ഭാരത്‌ 22 ഇടിഎഫ്‌: അടുത്ത വില്‍പ്പന ഫെബ്രുവരി 14ന്‌

finanncial planning
SHAREഭാരത്‌ 22 എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടിന്റെ(ഇടിഎഫ്‌) അടുത്ത വില്‍പ്പന ഫെബ്രുവരി 14 ന്‌. ഭാരത്‌ 22 ഇടിഎഫിന്റെ അധിക വില്‍പ്പനയിലൂടെ കുറഞ്ഞത്‌ 3,500 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. 
ഇത്തവണ ഇടിഎഫിന്റെ വില്‍പന ഒരു ദിവസത്തേക്ക്‌ മാത്രമായിരിക്കും. ഇതില്‍ സ്ഥാപന നിക്ഷേപകര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും പങ്കെടുക്കാം. 
സാധാരണയായി ഇടിഎഫിന്റെ ഫോളോ ഓണ്‍ ഫണ്ട്‌ ഓഫര്‍ (എഫ്‌എഫ്‌ഒ) നാല്‌ ദിവസങ്ങളിലായാണ്‌ നടത്താറ്‌. ആദ്യ ദിനം ആങ്കര്‍ നിക്ഷേപകര്‍ക്ക്‌ വേണ്ടിയും മറ്റ്‌ മൂന്ന്‌ ദിവസങ്ങള്‍ റീട്ടെയില്‍, സ്ഥാപന നിക്ഷേപകര്‍ക്കും വേണ്ടി ആയിരിക്കും എന്നാല്‍ ഇത്തവണ ഒരു ദിവസത്തേക്ക്‌ മാത്രമായി ഇടിഎഫ്‌ വില്‍പ്പന ചുരുക്കിയിരിക്കുകയാണ്‌.
ഭാരത്‌ 22 ഇടിഎഫ്‌ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഇതിനോടകം 22,900 കോടി രൂപ സമാഹരിച്ചിട്ടുണ്ട്‌. 2017 നവംബറില്‍ നടന്ന ആദ്യഘട്ടത്തില്‍ 14,500 കോടി രൂപയും 2018 ജൂണില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ 8,400 കോടി രൂപയുമാണ്‌ സമാഹരിച്ചത്‌. 
ഒഎന്‍ജിസി , ഐഒസി, എസ്‌ബിഐ,ബിപിസിഎല്‍, കോള്‍ ഇന്ത്യ , നാല്‍കോ എന്നിവയാണ്‌ ഭാരത്‌ 22 ഇടിഎഫില്‍ ഉള്‍പ്പെടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍. ഇതിന്‌ പുറമെ പൊതുമേഖലാ ബാങ്കുകളായ എസ്‌ബിഐ , ഇന്ത്യന്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നിവയും ഭാരത്‌ 22 ഇടിഎഫില്‍ ഉള്‍പ്പെടുന്നുണ്ട്‌. കൂടാതെ ആക്‌സിസ്‌ ബാങ്ക്‌, ഐടിസി, എല്‍&ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ സര്‍ക്കാരിനുള്ള ഓഹരികളും ഭാരത്‌22 ഇടിഎഫിന്റെ ഭാഗമാണ്‌. 
ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇടിഎഫ്‌ ആണിത്‌. 
കഴിഞ്ഞനവംബറില്‍ മറ്റൊരു എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടായ സിപിഎസ്‌ഇ ഇടിഎഫ്‌ വഴി 17,300 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു . ഇതില്‍ 11 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ്‌ ഉള്‍പ്പെട്ടിരുന്നത്‌. 
ഇടിഎഫ്‌ വില്‍പ്പന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം നേടാന്‍ സഹായിക്കുമെന്നാണ്‌ കരുതുന്നത്‌. ഈ സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ ഇതിനോടകം 36,000 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചു കഴിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA