ഒരു കിലോഗ്രാം സോപ്പിൽ നിന്ന് 6 കോടി വിറ്റുവരവിലേക്ക്

Mail This Article
സോപ്പെന്ന ഉൽപന്നം, അതും വെറും ഒരു കിലോഗ്രാം മാത്രം. ഇത്രയും ചെറിയ തുടക്കത്തിൽനിന്നാണ് അർസദിന്റെ ‘ഹാപ്പി െഹർബൽസ്' ഇന്ന് 260 ൽ പരം ഉൽപന്നങ്ങളും പത്തിലധികം രാജ്യങ്ങളിലേക്കു കയറ്റുമതിയുമായി വളർന്നു പന്തലിച്ചത്. പാലക്കാട് മുതലമടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ഈ വനിതാ സംരംഭക ഇത്ര വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.
എന്താണ് ഉൽപ്പന്നം
െഹർബൽ ഉൽപന്നങ്ങളുടെ നിർമാണവും വിതരണവുമാണു പ്രധാന ബിസിനസ്. െഹർബൽ കോസ്മെറ്റിക് ഉൽപന്നങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളിലായാണു വിൽപന. സോപ്പ്, കോസ്മെറ്റിക് ഉൽപന്നങ്ങൾ, ലേഹ്യം, ചൂർണം, കഷായം തുടങ്ങി നെല്ലിക്ക സിറപ്പ്, ചുക്കുകാപ്പി, െഹർബൽ കാപ്പി എന്നിങ്ങനെ നീളുന്നു ഉൽപന്ന നിര. പ്രധാന ഉൽപന്നം െഹർബൽ സോപ്പ് തന്നെ. ഏറെ പ്രത്യേകതകൾ ഉണ്ട് ഹെർബൽ സോപ്പിന്. 60 ൽ പരം വെറൈറ്റി സോപ്പുകൾ ഹാപ്പി െഹർബൽസ് വിൽക്കുന്നുണ്ട്.

സവിശേഷതകൾ
∙ 68% വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.
∙ 2% നാച്ചുറൽ ഓയിൽ ചേർക്കുന്നു.
∙ ക്ലേ പൗഡറുകൾ ഉപയോഗിക്കുന്നില്ല.
∙ െഹർബൽ പൗഡറുകളും ഇലകളുടെ ചാറുകളും േചർക്കുന്നു.
∙ രക്തചന്ദനം, കസ്തൂരിമഞ്ഞൾ, കറ്റാർവാഴ, നാരങ്ങ, പഴങ്ങൾ, തുളസിയില എന്നിവയുടെ പൾപ്പുകളും പൗഡറുകളും ഉപയോഗിച്ചുവരുന്നു.
∙ പ്രത്യേകരീതിയിൽ മണ്ണു േചർത്ത (മുൾട്ടാണിമിട്ടി) സോപ്പുകളും നിർമിക്കുന്നുണ്ട്.
Read more... ദോശ ഇഡ്ഡലി മിക്സിൽ പാരമ്പര്യ രുചി ചേർന്നപ്പോൾ മാസം വിറ്റുവരവ് 15 ലക്ഷം രൂപ!
ഖാദി ബോർഡിൽനിന്നു സോപ്പ് നിർമാണത്തിന്റെ പ്രാഥമിക പരിശീലനം നേടിയശേഷം ഒരു കിലോഗ്രാമിന്റെ സോപ്പ് കിറ്റിൽനിന്നാണ് അർസാദ് സംരംഭം തുടങ്ങുന്നത്. ഇതിനകം ഒട്ടേറെ േപർക്ക് സോപ്പ് നിർമാണത്തിൽ പരിശീലനവും നൽകി. രാമച്ചം, ചെറുപയർപൊടി എന്നിവ ഉപയോഗിച്ചു സോപ്പ് നിർമിച്ചു വിൽക്കാൻ തുടങ്ങിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചു. പ്രാദേശികമായി ചെറിയ ഷോപ്പുകൾ കണ്ടെത്തി വിൽപന പടിപടിയായി ഉയർത്തി. വിപണി മികച്ചതാണെന്നു കണ്ടെത്തിയതോടെ സ്വന്തമായി ഉൽപാദന കേന്ദ്രം ആരംഭിക്കുകയായിരുന്നു.
10 രാജ്യങ്ങളിലേക്കു കയറ്റുമതി
20 വർഷത്തിനുള്ളിൽ ഹാപ്പി ഹെർബൽ വലിയ വളർച്ചയാണ് നേടിയത്. ഇതിനകം ഒരു കോടിയോളം രൂപയുടെ മുതൽമുടക്കു നടത്തിയിട്ടുണ്ട്. ഏകദേശം 6 കോടി രൂപയുടെ പ്രതിവർഷ വിൽപന നേടുന്നു. അതിൽ പകുതിയിലധികവും കയറ്റുമതിയിലൂടെയാണ്. പത്തിലധികം രാജ്യങ്ങളിലേക്കു ഉൽപന്നങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഗൾഫിലും ഫ്രാൻസ്, ന്യൂസീലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും ഉപയോക്താക്കളുണ്ട്. നേരിട്ടാണു കയറ്റുമതി. 262 ഉൽപന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. 30 േപർക്കു നേരിട്ടു തൊഴിൽ നൽകുന്നു. അൽപം വില കൂടുമെങ്കിലും ൈജവ ഉൽപന്നങ്ങൾക്കു വിപണിയിൽ വലിയ സ്വീകാര്യതയുണ്ടെന്ന് അർസാദ് പറയുന്നു.

മത്സരം പ്രശ്നമല്ല
സ്വന്തം ഉൽപന്നങ്ങൾക്കാവശ്യമായ കസ്റ്റമറെ കണ്ടെത്തുക എന്നതാണു പ്രധാനം. ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഏറ്റവും നല്ല േവദി എക്സിബിഷനുകളാണ്. പ്രാദേശിക, ദേശീയ എക്സിബിഷനുകളിൽ എല്ലാംതന്നെ പങ്കെടുക്കും. മികച്ച ഉൽപന്നങ്ങളാണെങ്കിൽ വില പ്രശ്നമാകില്ല, അർസാദ് അഭിപ്രായപ്പെടുന്നു.
ൈജവ പാക്കേജിങ്
ഹാപ്പി ഹെർബൽസിന്റെ പ്രധാന സവിശേഷത ൈജവ പാക്കേജിങ് ആണ്. ചണം, തുണി, പാള, ഇല എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെറിയ ചാക്കു സഞ്ചിയിൽ നൂലിട്ടു കെട്ടി പാക്ക് ചെയ്തുവച്ചിരിക്കുന്ന സോപ്പുകൾ ആകർഷകമാണ്. സ്ഥാപനത്തിലെ പാക്കിങ് സംവിധാനവും പരിസ്ഥിതി സൗഹൃദമാണ്. ടിൻ പാക്കിങ്, ബട്ടർ പൗച്ച് പാക്കിങ്, കാർട്ടൺ പാക്കിങ് എന്നീ രീതികളും അവലംബിച്ചു വരുന്നു.

ഹെർബൽ ഉൽപന്നങ്ങൾ പ്രാദേശികമായി
െഹർബൽ ഉൽപന്നങ്ങൾ, ആയുർവേദ അസംസ്കൃത വസ്തുക്കൾ എല്ലാം തന്നെ പ്രാദേശികമായി സംഭരിക്കുന്നു. അരച്ച ജ്യൂസ് ഉൽപന്നങ്ങൾ (Fruit Pulp) മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കും. ൈജവ പാക്കിങ്ങിനുള്ള ഉൽപന്നങ്ങളും േകരളത്തിൽനിന്നു ലഭിക്കുന്നു. മുൾട്ടാണിമിട്ടി പോലുള്ളവ രാജസ്ഥാനിൽ നിന്നുമാണു വരുത്തുന്നത്.
സ്വയം ഏറ്റെടുത്തു വിജയിച്ച സംരംഭം
ഒരു പങ്കാളിത്ത സ്ഥാപനമായിട്ടാണ് ഹാപ്പി ഹെർബൽസ് തുടങ്ങിയത്. എന്നാൽ, പങ്കാളിയുമായി ഒത്തുപോകാൻ കഴിയാതെ വരികയും ബിസിനസ് നഷ്ടത്തിലാവുകയും ചെയ്തു. തുടർന്ന് ബാധ്യതകൾ അടക്കം സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു അർസാദ്.
െഹർബൽ ഉൽപന്നങ്ങൾ നിർമിക്കുന്ന പുതിയ പ്ലാന്റിനായുള്ള തയാറെടുപ്പിലാണ് അർസാദ്. സോപ്പ് ഓയിൽ, കുട്ടികൾക്കുള്ള കോസ്മെറ്റിക് ഉൽപന്നങ്ങള്‍, മൂല്യവർധിത കാർഷിക ഉൽപന്നങ്ങള്‍ തുടങ്ങിയവ വിപണിയിൽ എത്തിക്കാനും പദ്ധതിയുണ്ട്. 5 കോടി രൂപയുടെ നിക്ഷേപവും 100 പേർക്കു തൊഴിലുമാണു ലക്ഷ്യം.
പുതു സംരംഭകർക്ക്
ഹെർബൽ കോസ്മെറ്റിക് ഉൽപന്നങ്ങൾക്കു വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്. സാധാരണ സോപ്പിനു ലഭിക്കുന്നതിനെക്കാൾ ഇരട്ടിവിലയ്ക്ക് ഇവ വിൽക്കാൻ കഴിയും. ഇത്തരം ഉൽപന്നങ്ങൾക്കു മാത്രമായി ഇപ്പോൾ ധാരാളം ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തും ഒരുപോലെ നേട്ടമുണ്ടാക്കാം. വളരെ കുറഞ്ഞ നിക്ഷേപത്തിൽ ഇത്തരം ഹാൻഡ് മെയ്ഡ് ഉൽപന്നങ്ങൾ നിർമിക്കാവുന്നതുമാണ്. രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഉണ്ടാക്കിയെടുത്താൽ പോലും ഒരു കുടുംബസംരംഭത്തിന് 40,000 രൂപ അറ്റാദായം നേടാനാകും.
English Summary : Success Story of a Soap Meker