർ, കോട്ടക്ക് മഹിന്ദ്ര ബാങ്ക്, ഐഡിഎഫ്ഫസ്റ്റ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ആർബിഎൽ ബാങ്ക്, ചോളമണ്ഡലം ഫിനാൻസ്, എം&എം ഫിനാൻസ്, എസ്ബിഐ കാർഡ്‌സ്, വരുൺ ബീവറേജ്‌സ്, കീ ഇൻഡസ്ട്രീസ്, കെഇസി ഇന്റർനാഷണൽ, ഭാരത് ഫോർജ്, എംആർഎഫ്, കെപിആർ മിൽസ്, ബജാജ് കൺസ്യൂമർ, സോനാ കോംസ്, അനുപം രാസായൻ, റാണെ എഞ്ചിൻ മുതലായ കമ്പനികളും നാലാം പാദത്തിൽ മുൻ പാദത്തിൽ നിന്നും മികച്ച ലാഭ വരുമാന കണക്കുകൾ അവതരിപ്പിച്ചു.
നാളത്തെ റിസൾട്ടുകൾ
കാനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പിഡിലിറ്റ്, യൂപിഎൽ, ആരതി ഇൻഡസ്ട്രീസ്, അപാർ ഇൻഡസ്ട്രീസ്, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ്, ബിർള സോഫ്റ്റ്, എക്സൈഡ്, കൻസായി നെരോലാക്, ക്രാഫ്റ്സ്മാൻ ഓട്ടോമേഷൻ, അപ്പോളോ പൈപ്പ്സ്, വിഐപി ഇൻഡസ്ട്രീസ്, സ്റ്റെർലൈറ്റ് ടൂൾസ്, ഒമാക്സ് ഓട്ടോ, ഉഗർ ഷുഗർ, എച്ച്എഫ്സിഎൽ, കെബിസി ഗ്ലോബൽ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ ഫെഡ് നിരക്ക് പ്രഖ്യാപനത്തോടെ കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയ ക്രൂഡ് ഓയിൽ വില തിരിച്ചു കയറിത്തുടങ്ങി. വെള്ളിയാഴ്ച പുറത്ത് വന്ന മികച്ച അമേരിക്കൻ നോൺ ഫാം പേറോൾ കണക്കുകൾ മാന്ദ്യഭയമകറ്റിയത് ബ്രെന്റ് ക്രൂഡ് ഓയിലിനെ 4% മുന്നേറ്റത്തോടെ 75 ഡോളറിന് മുകളിലെത്തിച്ചു
സ്വർണം
മാന്ദ്യ ഭയത്തിൽ വീണ ബോണ്ട് യീൽഡ് സ്വർണത്തിന് തിരിച്ചു വരവ് നൽകിയെങ്കിലും വെള്ളിയാഴ്ച ബോണ്ട് യീൽഡ് നേരിയ റിക്കവറി കാണിച്ചത് സ്വർണത്തിന് നേരിയ തിരുത്തൽ നൽകി. 1980 ഡോളറിലാണ് രാജ്യാന്തര സ്വർണ വിലയുടെ ആദ്യ പിന്തുണ.
വാട്സാപ് : 8606666722
English Summary : Global Stock Market Next Week
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക