മിന്നുമണിക്ക് യൂണിമണിയുടെ ഉപഹാരം
Mail This Article
ആദ്യമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് ചരിത്രം സൃഷ്ടിച്ച കേരളതാരം മിന്നുമണിയുടെ കുടുംബത്തിനു ധനകാര്യ സേവന സ്ഥാപനമായ യൂണിമണി സ്മാർട്ട് ടിവി സമ്മാനിച്ചു. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച മിന്നുമണി രണ്ടാം മൽസരത്തിൽ നാലോവറിൽ 9 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തുകൊണ്ട് അദ്ഭുത പ്രകടനമാണ് നടത്തിയത്.
വയനാട് മാനന്തവാടിയിലെ മിന്നുമണിയുടെ കുടുംബത്തിന് മകൾ ക്രിക്കറ്റ് കളിക്കുന്നതു നേരിട്ടോ ടിവിയിലോ കാണാൻ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കിയാണ് യൂണിമണി സിഇഒ ആർ. കൃഷ്ണന്‍ ഇടപെട്ടത്. മാതാപിതാക്കളെ ബംഗ്ലാദേശിലെത്തിച്ച് കളി നേരിട്ടു കാണിക്കാൻ യൂണിമണി ശ്രമിച്ചെങ്കിലും പാസ്പോർട്ട് ഇല്ലാത്തതിനാൽ സാധ്യമായില്ല. തുടർന്നാണ് യൂണിമണി സോണൽ ഹെഡ് ഉൾപ്പെടെയുള്ളവർ നേരിട്ടു മിന്നുമണിയുടെ വീട്ടിലെത്തി ടിവി സമ്മാനിച്ചത്.
മിന്നുമണിയുടെ അച്ഛൻ മണി സി.കെ, അമ്മ വസന്ത മണി, മുത്തശ്ശി ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിലാണു ടിവി കൈമാറിയത്.
യൂണിമണി വൈസ് പ്രസിഡന്റും കോഴിക്കോടു മേഖല തലവനുമായ റിജു എം., സീനിയർ മാനേജറും മാനന്തവാടി ബ്രാഞ്ച് ഹെഡ്ഡുമായ വിഷ്ണു ടി.എസ്, മാനന്തവാഡി ബിഡിഎം സനൂപ് പി.എസ്. തുടങ്ങിയവർ പങ്കെടുത്തു.
English Summary: Unimoni Presented TV to Minnu Mani's Family