ADVERTISEMENT

ദാസനും വിജയനും ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നു. തുടക്കത്തിലെ നിക്ഷേപകർ ഇവർ മാത്രം. മൊത്തം നിക്ഷേപം 90 ലക്ഷം; രണ്ടുപേർക്കും ഒരു ലക്ഷം രൂപ വിലയുള്ള 45 ഓഹരികൾ വീതം. ഇവരുടെ സ്വപ്നത്തിലുള്ള സ്റ്റാർട്ടപ്പിന് ഇത്രയും നിക്ഷേപം പോരാ; പക്ഷേ കൂടുതൽ നിക്ഷേപത്തിന് പണവുമില്ല. അങ്ങനെയവർ ഗഫൂർക്കായെ സമീപിക്കുന്നു. ഇവരുടെ തള്ള് കേട്ട് വീണുപോയ ഗഫൂർക്കാ 10 ഓഹരിക്ക് 50 ലക്ഷം നിക്ഷേപിക്കാൻ തയ്യാറാകുന്നു. അതായത് ഒരു ലക്ഷം മൂല്യമുണ്ടായിരുന്ന ഒരോഹരിക്ക് ഗഫൂർക്കാ കണ്ട മൂല്യം 5 ലക്ഷമാണ് - ഭാവിയിൽ വൻ ലാഭം തരാൻ പോകുന്ന ഈ സംരംഭത്തിന്റെ ഒരോഹരി 5 ലക്ഷത്തിന് കിട്ടുന്നത് ഭാഗ്യമാണെന്ന് ഗഫൂർക്കാ കരുതി. അങ്ങനെ 10 ഓഹരി ഗഫൂർക്കായ്ക്കു കൊടുക്കുന്നു; മൊത്തം 100 ഓഹരി - 10 ഗഫൂർക്കായുടെത്; 45 വീതം ദാസന്റെയും വിജയന്റെയും. ഗഫൂർക്കാ ഒരോഹരിക്ക് 5 ലക്ഷം വിലയിട്ടതോടെ ദാസനും വിജയനും അവരുടെ ഓഹരിയുടെ മൂല്യവും 5 ലക്ഷമായി ഉയർത്തുന്നു. അഥവാ അവരുടെ 90 ലക്ഷം നാലരക്കോടിയാകുന്നു

dasan-Table-01

പിറ്റേന്നത്തെ പത്രത്തിൽ ദാസന്റെയും വിജയന്റെയും പടവും വാർത്തയും - സ്റ്റാർട്ടപ്പിലൂടെ കോടീശ്വരന്മാരായ യുവ സംരംഭകർ! പത്രവാർത്ത കണ്ട് ആവേശം മൂത്ത പുതിയൊരു നിക്ഷേപകൻ അവരെത്തേടിയെത്തുന്നു - അനന്തൻ നമ്പ്യാർ. ഓഹരി ഒന്നിന് 25 ലക്ഷം രൂപ നിരക്കിൽ 100 ഓഹരി തരാമെങ്കിൽ ഇപ്പോൾ തന്നെ 25 കോടിയുടെ ചെക്ക് തരാമെന്ന് നമ്പ്യാർ. അങ്ങനെ 25 കോടി നിക്ഷേപിക്കുന്നു. മാത്രമല്ല ഗഫൂർക്കായുടെ 10 ഓഹരികളും ഇതേ നിരക്കിൽ വാങ്ങുന്നു

dasan-Table-02

അങ്ങനെ സ്റ്റാർട്ടപ്പിന്റെ മൂല്യം 50 കോടിയാകുന്നു. 50 ലക്ഷത്തിന് വാങ്ങിയ 10 ഓഹരി വിറ്റ ഗഫൂർക്കായ്ക്ക് രണ്ടരക്കോടി രൂപ കിട്ടി. ദാസന്റെയും വിജയന്റെയും തുടക്കത്തിലെ 90 ലക്ഷത്തിൻറെ ഇപ്പോഴത്തെ മൂല്യം 22.50 കോടി. പിറ്റേദിവസത്തെ പത്രത്തിൽ വീണ്ടും പടവും വാർത്തയും - ഒരു വർഷം കൊണ്ട് സമ്പത്ത് ഇരട്ടിയിലധികമാക്കി സ്റ്റാർട്ടപ് കോടീശ്വരന്മാർ!

