ഏതു സംരംഭവും വിജയിപ്പിക്കാം; കൂറുള്ള ഉപഭോക്താക്കളെ നേടാൻ 5 വഴികൾ

Mail This Article
ഒരേ സ്ഥാപനത്തിൽനിന്നു തന്നെ സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നവരെ നാം കണ്ടിട്ടുണ്ടാകും. സംരംഭത്തോടു കൂറു പുലർത്തുന്ന ഇത്തരം ഉപഭോക്താക്കളെക്കാൾ (Loyal customers). വലിയ ഒരാസ്തിയും ഒരു സംരംഭത്തിനും നേടാനില്ല. ഏതവസ്ഥയിലും ഇത്തരക്കാർ ഒപ്പമുണ്ടാകും, പ്രത്യേകിച്ച് ലഘുസംരംഭകരെ സംബന്ധിച്ച് കൂറുള്ള ഉപഭോക്താക്കളെ നേടുകയെന്നത് എളുപ്പമല്ല. അവരെ സൃഷ്ടിച്ചെടുക്കാനുള്ള ചില വഴികളിതാ.
1. ഗുണമേന്മയുള്ള സേവനം / ഉൽപന്നം
സംരംഭങ്ങൾ പരാജയപ്പെടാനുള്ള പ്രധാന കാരണം ഗുണമേന്മയിൽ വിട്ടുവീഴ്‌ച ചെയ്യുന്നതാണ്. ഗുണമേന്മയില്ലാത്ത ഉൽപന്നങ്ങളോടു ‘കടക്ക് പുറത്ത്’ പറയണം. തൊഴിലാളികൾക്കു കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകേണ്ടതുണ്ട്. ഉൽപന്നങ്ങളിൽനിന്നു വിഭിന്നമായി സേവനങ്ങളുടെ ഗുണമേന്മ അതു നൽകുന്നയാളിൽ കൂടി അധിഷ്ഠിതമായിരിക്കും. ഉദാഹരണത്തിന്, ഒരു ഹോട്ടലാണ് സംരംഭമെങ്കിൽ സൗകര്യങ്ങൾക്കു പുറമേ റിസപ്ഷനിസ്റ്റ് മുതൽ റൂം അറ്റൻഡർ വരെയുള്ളവരുടെ പെരുമാറ്റം കൂടി കസ്റ്റമർ അളക്കും.
നിങ്ങൾക്കും തുടങ്ങാം സംരംഭം; കിട്ടും 50 ലക്ഷം വരെ വായ്പ 35% വരെ സബ്സിഡിയോടെ Read more...
2. മികച്ച ഉപഭോക്‌തൃ സേവനം
മികച്ച ഉൽപന്നമായാലും എത്ര വിലക്കിഴിവുണ്ടെന്നു പറഞ്ഞാലും ഉപഭോക്താക്കളോടുള്ള പെരുമാറ്റം പരുക്കനാണെങ്കിൽ വിജയിക്കാനാവില്ല. ഉപഭോക്താക്കൾക്കു നിങ്ങളെ അല്ല, മറിച്ചു നിങ്ങൾക്ക് ഉപഭോക്താക്കളെയാണ് ആവശ്യം എന്ന ചിന്ത വേണം. വിറ്റ സാധനം തിരികെയെടുക്കില്ല, തിരികെയെടുത്താൽ തന്നെ പണം നൽകില്ല, പകരം ഉൽപന്നമേ നൽകൂ എന്നിങ്ങനെയുള്ള പിടിവാശികൾ മാറ്റിവച്ചു പരാതികൾക്കും ചെവി കൊടുക്കണം.
3. കൂറുള്ളവർക്കു കിഴിവു നൽകാം
പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനു നിലവിലുള്ളവരെ നിലനിർത്തുന്നതിനെക്കാൾ ചെലവു കൂടുതലാണ്. അങ്ങനെയുള്ളപ്പോൾ സ്ഥിരം ഉപഭോക്താക്കൾക്കു പ്രത്യേകം കിഴിവുകൾ നൽകുന്നതിൽ എന്താണു തെറ്റ്? ഈ കിഴിവുകൾ തങ്ങളുടെ സ്ഥിരം ഉപഭോക്താക്കൾക്കു മാത്രമുള്ളതാണെന്ന് അവരെ അറിയിക്കുകയും വേണം.
4. സ്ഥിരമായ ആശയവിനിമയം
ഉപഭോക്താക്കളുമായുള്ള ആശയവിനിമയം പ്രധാനമാണ്. ഇത് ആദ്യ ഇടപാടിൽ തുടങ്ങി, പിന്നീട് ഇ-മെയിൽ വഴിയോ എസ്എംഎസ് ആയോ ഒക്കെ നീണ്ടു നിൽക്കണം. സ്ഥിരം ഉപഭോക്താക്കളുടെ പേരു വിവരങ്ങളും അവരുടെ ആവശ്യങ്ങളും മനഃപാഠമാക്കുക. അവർ വീണ്ടുമെത്തുന്ന സന്ദർഭങ്ങളിൽ ഇങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ വേണ്ട ഉൽപന്നങ്ങളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ നൽകുക. ഇതു കൂടാതെ, പ്രത്യേക കിഴിവുകളെക്കുറിച്ചും മറ്റും ഇ-മെയിൽ/എസ്എംഎസ് വഴി അവരെ അറിയിക്കാം.
5. അഭിപ്രായം ആരായുക
ഉപഭോക്താക്കളോട് ഉൽപന്നങ്ങളെ/സേവനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായം ആരായുക. അതിൽനിന്ന് ഉൾക്കൊള്ളാനാകുന്നതു സ്വീകരിക്കുക, നടപ്പാക്കുക.
ഇക്കാര്യങ്ങളെല്ലാം മിക്ക സംരംഭകർക്കും അറിയാം. എന്നാൽ, നടപ്പിൽ വരുത്താൻ സാധിക്കുന്നില്ലെന്നു മാത്രം. പെട്ടെന്നു ഒരുദിവസം കൊണ്ടു ചെയ്യാവുന്ന കാര്യങ്ങളല്ല ഇവയൊന്നും. പതിയെ സമയമെടുത്ത് ക്രമാനുഗതമായി വേണം ഇവ നടപ്പിൽ വരുത്താൻ. തൊഴിലാളികൾക്കു പ്രത്യേക പരിശീലനവും നൽകേണ്ടി വരും. ഇക്കാര്യത്തിൽ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുന്നതു സഹായകമാകും
മലയാള മനോരമ സമ്പാദ്യം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്.
English Summary: How to Build Loyal Customers