ADVERTISEMENT

വനിതാ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ശ്രദ്ധയോടെ വീക്ഷിച്ചവരില്‍ ഇക്കുറി രാജ്യത്തെ ഏറ്റവും വലിയ വോട്ടു ബാങ്കുകളില്‍ ഒന്നായ വനിതകളും ഉള്‍പ്പെടും. വനിതാക്ഷേമത്തിനും സുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്കുമൊക്കെയായി ബജറ്റില്‍ നിശ്ചിത വിഹിതം മാറ്റി വച്ചേക്കും എന്ന് പ്രതീക്ഷിച്ചവര്‍ സംസ്ഥാനത്തും കുറവല്ലായിരുന്നു. എന്നാല്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ച് നിര്‍ദ്ധേശങ്ങള്‍ ആരായും എന്ന ശ്രദ്ധേയ പ്രഖ്യാപനം ഒഴിച്ചാല്‍ സ്ത്രീ സുരക്ഷയ്ക്കും പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭാസത്തിനും, വര്‍ധിച്ചു വരുന്ന തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിനും ഒക്കെയായി പ്രത്യേക പദ്ധതികളോ വിഹിതമോ ഒന്നും തന്നെ ഉണ്ടായില്ല. 

 

ആദായ നികുതി പരിധി ഉയര്‍ത്തിയത് ആശ്വാസകരം

 

ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയ നടപടി മദ്ധ്യവര്‍ഗ്ഗക്കാരായ ഉദ്യോഗസ്ഥമാരെയും സന്തോഷിപ്പിച്ചെങ്കിലും പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയത് ആ സന്തോഷം കെടുത്തി.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഇക്കുറിയും നടപടികള്‍ ഇല്ലാത്തത് എല്ലാവരെയും ഒരുപോലെ നിരാശപ്പെടുത്തി. വനിതാ സംരംഭകര്‍ക്ക് മുദ്രാ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിച്ചതും സ്വയം സഹായ സംഘങ്ങളിലെ  അംഗങ്ങള്‍ക്കുള്ള  പലിശ ഇളവ് വിപുലീകരിച്ചതും ചെറുകിട വനിതാ സംരംഭകര്‍ക്ക് ആശ്വാസമായി. 

 

നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നത് ഇരട്ട പ്രഹരം

 

എന്നാല്‍ ഡീസല്‍, പെട്രോള്‍ വില ഉയരുമെന്നത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴി വെച്ചേക്കുമെന്നതിനാല്‍ കുടുംബ ബജറ്റ് താളം തെറ്റിയേക്കും എന്ന ആശങ്കയിലാണ്  വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള വനിതകള്‍. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഇരുട്ടടിയായി തന്നെ മാറി വില കൂടാനാണ് സാധ്യത എന്ന സൂചനകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com