ADVERTISEMENT

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഇന്നലെ ആരംഭിച്ചു. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നിവയാണ് മെയ് 15 വരെ നടക്കുന്ന മേളയുടെ പ്രമേയം. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്രയും വൈകിട്ട് നടത്താനിരുന്ന കലാപരിപാടിയും മാറ്റിവെച്ചു. 

വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ,സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി. പ്രദര്‍ശന വിപണന സ്റ്റാളുകള്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

30ലേറെ സേവന സ്റ്റാളുകള്‍ ഉള്‍പ്പെടെ 130ലേറെ തീം സ്റ്റാളുകളും 110 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ 270ലേറെ സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനും ഉണ്ടാവുക. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ടാകും. 

സൗജന്യ സേവനങ്ങൾ

ആധാര്‍ എൻറോള്‍മെന്റ്, പുതുക്കല്‍ ഉള്‍പ്പെടെ അക്ഷയ സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ് - ജല പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍, ഫാമിലി, ലീഗല്‍ കൗണ്‍സലിങ്, പാരന്റിങ് ക്ലിനിക്ക്, ന്യൂട്രീഷന്‍ ക്ലിനിക്ക്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന, ഉദ്യം റജിസ്‌ട്രേഷന്‍, കെ-സ്വിഫ്റ്റ് സേവനങ്ങള്‍, സംരംഭകത്വ സഹായം, യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം, ടെലി മെഡിസിന്‍ സേവനം, സാക്ഷരത- തുല്യതാ റജിസ്ട്രേഷന്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വൈദ്യുതി സുരക്ഷ- ബോധവല്‍ക്കരണം തുടങ്ങിയവ സൗജന്യ സേവനങ്ങളുടെ സ്റ്റാളുകളിലുണ്ടാകും. 

റോബോട്ടിക്സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിങ് ടെക്നോളജി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്നോളജി പവലിയനാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയന്‍ ഒരുക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ളവയില്‍ പരിശീലനം നല്‍കുന്ന ടെക്‌നോളജി ലേണിങ് സെന്ററും ഇതിനോട് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. 

entekeralatsr1

കാര്‍ഷിക വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കെഎഫ്ആര്‍ഐ, വ്യവസായ വികസന വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, കയര്‍ വകുപ്പ്, തുടങ്ങിയവ ഒരുക്കുന്ന ഔട്ട്ഡോര്‍ ഡിസ്പ്ലേയില്‍ ജില്ലയിലെ വിവിധ ഫാമുകള്‍, നഴ്സറികള്‍, തുടങ്ങിയവയുടെ വിവിധ ഇനം തൈകള്‍, അലങ്കാര മല്‍സ്യങ്ങള്‍, മൃഗങ്ങളുടെ സവിശേഷ ബ്രീഡുകള്‍, അലങ്കാരപ്പക്ഷികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും നടക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌പോര്‍ട്‌സ് ആക്ടിവിറ്റി ഏരിയയും മേളയില്‍ ഒരുക്കുന്നുണ്ട്. 

എസ്എസ്എല്‍സി, പ്ലസ്ടു ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എല്ലാ ദിവസവും രണ്ട് സെഷനുകളിലായി വിവിധ മേഖലകളിലെ കോഴ്‌സുകള്‍, മികച്ച കലാലയങ്ങള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവയെ കുറിച്ച് മേഖലയിലെ വിദഗ്ധര്‍ ഗൈഡന്‍സ് നല്‍കും. അസാപ്പ്, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍, ഡിഡിയുജികെവൈ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിശീലനം. അതോടൊപ്പം അസാപ്പും ലിറ്റില്‍ കൈറ്റ്‌സും സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും  മേളയില്‍ ഒരുക്കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും അവസരം. 

മേള നടക്കുന്ന ദിവസങ്ങളില്‍ രണ്ട് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഗമങ്ങളും സംഘടിപ്പിക്കും. എംപ്ലോയ്‌മെന്റ് ഓഫീസിന്റെ കീഴില്‍ തൊഴില്‍ മേളയും നടക്കും. 

കലാപരിപാടികൾ

എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനും ഏഴിനും  പ്രത്യേക വേദിയിൽ കലാപരിപാടികള്‍ അരങ്ങേറും. ഷഹബാസ് അമൻ, സിതാര കൃഷ്ണകുമാർ, രചന നാരായണൻകുട്ടി, നികിത രാജ്, കലാക്ഷേത്ര രാഖി സതീഷ്,  കേരള കലാമണ്ഡലം, കലാഭവൻ സലിം, വയനാട് നീലാംബരി ട്രൈബ്സ് മ്യൂസിക് ബാൻഡ്, മുംബൈ നൃത്യാംഗൻ, ഉപാസന കളരിപ്പയറ്റ് സൊസൈറ്റി, കൊച്ചിൻ കലാഭവൻ എന്നിവർക്കു പുറമെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെയും അവതരണമുണ്ടാകും. 

എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബിസിനസ് ടു ബിസിനസ് മീറ്റുകളും ഡിപിആര്‍ ക്ലിനിക്കുകളും ഉണ്ടാകും. സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ബിസിനസ് സമൂഹത്തെ പരിചയപ്പെടുത്താന്‍ ബി2ബി മീറ്റുകള്‍ വഴി അവസരം ലഭിക്കും. സംരംഭകത്വ ആശയങ്ങളുമായി വരുന്നവര്‍ക്ക് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധ രുടെ സഹായത്തോടെ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ വിശദമായ പദ്ധതി രേഖ തയ്യാറാക്കി നല്‍കാന്‍ ഡിപിആര്‍ ക്ലിനിക്കുകളിലൂടെ സാധിക്കും.

entekeralatsr

കുടുംബശ്രീ, മില്‍മ, കെടിഡിസി, ജയില്‍ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ നേതൃത്വം വിപുലമായ ഭക്ഷ്യമേള സംഘടിപ്പിക്കും. എല്ലാ ദിവസവും ഫുഡ്‌കോര്‍ട്ടിന്റെ ഭാഗമായി പാചക മല്‍സരങ്ങള്‍ നടക്കും. കുടുംബശ്രീ ബ്ലോക്ക് തലത്തില്‍ നടത്തിവരുന്ന പാചക മല്‍സരങ്ങളിലെ വിജയികളാണ് ജില്ലാതല മല്‍സരത്തില്‍ പങ്കെടുക്കുക. 

മെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടം പുത്തൂരിലെ തൃശൂര്‍ ഇന്റര്‍നാഷനല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ  മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച മുന്നേറ്റങ്ങള്‍ ചിത്രീകരിക്കുന്ന പിആര്‍ഡിയുടെ 'കേരളം ഒന്നാമത്' പവലിയന്‍, ടൂറിസം പവലിയന്‍, സാങ്കേതിക മേഖലകളില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസന രംഗത്തെ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന കിഫ്ബി പവലിയന്‍ എന്നിവയും മേളയിലുണ്ട്. 

സമ്മാന കൂപ്പൺ

മേളയുടെ പ്രചരണാര്‍ഥം കെഎസ്എഫ്ഇയുമായി സഹകരിച്ച് സമ്മാന കൂപ്പണുകള്‍ കുടുംബശ്രീ വഴിയും മറ്റും വീടുകളില്‍ എത്തിച്ചിട്ടുണ്ട്. ഓരോ ദിവസവും അഞ്ച് മെഗാസമ്മാനങ്ങളും അവസാന ദിവസം ബമ്പർ സമ്മാനവും നല്‍കും. മിക്‌സി, പെഡസ്ട്രിയല്‍ ഫാന്‍, ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍, ടിവി തുടങ്ങിയവയാണ് സമ്മാനം. 

മെയ് 15ന് വൈകിട്ട് നാലു മണിക്ക് സമാപന സമ്മേളനം നടക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary : Ente Keralam Expo in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com