ADVERTISEMENT

കാലിത്തീറ്റ നിർമാണത്തിലേക്ക് ഇറങ്ങിയ പുതുസംരംഭകർ വിരളമാണ്. അത്തരം ബിസിനസ് ആശയങ്ങൾ മനസ്സിലുള്ളവർക്കു മാതൃകയാണ് സായ് പ്രസാദിന്റെ അരുവി ക്യാറ്റിൽ ഫീഡ്സ്. നെല്ല് (തവിട്, നെല്ലിന്റെ പതിര്), ചോളം, പരുത്തി, േതങ്ങാ പിണ്ണാക്ക് എന്നിവയിൽനിന്നു വിവിധ ഇനത്തിലുള്ള നാലുതരം കാലിത്തീറ്റകളാണു സായ് നിർമിക്കുന്നത്. 

എന്തുകൊണ്ട് കാലിത്തീറ്റ ബിസിനസ്?

നാലഞ്ചു വർഷമായി നല്ല രീതിയിൽ പശു ഫാം നടത്തുകയാണ് സായ്. 20ൽ പരം പശുക്കൾക്കു നല്ല ഗുണമുള്ള തീറ്റ കുറഞ്ഞ ചെലവിൽ ഉറപ്പാക്കാനായാണ് കാലിത്തീറ്റ മിക്സിങ് സംരംഭം തുടങ്ങിയത്. സ്വന്തം പശുക്കളിൽ പരീക്ഷിച്ചപ്പോൾ, കൂടുതൽ പാൽ ലഭിച്ചതോടെയാണ് തീറ്റ കുറേശ്ശെ പുറത്തു നൽകാൻ തുടങ്ങിയത്. വാങ്ങിയവരിൽ നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങാൻ തീരുമാനിച്ചു. നിലവിൽ ഫാമുകൾക്കു പുറമേ കാലിത്തീറ്റ വ്യാപാരികൾക്കും വിതരണം നടത്തുന്നു.

നെല്ലും ചോളവും 

നെല്ല് സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന വെയ്സ്റ്റും ചോളവുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. േതങ്ങാപിണ്ണാക്ക്, സോയ, പരുത്തിപ്പിണ്ണാക്ക്, തവിട് തുടങ്ങിയവയും ചേർക്കും. പ്രാദേശികമായി ലഭിക്കുന്നതും മനുഷ്യന് ഉപയോഗിക്കാൻ കഴിയാത്തതുമായ ധാന്യങ്ങളും ഉപയോഗിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിൽ കുറവു വരാറില്ല. എന്നാൽ, ക്രെഡിറ്റ് ലഭിക്കുകയില്ല. ഓർഡർ പ്രകാരം എത്തിച്ചുതരും. ഇവ മിക്സ് ചെയ്യുന്നതിനുള്ള അനുപാതം (Ratio) നിശ്ചയിക്കുന്നത് വെറ്ററിനറി ഡോക്ടർ ആണ്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ ടെസ്റ്റ് ചെയ്തശേഷമാണ് ഉൽപന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

വിൽപന നേരിട്ട്

കടുത്ത മത്സരം നിലനിൽക്കുന്ന മേഖലയായതുകൊണ്ട് ഗുണമേൻമയിൽ ഏറെ ശ്രദ്ധിക്കുന്നു. അതുകൊണ്ടു തന്നെ വിതരണക്കാരില്ലെങ്കിലും മികച്ച ഓർഡർ ലഭിക്കുന്നുണ്ട്. മുപ്പതിൽപരം ഫാമുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു. ഒപ്പം, സ്വന്തം വാഹനത്തിൽ പാലക്കാട് ജില്ലയിലെമ്പാടും നിലവിൽ വിതരണം ചെയ്യുന്നുമുണ്ട്. തമിഴ്നാട്ടിലും ആവശ്യക്കാരുണ്ട്. കൊടുത്തു തീർക്കാൻ കഴിയാത്തത്ര ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നു സായ് പറയുന്നു. 

∙ ഭക്ഷണാവശിഷ്ടങ്ങൾ ഉപയോഗിക്കുന്നില്ല.

∙ മനുഷ്യൻ കഴിക്കുന്ന ധാന്യങ്ങളിലെ രണ്ടാം ഗ്രേഡ് മാത്രമാണ്  ഉപയോഗിക്കുന്നത്.

∙ പാലുൽപാദനം കൂടുമെന്നതിനാൽ വീണ്ടും ഓർഡർ ലഭിക്കുന്നു. 

∙ തികച്ചും ഫ്രഷ് ആയി ഫാമുകളിൽ എത്തിക്കും. 

∙ ക്രെഡിറ്റ് വിൽപന േവണ്ടിവരുന്നതാണ് നേരിടുന്ന പ്രശ്നം. ബിൽ–ടു–ബിൽ ആയാണു വിൽപന. 15 ദിവസം വരെ ക്രെഡിറ്റ് വരുന്നുണ്ട്.

35% സബ്സിഡി 

അഞ്ചു തൊഴിലാളികളുള്ള യൂണിറ്റിൽ സെമി ഓട്ടമാറ്റിക് മെഷിനറിയാണ് ഉപയോഗിക്കുന്നത്. പൾവറൈസർ, കൺവേയർ, മിക്സ്ചർ, സീലിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. 800 ചതുരശ്ര അടി കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. 50 എച്ച്പി പവർ ആവശ്യമുണ്ട്. ബാങ്കിൽനിന്നു വായ്പ എടുത്താണ് സംരംഭം തുടങ്ങിയത്. ഒൻട്രപ്രനർ സപ്പോർട്ട് സ്കീം പ്രകാരം 35% സബ്സിഡിയും ലഭിച്ചു.

15 ലക്ഷം രൂപയുടെ കച്ചവടം

പ്രതിമാസം 15 ലക്ഷം രൂപയുടെ ബിസിനസാണ് ഇപ്പോൾ നടക്കുന്നത്. കാലിത്തീറ്റയ്ക്ക് ജിഎസ്ടി ഇല്ലെന്നുള്ളത് അനുകൂല ഘടകമാണ്. 50 കി. ഗ്രാം ചാക്കുകളിലാണ് സപ്ലൈ. കിലോഗ്രാമിന് 23–26 രൂപ നിരക്കിലാണു വിൽപന. വണ്ടി വാടകയും കയറ്റിറക്കു കൂലിയും കഴിച്ചാൽ 10% മാത്രമാണു ലഭിക്കുന്ന അറ്റാദായം.

ഉൽപാദനം ഇരട്ടിയാക്കണം

കാലിത്തീറ്റ നിർമാണം ഇരട്ടിയാക്കാനുള്ള തയാറെടുപ്പിലാണു സായ്. നിലവിലുള്ള സ്ഥലത്തു സൗകര്യം ഇല്ലാത്തതിനാൽ പുതിയ പ്ലാന്റ് തുടങ്ങാനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വിപുലീകരണത്തിനായി ബാങ്കിൽനിന്നു വായ്പയും തയാറായിക്കഴിഞ്ഞു.

പുതു സംരംഭകർക്ക് അവസരം

കേരളത്തിൽ ഏറെ സാധ്യതയുള്ളതും എന്നാൽ വേണ്ടത്ര ഉപയോഗപ്പെടുത്താത്തതുമായ ഒരു ബിസിനസാണ് കാലി/കോഴി/മീൻ തീറ്റകളുടെ ഉൽപാദനവും വിതരണവും. മെഷിനറികൾ ഒന്നും ഇല്ലാതെ ഫ്ലോർമില്ലിൽ പൊടിപ്പിച്ച് മിക്സിങ് സംവിധാനം മാത്രം ഏർപ്പെടുത്തിയും ഇത്തരം ബിസിനസിലേക്കു കടന്നുവരാം. വിപണി വളരുന്നതനുസരിച്ചു ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങിയാൽ മതിയാകും. കാര്യമായ നിക്ഷേപം ഒന്നും കൂടാതെ മികച്ച ഒരു വരുമാനവും നേടാം.

സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ് ലേഖകൻ. മലയാള മനോരമ സമ്പാദ്യം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

English Summary: Cattle Feed Manufacturing Business 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT