പുതിയ ബിസിനസ് അവസരം കണ്ടെത്തി സക്കര്‍ബര്‍ഗ്; 'ത്രെഡ്സി'ന്റെ തുടക്കം ഗംഭീരം!

Mail This Article
ട്വിറ്റര്‍ പോലൊരു മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമിന്റെ സാമ്പത്തിക ലാഭക്ഷമത ഇതുവരെ ഇലോണ്‍ മസ്‌ക്കിന് പോലും ബോധ്യപ്പെട്ടിട്ടില്ല. അതേസമയം ജനകീയ പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍ എന്നതില്‍ ആര്‍ക്കും സംശയവുമില്ല. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ട്വിറ്റര്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബിസിനസ് അവസരം കണ്ടെത്തി ട്വിറ്ററിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്തെത്തുന്നത്.
എന്താണ് ത്രെഡ്‌സ്?
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ, ഇന്‍സ്റ്റഗ്രാമിന് കീഴില്‍ അവതരിപ്പിക്കുന്ന, ട്വിറ്ററിന് സമാനമായ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ്. ടെക്‌സ്റ്റ് അധിഷ്ഠിത പോസ്റ്റുകളിലാണ് ഇത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്വിറ്ററിലേത് പോലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമാവാം. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് മുതല്‍ക്ക് ത്രെഡ്‌സ് ലഭ്യമായി തുടങ്ങി.
എന്തിനെത്തി?
ഇലോണ്‍ മസ്‌ക്കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിലെ ഉപയോക്താക്കള്‍ കടുത്ത അതൃപ്തിയിലാണ്. ട്വിറ്ററിന് സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാനാണ് മിക്കവര്‍ക്കും താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ടിന് വിശ്വാസ്യത വര്‍ധിപ്പിക്കുന്ന സൗകര്യത്തിന് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ഉള്‍പ്പെടുത്തിയതടക്കമുള്ള ട്വിറ്ററിന്റെ പല നടപടികളും ഉപയോക്താക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ട്വിറ്ററിന് ആഗോളതലത്തില്‍ പകരക്കാരായി വിലയിരുത്തപ്പെടുന്നത് മാസ്റ്റഡോണ്‍, ബ്ലൂസ്‌കൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ്. എന്നാല്‍ ഈ പ്ലാറ്റ്‌ഫോമുകളെല്ലാം വളരെ ശൈശവദശയിലായതിനാല്‍ ഉപഭോക്താക്കളുടെ അത്ര വലിയ തള്ളിക്കയറ്റമില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി ഇന്‍സ്റ്റഗ്രാം എത്തുന്നത്.
സെലിബ്രിറ്റികളെയും സാമൂഹ്യ മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയുമെല്ലാം ത്രെഡ്‌സിന്റെ ഭാഗമാക്കാന്‍ ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കഴിഞ്ഞു. താല്‍പ്പര്യമുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ള ഇടമെന്നാണ് ത്രെഡ്‌സിന് ഇന്‍സ്റ്റഗ്രാം നല്‍കിയിരിക്കുന്ന നിര്‍വചനം.
കോപ്പിയടിക്കുന്നുവോ മെറ്റ?
മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇതിന് മുമ്പും മെറ്റ നിരവധി ഉല്‍പ്പന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ടിക് ടോക്കിന്റെ ജനകീയത കണ്ട് മെറ്റ അവതരിപ്പിച്ച ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമായിരുന്നു റീല്‍സ്. അത് വന്‍ ഹിറ്റായി മാറി. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും വലിയ വളര്‍ച്ചയാണ് റീല്‍സിനെന്നാണ് മെറ്റയുടെ വിലയിരുത്തല്‍. സമാനമായി ഫേസ്ബുക്കിലെ സ്റ്റോറീസ് ഫീച്ചര്‍ കടം കൊണ്ടിരിക്കുന്നത് സ്‌നാപ്ചാറ്റില്‍ നിന്നായിരുന്നു. 24 മണിക്കൂറിന് ശേഷം തനിയേ അപ്രത്യക്ഷമാകുന്ന പോസ്റ്റ് ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചത് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റായിരുന്നു. അതിന് സമാനമായാണ് ഫേസ്ബുക്ക് സ്‌റ്റോറീസ് അവതരിപ്പിച്ചത്. ഇന്ന് സ്‌നാപ്ചാറ്റില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ആ ഫീച്ചര്‍ മെറ്റ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കപ്പെടുന്നു.
ഈ ചരിത്രം ത്രെഡ്‌സിന്റെ കാര്യത്തിലും ആവര്‍ത്തിച്ചാല്‍ ട്വിറ്ററിനെ മലര്‍ത്തിയടിക്കാന്‍ മെറ്റയ്ക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു മെറ്റ ആപ്പ് ദിനംപ്രതി 3 ബില്യണ്‍ പേരാണ് ഉപയോഗിക്കുന്നത്. ഇത്രയും ഉപയോക്തൃ അടിത്തറയുള്ളതിനാല്‍ തന്നെ ത്രെഡ്‌സിന് കാര്യങ്ങള്‍ എളുപ്പമാകാനാണ് സാധ്യത.
English Summary : Treads Started, What will Happen to Twitter