ADVERTISEMENT

വായ്പ എടുത്ത് ബിസിനസ് തുടങ്ങുന്നവർക്ക് ഒരു വെല്ലുവിളിയാണ് കൊളാറ്ററൽ സെക്യൂരിറ്റി( വായ്പ ഈട്). കൊളാറ്ററൽ ഇല്ലാതെ അഞ്ചു കോടി രൂപ വരെ വായ്പ ബിസിനസുകാർക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആന്റ് സ്മോൾ എന്റർപ്രൈസസ് അഥവാ CGTMSE സ്ക്കീം. 

കേന്ദ്രത്തിലെ MSME മന്ത്രാലയവും ചെറുകിട വ്യവസായ വികസനബാങ്ക് ( SIDBI) ഉം സംയുക്തമായി നടപ്പാക്കിയിട്ടുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന്റെ ഗ്യാരണ്ടിയിന്മേലാണ് ഈട് വയ്ക്കാനില്ലാത്തവർക്ക്  ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുക. ലോൺ എടുക്കുന്ന തുകയ്ക്ക് ആനുപാതികമായി നിശ്ചിത ഗ്യാരണ്ടി ഫീസ് ഉപഭോക്താക്കൾ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിൽ അടയ്ക്കേണ്ടതുണ്ട്. ലളിതമായ മാർഗത്തിലൂടെ ലോൺ ലഭ്യമാക്കാനുള്ള മാർഗനിർദേശങ്ങൾ പങ്കു വയ്ക്കുകയാണ് യൂക്കോ ബാങ്ക് തിരുവനന്തപുരം ശാഖ സീനിയർ മാനേജർ പി.എ.രാജീവ്.

വാർഷികാടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുക

രാജ്യത്ത് ചെറുകിട മേഖലയിൽ കൂടുതൽ ബിസിനസ്സുകളും വ്യവസായങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ തുടക്കം. 2022-23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിൽ പരം കോടി രൂപയുടെ ലോണിനുള്ള ഗ്യാരണ്ടി ഇവർ നൽകിയിട്ടുണ്ട്. 

∙സ്ക്കീമിൽ കവർ ചെയ്യുന്ന മേഖലകൾ 

ഉൽപാദന , സേവന മേഖലകളിലുള്ള മൈക്രോ, സ്മോൾ എന്റർപ്രൈസുകൾക്ക് അപേക്ഷിക്കാം. റീട്ടെയിൽ, ഹോൾസെയിൽ തുടങ്ങിയ ട്രേഡിങ് സംരംഭങ്ങൾക്കും അർഹതയുണ്ട്. നിലവിലുള്ളവയുടെ വികസനത്തിനും പുതിയവ തുടങ്ങുന്നതിനും ലോൺ കിട്ടും.  പ്രൊപ്രൈറ്റർഷിപ്പ്, LLP, പാർട്ണർഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ ആകാം. അപേക്ഷിക്കുന്നവർക്ക് ഉദ്യം റജിസ്ട്രേഷൻ നിർബന്ധമാണ്.

മികച്ച ആശയമുണ്ടോ? നേരെ ബാങ്കിലെത്തുക

സാമ്പത്തികമായി വിജയ സാധ്യതയുള്ള പദ്ധതിയാണോ? അത് നടപ്പാക്കാൻ വൈദഗ്ദ്യമുള്ള ഒരു ടീമുണ്ടോ? ഉണ്ടെങ്കിൽ ബാങ്ക് നിങ്ങളെ സഹായിക്കും. അപേക്ഷകൾ പ്രോസസ് ചെയ്ത് CGTMSE യുടെ ഗ്യാരണ്ടിയും ശരിപ്പെടുത്തും. അപേക്ഷകന് ബാങ്ക് നിർദേശിക്കുന്ന ക്രെഡിറ്റ് സ്കോർ ഉണ്ടാകണം. മിനിമം 650 പോയിന്റെങ്കിലും വേണം. വായ്പാ ചരിത്രവും ബാങ്ക് പരിശോധിക്കും. പദ്ധതി ഉൾപ്പെടുന്ന വ്യവസായ മേഖല അനുസരിച്ച് ക്രെഡിറ്റ് സ്കോറിൽ ഇളവുണ്ടാകാം. പദ്ധതി ഉൾപെടുന്ന വ്യവസായ മേഖലയുടെ റിസ്ക് അനുസരിച്ച് ഉയർന്ന സ്കോർ ആവശ്യപ്പെട്ടേക്കാം.ബാങ്ക് നൽകുന്ന ചെക്ക് ലിസ്റ്റ് പ്രകാരമുള്ള ഡോക്യുമെന്റുകൾ പ്രൊജക്റ്റ് റിപ്പോർട്ടിനോടൊപ്പം അപേക്ഷകർ സമർപ്പിക്കണം. മതിയായ പരിശോധനകൾക്കു ശേഷം അർഹരായവർക്ക് രണ്ടാഴ്ചക്കുള്ളിൽ ലോൺ അനുവദിക്കും.

∙ഈടില്ലാതെ ഗ്യാരണ്ടി നേടുന്നത് ഇങ്ങനെ 

ലോൺ അനുവദിച്ചതിനു ശേഷം അപേക്ഷകന്റെ അക്കൗണ്ട് പ്രസ്തുത ബാങ്ക് ശാഖയിൽ തുറക്കുന്നു. CGTMSE യുടെ ഗ്യാരണ്ടി എടുക്കുവാൻ സമ്മതം അറിയിച്ചു കൊണ്ടുള്ള സമ്മതപത്രം അപേക്ഷകൻ ബാങ്കിൽ നൽകണം. അതിനു ശേഷം CGTMSE പോർട്ടലിൽ ബാങ്ക് അപ്ലിക്കേഷൻ അപ് ലോഡ് ചെയ്യും. തുടർന്ന് ഒരു CG പാൻ ജനറേറ്റ് ആകും. ഈ പാൻ നമ്പർ അപേക്ഷകന്റെ അക്കൗണ്ടുമായി ബന്ധിപ്പിച്ചു കഴിയുമ്പോൾ ക്രെഡിറ്റ് ഗ്യാരണ്ടി ഫീ ആയി എത്ര രൂപ അടയ്ക്കണം എന്ന അറിയിപ്പു വരും. ഈ തുക അടച്ചു കഴിഞ്ഞാൽ  താനെ CGTMSE കവറേജ് ലഭ്യമാകും.

പ്രതി വർഷമാണ് ഗ്യാരണ്ടി ഫീ അടയ്ക്കേണ്ടത്. അതാത് വർഷം ബാങ്ക് തന്നെ CGTMSE യിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യും. തുടർന്ന് ആ വർഷം എത്ര ഗ്യാരണ്ടി ഫീ അടയ്ക്കണം എന്നറിയാം. അത് അടയ്ക്കുക.

ഗ്യാരണ്ടി കവറേജ് എത്ര ? ഗ്യാരണ്ടി ഫീസ് എത്ര?

അനുവദിച്ച ലോൺ തുകയുടെ 75 മുതൽ 85 ശതമാനം വരെയാണ്  CGTMSE യുടെ ഗ്യാരണ്ടി കവറേജ് ലഭിക്കുക. ഭൂമി, കെട്ടിടം തുടങ്ങിയ സ്ഥിരാസ്തികൾ ഉണ്ടെങ്കിൽ അത് കുറച്ചിട്ടുള്ള തുകയ്ക്ക് ഉള്ള ഗ്യാരണ്ടി എടുത്താൽ മതിയാകും. ക്രെഡിറ്റ് ഗ്യാരണ്ടി എത്ര കുറയുന്നുവോ അത്രയും കുറച്ച് ഗ്യാരണ്ടി ഫീ നൽകിയാൽ മതി.

ഗ്യാരണ്ടി ഫീസിന്റെ ഘടന

പത്ത് ലക്ഷം വരെയുള്ള ഗ്യാരണ്ടിക്ക് 0 .37%, 10 മുതൽ 50 ലക്ഷം വരെ 0.55%, 50 ലക്ഷം മുതൽ 1 കോടി വരെ 0.66%, 1 കോടി മുതൽ 2 കോടി വരെ 1.20%, 2.5 കോടിക്കു മുകളിൽ 1.35 % , സ്ത്രീകൾ, അംഗ പരിമിതർ എന്നിവർക്ക് 10% ഇളവുണ്ട്.

ലോണിന് മോറട്ടോറിയം ലഭ്യമാണ്

റിട്ടേൺ എപ്പോൾ വന്നു തുടങ്ങും എന്നതിനെ ആശ്രയിച്ചാണ് മോറട്ടോറിയം നിശ്ചയിക്കുന്നത്. മൂന്നു മാസം മുതൽ രണ്ടു വർഷം വരെ മോറട്ടോറിയം ലഭ്യമാണ്. സ്ക്കീമുകൾ അനുസരിച്ചും മോറട്ടോറിയം മാറും. മോറട്ടോറിയം കാലയളവിൽ പലിശ അടയ്ക്കണം. ഘട്ടം ഘട്ടമായാണ് തുക അനുവദിക്കുന്നതെങ്കിൽ അനുവദിച്ച തുകയ്ക്കുള്ള പലിശ മാത്രം അടച്ചാൽ മതി.

പലിശ നിരക്ക്:

8.5% മുതൽ 10.5 % വരെയാണ് സാധാരണ പലിശ നിരക്ക്.

മാർജിൻ മണി 

സ്ക്കീം അനുസരിച്ച് മാർജിൻ മണിയിൽ മാറ്റമുണ്ടാകാം. അനുവദിക്കുന്ന ലോണിന്റെ 10 മുതൽ 25 ശതമാനം വരെ മാർജിൻ മണി ആവശ്യപ്പെടാറുണ്ട്.

English Summary: Know More about CGTMSE Scheme

English Summary:

Know More about CGTMSE Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com