ADVERTISEMENT

ആദ്യം അങ്ങാടിയിൽ ചെറിയൊരു തേയില–ശർക്കര മൊത്ത–ചില്ലറ വ്യാപാര കട മാത്രമായിരുന്നു ജോമിക്ക്. ഗുണനിലവാരമുള്ള ശർക്കര വാങ്ങാൻ ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തി. തേയില–ശർക്കര വ്യാപാരത്തിൽ പതിയെ വിശ്വാസ്യത നേടി. 

നേരെ ചൊവ്വേ കച്ചവടം നടത്തി ഉണ്ടാക്കുന്ന പണം കണ്ടമാനം കളയാതിരുന്നാൽ സമ്പാദ്യം താനേ വരും. അങ്ങനെ സമ്പാദ്യം കൊണ്ട് നാലേക്കർ റബർ തോട്ടം വാങ്ങി. ശർക്കരയും കൊണ്ടിരുന്നാൽ പറ്റില്ലല്ലോ, തവിടെണ്ണയുടെ കട വേറെ തുടങ്ങി. അതു വൻ ഹിറ്റായി. തവിടെണ്ണയുടെ ആരോഗ്യ ഗുണഗണങ്ങൾ നാടാകെ ‘വാട്സാപ് യൂണിവേഴ്സിറ്റി’യിൽ കൂടി പ്രചരിച്ചതോടെ കച്ചവടം കൂടി. കൊളസ്റ്റട്രോൾ പ്രശ്നമുള്ളവരും അല്ലാത്തവരും തവിടെണ്ണ പാചകത്തിന് ഉപയോഗിക്കാൻ തുടങ്ങിയ കാലം. തവിടെണ്ണയാണ് ഹിറ്റായതും പണമുണ്ടാക്കിയതും.

വേറൊരു റീടെയിൽ കട തുടങ്ങി ഡ്രൈ ഫ്രൂട്സും മറ്റു ചില സാധനങ്ങളും സ്റ്റോക്ക് ചെയ്തു. കോവിഡ് കാലത്താണ് ഹോൾസെയിൽ സൂപ്പർ മാർക്കറ്റ് ഐഡിയ വന്നത്. നാടാകെ സകലരും ചെറിയ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുകയാണല്ലോ. പഴയ പലവ്യഞ്ജന കടയ്ക്കു പകരം ചെറിയ സ്റ്റോറുകളും നാടെമ്പാടുമായി. അവർക്കു മൊത്ത വിലയ്ക്ക് ഉൽപന്നങ്ങൾ നൽകും.

അറച്ചു നിൽക്കരുത്

പഴയ ശർക്കര കടയ്ക്കടുത്ത് ഒരു ബിസിനസ് കുടുംബത്തിന്റെ 4 നില കെട്ടിടമുണ്ടായിരുന്നു. അവർ അതു വിൽക്കാൻ തീരുമാനിച്ചു. ഗോഡ് ഹെൽപ്സ് ദോസ് ഹു ഹെൽപ് ദെംസെൽവ്സ് എന്നു പറയും. പച്ച മലയാളത്തിൽ പറഞ്ഞാൽ താൻ പാതി ദൈവം പാതി. അതു തന്നെ സംഭവിച്ചു. ഹോൾസെയിൽ മൊത്ത വ്യാപാര കടയ്ക്കു പറ്റിയ നാലു നില കെട്ടിടം താങ്ങാവുന്ന വിലയ്ക്ക് ഒത്തുവന്നു. അവസരം വരുമ്പോൾ ബിസിനസിൽ ചാടിപ്പിടിക്കണം, അറച്ചു നിൽക്കരുത്. 

ഇപ്പോൾ നാലു നിലയിൽ വലിയൊരു ഹോൾസെയിൽ സൂപ്പർ മാർക്കറ്റ്. പലതരം എണ്ണകൾ പൈപ്പിലൂടെ വരും. ഏതു നേരവും തിരക്കിട്ട കച്ചവടം. ജോമി ബെൻസ് കാറും വാങ്ങി. നാട് ശരിയാവുന്നില്ലെന്നു പറഞ്ഞ് നാടു വിടാൻ നടക്കുന്നവർ കണ്ടു പഠിക്കേണ്ടതാണ് ജോമിയുടെ ജീവിതം. 

ലാസ്റ്റ് പോസ്റ്റ്: ദൂരെ കാറിട്ടിട്ടു നടന്നുവന്ന് ‘പായസം ഉണ്ടാക്കാനെന്നു’ പറഞ്ഞ് 10 കിലോ ശർക്കര വാങ്ങിപ്പോകുന്നവരുണ്ട്. പായസം ഉണ്ടാക്കാൻ പത്തു കിലോയോ? ങ്ഹും....മനസ്സിലായി....! •

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ (സമ്പാദ്യം ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച സൈഡ് ബിസിനസ് എന്ന കോളത്തില്‍ നിന്ന്)

English Summary : Success from Local Business

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com