വില കൂടിയതോടെ തക്കാളിയെ വിഭവങ്ങളിൽ നിന്നും മക്‌ഡൊണാൾഡ്‌സ് പുറത്താക്കി
Mail This Article
തക്കാളി വില കുതിച്ചുയർന്നതോടെ, "ഗുണനിലവാര പ്രശ്‌നങ്ങൾ കാരണം തങ്ങളുടെ ഉൽപ്പന്നങ്ങളിൽ തക്കാളി വിളമ്പാൻ കഴിയില്ലെന്ന് " ഡൽഹിയിലെ മക്‌ഡൊണാൾഡ്‌സ്. തക്കാളി കൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങളിലെ ചൂടും, വിതരണ ശൃംഖലയെ താറുമാറാക്കിയ കനത്ത മഴയും ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലമാണ് തക്കാളി വില ഉയർന്നത്. പെട്ടെന്ന് ചീത്തയാകുന്ന പച്ചക്കറിയായതും വില കൂട്ടിയ ഒരു ഘടകമാണ്. മക്‌ഡൊണാൾഡിന് പോലും ഇപ്പോൾ തക്കാളി വാങ്ങാൻ കഴിയില്ലെന്ന് കാണിച്ച് ഡൽഹിയിലെ മക്‌ഡൊണാൾഡ് നോട്ടീസ് നൽകിയതായി സെബി റജിസ്‌ട്രേഡ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ ആദിത്യ സാഹ ട്വീറ്റ് ചെയ്തു. ഇതിനോട് നിരവധി സമൂഹ മാധ്യമ വായനക്കാർ പ്രതികരിച്ചിട്ടുണ്ട്.
തക്കാളിക്ക് മാത്രമല്ല ഇഞ്ചി, കോളിഫ്‌ളവർ, ബീൻസ്, മുളക്, കാപ്സിക്കം എന്നിവക്കും വില കുത്തനെ ഉയരുകയാണ്. മെട്രോ നഗരങ്ങളിലെ വിപണികളിൽ തക്കാളിക്ക് ഒരു കിലോക്ക് 300 രൂപ വരെയായിരിക്കുകയാണ്. കടുത്ത മഴയാണ് നഗരങ്ങളിലേക്കുള്ള പച്ചക്കറി വരവിനെ മോശമായി ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വേനൽ മഴയിൽ തക്കാളി ചെടികളിൽ കീടബാധ ഉണ്ടായതും തക്കാളി വിളവെടുപ്പിനെ മോശമായി ബാധിച്ചു. ഒന്നര മാസം കഴിഞ്ഞു മാത്രമേ തക്കാളി വില കുറയുകയുള്ളൂ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
English Summary : Impact of Tomato Price Hike