സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന-വിപണന മേള മെയ് 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിഡിയോ ലോഞ്ച് ചെയ്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ബീന ഫിലിപ്, ബിനോയ് വിശ്വം എംപി, എംഎല്‍എമാരായ ടി.പി.രാമകൃഷ്ണന്‍, കെ.എം.സച്ചിന്‍ദേവ്, കെ.പി.കുഞ്ഞഹമ്മദ്കുട്ടി, കലക്ടര്‍ എ.ഗീത, സബ് കലക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ വികസന കമ്മിഷണര്‍ എം.എസ്.മാധവിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്കുകള്‍ സംഘടിപ്പിച്ച ചെണ്ടമേളവും തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയും മേളയ്ക്കു കൊഴുപ്പേകി.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 69 വകുപ്പുകളുടെതായി 190 സ്റ്റാളുകളാണ് ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനും അവര്‍ക്ക് മികച്ച സേവനം നല്‍കാനും കഴിയുന്ന സ്റ്റാളുകളാണ് മുഴുവന്‍ വകുപ്പുകളും ഒരുക്കുന്നത്.

മേളയുടെ ആകർഷണങ്ങൾ
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലുടെ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ സാധിക്കും. തീം വിഭാഗത്തിലും യൂത്ത് സെഗ്മെന്റ്, തൊഴില്‍ വിദ്യാഭ്യാസ വിഭാഗത്തിലും കമേഴ്‌സ്യല്‍ വിഭാഗത്തിലുമാണ് സ്റ്റാളുകള്‍. ശീതീകരിച്ച തീം കമേഴ്‌സ്യല്‍ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണമാകും.
ബീച്ചില്‍ ഓപ്പണ്‍ സ്റ്റേജിലും ഫ്രീഡം സ്‌ക്വയറിലുമായി കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
മെയ് 15ന് ഏഴ് മണിക്ക് കൈതപ്രം ദാമോദരന്‍, യാസിന്‍ നിസാര്‍, അരിസ്റ്റോ സുരേഷ്, സോണിയ ആമോദ്, റഹ്‌മാന്‍, സി.ജെ കുട്ടപ്പന്‍, നിമിഷ സലിം, കെ.വി അബൂട്ടി, വണ്ടൂര്‍ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഓള്‍ ജനറേഷന്‍ ട്യൂണ്‍സ് മ്യൂസിക് ഷോ നടക്കും.
16ന് ആറ് മണിക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഗാനമേള ''മല്‍ഹാര്‍'', ജിംനാസ്റ്റിക് ഷോ, ഏഴ് മണിക്ക് ആശാ ശരത് ആന്‍ഡ് ടീം അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവയും അരങ്ങേറും. 17ന് ഏഴ് മണിക്ക് യുമ്ന അജിന്‍ സംഗീത പരിപാടി അവതരിപ്പിക്കും.
സമാപന ദിവസമായ 18ന് 7 മണിക്ക് ഡോ. ഉമയാള്‍പുരം കെ. ശിവരാമന്‍ നയിക്കുന്ന ജ്വാല മ്യൂസിക് ഫ്യൂഷനില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ആറ്റുകാല്‍ ബാലസുബ്രഹ്‌മണ്യം, തൃപ്പൂണ്ണിത്തുറ രാധാകൃഷ്ണന്‍, ഫ്രിജോ ഫ്രാന്‍സിസ് എന്നിവര്‍ കൂടി ഭാഗമാകും.
സമ്മാനങ്ങളും നിരവധി
മേളയിലെ വിവിധ സ്റ്റാറുകളിലെ മല്‍സരങ്ങള്‍ വഴി നിരവധി സമ്മാനങ്ങളാണ് കാണികള്‍ക്കു നല്‍കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ മോട്ടോര്‍ വാഹന നിയമങ്ങളും റോഡ് സുരക്ഷയും അറിയാനായി നടത്തുന്ന പ്രശ്നോത്തരി മത്സരത്തില്‍ നറുക്കെടുപ്പിലൂടെ ഹെല്‍മെറ്റ് സമ്മാനമായി നേടാം. കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് മറ്റു പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നു.
സപ്ലൈകോയുടെ കീഴില്‍ നടത്തുന്ന പ്രശ്നോത്തരിയില്‍ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ഒരു ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്നുണ്ട്.
ശുചിത്വ മിഷന്‍ നടത്തുന്ന മത്സരത്തില്‍ പതിനഞ്ച് ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനം ലഭിക്കും. ഒന്നാം സമ്മാനം 1000 രൂപ. കെ.എസ്.എഫ്.ഇ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ഫ്ളാസ്‌ക് സമ്മാനമായി നല്‍കുന്നു. ബംപര്‍ സമ്മാനമായ സ്മാര്‍ട്ട്ഫോണ്‍ സമാപന ദിവസം വിജയിക്ക് നല്‍കും.
കെ.എസ്.ഇ.ബിയുടെ സ്റ്റാളില്‍ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എല്‍.ഇ.ഡി ബള്‍ബുകളാണ് സമ്മാനമായി നല്‍കുന്നത്. കൂടാതെ ബംപര്‍ സമ്മാനം അവസാന ദിവസം നല്‍കും. സാമൂഹിക നീതി വകുപ്പ്, ഹോമിയോപതി, പട്ടിക ജാതി വികസന വകുപ്പ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തുടങ്ങിയ സ്റ്റാളുകളും ചോദ്യാവലിയും അതിന് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു്ട്.
കലാപരിപാടികളിലേക്കും എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്കും പ്രവേശനം സൗജന്യമാണ്.
English Summary : Ente Keralam Expo in Kozhikode