രണ്ട് വർഷങ്ങൾക്ക് ശേഷം: സ്റ്റാർട്ടപ്പ് ഉദ്ദേശിച്ച പോലെ എവിടെയുമെത്തിയില്ല. ദാസൻ, വിജയൻ, അനന്തൻ നമ്പ്യാർ - മൂന്നുപേരും താടിക്ക് കൈയും കൊടുത്തിരിക്കുകയാണ്. ബിസിനസ് വൻ നഷ്ടത്തിൽ; മാത്രമല്ല ഓഹരി തലയിൽ കെട്ടിവയ്ക്കാൻ ആരെയും കിട്ടുന്നുമില്ല. 50 കോടി മൂല്യമുണ്ടായിരുന്ന സ്റ്റാർട്ടപ്പിന് നമ്പ്യാർ ഇപ്പോൾ കാണുന്ന വില രണ്ടരക്കോടി മാത്രം. ഗഫൂർക്കാ മാത്രം സന്തോഷവാനായി നടക്കുന്നു. 

സൊമാറ്റോയും ബൈജൂസും

നാടോടിക്കാറ്റിനെ ഇവിടെ വിടാം. സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളുടെ ഏകദേശ ചിത്രമാണ് മുകളിൽ പറഞ്ഞത്. ഇതിൽനിന്ന് എന്തു മനസ്സിലാക്കാം?

∙സ്ഥാപകരാണ് ദാസനും വിജയനും. ഗഫൂർക്കാ പ്രാരംഭദശ (early stage) നിക്ഷേപകനാണ്; അനന്തൻ നമ്പ്യാർ മധ്യദശ (middle stage) നിക്ഷേപകനും. ഇതിനുശേഷമാണ് അവസാനദശ (late stage) നിക്ഷേപവും പിന്നീട് പ്രാഥമിക ഓഹരി വില്പനയും (initial public offer, IPO) നടക്കുന്നത്. ഇതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഏതൊരു നിക്ഷേപകനും ഓഹരി വാങ്ങാം. ബിസിനസ് പ്രതിസന്ധിയിലായതുകൊണ്ട് ഈ ഉദാഹരണത്തിൽ അവയില്ല. സൊമാറ്റോ ഈ ഘട്ടങ്ങളെല്ലാം കടന്നു വിജയകരമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒരു സ്റ്റാർട്ടപ്പിന്റെ ഉദാഹരണമാണ്    

∙ഒരു ലക്ഷമായിരുന്ന ഓഹരി മൂല്യം അടുത്ത രണ്ടു റൗണ്ടുകളിൽ 5 ലക്ഷവും 25 ലക്ഷവുമായി. ഇങ്ങനെ കൂടുന്ന മൂല്യത്തിലുള്ള ഫണ്ടിങ് ആണ് അപ് റൗണ്ട് (up round). ബിസിനസ് തരക്കേടില്ലാതെ പോകുന്നു; എന്നാൽ നേരത്തെ പ്രതീക്ഷിച്ച വെടിക്കെട്ട് പ്രകടനമൊന്നുമില്ലെങ്കിൽ പിന്നീട് വരുന്ന നിക്ഷേപകർ കുറഞ്ഞ മൂല്യത്തിലേ ഓഹരി വാങ്ങൂ. ഇതാണ് ഡൗൺ റൗണ്ട് (down round). പക്ഷേ ദാസ/വിജയൻമാരുടെ സ്റ്റാർട്ടപ്പിന്റെ നിലനിൽപ്പ് പോലും സംശയമാണ്. അതിനാൽ പുതിയ നിക്ഷേപകർ വരുന്നേയില്ല. അതുകൊണ്ട് നിലവിലെ നിക്ഷേപകനായ അനന്തൻ നമ്പ്യാർ സ്വമേധയാ സ്റ്റാർട്ടപ്പിന്റെ മൂല്യം 50 കോടിയിൽ നിന്നും രണ്ടരക്കോടിയായി കുറയ്ക്കുന്നു. ഇതാണ് മാർക്ക് ഡൗൺ (mark down). ഇതുതന്നെയാണ് ബൈജൂസിന്‍റെ ഇപ്പോഴത്തെ അവസ്ഥ 

∙ഗഫൂർക്കായുടെ 10 ഓഹരി അനന്തൻ നമ്പ്യാർ വാങ്ങി. ഇവിടെ ഗഫൂർക്കായ്ക്ക് ലഭിച്ചതാണ് എക്സിറ്റ് (exit). അനന്തൻ നമ്പ്യാർക്ക് പുതിയ 100 ഓഹരിയും ഗഫൂർക്കായുടെ 10 ഓഹരിയുമാണ് കിട്ടിയത്. ഇവിടെ 100 ഓഹരിയുടെ വില സ്റ്റാർട്ടപ്പിന് നിക്ഷേപമായി ലഭിക്കുന്നു. എന്നാൽ 10 ഓഹരിയുടെ വില ലഭിക്കുന്നത് ഗഫൂർക്കായ്ക്കാണ്; സ്റ്റാർട്ടപ്പിനല്ല. അങ്ങനെ ഗഫൂർക്കാ ഓഹരി ഉടമയല്ലാതാകുന്നു

ശരിക്കും സമ്പന്നരോ?

സ്റ്റാർട്ടപ്പ് ശതകോടീശ്വരർ ശരിക്കും സമ്പന്നരാണോ: ഒരുപാട് പണവും പണമാക്കി മാറ്റാവുന്ന ആസ്തിയുമുള്ളവരാണ് സമ്പന്നർ. ഇവിടെ പണമെന്നാൽ കറൻസിയും ബാങ്ക് ബാലൻസുമാണ് - ഇവ മാത്രമാണല്ലോ നേരിട്ട് ചെലവാക്കാവുന്നതും ഏതൊരാളും സ്വീകരിക്കുന്നതും. ഭൂരിപക്ഷം സ്റ്റാർട്ടപ്പുകളും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ഇത്തരം കമ്പനികളുടെ ഓഹരി കൈമാറ്റത്തിന് പലവിധ നിയന്ത്രണങ്ങളുമുണ്ട്; ഇവ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തവയല്ല. അതിനാൽ ഈ ഓഹരികൾ വിറ്റ് പണമാക്കുന്നത് എളുപ്പമല്ല. അഥവാ വിറ്റ് പണമാക്കാൻ എളുപ്പമല്ലാത്ത, എന്നാൽ ഉയർന്ന മൂല്യമുണ്ടെന്ന് ഇവർ കരുതുന്ന ഓഹരികൾ മാത്രമാണ് സ്ഥാപകന്റെയും നിക്ഷേപകരുടെയും കയ്യിലുള്ളത്. എക്സിറ്റ് ചെയ്ത ഗഫൂർക്കായുടെ കയ്യിൽ മാത്രമാണ് യഥേഷ്ടം ചെലവാക്കാവുന്ന പണമുള്ളത്. 

സ്റ്റാർട്ടപ്പുകളുടെ മൂല്യം യാഥാർത്ഥ്യത്തിന് നിരക്കുന്നതാണോ? സ്റ്റാർട്ടപ്പ് ആണെങ്കിലും ലിസ്റ്റ് ചെയ്ത കമ്പനിയാണെങ്കിലും അവസാനം നടന്ന ഓഹരി വില്പന വില അടിസ്ഥാനമാക്കിയാണ് മൂല്യം നിർണയിക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്ക് ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ നിക്ഷേപകരുണ്ട്; ഒരുപാട് വിപണി വിദഗ്ധർ ഈ കമ്പനികളെ വിശകലനം ചെയ്യുന്നു. ഈ കമ്പനികളുടെ ബാലൻസ് ഷീറ്റും ലാഭനഷ്ട കണക്കുകളും ഏവർക്കും ലഭ്യമാണ്; കമ്പനിയെ കുറിച്ചുള്ള പുതിയ വാർത്തകൾ തൽസമയം എക്സ്ചേഞ്ചുകളെ അറിയിക്കുന്നു.  അഥവാ ഒരുപാട് പേരുടെ വിശകലനത്തിന് വിധേയമാണ് വിപണിയിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ. വിശകലനത്തിന് ശേഷം വില കൂടുതലെന്നു കരുതുന്നവർക്ക് ആ ഓഹരി വിൽക്കാം; കുറവാണെന്ന് കരുതുന്നവർക്ക് ഇങ്ങനെ വിൽക്കാൻ വച്ച ഓഹരികൾ വാങ്ങാം. ഇങ്ങനെ ഓരോ സെക്കന്റിലും ഓഹരികൾ കൈമാറ്റം ചെയ്യപ്പെടുന്നു. അഥവാ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം ഏറെക്കുറെ യാഥാർത്ഥ്യത്തിന് നിരക്കുന്നതാണ്.

ശോഭനമായ ഭാവി

പക്ഷേ സ്റ്റാർട്ടപ്പുകളോ? വിരലിലെണ്ണാവുന്ന നിക്ഷേപകർ മാത്രമാണ് സ്റ്റാർട്ടപ്പുകളെ വിശകലനം ചെയ്യുന്നത്. ഇവരുടെ ബാലൻസ് ഷീറ്റും മറ്റു രേഖകളും ലഭിക്കുന്നതും ചുരുക്കം ചിലർക്ക് മാത്രമാണ്. ഒരു സ്റ്റാർട്ടപ്പിൽ നടക്കുന്ന രണ്ട് നിക്ഷേപങ്ങൾ തമ്മിലുള്ള അകലം പലപ്പോഴും പല മാസങ്ങളായിരിക്കും. അതായത് ഏറ്റവും അവസാനത്തെ ഒരേയൊരു നിക്ഷേപകനാണ് ആ സ്റ്റാർട്ടപ്പിന്റെ മൂല്യം നിർണയിക്കുന്നത്. മാത്രമല്ല ഒരു സ്റ്റാർട്ടപ്പ് വിൽക്കുന്നത് പുതിയ ഓഹരിയാണ് (എക്സിറ്റ് ഒഴികെ); വിൽക്കുന്നത് അതിന്റെ സ്ഥാപകരാണ്.

അതായത് തങ്ങളുടെ സംരഭത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പുതിയൊരു നിക്ഷേപകന് സ്ഥാപകർ ഓഹരി വിൽക്കുന്നത്. അഥവാ ദാസ/വിജയന്മാരുടെ തള്ള് കേട്ട് വീഴുന്ന ഗഫൂർക്കാ ഒരതിശയോക്തിയല്ല. ഇങ്ങനെയുള്ള മൂല്യനിർണയം തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ലക്ഷക്കണക്കിന് നിക്ഷേപകരുള്ള ഒരു സ്വതന്ത്ര വിപണിയാണ് സ്റ്റോക്ക് എക്സ്ചേഞ്ച്; എന്നാൽ സ്റ്റാർട്ടപ്പ് ഓഹരികളുടെ വിപണി ഒരു സ്വതന്ത്ര വിപണിയല്ല. മാത്രമല്ല സ്റ്റോക്ക് എക്സ്ചേഞ്ചിലെ കമ്പനികൾ മിക്കതും സ്ഥിരത കൈവരിച്ചവയായിരിക്കും. എന്നാൽ സ്റ്റാർട്ടപ്പുകൾ ശൈശവ ദശയിലാണ്; പരീക്ഷണഘട്ടത്തിലുള്ള മേഖലകളിലാണ്. അഥവാ നന്നായി വിശകലനം ചെയ്യാൻ കഴിയുന്നവർക്ക് പോലും ഇവരുടെ ഭാവി പ്രവചിക്കുക എളുപ്പമല്ല.       

ചുരുക്കിപ്പറഞ്ഞാൽ ശൈശവദശയിലുള്ള സ്റ്റാർട്ടപ്പുകളുടെ മൂല്യവും അതിന്റെ സ്ഥാപകരുടെ കോടികളുടെ സമ്പത്തും കടലാസിൽ മാത്രമാണ്. ബാല്യവും കൗമാരവും കഴിഞ്ഞ് ഇരുത്തം വന്ന കമ്പനികളുടെ മൂല്യം മാത്രമാണ് യാഥാർത്ഥ്യത്തിന് നിരക്കുന്നത്. 

English Summary : What is Happening Behind Startup Valuation?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT